Kerala
പാലക്കാട്: തനിക്ക് പറയാനുള്ളതും തനിക്കെതിരെ പറയാനുള്ളതും നീതിന്യായ കോടതിയുടെ മുന്നിലുണ്ടെന്നും കൂടുതൽ വിവരങ്ങൾ കോടതിയിൽ പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സത്യം ജയിക്കുമെന്നും ഇനി പാലക്കാട് തുടരുമെന്നും രാഹുൽ പറഞ്ഞു.
പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എംഎൽഎ 15 ദിവസങ്ങൾക്ക് ശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം എംഎൽഎ ഓഫീസിലേക്ക് പോകുന്പോഴായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
എംഎൽഎ ഓഫീസിലെത്തിയ രാഹുൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടി നടപടിയെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമോ എന്ന ചോദ്യത്തിനും ഉൾപ്പെടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ തയാറായില്ല.
Kerala
മലപ്പുറം: മലബാറിൽ പോളിംഗ് ഊർജിതമായിരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നല്ല ആവേശമുണ്ട്. പത്ത് വർഷമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കുമെന്നും അദേഹം വ്യക്തമാക്കി.
കോർപറേഷനുകളിൽ യുഡിഎഫ് തിരിച്ചുവരുമെന്നും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
District News
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിൽ സമ്മതിദാനവകാശം വിനിയോഗിക്കാൻ ആകെ 6,47,378 വോട്ടർമാരാണുള്ളത്.
3,13,049 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരുമാണ് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
20 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലുമായി ആകെ 828 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളിൽ 104 ബൂത്തുകളും ഗ്രാമപ്പഞ്ചായത്തുകളിൽ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമപ്പഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ലാപ്പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജം
തദ്ദേശ തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂണിറ്റുകളും 1379 കണ്ട്രോൾ യൂണിറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസർവായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉൾപ്പെടെയാണിത്.
കൽപ്പറ്റ ബ്ലോക്കിലേക്ക് 280 കണ്ട്രോൾ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്ട്രോൾ യൂണിറ്റും 630 ബാലറ്റ് യൂണിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്ട്രോൾ യൂണിറ്റും 720 ബാലറ്റ് യൂണിറ്റും സുൽത്താൻ ബത്തേരി ബ്ലോക്കിലേക്ക് 200 കണ്ട്രോൾ യൂണിറ്റും 600 ബാലറ്റ് യൂണിറ്റും സജ്ജമാക്കി.
കൽപ്പറ്റ നഗരസഭയിൽ 40 കണ്ട്രോൾ യൂണിറ്റും 40 ബാലറ്റ് യൂണിറ്റും ബത്തേരി, മാനന്തവാടി നഗരസഭകളിൽ 50 വീതം കണ്ട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് ആകാശ നീല നിറത്തിലുള്ള ബാലറ്റ് ലേബലുമാണ് ഉപയോഗിക്കുന്നത്. 10ന് അതത് വിതരണ കേന്ദ്രങ്ങൾ മുഖേന രാവിലെ ഏഴ് മുതൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും.
ജില്ലയിൽ 189 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
സൗകര്യം ഒരുക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കൽപ്പറ്റ ബ്ലോക്കിൽ 69 ബൂത്തുകളും പനമരം ബ്ലോക്കിൽ 32 ബൂത്തുകളും ബത്തേരി ബ്ലോക്കിൽ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കിൽ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നത്. കെൽട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സജ്ജീകരണം ഒരുക്കുന്നത്.
4ജി സിസിടിവി കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജമാക്കുന്ന കണ്ട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കും. ഓരോ ബൂത്തിലെയും ദൃശ്യങ്ങൾ നിരീക്ഷിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ബൂത്തുകളിൽ അക്ഷയയുടെ സഹായത്തോടെ കാമറ ഓപറേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓരോ ബ്ലോക്കുകളിലും ബ്ലോക്ക് ലെവൽ കാമറ ഓപറേറ്റർമാരുടെ ടീം പ്രവർത്തിക്കും. ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി, ബിഎസ്എൻഎൽ, ഐടി മിഷൻ, അക്ഷയ, കെൽട്രോണ്‍, കെ ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥർ പോളിംഗ് ദിവസം കണ്ട്രോൾ റൂമിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസർ എസ്. നിവേദ് അറിയിച്ചു.
