District News
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ പ്രദേശവാസികൾ രാത്രി അജ്ഞാത ജീവിയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകൾ കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ചു. നാലാമത്തെ തവണയാണ് കാമറകൾ മാറ്റി സ്ഥാപിക്കുന്നത് എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇതുവരെ കാമറയിൽ തെളിഞ്ഞത് മരപ്പട്ടിയും കാട്ടുപന്നിയും ആണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്ന സ്ഥലങ്ങളിലേക്ക് കാമറ ട്രാപ്പുകൾ മാറ്റി വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ആർആർടി സംഘം അറിയിച്ചു.
മുൻപ് കാൽപാടുകൾ കണ്ടെങ്കിലും മഴ പെയ്തതിനെ തുടർന്ന് ഏത് ജീവിയുടെയാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതോടെ ആണ് വനംവകുപ്പ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചത്.
ദമ്പതികൾ അജ്ഞാത ജീവിയെ കണ്ടെന്ന് അറിയിച്ച മാവിൻ ചുവട്ടിലാണ് കഴിഞ്ഞമാസം ഏഴിന് കാമറ ട്രാപ്പുകൾ വച്ചത്. ഉണ്ടപ്പാറ, കുഴിവിള, തൊഴുകുമേൽ, കുപ്പപ്ലാങ്ങര, കരിഞ്ചാത്തിമൂല പ്രദേശത്ത് ഉള്ളവർ ഭീതിയിലാണ് ഇപ്പോഴും.
International
ദുബായി: നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുബായിൽ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശിനിക്ക് മോചനം. പാസ്പോർട്ട് പോലും കൈയിലില്ലാതെ വർഷങ്ങളായി ദുബായിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഹസ്ത മഹാനന്ദ എന്ന യുവതിയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത 2019-ലാണ് യുഎഇയിൽ എത്തിയത്. 2022-ൽ ഒരു തവണ നാട്ടിൽ പോയി തിരിച്ചെത്തിയെങ്കിലും അതിനുശേഷം നാട്ടിലേക്ക് പോകാൻ തൊഴിലുടമ അനുവദിച്ചില്ല. മൂന്ന് വർഷത്തിലേറെയായി നാട്ടിലെ കുടുംബവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇതോടെ ഒഡീഷയിലുള്ള കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നയതന്ത്ര ഇടപെടലിനായി നിർദേശം നൽകുകയും ചെയ്തു. ഇതിനിടെ കന്പനി നാട്ടിലേക്ക് വിടുന്നുണ്ടായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഹസ്ത ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
ഹസ്തയുടെ പാസ്പോർട്ട് നമ്പർ, വീസ വിവരങ്ങൾ എന്നിവ വഴി സ്പോൺസറെയും കമ്പനി മാനേജരെയും ഉദ്യോഗസ്ഥർ കണ്ടെത്തി. കോൺസുലേറ്റിന്റെ സമ്മർദത്തിനൊടുവിൽ മെയ് 12-ന് കമ്പനി മാനേജർ ഹസ്തയെ ദുബായി കോൺസുലേറ്റ് ഓഫീസിൽ എത്തിച്ചു.
കോൺസുലേറ്റിൽ എത്തിച്ച ഹസ്തയുടെ വീസയും ലേബർ കോൺട്രാക്റ്റും അധികൃതർ റദ്ദാക്കി. തുടർന്ന് കോൺസുലേറ്റ് പരിസരത്ത് അവർക്ക് 15 ദിവസത്തോളം താമസവും ഭക്ഷണവും നൽകി. ഹസ്തയ്ക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനിയെക്കൊണ്ട് വാങ്ങി നൽകാൻ കോൺസുലേറ്റിന് സാധിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് കോൺസുലേറ്റ് ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകിയത്.
National
ബംഗളൂരു: ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പോലീസ് റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു. ഇതേ തുടർന്ന് ഗർഭിണിയായ ഭാര്യയും യുവാവും റോഡിൽ കുടുങ്ങിയത് അരമണിക്കൂർ.
ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇരുവരും സഞ്ചരിച്ച കാർ കുടുങ്ങിയത് വിഐപി വാഹനവ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് യുവാവ് പ്രതിഷേധിച്ചു.
ഓൾഡ് എയർപോർട്ട് റോഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പോലീസ് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനം തടഞ്ഞുവച്ചത് യുവാവിനെ കോപാകുലനാക്കി. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നും അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞുട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു.
