ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരങ്ങളുടെ ആഘോഷം
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 യിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിൽ ഓൾഔട്ടായി. 27 റൺസെടുത്ത ദിലാര അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഇന്ത്യയ്ക്ക് വേണ്ടി നന്ദനി ശർമയും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡും ശ്രെയാങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഷെഫാലി വർമയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹർമർപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
49 പന്തിൽ നിന്നാണ് ഷെഫാലി സെഞ്ചുറി നേടിയത്. മൂന്ന് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ഹർമൻപ്രീത് കൗർ 40 റൺസും സ്മൃതി മന്ദാന 37 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തറും ശൻജിത അക്തർ മേഖ്ലയും റബേയ ഖാനും നഹിത അക്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫൈനലിൽ പാക്കിസ്ഥാൻ ആണ് ഇന്ത്യയുടെ എതിരാളി.
Tags : Asian Games Women's T20 India Advances Final