Kerala
തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിനു പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. നേരത്തെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. രാജിവെക്കുകയോ ദീർഘകാല അവധിയിൽ പ്രവേശിക്കുകയോ വേണമെന്ന നിർദേശം ലഭിച്ചതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന.
കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കാനിരുന്ന ലേഖനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നാണ് കെ.ആർ.അജയന്റെ വിശദീകരണം. എന്നാൽ തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതിരിക്കുകയും മാധ്യമങ്ങൾക്ക് വിവരം ചോർത്തുകയും ചെയ്തെന്ന ആരോപണത്തിൽ അദ്ദേഹത്തിന് റെസിഡന്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
പുല്ലമ്പാറയിലെ നാടക പ്രവർത്തകനായ വിജയനെക്കുറിച്ചുള്ള ലേഖനമായിരുന്നു വിവാദത്തിന് കാരണമായത്. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന തലക്കെട്ടിൽ ടി.സി. രാജേഷ് ദേശാഭിമാനിക്കായി തയാറാക്കിയ ലേഖനം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്.
കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെ കുറിച്ച് വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിന്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു.
National
ഗോവ: കോൺഗ്രസിന്റെ പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ബിജെപി - കോൺഗ്രസ് പോര്. ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് ഗാനം അവസാനിപ്പിച്ചതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി.
മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് കോൺഗ്രസ് വന്ദേമാതരം പാതി ആലപിച്ചതെന്നായിരുന്നു ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ വിമർശനം. എന്നാൽ വിമർശനത്തിന് ശക്തമായ മറുപടിയുമായി ഖാർഗെ രംഗത്തെത്തി.ഗോവയിൽ ആലപിച്ചത് മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ആലപിച്ച ഭാഗമാണെന്ന് ഖാർഗെ പറഞ്ഞു.
അത് തെറ്റാണെങ്കിൽ ഗാന്ധിക്കും നെഹ്റുവിനുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ വിമർശിക്കുന്നവർ ജനിക്കുന്നതിന് മുമ്പുതന്നെ വന്ദേമാതരം സംബന്ധിച്ച പല തീരുമാനങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. നാളെ മറ്റൊരു സർക്കാർ അധികാരത്തിലെത്തിയാൽ അവർ പറയുന്നതായിരിക്കും അന്നത്തെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി.രഞ്ജിത് കുമാറിന്റെ നടപടിയിലാണ് മുഖ്യമന്ത്രി സഭയിൽ ഖേദം പ്രകടിപ്പിച്ചത്.
കരുണാനിധിയെ കലൈഞ്ജർ എന്ന് പരാമർശിക്കാതെ കരുണാനിധി എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച നടന്ന സഭാ സമ്മേളനത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി ആർ.വി. രഞ്ജിത് കുമാർ സംസാരിക്കവെയാണ് കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ചത്.
ഇതോടെ ഡിഎംകെ അംഗങ്ങൾ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഉടൻ ഇടപെട്ട മുഖ്യമന്ത്രി വിജയ് മന്ത്രിയുടെ പരാമർശം അനുചിതമാണെന്നും മന്ത്രിക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി.
National
ന്യൂഡൽഹി: എഎപി എംഎൽഎയുടെ വസ്ത്രധാരണത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനം ഉയർന്നത്.
ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്. സ്ത്രീകൾ അപേക്ഷകളുമായി വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ മുന്നിൽ ഇത്തരത്തിൽ പെരുമാറിയ അനിൽ ഝായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം സഭയിൽ വച്ച് എംഎൽഎ അശ്ലീല ആംഗ്യം കാണിച്ചെന്നും രേഖ ഗുപ്ത ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ അനിൽ ഝാ നിഷേധിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും തെളിവുണ്ടെങ്കിൽ വീഡിയോ കാണിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു.
Movies
കുരങ്ങുമായി റീൽ ചെയ്ത് നടൻ ചിയാൻ വിക്രം വിവാദത്തിൽ. വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായിട്ടായിരുന്നു താരത്തിന്റെ റീൽ. എന്നാൽ ഇത് വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലിറ്റ് ചെയ്തു.