District News
തൃശൂർ: ജില്ലയിൽ വാഹനാപകടങ്ങൾ ആശങ്കാജനകമായി ഉയരുന്നു. തൃശൂർ സിറ്റി പോലീസ് പുറത്തുവിട്ട കണക്കുകൾപ്രകാരം 2021 മുതൽ 2025 വരെ തൃശൂരിൽമാത്രം 9,998 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 925 പേർ മരിച്ചു. 11,379 പേർക്കു പരിക്കേറ്റു. 2019, 2020 വർഷങ്ങളും ചേർത്താൽ അപകടസംഖ്യ 13,000 കടക്കും.
2026 തുടക്കംമുതൽ വാഹനാപകടങ്ങളും മരണവും പതിവായി. മുണ്ടുപാലത്തും ഇക്കണ്ടവാര്യർ റോഡിലും സ്കൂട്ടർ അപകടത്തിൽ യുവതികൾ മരിച്ചു. കുന്നംകുളത്തു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്കു പരിക്കേറ്റു. മമ്മിയൂരിൽ മിനിബസ് ലോറിയിലിടിച്ച് 15 പേർക്കു പരിക്കേറ്റു, ഫെബ്രുവരിയിൽ കുന്നംകുളത്തു കെഎസ്ആർടിസി ബസ് അപകടത്തിൽ ഇരുപതുപേർക്ക് പരിക്കേറ്റു, ചുവന്നമണ്ണിൽ കാർ നീർപാലത്തിലിടിച്ച് രണ്ടുപേർ മരിച്ചു, മൂന്നുപേർക്കു പരിക്കേറ്റു- ഈ വർഷം ജില്ലയെ ഞെട്ടിച്ച പ്രധാന അപകടങ്ങൾ ഇവയാണ്.
ഇതിൽ 2025 ലെ കണക്കുകൾ ഭാഗികമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച 2021-ൽ 1719 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 201 പേർ മരിച്ചു. ലോക്ക്ഡൗണിനുശേഷമുള്ള അമിതവേഗയാത്രകളും രാത്രിവാഹനയാത്രകളുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്.
2022-ൽ അപകടസംഖ്യ 2374 ആയി ഉയർന്നു. മരണസംഖ്യ 213 ആയി. ഒരുവർഷംകൊണ്ട് 650 ലേറെ അപകടങ്ങളുടെ വർധന. ദേശീയപാത വികസന പ്രവൃത്തികൾ, തിരിച്ചുവിടലുകൾ, തിരക്കേറിയ ജംഗ്ഷനുകൾ, അമിതവേഗം എന്നിവയാണ് പ്രധാന കാരണങ്ങൾ.
2023ൽ ഏറ്റവും കൂടുതൽ അപകടം
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ അപകടസംഖ്യ 2023-ലാണ് രേഖപ്പെടുത്തിയത് -2613 അപകടങ്ങൾ. 232 പേർ മരിച്ചു. 3028 പേർക്കു പരിക്കേറ്റു. ദിവസവും ശരാശരി ഏഴിലേറെ അപകടങ്ങൾ നടന്ന വർഷമായിരുന്നു ഇത്.
2024-ൽ അപകടസംഖ്യ 2412 ആയി കുറഞ്ഞു. എന്നാൽ മരണസംഖ്യ കുറയാതെ നിന്നു - 211. എഐ കാമറകൾ, കർശനപരിശോധനകൾ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരായ നടപടികൾ തുടങ്ങിയവ ശക്തമാക്കിയെങ്കിലും വലിയ മാറ്റം ഉണ്ടാക്കാനായില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2025-ലെ ഭാഗിക കണക്കുപ്രകാരംതന്നെ 880 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 68 പേർ മരിച്ചു. 1005 പേർക്കു പരിക്കേറ്റു. ഓണക്കാല പ്രത്യേക പരിശോധനയിൽമാത്രം 1,900-ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
റോഡപകടം, കാരണമേറെ
റോഡിലെ കുഴികൾ, അശാസ്ത്രീയ ടാറിംഗ്, വെളിച്ചമില്ലാത്ത ഡൈവർഷനുകൾ, നിയന്ത്രണം വിട്ടുപായുന്ന സ്വകാര്യബസുകൾ, തെറ്റായ സിഗ്നൽ നിയന്ത്രണം എന്നിവയാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന പരാതികൾ. മണ്ണുത്തി, വടക്കാഞ്ചേരി, പാലിയേക്കര ടോൾ പരിസരം, കുന്നംകുളം മേഖല, നഗരപ്രവേശന ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ നിരവധി അപകടങ്ങൾ നടന്നു. വികസനപ്രവർത്തനങ്ങളോടനുബന്ധിച്ച ഡൈവർഷനുകളും ഗതാഗതക്കുരുക്കും അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറയുന്നു.
