കെ. മുരളീധരൻ
കോഴിക്കോട്: മനുഷ്യൻ മൃഗങ്ങളെ ഉപദ്രവിച്ചിരുന്ന കാലം മാറി ഇന്ന് മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിലുള്ള നിയമങ്ങൾ ഇതേ രീതിയിൽ തുടരുകയും പുതിയ നിയമങ്ങൾ പൂർണമായി പ്രായോഗികമാക്കുകയും ചെയ്താൽ മനുഷ്യർക്ക് പല പ്രദേശങ്ങളും ഒഴിഞ്ഞുനൽകേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വന്നാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് കടുവയും കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് ആനയും കയറിയിരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാകുകയെന്നും അദ്ദേഹം പരിഹസിച്ചു.
ഈ ഗുരുതരമായ സാഹചര്യത്തിലും നീതിന്യായ കോടതികളുടെ ഭാഗത്തുനിന്നും മൃഗങ്ങൾക്ക് അനുകൂലമായ സമീപനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ കോടതികൾ മൃഗങ്ങളുടെ പക്ഷം ചേർത്തുയർത്തുന്ന നയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കോടതി അലക്ഷ്യമായി കാണേണ്ടതില്ല.
മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിച്ച കർഷകർക്ക് സ്വന്തം ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാരുകൾ അധികാരത്തിൽ വന്നാലും എക്കാലത്തും കർഷകരുടെയും ജനങ്ങളുടെയും പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്.
മുൻകാലങ്ങളിൽ മനുഷ്യർ കാട്ടിലെത്തി മൃഗങ്ങളെ ആക്രമിച്ചിരുന്ന സാഹചര്യത്തിലാണ് ചില കർശന നിയമങ്ങൾ നിർമിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 1972-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനനിയമങ്ങൾ അക്കാലത്ത് അനുയോജ്യമായിരുന്നുവെങ്കിലും, ഇന്നത്തെ മാറിയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ല. മാനന്തവാടിയിലും കുറ്റ്യാടിക്ക് സമീപവുമെല്ലാം കാട്ടാനയുടെയും കാട്ടുപോത്തിന്‍റെയും ആക്രമണത്തിൽ സാധാരണക്കാരായ കർഷകർ ദാരുണമായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, 1972-ലെ പഴയ നിയമങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാലം മാറുന്നതനുസരിച്ച് ഭരണഘടനയിൽപോലും നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതുപോലെ, ഇന്നത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് വനനിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. വനനിയമങ്ങളിലെ അശാസ്‌ത്രീയത മൂലം ദുരിതത്തിലാകുന്ന കുടിയേറ്റ ജനതയെയും കർഷകരെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിന്‍റെ പ്രഖ്യാപിത നയം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയുള്ള വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : Chairman Elephant KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs