National
നാസിക്: നാസിക്കിലെ ടിസിഎസിൽ മതപരിവർത്തനത്തിനു ശ്രമിച്ചുവെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള ജീവനക്കാരി നിദ ഖാൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
രണ്ടുമാസം ഗര്‍ഭിണി ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും നാസിക് സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയിൽ പറയുന്നു.
നിദ ഖാനെതിരേ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന കേസ് മാത്രമാണ് നിലവിലുള്ളതെന്ന് നാസിക് പോലീസ് കമ്മിഷണര്‍ സന്ദീപ് കാര്‍നിക് അറിയിച്ചു. അതിനിടെ നിദ ഖാന് എച്ച്ആര്‍ മാനേജര്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ടിസിഎസും വ്യക്തമാക്കി. ഫോണ്‍ വഴി മാര്‍ക്കറ്റിംഗ് നടത്തുന്ന ടെലികോളര്‍ ജീവനക്കാരി മാത്രമാണിവർ.
ഓഫീസിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാനുള്ള സമിതിയില്‍ 2022നും 2026നുമിടയില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസന് പറഞ്ഞു.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം തുടരുകയാണ്. വിവാദത്തിൽ നിദ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണു കേസ്. ടീം ലീഡര്‍മാര്‍ ഉള്‍പ്പെടെ ആറു പുരുഷന്മാരും ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഒരു സ്ത്രീയും നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവര്‍ സംഘം ചേര്‍ന്നാണു പ്രവര്‍ത്തിച്ചതെന്നാണു വിവരം. അന്വേഷണത്തിന് എന്‍ഐഎയുടെ സഹായം തേടിയിട്ടുണ്ട്.
ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും കോര്‍പറേറ്റ് ജിഹാദിന്റെ ഭാഗമാണെന്നു തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.സംഭവത്തിന്റെ മൂലകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തതെ തുടർന്ന് നിരവധി പേർ മരിച്ച കേസിൽ നൈറ്റ് ക്ലബ്ബ് ഉടമകളായ ഗൗരവ് ലൂത്രയ്ക്കും സൗരഭ് ലൂത്രയ്ക്കും ജാമ്യം.
മെഴ്സസിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ, വ്യാജരേഖ ചമച്ചുവെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല.
25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്ന ലൂത്ര സഹോദരന്മാരെ തിരികയെത്തിച്ചിരുന്നു. നോർത്ത് ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിലാണ് ഇവരുള്ളത്. തീപിടുത്തവുമായി ബന്ധപ്പെട്ട്, അശ്രദ്ധ, മനുഷ്യജീവൻ അപകടത്തിലാക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തീ പിടിത്തമുണ്ടായ കേസിലെ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. വിചാരണയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും പ്രതികളെ ഇനിയും ജയിലിൽ അടയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ മൊബൈൽ നമ്പറുകളും താമസ വിലാസവും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പാസ്പോർട്ടുകളും സമർപ്പിക്കണം. എന്നാൽ, നിശാക്ലബ് നടത്തുന്നതിന് ആവശ്യമായ രേഖകൾ വ്യാജമായി നിർമിച്ചെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
Kerala
തിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം നൽകിയത്.
അതേസമയം വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറ്റൊരു പരാതിയിൽ എസ്സി-എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം തേടി ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുള്ളൻപന്നിയെ കൊന്ന കേസിൽ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കുന്നതിനടക്കം സമയം അനുവദിക്കേണ്ടതുണ്ടെന്നും കണക്കിലെടുത്താണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തള്ളിയത്.
നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലാണ് കോടതി സ്വാഭാവികജാമ്യം അനുവദിച്ചത്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് കെ.എസ്. ബൈജു സ്വഭാവിക ജാമ്യത്തിനായി നീക്കം നടത്തിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം നാലു പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ പുറത്തിറങ്ങിയത്.
അതേസമയം ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ഓൺലൈനിലാണ് ശങ്കരദാസിനെ ഹാജരാക്കിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി പറയും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ ജയിൽ മോചിതനായി. എസ്ഐടി കുറ്റപത്രം നൽകാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി റിമാൻഡിലായിരുന്ന മലയാളി പാസ്റ്റർക്കു ജാമ്യം. കഴിഞ്ഞ 13ന് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പാസ്റ്റർ ആൽബിന് കാൺപുർ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം അനുവദിച്ചത്.
ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് മതപരിവർത്തനം ആരോപിച്ചാണ് ഇദ്ദേഹത്തെ ഗതംപുർ പോലീസ് അറസ്റ്റ് ചെയ്തത്. കാൺപുരിനടുത്ത് നൗരംഗയിലുള്ള വീട്ടിലെത്തിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു പരാതി.
ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾക്കൂടി ചേർത്താണ് കേസെടുത്തിരുന്നത്. കാൺപുരിലെ ജയിലിലായിരുന്നു പാസ്റ്റർ ആൽബിൻ.
Kerala
പത്തനംതിട്ട: ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് പുതിയ നീക്കം. തിങ്കളാഴ്ചയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്.
Kerala
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏഴു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
2006 മുതൽ 2011 വരെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന എം.വി.ജസ്റ്റിൻ, എ.ആർ.പീതാംബരൻ, ടി.എം.പുഷ്പരാജൻ, പി.കെ.കുമാരൻ, കെ.കെ. കൃഷ്ണൻ, കെ.വി.ഷൺമുഖൻ, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.
തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. നയപരമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവർക്കു കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.
National
നാഗ്പുർ: മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീറിനാണ് ജാമ്യം ലഭിച്ചത്. വൈദികനൊപ്പമുണ്ടായിരുന്ന ഏഴ് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നാഗ്പുർ ഷിംഗോഡിയിലായിരുന്നു സംഭവം. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
നാഗ്പുരിൽ നടന്ന ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ ആയിരുന്നു പോലീസ് നടപടി. ബജ്റംഗദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിൽ സംഭാവന നൽകിയിട്ടുണ്ട്.
ഒരു കോടിയിലധികം രൂപ ഇങ്ങനെ നൽകി. പാളികൾ സ്വർണം പൂശിയശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപ്പിച്ചു. ഇതിന് ശേഷം തന്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഗോവർധൻ ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള തന്റെ ബന്ധം 2009 തുടങ്ങിയതാണ്. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് ഈ സൗഹൃദം തുടങ്ങിയത്. പോറ്റിയുടെ നിർദേശ പ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമാണത്തിന് പണം മുടക്കിയത് താനാണെന്നും ഗോവർധന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് തിരിച്ചടി. സുധീഷ് കുമാർ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി.
റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യ ഹര്‍ജി 18 ന് വിജിലൻസ് കോടതി പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
കോൺഗ്രസ് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. കേരള പോലീസ് അന്വേഷണം പരാജപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുലിന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും കോൺഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിൻ ആണെങ്കിലും അല്ലെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്തല്ലോ. അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശം, യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം ശനിയാഴ്ച കേൾക്കും.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ്ഐആർ എങ്ങനെ പബ്ലിക് ഡോക്യുമെന്റാകുമെന്ന് കോടതി ചോദിച്ചു.
എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്.
അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ജാമ്യ ഹർജി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Kerala
പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. റിമാൻഡിലായി ഒമ്പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി.
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. തുടർന്ന് സന്ദീപ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.