പ്രതീകാത്മക ചിത്രം
കട്ടപ്പന: ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ അധ്യാപകരുടെ പരിശീലനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി അനുവദിച്ച 32,00,000 രൂപയുടെ സാമ്പത്തിക ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഈ പണം തിരിച്ചടപ്പിക്കുകയും കുറ്റക്കാരായ 2 താത്ക്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ കണ്ടെത്തിയ തിരിമറി രണ്ടു വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണെന്നിരിക്കെ കഴിഞ്ഞ 10 വർഷത്തിനിടെ കട്ടപ്പന ബിഅർസിയിൽ നടത്തിയിട്ടുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കേവലം രണ്ടു കരാർ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാനുള്ള ഉദ്യോഗസ്ഥതലത്തിലെ ഇടപെടൽ സംശയാസ്പദമാണന്നും ഐഎൻടിയുസി കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു പറഞ്ഞു.
വിവിധ പദ്ധതി നടത്തിപ്പ്, സാമഗ്രികളുടെ വാങ്ങാൻ, ശമ്പളം അടക്കമുള്ള ഇതര ചെലവുകൾ എന്നിവയിൽ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷക്കാലത്തെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരിൽനിന്ന് ഈടാക്കണമെന്നും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധ സൂചകമായി ബിആർസിയിലേക്കു മാർച്ച് നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.