National
ചെന്നൈ: രണ്ടാഴ്ച നീണ്ട ഭിന്നതയ്ക്കൊടുവിൽ അണ്ണാ ഡിഎംകെയിൽ സമവായം. എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ 13 വിമത എംഎൽഎമാർ ഇന്നലെ പാർട്ടി തലവൻ എടപ്പാടി പളനിസ്വാമിയെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, വിമതനേതാവ് സി.വി. ഷൺമുഖം വിമതർക്കൊപ്പമുണ്ടായിരുന്നില്ല. എന്നാൽ ഷൺമുഖം തങ്ങൾക്കൊപ്പമുണ്ടെന്ന് വേലുമണി പറഞ്ഞു. പാർട്ടിയിൽ ഒരിക്കലും പിളർപ്പുണ്ടായിട്ടില്ലെന്നും അഭിപ്രായവ്യത്യാസമാണ് ഉണ്ടായതെന്നും വിമത പക്ഷം പറഞ്ഞു.
എടപ്പാടിയെ സന്ദർശിച്ചശേഷം വേലുമണിയും മുൻ മന്ത്രി ഡോ. സി. വിജയഭാസ്കറിനൊപ്പം തമിഴ്നാട് സ്പീക്കർ ജെ.സി.ഡി. പ്രഭാകറുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിൽ ഒറ്റ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് വേലുമണിയും വിജയഭാസ്കറും സ്പീക്കറെ അറിയിച്ചു.
തന്നെ പാർട്ടി വിപ്പായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കു നല്കിയ കത്ത് വിജയഭാസ്കർ പിൻവലിച്ചു. എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗവും സ്പീക്കർക്കു നല്കിയ പരാതി പിൻവലിച്ചു.
47 എംഎൽഎമാരാണ് അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ചത്. ഇവരിൽ 25 പേർ വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ചു. കഴിഞ്ഞ ദിവസം വേലുമണി പക്ഷത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സിപിഎം. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വ്യക്തമാക്കി.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
അതേസമയം ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡിഎംകെ എംഎൽഎമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിൽ അണ്ണാ ഡിഎംകെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിപുലീകരണത്തോടെ കോൺഗ്രസിൽ നിന്ന് രണ്ട് പ്രതിനിധികൾ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിനും ടിവികെ നേതാക്കൾക്കും പുറമെ ലീഗും വിസികെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ഇതിനായി അവരുടെ ഭാഗത്തുനിന്ന് ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ആധവ് അർജുന കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്. ക്യാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകിയിട്ടുണ്ട്.
അമ്മ ക്യാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാന്റീനുകളുമാണുള്ളത്.
സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെയും എഐഎഡിഎംകെയും (അണ്ണാ ഡിഎംകെ) തമ്മിൽ സഖ്യമുണ്ടാക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് നടൻ രജനികാന്ത്. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വാർത്തകളിൽ ഒട്ടും സത്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം നിലനിർത്താൻ വേണ്ടി ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിക്കുന്നുവെന്നും, ഇതിനായി രജനികാന്ത് മുൻകൈയെടുത്തു എന്നുമായിരുന്നു സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ ചർച്ചകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് രജനികാന്ത് തുറന്നടിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് ചുമതലയേറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് ചില വിവാദങ്ങളിലും അദ്ദേഹം പ്രതികരണം നടത്തി. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് രജനികാന്ത് പറഞ്ഞു. വിജയ് തന്റെ പ്രിയപ്പെട്ട സഹോദരനാണെന്നും അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ തനിക്ക് അതിയായ സന്തോഷമേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് തന്നെ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതാണെന്നും, ഇത്തരം വ്യാജ വാർത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ചെന്നൈ: വിമത അണ്ണാ ഡിഎംകെ എംഎൽഎമാരെ മന്ത്രിയാക്കുന്നതിൽ എതിർപ്പ് അറിയിച്ച് ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിസികെ.
വിമതരെ മന്ത്രിമാരാക്കുന്നതു രാഷ്ട്രീയ ധാർമികതയ്ക്കു നിരക്കുന്നതല്ലെന്ന് വിസികെ ജനറൽ സെക്രട്ടറിയും വില്ലുപുരം എംപിയുമായ ഡി. രവികുമാർ പറഞ്ഞു.