ഇരകൾ ഇരുചക്രവാഹനങ്ങൾ
സംസ്ഥാനതല കണക്കുകൾപ്രകാരം അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ധരിക്കാത്തത്, അമിതവേഗം, രാത്രിയാത്ര, മൊബൈൽ ഫോണ് ഉപയോഗം, മദ്യപിച്ചു ഡ്രൈവിംഗ് എന്നിവ പ്രധാന കാരണങ്ങളാണ്. കുന്നംകുളം, പട്ടിക്കാട്, മണ്ണുത്തി, ഗുരുവായൂർ മേഖലകളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈമാസം ഇതുവരെ
ഓട്ടുപാറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾക്കു പരിക്കേറ്റു.
കുന്നംകുളത്തും എരുമപ്പെട്ടിയിലും ചാവക്കാടും ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യാത്രക്കാർ മരിച്ചു
തൃപ്രയാറിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
കുന്നംകുളത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
വാടാനപ്പിള്ളിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു.
വടക്കാഞ്ചേരിയിൽ ബസപകടം. മൂന്നു പേർക്കു പരിക്ക്. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്. ബൈക്ക് മറിഞ്ഞു യുവാക്കൾക്കു പരിക്കേറ്റു.
തിരുവില്വാമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പോട്ടയിൽ ട്രാവലർ ഇടിച്ച് യുവാവ് മരിച്ചു.
കയ്പമംഗലത്തു കാറും ബൈക്കും കൂട്ടിയിടിച്ചു യാത്രക്കാർക്കു പരിക്കേറ്റു.
മണ്ണുത്തിയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു.
ചുവന്നമണ്ണിൽ കാറപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.
National
ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. സഹോദരിമാരായ ടിന (എട്ട്), ലക്ഷ്മി (അഞ്ച്) എന്നിവരാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിന് സമീപത്തുള്ള കാർ സർവീസ് സെന്റലേക്കെത്തിയ കുട്ടികൾ അവിടെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇരുവരും കളിക്കാനായി കാറിനുള്ളിലേക്ക് കയറികയും വാതിലുകൾ അബദ്ധത്തിൽ ലോക്കാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുറത്ത് 43 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടായിരുന്നതിനാൽ കാറിനുള്ളിലെ ചൂട് ക്രമാതീതമായി കൂടുകയായിരുന്നു. കഠിനമായ ചൂടിൽ ശ്വാസംമുട്ടി ഇരുവരും മരിച്ചു. ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 30 മിനിറ്റോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.
കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓടയിലെ ഇരുന്പ് വലയിൽ കുടുങ്ങിയ നിലയിൽ ഒന്നര വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഓടയുടെ സമീപത്ത് കൂടി പോവുകയായിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ കണ്ടെത്തുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്ണില് ഇറങ്ങിയ കടുവ കെണിയിൽ വീണു. വനംവകുപ്പ് സ്ഥാപിച്ചകൂട്ടിലാണ് കടുവ വീണത്. ഇന്ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്.
ഞായറാഴ്ച ജനവാസ മേഖലയില് ഇറങ്ങിയ കടുവ ജംഗിള് ഫാമിലെ വളര്ത്ത് ആടുകളില് ഒന്നിനെ കൊന്നിരുന്നു. ഇതോടെ കൂട് വനമേഖലയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.
ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന് തീറ്റ കൊടുത്തുകൊണ്ടിരുന്ന ആടിനെയാണ് കടുവ പിടിച്ചുകൊണ്ടുപോയത്. തന്റെ തലയ്ക്കു മീതേകൂടി കടുവ ചാടിവരികയായിരുന്നുവെന്ന് ജീവനക്കാരന് പറഞ്ഞിരുന്നു. ബഹളം വച്ച് ആളുകളെ കൂട്ടി പരിശോധന നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്കു കടന്നിരുന്നു.
വനപാലകരുടെ കൂടി സഹായത്തോടെ പ്രദേശവാസികള് കാട്ടിനുള്ളില് പരിശോധന നടത്തി ആടിന്റെ ജഡം കണ്ടെത്തി. ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുതേടി കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്ക്കണ്ട് ജഡാവശിഷ്ടങ്ങള് ശേഖരിച്ച് സമീപത്തു നേരത്തേ സ്ഥാപിച്ചിരുന്ന കൂടിനുള്ളില് വച്ചിരുന്നു. ഈ കൂട്ടിലാണ് കടുവ കുടുങ്ങിയത്.