National
ന്യൂഡല്ഹി: ഇ20 പെട്രോള് ഉപയോഗിച്ചു കേടായ കാര് മാറ്റി പുതിയ മോഡല് കാര് ഉടമയ്ക്കു നല്കുകയോ, 21.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുകയോ ചെയ്യാന് ഉപഭോക്തൃ കോടതി വിധിച്ചു. എഥനോള് കലര്ത്തിയ പെട്രോള് രാജ്യത്താകെ നിര്ബന്ധമാക്കിയതു വിവാദമായശേഷം ആദ്യമായാണു വാഹന ഉടമയ്ക്ക് അനുകൂലമായ വിധി.
ഇ20 പെട്രോള് ഉപയോഗച്ചതിനെത്തുടര്ന്നു കേടുവന്ന മാരുതി സുസുക്കി ഗ്രാന്ഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് എസ്യുവി വാഹനം മാറ്റി പുതിയതു നല്കുകയോ, അല്ലെങ്കില് 45 ദിവസത്തിനുള്ളില് 21.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുകയോ ചെയ്യാന് മാരുതി സുസുക്കി കമ്പനിയോട് റായ്പുരിലെ ഉപഭോക്തൃ കോടതി നിര്ദേശിച്ചു. ഇ20ന് അനുയോജ്യമായ പുതിയ വാഹനം ഒന്നര മാസത്തിനകം മാറ്റി നല്കണം. ഇ20 പെട്രോള് ഉപയോഗിച്ചു കേടായ ഒരു വാഹനമെങ്കിലും കാണിച്ചുതരാന് കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരി വെല്ലുവിളിച്ചിരുന്നു.
റായ്പുർ സ്വദേശിയായ ഡോ. പ്രേംരാജ് ഡെബ്തയുടെ പരാതിയിലാണു നടപടി. 2023 ജനുവരിയില് നിര്മിച്ച ഈ എസ്യുവി 2024 ജൂണിലാണു വാങ്ങിയത്. അഞ്ചു മാസത്തിനുള്ളില്തന്നെ വാഹനത്തിന്റെ എന്ജിന് ഇടയ്ക്കിടെ ഓഫായി. പ്രശ്നം ആവര്ത്തിക്കാന് തുടങ്ങിയതോടെ വാഹനം പലതവണ മാരുതിയുടെ അംഗീകൃത സര്വീസ് സെന്ററുകളില് എത്തിച്ചു.
സര്വീസ് സെന്ററില് നടത്തിയ പരിശോധനയില് ഇന്ധനടാങ്കില് മാലിന്യം കണ്ടെത്തി. സര്ക്കാര് അംഗീകൃത ലാബില് ഇന്ധനം പരിശോധിച്ചപ്പോള് തൈരു പോലെയുള്ള വെളുത്ത പദാര്ഥം കണ്ടെത്തിയതായി ഡോ. പ്രേംരാജിന്റെ പരാതിയില് പറയുന്നു. വെളുത്ത പദാര്ഥം എഥനോള് ആണെന്നു തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇ20 പെട്രോളുമായി വാഹനം പൂര്ണമായി പൊരുത്തപ്പെടുന്നതല്ലെന്ന കാര്യം വാഹനം വാങ്ങുന്ന സമയത്തു തന്നോടു ഡീലര് പറഞ്ഞിരുന്നില്ലെന്ന് ഉടമ ചൂണ്ടിക്കാട്ടി.
ആവര്ത്തിച്ചുള്ള അറ്റകുറ്റപ്പണികള് നടത്തിയിട്ടും വാഹനത്തിന്റെ പ്രശ്നം പരിഹരിക്കാനായില്ലെന്ന പരാതിക്കാരന്റെ വാദം കമ്മീഷന് ശരിവച്ചു.
മാരുതിയുടെ വാദങ്ങള് കോടതി തള്ളി
വാഹനം ഇ20 ഇന്ധനത്തിന് അനുയോജ്യമാണെന്നും ഉപയോഗം മൂലമുള്ള തേയ്മാനം, പരിപാലനത്തിലെ പിഴവുകള് എന്നിവ മൂലമാണു തകരാറുകളെന്നും മാരുതി സുസുക്കിയും ഡീലറും വാദിച്ചെങ്കിലും ഉപഭോക്തൃ കമ്മീഷന് അംഗീകരിച്ചില്ല.
വാഹന ഉടമകള്ക്കു ലഭ്യമായ ഇന്ധന തെരഞ്ഞെടുപ്പുകളുടെ പരിമിതിയിലേക്ക് ഉപഭോക്തൃ കോടതിയുടെ ഉത്തരവ് വിരല്ചൂണ്ടി.