വിളവെടുപ്പ് മികച്ചതാക്കാൻ മുന്നണികളുടെ നെട്ടോട്ടം
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ജില്ലയിൽ ഇന്ന് സമാപനം. വോട്ടർമാരുടെ മനസ് ഇളക്കുംവിധം കൊട്ടിക്കലാശം കേമമാക്കുന്നതിനു തിരക്കിട്ട നീക്കത്തിലാണ് ഇടതു, വലത് മുന്നണികളും എൻഡിഎയും.
ആഴ്ചകൾ നീണ്ട പ്രചാരണത്തിലൂടെ മൂന്നു മുന്നണികളും വിമതരും സ്വതന്ത്രരും ചേർന്ന് ഉഴുതുമറിച്ച് പരുവത്തിലാക്കിയതാണ് വയനാടിന്റെ രാഷ്ട്രീയ നിലം. എല്ലാ കൂട്ടരും വർധിത വീര്യത്തോടെ നടത്തിയതാണ് വിത്തേറ്. ജനസമ്മതിയുള്ളവരെയാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും സ്ഥാനാർഥികളാക്കിയത്. വിളവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.
തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിക്കാൻ ഇടത്, വലത് മുന്നണികളിലെ പ്രമുഖർ ചുരം കയറിയിരുന്നു. യുഡിഎഫിനുവേണ്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് മുൻ സംസ്ഥാന കണ്‍വീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി.
ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ അവരുടെ നിയോജകമണ്ഡലങ്ങളിൽ വിശ്രമം മാറ്റിവച്ച് വോട്ടർമാരെ കാണാനിറങ്ങി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ തലകുനിക്കാൻ ഇടവരരുതെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി.
എൽഡിഎഫ് നിരയിൽ സംസ്ഥാന കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സിപിഐ ദേശീയ കൗണ്‍സിൽ അംഗവും മന്ത്രിയുമായ കെ. രാജൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, എൻസിപി-എസ് അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ തുടങ്ങിയവർ ജില്ലയിലെത്തി സ്ഥാനാർഥികളിലും പ്രവർത്തകരിലും ആവേശം പകർന്നു.
എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ എന്നിവർ തെരഞ്ഞെടുപ്പ് വിജയത്തിന് തന്ത്രം മെനഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ. മോഹനൻ എന്നിവരാണ് ജില്ലയിൽ എൻഡിഎ തെരഞ്ഞടുപ്പ് പ്രചാരണം നയിക്കുന്നത്.
വയനാട്ടിൽ ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലും കൽപ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലായി 59 ഡിവിഷനുകളിലും കൽപ്പറ്റ, ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലായി 103 ഡിവിഷനുകളിലും 23 പഞ്ചായത്തുകളിലായി 450 വാർഡുകളിലുമാണ് വിധിയെഴുത്ത്. കോണ്‍ഗ്രസ് 11 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 70 മുനിസിപ്പൽ ഡിവിഷനുകളിലും 40 ബ്ലോക്ക് ഡിവിഷനുകളിലും 310 പഞ്ചായത്ത് വാർഡുകളിലുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 12 ഡിവിഷനുകളിൽ സ്ഥാനാർഥികളുള്ള സിപിഎം 357 പഞ്ചായത്ത് വാർഡുകളിലും 45 ബ്ലോക്ക്, 77 മുനിസിപ്പൽ ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്.
മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തിലെ ആറും മുനിസിപ്പാലിറ്റികളിലെ 31 ഉം ബ്ലോക്ക് പഞ്ചായത്തുകളിലെ 19 ഉം ഡിവിഷനുകളിലും 138 പഞ്ചായത്ത് വാർഡുകളിലുമാണ് മത്സരിക്കുന്നത്. 421 പഞ്ചായത്ത് വാർഡുകളിൽ ജനവിധി തേടുന്ന ബിജെപി ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലും നഗരസഭകളിലെ 88 ഉം ബ്ലോക്ക് പഞ്ചായത്തിലെ 56 ഉം ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 47 വാർഡുകൾ ജില്ലയിൽ വർധിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥികൾവീടുകൾ കയറി പ്രചാരണം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ 19 വാർഡുകളിലും യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ വീടുകയറിയുള്ള പ്രചാരണ പരിപാടികൾ നടത്തി.
ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിപാടി നടത്തിയത്. പെരിക്കല്ലൂരിൽ നടന്ന പ്രചാരണ പരിപാടി യുഡിഎഫ് ചെയർമാൻ പി.കെ. വിജയൻ, ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസ്, ആർ. രാജേഷ് കുമാർ, സാജൻ കടുപ്പിൽ, മനോജ് ഉതുപ്പാൻ, സണ്ണി മണ്ഡപത്തിൽ, ജയിംസ് വടക്കേക്കര, മനോജ് മാത്യു, ത്രേസ്യാമ്മ, സുനിൽ പാലമറ്റം എന്നിവർ നേതൃത്വം നൽകി.
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി
പുൽപ്പള്ളി: എൽഡിഎഫിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ വോട്ടഭ്യർഥന നടത്തി. എൽഡിഎഫ് നേതാക്കളോടൊപ്പമായിരുന്നു സ്ഥാനാർഥികളുടെ വോട്ടഭ്യർഥന. എൽഡിഎഫ് നേതാക്കളായ മുഹമ്മദ് ഷാജി, പി.എ. മുഹമ്മദ്, ചാർളി കാപ്പിസെറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സൂര്യമോൾ, ബ്ലോക്ക് സ്ഥാനാർഥി ജോഷി കുരീക്കാട്ടിൽ തുടങ്ങിയവർ സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു.
കുടുംബ സംഗമം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ 19 വാർഡുകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. പട്ടാണിക്കൂപ്പിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുള്ളൻകൊല്ലി പഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മുഴുവൻ വാർഡുകളിലും ഒരുപോലെ വികസന പ്രവർത്തനം നടത്താൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജോമേഷ് മാന്താനത്ത് അധ്യക്ഷത വഹിച്ചു. എം.എ. അസീസ്, അഡ്വ.ആർ. രാജേഷ് കുമാർ, പി.ആർ. ബിജു, മനോജ് കടുപ്പിൽ, സാജൻ കടുപ്പിൽ, വർഗീസ് മുരിയൻകാവിൽ, ജിസ്റ മുനീർ, മുനീർ ആച്ചിക്കുളത്ത്, ഒ.ആർ. രഘു എന്നിവർ പ്രസംഗിച്ചു.
എസ്ഐആർ: 6,04,347 ഫോമുകൾ വിതരണം ചെയ്തു
കൽപ്പറ്റ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 6,04,347 വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബിഎൽഒ, ബിഎൽഎ യോഗങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ ജില്ലയാണ് വയനാട്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ 14,409 വോട്ടർമാർ ജില്ലയിൽ നിന്നും താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഒന്നിലധികം തവണ പേരുണ്ടായിരുന്ന 2488 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ജില്ലാ കളക്ടർ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം:കുന്നൂരിൽ 3,500 പേരെ നീക്കി
ഊട്ടി: കുന്നൂർ മണ്ഡലത്തിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിലൂടെ 3,500 വോട്ടർമാരെ നീക്കി.സ്ഥലംമാറി പോയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. പട്ടികയിൽ പേര് ചേർക്കാൻ 11 വരെ അവസരമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
കോഴിക്കോട്: ഒന്‍പത്, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അനുബന്ധ ചെലവുകള്‍ക്കും പണം അനുവദിക്കുന്നതില്‍ സാമ്പത്തിക നിയന്ത്രണമില്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേക അലവന്‍സുകളും ഭക്ഷണബത്തയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നതിനായി 41.41 കോടി രൂപ ചെലവഴിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരണാനുമതി നല്കി. വേണമെങ്കില്‍ ഇനിയും തുക അനുവദിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ്, എക്സൈസ്, വിജിലന്‍സ്, വനംവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, മറൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ലഭിക്കുന്നതിന്റെ ഒന്നര ഇരട്ടി സ്പെഷല്‍ ഡിഎയാണ് അനുവദിച്ചിരിക്കുന്നത്.