ലാർ ഗിബ്ബൺ എന്ന വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ എടുത്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായുള്ള സൈറ്റ്സ് (CITES) ന് കീഴിലും സംരക്ഷിക്കുന്ന കുരങ്ങുമായുള്ള വീഡിയോയാണ് വിക്രത്തെ വിവാദത്തിലാക്കിയത്.
വിക്രമിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനും ബിസിനസുകാരനുമായ സി.കെ രംഗനാഥന് വംശനാശം നേരിടുന്ന അപൂർവ ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഇത്തരം ജീവിയുമൊത്തുള്ള വിക്രമിന്റെ വീഡിയോ.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടും ഇവയെ കൈവശം വച്ചതിന്റെ പേരിലും രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിക്രമിന്റെ വീഡിയോയിൽ ഉള്ള കുരങ്ങിനെ രംഗനാഥൻ മണിപ്പൂരിൽ നിന്നും വാങ്ങിയതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അനുബന്ധം I-ൽ ലാർ ഗിബ്ബണുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആവശ്യമായ CITES ഇറക്കുമതി, കയറ്റുമതി അനുമതികൾ, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഡോക്യുമെന്റേഷൻ, അത് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി എന്നിവയില്ലാതെ സ്വന്തമാക്കാൻ കഴിയില്ല.
കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയന്ത്രിക്കുന്ന എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര പറഞ്ഞു.
മണിപ്പൂരിൽ നിന്നും ചെന്നൈയിലെത്തിയ കുരങ്ങിനെ ദത്തെടുക്കലിന്റെ ഭാഗമായാണ് കൈമാറ്റം ചെയ്തതെന്നാണ് രേഖകൾ ഉള്ളത്. എന്നാൽ ഇതിന് ഇപ്പോഴും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിവാദം ഉണ്ടായിരിക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും കുരങ്ങിനെ കടത്തിയതാകാമെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. നിലവിൽ കുരങ്ങ് എങ്ങനെ ഇന്ത്യയിലെത്തിയെന്നതിന്റെ രേഖകൾ പരിശോധിച്ചുവരികയാണെന്നും കുരങ്ങ് എവിടെ നിന്നും വന്നു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്രമിന്റെ വിഡിയോയിലുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചെയത്തിയാതാണെന്നും എത്ര കാലമായി ഈ കുരങ്ങിനെ പിടികൂടിയി തടവിലാക്കിയിട്ടെന്ന് വന്യജീവി സംരക്ഷണപ്രവർത്തകർ ആശങ്കയറിയിക്കുന്നുണ്ട്.
മലേഷ്യ, ഇന്തോനീഷ്യ, തായ്ലൻഡ്, മ്യാൻമർ,ലാവോസ് എന്നീ രാജ്യങ്ങളിലാണ് ഗിബ്ബണുകൾ ഉള്ളത്. ഉയർന്ന മരങ്ങളുള്ള കാടുകളിലാണ് സാധാരണയായി ലാർ ഗിബ്ബൺ കുരങ്ങുകൾ അതിജീവിക്കുന്നത്. ഇന്ത്യയിൽ ഈ ഗിബ്ബണ്‍ വളരുന്നില്ല. ഇവയെ മെരുക്കി വളർത്താൻ കഴിയില്ലെന്നും കൂട്ടിലിട്ടു വളർത്തുന്നതും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റിനിർത്തുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നു.
Kerala
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അതുതന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടണമെന്ന് ഗവർണർ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനിടെയാണ് ഗവർണറുടെ പുതിയ പ്രതികരണം.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ നാലിനാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസത്തിന് ശേഷം വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശവകുപ്പിന് കത്ത് നൽകിയിരുന്നു.
ചീഫ് സെക്രട്ടറി നൽകിയ നിർദേശം ഗവർണറുടെ നിർദേശപ്രകാരമാണെന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ വിഷയത്തിൽ ഗവർണർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വിശദീകരിച്ചത്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ തുടക്കം തന്നെ പാളി. സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കോടതിയുടെ ആദ്യ സിറ്റിംഗ് മാറ്റിവച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് നീറ്റ് കേസുകൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട 13 പ്രതികളിൽ രണ്ട് പേരുടെ ജാമ്യാപേക്ഷയായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. കേസ് മാറ്റിവെക്കേണ്ടി വന്നതിൽ ജസ്റ്റീസ് അനു ഗ്രോവർ ബലിഗ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഖ്യാപനത്തിനും പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്. ജസ്റ്റീസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി.