പെട്രോള് പമ്പുകളില് ഇ20 പെട്രോള് സാധാരണമാക്കിയതോടെ ഉപഭോക്താക്കള്ക്കു പ്രായോഗികമായ മറ്റു മാര്ഗങ്ങള് ഇല്ലാതായെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. മറ്റു മാര്ഗങ്ങള് ലഭ്യമല്ലാത്ത സാഹചര്യത്തില്, വാഹന ഉടമകള് ഈ ഇന്ധനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു ന്യായമായും പ്രതീക്ഷിക്കാനാവില്ലെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.
NRI
കുവൈറ്റ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് "കിക്ക് 2026' വെള്ളിയാഴ്ച നടക്കുമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ അറിയിച്ചു.
രാത്രി ഏഴ് മുതൽ 10 വരെ ഇഖ്റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്.
ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ വിദ്യാഭ്യാസ സ്ഥാപനമായ "Q8IAS' ആണ് കോ-സ്പോൺസർ. സെന്റർ ലൈൻ മാനുഫാക്ട്ചറിംഗ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
കുവൈറ്റ് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 75 ദിനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്നു പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നു സിപിഎം സെക്രട്ടേറിയറ്റ് മുന്നറിയിപ്പു നൽകി.
Kerala
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ ലിറ്ററിനു മൂന്നു രൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പശ്ചിമേഷ്യൻ സംഘർഷം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കന്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യുപിഎ സർക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.
ഇന്ധനവില വർധന ചരക്കു ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ സാന്പത്തിക ബാധ്യതകൾക്കു വഴിവയ്ക്കും.
നേരത്തേ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ വില വർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെതന്നെ ഗുരുതരമായി ബാധിച്ചിരുന്നു.
ഇന്ധന വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
District News
കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച ബൈസിക്കിൾ ചലഞ്ച് ജൂണിയർ ഒന്നാം പതിപ്പിൽ വൻ പങ്കാളിത്തം. വയനാട്, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നായി 70 താരങ്ങൾ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു.
ആണ്, പെണ് വിഭാഗങ്ങളിലെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കിയായിരുന്നു എസ്കെഎംജെ സ്കൂൾ മൈതാനിയിൽ മത്സരം. പെണ്കുട്ടികളുടെ ആറ്-എട്ട് വയസ് വിഭാഗത്തിൽ എൻ.കെ. നൈന ഹനൂൻ (വയനാട്), എട്ട്-12 വയസ് വിഭാഗത്തിൽ ആലിയ ഫർവീൻ (വയനാട്), ആണ്കുട്ടികളുടെ ആറ്-എട്ട് വയസ് വിഭാഗത്തിൽ അഷ്നവ് (കോഴിക്കോട്), എട്ട്-12 വയസ് വിഭാഗത്തിൽ ധ്യാൻ ദീപ് (ബംഗളൂരു) എന്നിവർ വിജയികളായി.
കുട്ടികൾക്ക് സമ്മാനമായിആകെ കാൽ ലക്ഷം രൂപ നൽകി. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രഷറർ യു.കെ. ഹാഷിം, ഷാദുലി പുനത്തിൽ, എൻ.സി. സാജിദ്, സി.പി. സുധീഷ്, നിധിൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകാതെ ബിഡിജെഎസ്. എൻഡിഎ മുന്നണിക്കൊപ്പം ജനവിധി തേടിയ ബിഡിജജെഎസിന് ഒരു മണ്ഡലത്തിൽപോലും വെല്ലുവിളി ഉയർത്താനായില്ല.
23 സീറ്റുകളിൽ ജനവിധി തേടിയ ബിഡിജെഎസ് ഫലം വരുമ്പോൾ ചിത്രത്തിൽപോലുമില്ല. എൻഡിഎ മുന്നിണിക്കൊപ്പമുണ്ടായിരുന്ന ട്വന്റി-20ക്കും നേട്ടം കൊയ്യാനായില്ല.
അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് എൻഡിഎ മുന്നണിക്ക് വലിയ നേട്ടമായി. നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചു.
Kerala
വാഴക്കുളം: പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൈനാപ്പിൾ കണ്ടന്റ് ക്രിയേഷൻ ചലഞ്ച് മത്സര ജേതാക്കൾക്കുള്ള പുരസ്കാര വിതരണം നടത്തി.
വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാര വിതരണവും ഉദ്ഘാടനവും നിർവഹിച്ചു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം വി.പി അബ്ദുൾ ഖാദറും എഐ വീഡിയോയ്ക്കുള്ള പുരസ്കാരം രോഹിത് എസ്. മാത്യൂസും മികച്ച പോസ്റ്റർ രചനയ്ക്കുള്ള പുരസ്കാരം ആഷോ ജിയോ ഷാജുവും ഏറ്റുവാങ്ങി.