യഥാര്‍ഥ ഡ്യൂട്ടി ദിവസങ്ങളോ അല്ലെങ്കില്‍ പരമാവധി എട്ടു ദിവസമോ (ഏതാണോ കുറവ് അത്) ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
പോളിംഗ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, ഹോം ഗാര്‍ഡുകള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിദിനം 250 രൂപ നിരക്കില്‍ ഭക്ഷണബത്ത അനുവദിക്കും.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2800 ഹോം ഗാര്‍ഡുകളെ നിയമിക്കാനും ആഭ്യന്തര വകുപ്പ് അനുമതി നല്കി. ഇവര്‍ക്ക് സാധാരണ വേതനത്തിന് പുറമെ പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച രണ്ട് ദിവസത്തേക്ക് 250 രൂപ വീതം ഭക്ഷണബത്തയും ലഭിക്കും.
ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മതിയായ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ സഹിതം ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. കളക്ടര്‍മാര്‍ക്ക് വാഹനങ്ങള്‍ നല്കാന് കഴിയാത്ത സാഹചര്യങ്ങളില്‍, സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കെടുക്കാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 5000 രൂപ നിരക്കില്‍ 2140 വീഡിയോ കാമറകള്‍ വാടകയ്ക്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിനുള്ള സാമഗ്രികള്‍ ഇന്ന് രാവിലെ ഒൻപത് മുതൽ വിതരണം ചെയ്യും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിലാണ് നാളെ ജനം വിധിയെഴുതുന്നത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. രണ്ടു ഘട്ടങ്ങളിലായി പോളിംഗിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടെ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോഗ്രഫിയും ഉണ്ടാകും.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിംഗ് സ്റ്റേഷനുകളുണ്ട്.
Kerala
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സ്പെഷൽ സ്ക്വാഡ് പ്രിന്റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന നടത്തി. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായാണ് പ്രസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്റിംഗിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി.
പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്റിംഗിന് ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
District News
കണ്ണൂർ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളക്ടർ നോഡൽ ഓഫീസർമാരെ നിയമിച്ചു. വിവിധ സെക്ഷനുകളും നോഡൽ ഓഫീസർമാരും എന്നീ ക്രമത്തിൽ. ഇ-ഡ്രോപ്പ് ആന്‍ഡ് എംസിസി: കലഭാസ്കര്‍ (എഡിഎം), ഇ-ഡ്രോപ്പ് ടെക്നിക്കല്‍: കെ.വി. റിജിഷ (ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍), എംസിസി. മോണിറ്ററിംഗ് കമ്മിറ്റി (കണ്‍വീനര്‍): ടി.ജെ.അരുണ്‍ (ജെഡിഎല്എസ്ജിഡി കണ്ണൂര്‍), ഇവിഎം മാനേജ്മെന്റ്: ടി.വി.സുഭാഷ് (അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍എസ്ജിഡി, കണ്ണൂര്‍) പരിശീലനം: പി.വി.കെ.മഞ്ജുഷ (ഐവിഒ, എല്‍എസ്ജിഡി), പോലീസ് -സിറ്റി: എ.വി. ജോണ്‍ (എസിപി), പോലീസ് -റൂറല്‍: കെ.എസ്. ഷാജി (അഡീഷണല്‍ എസ്പി)ലെയ്സണ്‍: സുഭാഷ് പറങ്ങാന്‍, ഡിവൈഎസ്പി, സ്പെഷല്‍ ബ്രാഞ്ച്, മെറ്റീരിയല്‍ മാനേജ്മെന്റ്: സുനിഷ, (സ്പെഷ്യല്‍ തഹസില്‍ദാര്‍, എല്‍എ എന്‍എച്ച്), ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള നോഡല്‍ ഓഫീസര്‍: ഉമേഷ് ബാബു കോട്ടായി (തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍).