അണ്ണാ ഡിഎംകെയുടെ 47 എംഎൽഎമാരിൽ 25 പേർ വിജയ് സർക്കാരിനു പിന്തുണ നല്‍കിയിരുന്നു.
എടപ്പാടി കെ. പളനിസ്വാമി പക്ഷത്ത് 22 എംഎൽഎമാരാണുള്ളത്. വിമത അണ്ണാ ഡിഎംകെ എംഎൽഎമാർ പിന്തുണച്ചതോടെ വിജയയ്ക്ക് 144 പേരുടെ പിന്തുണ ലഭിച്ചു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ സി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗങ്ങൾ. ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്യെ ഇന്നു കാണുമെന്ന് ഷൺമുഖം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുൻകാലങ്ങളിൽ എഐഎഡിഎംകെ നേരിടേണ്ടി വന്ന പരാജയങ്ങളാണ് ഈ മാറ്റത്തിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. "പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണമെന്നു' അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ച എഐഎഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയെയും അദ്ദേഹം വിമർശിച്ചു.
"ഞങ്ങൾ ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി സ്ഥാപിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരായിരുന്നു. ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കണമെന്ന നിർദ്ദേശം ഞങ്ങളുടെ ഭൂരിപക്ഷം അംഗങ്ങളും നിരസിച്ചു. അത്തരമൊരു സഖ്യം രൂപീകരിച്ചാൽ എഐഎഡിഎംകെ നിലനിൽക്കില്ല'. അദ്ദേഹം വ്യക്തമാക്കി. എഐഎഡിഎംകെയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷൺമുഖം കൂട്ടിച്ചേർത്തു.
"നിലവിൽ ഒരു സഖ്യവുമില്ലാതെയാണ് ഞങ്ങൾ നിൽക്കുന്നത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആയിരിക്കണം നമ്മുടെ ശ്രദ്ധ. ഒടുവിൽ ടിവികെയ്ക്കു പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചു'. ഷൺമുഖം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി. പ്രഭാകർ ആണ് ടിവികെയുടെ സ്ഥാനാർഥി. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
അതേസമയം ഇന്ന് എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിളർപ്പിൽ കലാശിച്ചത്.
30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി.വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎൽഎമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇപിഎസ് തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി.വി.ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.
ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡിഎംകെ നേതൃത്വം അറിയിച്ചു.
234 അംഗ നിയമസഭയില്‍ ഡിഎംകെയ്ക്ക് 59ഉം അണ്ണാ ഡിഎംകെയ്ക്ക് 47ഉം സീറ്റാണുള്ളത്. രണ്ടു പാര്‍ട്ടികള്‍ സഖ്യത്തിലായാലും ഭൂരിപക്ഷത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരുമായിരുന്നു.
ഇന്നലെ എടപ്പാടി പളനിസ്വാമി പുതുച്ചേരിയിലെ റിസോര്‍ട്ടിലെത്തി അണ്ണാ ഡിഎംകെ എംഎല്‍എമാരെ കണ്ടു. ഇന്നു ഗവര്‍ണറെ കാണാന്‍ ശ്രമിക്കുമെന്ന് എടപ്പാടി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് വിവരം.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
അതേസമയം ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.
National
40 ഡിഗ്രി പകല്ചൂടില് തിളയ്ക്കുന്ന തമിഴ്നാട്ടില്‍ അതിലും ഉച്ചസ്ഥായിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണച്ചൂട്. ഇന്നേക്ക് ആറാം പകല്‍ തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളില്‍ 5.67 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.
ഡിഎംകെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെയുടെ വിജയ്, നാം തമിഴര്‍ കക്ഷിയുടെ സീമാന്‍, വിസികെയുടെ തോല് തിരുമാളവന് തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം ആവേശ പ്രചാരണത്തിലാണ്. നേതാക്കളെ വലയം ചെയ്ത് കടലിരമ്പല്പോലെ ആണ് പെണ് പ്രായ ഭേദമന്യേ അണികളുടെ ആരവമുയരുമ്പോള്‍ വിജയക്കൊടി ആരു പാറിക്കുമെന്ന് പലയിടങ്ങളിലും പ്രവചനാതീതമാണ്.
