Kerala
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.
സഹകരിക്കണമെന്ന് സിഐടിയു
ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.
ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.
- ചന്ദ്രന് പിള്ള
(ജിസിഡിഎ ചെയര്മാന്, സിഐടിയു ദേശീയ സമിതി അംഗം)
എല്ലാവരും പണിമുടക്കും
വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.
- ആര്. ചന്ദ്രശേഖരന്
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്)
ജോലിക്കു കയറാൻ തയാർ
ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കാറുണ്ട്. ഷിപ്യാര്ഡ്, നേവല ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.
-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)
District News
കൊല്ലം: കേന്ദ്ര സർക്കാരി െ ന്റ തൊഴിലുറപ്പ് നിയമ ഭേദഗത്തി ബിൽ പിൻവലിക്കണമെന്നും കേന്ദ്രാവിഷ്കൃത പദ്ധതിക്ക് പകരം കേന്ദ്രപദ്ധതിയായി തൊഴിലുറപ്പ് പദ്ധതി തുടരണമെന്നും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺ ൺഗ്രസ് ഐഎൻടിയുസി കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 18 വയസ് പൂർത്തിയായ ഏതൊരാൾക്കും ആവശ്യാനുസരണം തൊഴിൽ നൽകുക എന്ന ആശയം തന്നെ ആട്ടിമറിക്കപെട്ടിരിക്കുന്ന ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 10ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, പനയം സജീവ്,എം നൗഷാദ്, ബി.ശങ്കര നാരായണപിള്ള സെബാസ്റ്റ്യൻ ആംബ്രോസ്, സുധീർ കൂട്ടുവയൽ, ദിവ്യ, സലീന ഷാഹുൽ, ലാലി, നിസാ മോൾ, ശോഭന, രമണി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.
ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.
National
ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ഇതിനെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ താത്പര്യമാണ് കേന്ദ്ര സർക്കാർ പരിഗണിച്ചതെന്നും സംഘടനകൾ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.
District News
തിരുവനന്തപുരം: ബിവിജി ഗ്രൂപ്പിനു കീഴിൽ ഹൗസ് കീപ്പിംഗ് കരാർ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ സത്യഗ്രഹം കോൺട്രാക്ട് ലേബർ കോൺഗ്രസിന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ എയർപോർട്ടിനു മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സുബോധൻ, ജനറൽ സെക്രട്ടറി മണക്കാട് ചന്ദ്രൻകുട്ടി, വില്യം ലാൻസി, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ലെഡ്ക്കർ ബാവ, വള്ളക്കടവ് നിസാം, സേവ്യർ ലോപ്പസ്, പൂന്തുറ ജയ്സൺ, വെട്ടുകാട് ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ.കൈമനം രാജേഷ്, മുഹമ്മദ് ഹനീഫ, മണികണ്ഠൻ, പീറ്റർ തുടങ്ങിയവർ ധർണയ്ക്കു നേതൃത്വം നൽകി.
District News
ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദിയായ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്നാരംഭിച്ച മാർച്ച് നീണ്ടൂർ റോഡിൽ പോലീസ് തടഞ്ഞു. തുടർന്നു നടത്തിയ ധർണ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.വി. മനോജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി പോത്തൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൻ. ദിവാകരൻ നായർ, സണ്ണി കാഞ്ഞിരം, ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, കെ. മോഹനചന്ദ്രൻ, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ ബിജു കൂമ്പിക്കൽ, പി.എച്ച്. അഷറഫ്, ടി.സി. റോയി, ബിജു വലിയമല തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു മാർച്ച് നടത്തും.
രാവിലെ 10.30ന് ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ എംസി റോഡിൽനിന്നുമാരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി മന്ത്രിയുടെ ഓഫീസിനു മുന്നിലെത്തി ധർണ നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ സമരം ഉദ്ഘാടനം ചെയ്യും.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും. കോൺഗ്രസ്, ഐഎൻടിയുസി സംസ്ഥാന നേതാക്കൾ പങ്കെടുക്കും.