വിതരണം, സ്വീകരണം, വോട്ടെണ്ണല്‍: ഡോ. എം. സുര്‍ജിത്ത്, (അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍എസ്ജിഡി) മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍: പി.പി.വിനീഷ് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), വെഹിക്കിള്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്: ഇ.എസ്. ഉണ്ണികൃഷ്ണന്, (ആർടിഒ) വെബ്-കാസ്റ്റിംഗ്: പി.ബിന്ദു (അസി. എക്സിക്യുട്ടീവ് എൻജിനിയർ പിഡബ്ല്യുഡി) വീഡിയോഗ്രഫി: ഇ. ഷറഫുദ്ദീന് (കെഎഎസ്, ഡെപ്യൂട്ടി കളക്ടര്‍), ഗ്രീന്‍ പ്രോട്ടോക്കോള്‍: കെ.എം. സുനില്‍കുമാര്‍ ( ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്), കണക്റ്റിവിറ്റി: സി.എം.മിഥുന് കൃഷ്ണ, ബിഎസ്എന്‍എല്‍: സി.വി.ഷീന., എ.ജി.എം.(ഒ.പി.), കെഎസ്ഇബി: ടി.കെ. ലത. (ഇ.ഇ., ഇലക്ട്രിക്കല്‍ ഡിവിഷന്), കെഎസ്ഡബ്ല്യു.എ.എന്‍ നിധിന്, (ഡിഎച്ച്.ക്യൂ., ജില്ലാ ഇന്‍ചാര്‍ജ്), ഒബ്സര്‍വര്‍: സി.വിജിത്ത് (അസി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, എസ്ജിഎസ്ടി. കണ്ണൂര്‍), ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് ജില്ലാ ചുമതല: ഡോ. എൻ. സിബി., (ഡെപ്യൂട്ടി കളക്ടര്‍, അപ്പലേറ്റ് അഥോറിറ്റി (എല്‍ആര്‍., എഎംഎഫ്: സി.എം. ഹരിദാസ് (അസി. ഡയറക്ടർ എൽഎസ്ജി)
Kerala
കണ്ണൂർ: മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചേക്കാം; വാർഡംഗമായി മത്സരിക്കുന്നവർക്കുവേണ്ടി ദേശീയ നേതാക്കൾപോലും പ്രസംഗിക്കാം. എഐ സാങ്കേതികവിദ്യ വന്നതിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കാതെ വയ്യ. നിർമിതബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്ന വീഡിയോകളും ഓഡിയോ സന്ദേശങ്ങളും നാടൊട്ടുക്കു പറക്കും.
പ്രമുഖ വ്യക്തികളുടെ രൂപവും ശബ്ദവും കൃത്യമായി അനുകരിച്ച് (വോയ്സ് ആൻഡ് വീഡിയോ ക്ലോണിംഗ്) സ്ഥാനാർഥികൾക്കുവേണ്ടി സംസാരിക്കുന്ന ‘ഡീപ്ഫേക് ’ വീഡിയോകൾ നിർമിക്കാൻ സാങ്കേതിക വിദഗ്ധർ വേണ്ട. എഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ഐടി സെല്ലുകൾക്കോ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കോ എളുപ്പത്തിൽ ചെയ്യാനാകും.പ്രചാരണച്ചെലവും വരില്ല.
സ്ഥാനാർഥികളുടെ ആകർഷകമായ പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സുകൾ, ചിത്രങ്ങൾ എന്നിവ നിർമിക്കാം. വികസനസ്വപ്നങ്ങളും ആശയങ്ങളും ത്രിമാനമികവിൽ അവതരിപ്പിക്കാം.
പ്രചാരണ ഗാനങ്ങൾപോലും തോന്നിയപോലെ തയാറാക്കാനാകും. വോട്ടർമാരുടെ മുൻഗണനകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യാം.
കൃത്രിമമായി സൃഷ്ടിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും വലിയ വെല്ലുവിളിയും ഭീഷണിയുമായേക്കാം. അതുകൊണ്ടുതന്നെ എഐ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടി സ്വീകരിക്കാനും ജില്ല, താലൂക്ക്തലങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. തിരുവല്ല സബ്കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി. ബിനുരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണൻ, തിരുവല്ല താലൂക്ക് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പി. പ്രകാശ്, തിരുവല്ല ലേബര്‍ ഓഫീസ് ഒഎ ആർ. രാഹുല്‍, ചിറ്റാര്‍ പോലിസ് സ്റ്റേഷന് സിപിഒ സച്ചിന് എന്നിവരാണ് ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലുള്ളത്. തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, അടൂർ, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആറഗംങ്ങളടങ്ങിയ താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുമുണ്ട്.
നോട്ടീസ്, ബാനർ, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, തുടങ്ങിയ പ്രചാരണ പരിപാടിയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പൊതുജനം അറിയിക്കുന്ന പരാതി പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കുക, സ്ഥാനാര്‍ഥികള്‍ നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനം സ്ഥാപിക്കുന്നതും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം പാലിക്കുന്നതു പരിശോധിച്ച് ചട്ടലംഘനങ്ങള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സ്ക്വാഡിന്റെ ചുമതല.