Kerala
കോട്ടയം: എംജി സർവകലാശാല ക്യാമ്പസിലെ ഫ്ലെക്സ് ബോർഡിനെച്ചൊല്ലി വൈസ് ചാൻസലറും സർവകലാശാല യൂണിയൻ ഭാരവാഹികളും തമ്മിൽ തർക്കം. യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം പാടില്ലെന്ന് വ്യക്തമാക്കിയ വിസി ഫ്ലെക്സ് ബോർഡ് അടിയന്തരമായി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഡൽഹി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോർഡിലുള്ളതെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി.
വിസിയുടെ ഉത്തരവ് തള്ളിയ വിദ്യാർത്ഥികൾ ക്യാമ്പസിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനിടെ വിസിക്കെതിരെ സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധ പ്രകടനവും നടത്തി.
Kerala
ആലപ്പുഴ: ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചതിനും പ്രസിദ്ധീകരിക്കാത്തതിനും രാഷ്ട്രീയമുണ്ടെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ.
ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വിഎസിന്റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പ് "മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ മാറ്റിവച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയതീരുമാനങ്ങൾക്ക് താൻ അഭിപ്രായം പറയുന്നില്ല. കുടുംബം ആരോടും അതൃപ്തി അറിയിച്ചിട്ടില്ല. നേരത്തേയുണ്ടായിരുന്ന ഉള്ളടക്കം എന്താണെന്നും അത് എന്തിനാണ് ഒഴിവാക്കിയതെന്നും അറിയില്ല.
വിഎസുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങളെല്ലാം അതിന്റെ കൃത്യസമയത്തുതന്നെ പ്രസിദ്ധീകരിക്കണമെന്നാണ് വിഎസിനെ സ്നേഹിക്കുന്ന എല്ലാവരെയുംപോലെ കുടുംബാംഗങ്ങളുടെയും ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെയുള്ള ഫണ്ട് വിവാദം വ്യാജമാണെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജനയായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ഫണ്ട് വിതരണവും കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷ് കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലായിരുന്നു ഇവർ.
എന്നാൽ പുറത്തുനിന്ന് കൊടി വാങ്ങിയ വകയിൽ മാത്രം 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് കാണിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. ഇതിന് പിന്നാലെ അടിയന്തര കോർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
Kerala
മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. മദ്യം വ്യാപിപ്പിക്കുന്ന നീക്കത്തിന് ലീഗ് എതിരാണെന്നും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ടി.വി. ഇബ്രാഹിം എംഎൽഎ പറഞ്ഞു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്. നികുതിയിളവ് സംബന്ധിച്ച് യുഡിഎഫ് മുന്നണിയിൽ ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ വിഷയം ചർച്ചയ്ക്ക് വരുമ്പോൾ ലീഗ് തങ്ങളുടെ നിലപാട് മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഫണ്ട് കിട്ടാത്തതുകൊണ്ട് പദ്ധതിയിൽ ഒപ്പിട്ടു പോയതാണെന്ന് പിണറായി വിജയൻ തന്നെ സഭയിൽ പറഞ്ഞതാണ്. അവർ ചെയ്ത കുറ്റം യുഡിഎഫിനു മേൽ ചുമത്തേണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തൃശൂർ: കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് വാടാനപ്പിള്ളിയിൽ ഫ്ലെക്സ് വച്ച സംഭവത്തിൽ സിപിഎം മറുപടി പറയണമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. എന്തെങ്കിലും തരത്തിൽ സിപിഎമ്മിനു കേരളരാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ അവർ ചെയ്തതു സംബന്ധിച്ച് പാർട്ടി നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം.