ഡിഎംകെ, ഐഐഎഡിഎംകെ വൈരികള്‍ തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും സൂപ്പര്‍ സ്റ്റാര്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ നയിക്കുന്ന തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ കന്നിയങ്കത്തിലാണ് ദേശീയ ശ്രദ്ധ. 2024 ഫെബ്രുവരി രണ്ടിന് പിറവിയെടുത്ത ടിവികെ 234 മണ്ഡലങ്ങളില്‍ പത്രിക നല്‍കിയെങ്കിലും എടപ്പാടിയില്‍ പത്രിക തള്ളിയതോടെ തുടക്കം പാളി.
അത്തരത്തില്‍ 232 മണ്ഡലങ്ങളിലാണ് വിസില്‍ അടയാളത്തില്‍ ഇതര മുന്നണികളോടുള്ള പോരാട്ടം. വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും മത്സരിക്കുന്നു. 180 സീറ്റുകളും 44.9 ശതമാനം വോട്ടുകളും ഡിഎംകെ നേടി സ്റ്റാലിന് ഭരണം തുടരുമെന്നാണ് അഗ്നി ന്യൂസ് അഭിപ്രായ സര്‍വേ ഫലം. ഭരണം പിടിക്കാന്‍ വേണ്ടത് 118 അസംബ്ളി സീറ്റുകള്‍ മാത്രം.
എഐഎഡിഎംകെ-ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ സംസ്ഥാനം പറന്നു വലംവച്ചു. ഡിഎംകെ മുന്നണിക്ക് സ്റ്റാലിനാണ് പ്രചാരണ നായകന്. സീറ്റ് വിഭജനത്തില്‍ ചെറുതാക്കിയെന്ന കല്ലുകടിയുമായി അകന്നു നിന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതര ദേശീയ നേതാക്കളും ഉടന്‍ പ്രചാരണത്തിനെത്തുന്നതോടെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ കരുത്തു കൂടും. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 54 സീറ്റുകളും 38.5 ശതമാനം വോട്ടുകളുമാണ് അഗ്നി ന്യൂസ് സര്‍വേ ഫലം. വിജയ്യുടെ ടിവികെ പരമാവധി പിടിക്കുക 9.7 ശതമാനം വോട്ടുകള്‍ മാത്രമെന്നും സർവേയിൽ പറയുന്നു.
വൈകാരികമായി വിധിയെഴുതുന്ന തമിഴരുടെ നസിലിരിപ്പ് വോട്ടിംഗ് യന്ത്രം തുറക്കുമ്പോഴേ പുറത്തുവരൂ. റോഡ് ഷോകളും നേതാക്കളുടെ പ്രസംഗങ്ങള്‍ക്കിടെ ആവേശ മുദ്രാവാക്യങ്ങളുമായി തീ പാറുന്ന പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും. താരാരാധന പരിധി വിടുന്ന സാഹചര്യത്തില്‍ അണികള്‍ റോഡ് ഷോകളില്‍ ബൈക്കപകടത്തില്‍ പെടുന്ന സാഹചര്യമുണ്ട്. തിക്കിലും തിരക്കിലും 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 51 നിര്‍ദേശങ്ങള്‍ പോലീസ് വിജയ്യുടെ പ്രചാരണ പരിപാടികള്‍ക്ക് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കനിമൊഴി എംപിയുമാണ് ഡിഎംകെയുടെ നായകനിര. സ്റ്റാലിന് എല്ലാ മണ്ഡലങ്ങളും ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ചെന്നൈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉദയനിധി സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെയും പ്രചാരണം. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് ബിജെപി ക്യാന്പ ്ഏകോപിപ്പിക്കുന്നത്.
രണ്ടില അടയാളമായ എഐഎഡിഎംകെ മുന്നണിയില്‍ 27 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലേ ബിജെപി കടന്നുകൂടിയുള്ളു. എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികള്‍ക്ക് 65 മണ്ഡലങ്ങള്‍ നല്കി. ചെന്നൈയിലെ 16 സീറ്റുകളില്‍ 13 എണ്ണത്തിലും എഐഎഡിഎംകെ മത്സരിക്കുന്നു.
ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസ് 28 സീറ്റുകളില്‍ മത്സരിക്കുന്നു. 2021ല്‍ 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 18 സീറ്റുകളില്‍ വിജയിക്കാനായി. എം.കെ. സ്റ്റാലിന് ചെന്നൈയ്ക്കടുത്ത് കൊളത്തൂരില്‍നിന്നും ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-ട്രിപ്ലിക്കനില്നിന്നും വീണ്ടും ജനവിധി തേടുന്നു.
അടുത്തയിടെ ഡി.എം.കെ.യില്‍ ചേര്‍ന്ന മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ബോഡിനായ്ക്കന്നൂര്‍ സീറ്റു നല്കി. പനീര്‍ശെല്‍വത്തിനൊപ്പം ഡി.എം.കെ.യില്‍ ചേര്‍ന്ന പോള്‍ മനോജ് പാണ്ഡ്യനും ആര്. വൈദ്യലിംഗത്തിനും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ആകെ 164 സീറ്റിലാണ് ഡിഎംകെ. മത്സരിക്കുന്നത്. 70 സീറ്റുകള്‍ സഖ്യക്ഷികള്‍ക്ക് അനുവദിച്ചു.
ഡിഎംകെയില്‍ 60 പേര് പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് (28), ഡിഎംഡി.കെ (10), വിസികെ. (എട്ട് ) സി.പി.എം. (അഞ്ച്), സിപിഐ (അഞ്ച്) എംഡിഎംകെ(നാല് ), മുസ്ലിംലീഗ് (രണ്ട്), കെഎംഡികെ. (രണ്ട് ), എംഎന്എംകെ. (രണ്ട്), മനിതനേയ ജനനായക കക്ഷി (ഒന്ന്), മുക്കുളത്തൂര്‍ പുലിപ്പടൈ(ഒന്ന്), എസഡിപിഐ. (ഒന്ന് ) തമിഴര്‍ ദേശം കക്ഷി (ഒന്ന്) എന്നിങ്ങനെയാണ് ഡിഎംകെ സീറ്റു വിഭജനം.
11 ഇടത്ത് ഡി.എംകെയുടെ ഉദയസൂര്യന് ചിഹ്നത്തിലാണ് സഖ്യകക്ഷികള്‍ മത്സരിക്കുന്നത്.എഐഎഡിഎംകെ മുന്നണിയില്‍ ബിജെപി 27, പിഎംകെ 18, എഎംഎംകെ 11, ടിഎംസി(മൂപ്പനാര്‍) അഞ്ച് എന്നിങ്ങനെയാണ് സീറ്റു വിഭജനം.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. 23 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിൽ മുൻ മന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കുമാണ് മുൻഗണന. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തന്റെ സ്വന്തം തട്ടകമായ എടപ്പാടിയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും.
പ്രഖ്യാപിച്ച 23 സ്ഥാനാർഥികളിൽ 20 പേരും മുൻ മന്ത്രിമാരാണ്. 15 പേർക്ക് പാർട്ടി വീണ്ടും മത്സരിക്കാൻ അവസരം നൽകി. കെ.പി. മുനുസാമി - വെപ്പനഹള്ളി, ഡിണ്ടിഗൽ ശ്രീനിവാസൻ - ഡിണ്ടിഗൽ, നഥം വിശ്വനാഥൻ - നഥം, എസ്.പി. വേലുമണി - തോണ്ടമുത്തൂർ, തങ്കമണി - കുമാരപാളയം, ജയകുമാർ - റോയപുരം, സി.വി. ഷൺമുഖം - മൈലം, സെല്ലൂർ രാജു - മധുര വെസ്റ്റ്, സി. വിജയഭാസ്കർ - വിരാലിമല, കടമ്പൂർ രാജു - കോവിൽപട്ടി, ആർ.പി. ഉദയകുമാർ - തിരുമംഗലം എന്നിവരാണ് പ്രധാനസ്ഥാനാർഥികൾ.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ മാർച്ച് 30ന് ആരംഭിക്കും. ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മേയ് നാലിന് ഫലപ്രഖ്യാപനം നടക്കും. തമിഴ്നാടിനൊപ്പം കേരളം, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കും. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്.