ഫസ്ലു റഹ്മാൻ, നൈജു ബെന്നി, ആർ.എ.അസ്ന, അജയ് സംഗീത്, അടൂർ ഓം ഹരി ഓം, ഷാജി വിശ്വനാഥൻ, എസ്.വി.രാജേശ്വർ, ഇന്ദ്രജിത്ത്, റിസാൽ ജുമാ എന്നിവരും പുരസ്കാരം ഏറ്റു വാങ്ങി.
Kerala
തിരുവനനന്തപുരം: വി.ഡി. സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. പരസ്യസംവാദം ആകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു.
പക്ഷേ എന്ന്, എവിടെ, എപ്പോൾ എന്നൊന്നും അറിയില്ല. വികസനകാര്യത്തിൽ നുണകൾ പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചത്. അതിനു മറുപടിയായി എന്നാൽ ഇനി ഒരു സംവാദമായാലോ എന്ന തലക്കെട്ടോടെ റിപ്പോർട്ട് കാർഡ് കൂടി ഇട്ടു കൊണ്ടു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ പ്ലസും പത്തിൽ പത്തു മാർക്കുമാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉടനടി സതീശന്റെ മറുപടി എത്തി. ഒരു ഉപാധിയുമില്ലാതെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന വിഷയത്തിൽ സംവാദമാകാം എന്ന് സതീശൻ വ്യക്തമാക്കി. ഇനി രാഷ്ട്രീയ കേരളത്തിന് ഈ സംവാദത്തിനായി കാത്തിരിക്കാം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പല അവസരങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരുന്നു. എന്നാൽ അന്നൊന്നും അത് ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുന്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല.
സതീശനെ സംബന്ധിച്ചിടത്തോളം സംവാദത്തിൽ ആശങ്ക ഉണ്ടാകാൻ ഇടയില്ല. മുന്പ് ലോട്ടറി വിഷയത്തിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സതീശൻ നടത്തിയ പരസ്യസംവാദമാണ് സതീശനെ സംസ്ഥാനതലത്തിൽ ശ്രദ്ധേയനാക്കിയത്.
സിപിഎം-ബിജെപി ഡീൽ എന്നു തുടക്കത്തിൽ ആരോപണം ഉന്നയിച്ച വി.ഡി. സതീശൻ പിന്നാലെ സിപിഎം-എസ്ഡിപിഐ ഡീൽ കൂടി ഉന്നയിച്ചതോടെ ഇതു വലിയ രാഷ്ട്രീയ വിവാദമായി മാറി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു മുഖ്യമന്ത്രി അസ്വസ്ഥനായാണു പ്രതികരിച്ചത്. ഇതിനിടെ സംവാദത്തിനുള്ള വെല്ലുവിളി അംഗീകരിച്ചതു മുഖ്യമന്ത്രിയുടെ പതിവുരീതിക്കു വിരുദ്ധമായാണെന്നതു ശ്രദ്ധേയമാണ്.
Kerala
കൊച്ചി: പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര് ഞായറാഴ്ചയും അഖിലേന്ത്യ എന്ജിനിയറിംഗ് എന്ട്രന്സ് പരീക്ഷകള് നടത്താനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷങ്ങള്ക്ക് എതിരായ വെല്ലുവിളിയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിതെന്നും സര്ക്കാര് അനുമതിയില്ലാതെ ഇതു നടക്കില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ഓശാനദിനത്തില് തെരഞ്ഞെടുപ്പു കമ്മീഷന് നടത്താന് തീരുമാനിച്ച പരിശീലന പരിപാടി ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അനില് ജോണ് ഫ്രാന്സിസ്, ജനറല് സെക്രട്ടറി വി.സി. ജോര്ജ്കുട്ടി, വൈദിക ഉപദേഷ്ടവ് ഫാ. തോമസ് തറയില്, ട്രഷറര് ബിജു കുണ്ടുകുളം എന്നിവര് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ്.
സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പല വിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
Kerala
പഴയങ്ങാടി: തന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസുകാർക്ക് പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അത്തരമൊരാളുടെ വസതിയിൽ എങ്ങിനെയാണ് സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. യുഡിഎഫിനെ വിലക്കെടുത്ത് മറ്റത്തൂർ മോഡൽ കേരളഭരണം അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
Kerala
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രി സംവാദത്തിന് തയാറാണെന്ന് അറിയിച്ചത്.
അതിദാരിദ്രമുക്ത സംസ്ഥാനമായതിന്റെ പേരിൽ കേരളത്തിന്റെ റേഷൻ വിഹിതം മുടക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ അനാവശ്യ ചോദ്യമുന്നയിച്ചെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എപിമാർ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാർലമെന്റിൽ കുനിഷ്ഠ ചോദ്യം ചോദിക്കാൻ വലിയ ആവേശമാണ്. എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനുമാണ് കുനിഷ്ഠ് ചോദ്യം പാർലമെന്റിൽ ചോദിച്ചത്.
മുണ്ടക്കൈ ദുരിതത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.