ഇത്തരം നീക്കങ്ങളിലൂടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാനോ പാർട്ടിയിലെ ഐക്യത്തെയോ തെരെഞ്ഞടുപ്പുവിജയത്തിന്റെ ശോഭയെയോ കെടുത്താനോ സാധിക്കില്ല. പാർട്ടി പ്രവർത്തകൻ ബോർഡ് വച്ചതിനുശേഷം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽനിന്ന് അവരുടെ പാർട്ടിക്കകത്തെ ഏറ്റവും വലിയ ഗ്രൂപ്പിസമാണ് പുറത്തുവന്നത്. സ്വന്തം കണ്ണിലെ തടിക്കഷണം നീക്കംചെയ്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് നീക്കംചെയ്യുന്നതാണ് നല്ലതെന്ന് സിപിഎം ഓർക്കണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സിപിഎമ്മിന്റെ നിർദേശമില്ലാതെ ഇത്തരത്തിൽ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിപ്രവർത്തകൻ ഒന്നും ചെയ്യില്ലെന്നുറപ്പാണ്. യുഡിഎഫ് ഭരണത്തിൽ വരണമെന്ന് ആഗ്രഹമുള്ള നല്ല സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പിനുമുന്പ് ബോർഡ് വച്ചപ്പോൾ, കോൺഗ്രസിനെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ബോർഡ് വയ്ക്കുന്നതെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തക വിവാദത്തിൽ സുപ്രീംകോടതി ഇടപെടലിനു പിന്നാലെ പാഠ്യപദ്ധതി സമിതി പുനഃസംഘടിപ്പിച്ച് എൻസിഇആർടി.
നിലവിലുണ്ടായിരുന്ന 22 അംഗ സമിതിക്കു പകരമായി 20 അംഗങ്ങളുള്ള നാഷണൽ സിലബസ് ആൻഡ് ടീച്ചിഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി (എൻഎസ്ടിസി) എൻസിഇആർടി രൂപീകരിച്ചു.
ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, ഐസിഎച്ച്ആർ ചെയർമാൻ രാഘവേന്ദ്ര തൻവാർ തുടങ്ങിയ പ്രമുഖർ പുതിയ സമിതിയിലുണ്ട്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മിഷേൽ ഡാനിനോ, എം.ഡി. ശ്രീനിവാസ് തുടങ്ങിയവരെ സമിതിയിൽനിന്നു നീക്കം ചെയ്തു.
സിലബസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമാണ് സമിതി പുനഃസംഘടിപ്പിച്ചതെന്ന് എൻസിഇആർടി അറിയിച്ചു. മൂന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളും തയാറാക്കാനും ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും ഈ സമിതിക്ക് അധികാരമുണ്ട്.
National
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജൻഡയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡൽഹിയിൽ ദീപിക ഒാൺലൈൻ പ്രതിനിധിയോടു സംസാരിക്കുകയായിരുന്നു എംപി.
ഒരു അഥോറ്റിയെ രൂപീകരിച്ച് ഏതെങ്കിലുമൊരു ചാരിറ്റി സ്ഥാപനത്തിനെതിരേയോ സംവിധാനങ്ങൾക്കെതിരെയോ നടപടിയെടുക്കാൻ കഴിയുംവിധമാണ് ഈ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെമാനം നൂറു കണക്കിന് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളുമെല്ലാം നടത്തുന്ന സഭാ സംവിധാനങ്ങൾക്കെതിരേയുള്ള നീക്കം തന്നെയാണ് ഇതിനു പിന്നിൽ. ക്രൈസ്തവർ പീഡാനുഭവ വാരം ആചരിക്കുന്ന ആഴ്ചയിൽതന്നെ ബിൽ ചർച്ചയ്ക്കെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. എംപിമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബിൽ ചർച്ചയ്ക്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്കു വിടുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിശദമായ ചർച്ചകൾക്കു ശേഷം ബില്ലിൽ ആശങ്കയുടെ സഭസംവിധാനങ്ങളുടെയും എൻജിഒകളുടെയുമൊക്കെ പ്രതിനിധികളുമായി ചർച്ചയ്ക്കു സർക്കാർ തയാറാകണം. ആതുരാലയങ്ങളും സ്കൂളുകളും അഗതിമന്ദിരങ്ങളുമൊക്കെ ഭയംകൂടാതെ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതുവരെ പ്രതിഷേധം തുടരുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കെ.ബി.ഗണേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല. വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ്.
പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ തന്റെ മനസിലുണ്ട്. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇപ്പോൾ സിപിഎമ്മോ മുഖ്യമന്ത്രിയോ മിണ്ടുന്നില്ല. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. നാളത്തെ ദേശാഭിമാനി പത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഡബിൾ സ്പീഡ് ആണ് പോലീസ് എടുത്തത്.
ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിന്റെ കേസിൽ അതൊന്നും കാണുന്നില്ല. ഇതിന്റെ കാരണമെന്താണ്. സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ് ഇന്ന് ഭരണപക്ഷത്തുള്ളത്.
മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു.
Kerala
കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മന്ത്രിക്കെതിരെ ഭാര്യ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. മെയിലിലൂടെ ഊരും പേരും ഇല്ലാതെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി.
ക്ലിഫ് ഹൗസിനോട് തൊട്ടടുത്ത് കിടക്കുന്ന കെ.ബി.ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎഎല്‍എയെ അറസ്റ്റ് ചെയ്ത പോലീസാണിതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഗണേഷ് കുമാർ തന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു. എന്നാൽ ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ.ബാലകൃഷ്ണപിള്ളക്കാണ്.
ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ. നിരന്തരം ക്രിമിനൽ പ്രവർത്തി ചെയ്യുന്ന ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. എല്ലാവരും സുരക്ഷക്കായി വിളിക്കുന്ന പോലീസ് നമ്പരിലാണ് അവരും വിളിച്ചത്. കെ.ബി.ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.
മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം തെളിയിക്കുന്നത് അധികാരത്തിന്റെ ദുര്‍വിനിയോഗമാണ്. അതിജീവിത മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ട് എന്ത് നടപടിയുണ്ടായെന്ന് മുഖ്യമന്ത്രിയും പോലീസും മറുപടി പറയണമെന്ന് രാഹുൽ പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഷാഫി പറമ്പിൽ നീരസം പ്രകടിപ്പിച്ചത്. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.
ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.
പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.
Kerala
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ടാണ് പ്രഖ്യാപനം തടഞ്ഞതെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടി. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ജഡ്ജി വർഗീയ ധ്രുവീകരണത്തിന് അവസരം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ 107 എംപിമാർ ഒപ്പിട്ട നോട്ടീസ് ഡിഎംകെയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയത്.
ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനോടും അഭിഭാഷകരോടും ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനമുണ്ടെന്നും, ഹൈക്കോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു. ഭരണഘടനയുടെ മതേതര തത്വങ്ങൾക്കു വിരുദ്ധമായ കേസുകളിൽ തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് സ്വാമിനാഥനെ പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
മധുര മുനിസിപ്പൽ കോർപറേഷന്റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്ര ഭരണകൂടം ഇതുവരെ തീരുമാനിച്ചത്.
ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ‘ദീപത്തൂൺ’ എന്നുവിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യത്തിനു കോടതിയിൽനിന്ന് അനുകൂല വിധി നേടി.
ഇതിന്റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി. ജസ്റ്റീസ് സ്വാമിനാഥൻ ആർഎസ്എസുകാരനാണെന്നും ഇക്കാര്യം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
Kerala
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് സലാം ആരോപിച്ചു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ വിവാദ പ്രസംഗം.
ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും സലാം പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുമെന്നാണ് സൂചന. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
Kerala
തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രന് എംപിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി രഹ്നാ ഫാത്തിമ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എൻ.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിനാണ് രഹ്നാ ഫാത്തിമ ഫേസ്ബുക്കിൽ മറുപടി നൽകിയത്.
എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും പൊറോട്ടയും ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സുപ്രീം കോടതി വിധിവന്നശേഷം 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണാണ്.
2018 നവംബർ 27ന് ഞാൻ അറസ്റ്റിലായി. ഡിസംബർ 14നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ ജാമ്യ വ്യവസ്ഥയിൽ പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ കൂട്ട പ്രാർഥന നടത്തുമെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിന്നിൽ പല ഉന്നതരുമുണ്ട്. കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. അന്വേഷണം സിബിഐക്ക് വിടും വരെ കോൺഗ്രസ് പോരാട്ടം തുടരും.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെ.സി.വേണുഗോപാൽ പ്രസംഗം തുടങ്ങിയത് ശരണംവിളിച്ചാണ്. വേദിയിൽ നിലവിളക്കും അയ്യപ്പന്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രാഥമിക വിവരശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ദേവസ്വം വിജിൻസ് വെള്ളിയാഴ്ച സമ്പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്തും.
പന്തളത്ത് ജാഥകൾ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
വിവാദത്തിൽ എഡിജിപി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.