വിജയ് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല. മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്കാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യ സഖ്യത്തിൽ ഡിഎംകെ ചിഹ്നത്തിൽ 175 സ്ഥാനാർഥികൾ മത്സരിക്കും. 2001ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റിൽ ഡിഎംകെ മത്സരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കുമെന്ന് അണ്ണാ ഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി.
നാമനിർദേശ പത്രിക സമർപ്പിക്കാൻ 15 ദിവസംകൂടി ബാക്കിയുണ്ടെന്ന് പളനിസ്വാമി ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെ, ബിജെപി, എഎംഎംകെ, പിഎംകെ എന്നീ പാർട്ടികൾ ഉൾപ്പെട്ടതാണ് തമിഴ്നാട് എൻഡിഎ.
ഡിഎംകെ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയാകാറായി.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് എഐഎഡിഎംകെ നേതാവ് ശെല്ലൂർ രാജു. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുതയെന്നും ശെല്ലൂർ രാജു അവകാശപ്പെട്ടു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഡിഎംകെ സർക്കാരിനെ അവർ വെറുത്തുകഴിഞ്ഞു. തോൽവി ഭയന്ന് സർക്കാർ ധനസഹായം വാരിക്കൊരി നൽകുകയാണ്. പക്ഷെ ഇനി എന്ത് ചെയ്താലും ജനങ്ങൾ ഡിഎംകെയെ ജയിപ്പിക്കില്ല.'-ശെല്ലൂർ രാജു പറഞ്ഞു.
"ജനങ്ങൾ എൻഡിഎ ഭരണത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനായി ഡബിൾ എൻജിൻ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അവർക്കറിയാം. അതിന് വേണ്ടി അവർ ഇത്തവണ വോട്ട് ചെയ്യും.'-ശെല്ലൂർ രാജു കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ. അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് പുറമെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവർക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകും. ഇതിൽ പ്ലസ് ടു പാസായവർക്ക് 1,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ സർക്കാർ 8000 രൂപയാണ് നൽകുന്നത്.
അണ്ണാ ഡിഎംകെ അധികാരത്തിൽ വന്നാൽ 10,000 രൂപയായി ഉയർത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാർക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
National
ചെന്നൈ: അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയെന്ന് മുൻ മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി.
ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.
പുരുഷന്മാർക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നിലവിൽ വരുന്നതോടെ ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊത്തും യുവാക്കൾക്ക് തങ്ങളുടെ കമിതാക്കൾക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് വിശദീകരണം.
സ്ത്രീകൾക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകൾ സൗജന്യമായി ബസുകളിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പണം കൊടുത്ത് മറ്റു ബസുകളിൽ പോകേണ്ട അവസ്ഥയാണെന്നും മുൻ മന്ത്രി പറഞ്ഞു.
National
ചെന്നൈ: തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്‍പേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് വോട്ടർമാരെ ഒപ്പംകൂട്ടാൻ തമിഴ്നാട്ടിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇടപ്പാടി. കെ. പളനിസ്വാമിയുടെ ശ്രമം.
ആദ്യഘട്ട വാഗ്ദാനങ്ങളെന്നു പ്രത്യേകം പറഞ്ഞുള്ള പ്രഖ്യാപനം പ്രധാനമായും സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ടുള്ളതാണ്.
മഗളിർ കുലവിളക്ക് തിട്ടം പദ്ധതിയിലൂടെ സ്ത്രീ റേഷൻ കാർഡ് ഉടമകൾക്കു പ്രതിമാസം 2,000 രൂപ ധനസഹായം നൽകുമെന്നാണ് ഒരു വാഗ്ദാനം.
തുക നേരിട്ട് കുടുംബനാഥയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വനിതാ യാത്രികർക്കു സിറ്റിബസുകളിൽ ഡിഎംകെ സർക്കാർ നൽകുന്ന സൗജന്യയാത്ര പുരുഷന്മാർക്കും നൽകുമെന്നതാണ് അടുത്തത്.
അമ്മ ഹൗസിംഗ് പദ്ധതിപ്രകാരം കോൺക്രീറ്റ് വീടുകൾ നൽകുന്ന പദ്ധതി വ്യാപിപ്പിക്കും. കേന്ദ്രം നിർദേശിച്ചിരിക്കുന്ന 125 ദിവസത്തിൽനിന്ന് ഗ്രാമീണതൊഴിലുറപ്പ് 150 ദിവസമായി ഉയർത്തും.
അമ്മ ടൂ വീലർ പദ്ധതി, അഞ്ചുലക്ഷം വനിതകൾക്കു 25,000 രൂപ സബ്സിഡി ഉൾപ്പെടെ വാഗ്ദാനങ്ങളുമുണ്ട്. മുൻമുഖ്യമന്ത്രി എംജിആറിന്റെ നൂറ്റിയൊന്‍പതാം ജന്മവാർഷികദിനത്തിൽ, അന്തരിച്ച നേതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ചശേഷമായിരുന്നു പ്രഖ്യാപനം.
Kerala
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എൻഡിഎ സഖ്യം തമിഴ്നാട്ടിൽ വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിൽ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാൽ അമിത് ഷായുടെ ആവശ്യത്തോട് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ മറുപടി.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഐഎഡിഎംകെ ക്യാമ്പിലുള്ളത്.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
National
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു.
50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ.
വ്യാഴാഴ്ച ചെന്നൈയിലെ പണയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77-കാരനായ സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആദ്യമായി ടിവികെയിൽ ചേരുന്ന മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.
National
ചെന്നൈ: എഐഎഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ട കെ.എ. സെങ്കോട്ടയ്യൻ തമിഴക വെട്രി കഴകം(ടിവികെ) നേതാവും നടനുമായ വിജയുമായി കൂടിക്കാഴ്ച നടത്തി. ഒൻപത് തവണ എംഎൽഎയായ സെങ്കോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
വി.കെ. ശശികല, ഒ. പനീർ ശെൽവം, ടി.ടി.വി. ദിനകരൻ എന്നിരെ പാർട്ടിയിൽ തിരികയെത്തിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെയിൽ നിന്നും പുറത്താക്കിയത്.
എംജിആർ എഐഎഡിഎംകെ സ്ഥാപിച്ചത് മുതൽ സജീവ സാന്നിധ്യമായിരുന്ന സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രധാനനേതാവു കൂടിയാണ്. എംജിആറിന്റെ അടുത്ത അനുയായിയായിരുന്ന സെങ്കോട്ടയ്യൻ ജയലളിതയുടെയും വിശ്വസ്തനായിരുന്നു.
ഒമ്പത് തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സെങ്കോട്ടയ്യൻ എംജിആർ, ജയലളിത മന്ത്രിസഭകളിലും അംഗമായിരുന്നു. സർക്കാരിലും പാർട്ടിയിലും നിർണായക സ്ഥാനങ്ങൾ വഹിച്ച നേതാവ് കൂടിയാണ് സെങ്കോട്ടയ്യൻ.
സ്പീക്കർ എം. അപ്പാവുവിനെ നേരിൽ കണ്ടായിരുന്നു സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജി വച്ചത്.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി. രാമചന്ദ്രന്റെ പ്രതിമ തകർത്തു. 35 വർഷങ്ങൾക്ക് മുൻപ് മധുരയിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.
തിരുപ്പറംകുണ്ഡ്രം നിയോജകമണ്ഡലത്തിലെ ആവണിയപുരത്തെ പ്രശസ്തമായ ജല്ലിക്കട്ട് വേദിക്ക് സമീപം സ്ഥിതി ചെയ്യുന്ന 3.5 അടി ഉയരമുള്ള പ്രതിമ ഇന്ന് പുലർച്ചെയാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എഐഎഡിഎംകെ ഭാരവാഹികൾ സ്ഥലത്തെത്തി കേടുപാടുകൾ പരിഹരിച്ച ശേഷം പ്രതിമ പുനഃസ്ഥാപിച്ചു. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ നേതാക്കൾ ആവണിയാപുരം പോലീസിൽ പരാതി നൽകി.
സംഭവത്തെ അപലപിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.