ജില്ലാതലത്തിലുള്ള ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് താലൂക്ക്തല പ്രവര്‍ത്തനം അവലോകനം ചെയ്ത് മാര്‍ഗിര്‍ദേശം നല്‍കും. ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് നമ്പര്‍ (തിരുവല്ല സബ് കളക്ടർ): 0469 2601202, 9447114902.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്.
വിമതരുടെ സാന്നിധ്യം പലയിടത്തും മുന്നണികൾക്ക് ഭീഷണിയാകുന്നുണ്ട്. അതേസമയം പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെ 42 പേർ ഇതുവരെ സംസ്ഥാനത്തു പത്രിക സമർപ്പിച്ചു. 24 പുരുഷന്മാരും 18 സ്ത്രീകളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ചിലർ ഒന്നിലേറെ സെറ്റ് പത്രിക നൽകിയത് അടക്കം 53 പത്രികകൾ ഇതുവരെ ലഭിച്ചു. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, പത്തനംതിട്ട, എറണാകുളം- രണ്ടു വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ- ഏഴുവീതം, ഇടുക്കി, കണ്ണൂർ- ഓരോന്നു വീതവും പത്രിക ലഭിച്ചു. പാലക്കാട് 13, മലപ്പുറം-ആറ് പത്രികകളും ലഭിച്ചു.
ബന്ധപ്പെട്ട വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 21 വരെ പത്രിക നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം.
പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരം നൽകണം. സ്ഥാനാർഥി അതത് തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്കു മൂന്നു സെറ്റ് പത്രിക വരെ സമർപ്പിക്കാ
District News
തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാരായി
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നഗരസഭാതലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.
ഹരിത ചട്ടം ജില്ലാതല നോഡല്‍ ഓഫീസറും ശുചിത്വമിഷന് ജില്ലാ കോ- ഓര്‍ഡിനേറ്ററുമായ ജി. വരുണ്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടപാലനം ഉറപ്പാക്കുന്നതിനാണ് നഗരസഭാ തലത്തില്‍ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. പാലക്കാട്, ചിറ്റൂര്‍- തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ എന്നീ നഗരസഭകളില്‍ ക്ലീന്‍ സിറ്റി മാനേജര്‍മാരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിശീലന പരിപാടികളിലും ഹരിതചട്ടപാലനം സംബന്ധിച്ച ക്ലാസ്സുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും, പരിശീലന പരിപാടികളില്‍ പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും നോഡല്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകളാണ്. കൂടാതെ, പരിശീലന കേന്ദ്രങ്ങള്‍, ഇവിഎം. കമ്മീഷനിംഗ് കേന്ദ്രങ്ങള്‍, വോട്ട് സ്വീകരണ- വിതരണ പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്തമാണ്.
തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം:ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റച്ചട്ടം ഹെല്പ് ഡെസ്ക് രൂപീകരിച്ച് ഉത്തരവായി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ നല്കുന്നു: 0491-2950085, 8281 499 634
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ ആൻഡ് എ) എം.പി. സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്പ് ഡെസ്ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്പ് ഡെസ്കിലേക്ക് വരുന്ന എല്ലാ ഫോണ്‍ കോളുകളും പ്രത്യേക രജിസ്റ്ററില്‍ ചേര്‍ക്കുകയും അവയ്ക്ക് യഥാസമയം മറുപടി നല്‍കുകയും ചെയ്യും. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ അടിയന്തിരമായി സമിതിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
സുരക്ഷയ്ക്കു അഞ്ഞൂറോളം പോലീസുകാർ
പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ. ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കണ്ട്രോൾ റൂമിനൊപ്പം, അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ഉത്സവമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശന നിരീക്ഷണങ്ങളും മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോക്കറ്റടിക്കാരെയും മറ്റ് സാമൂഹ്യവിരുദ്ധരെയും തടയാൻ മഫ്തിയിലുള്ള പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലീസിന്റെ സേവനവും ഉണ്ടാകും. ഉത്സവത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഡ്രോണ്‍ കാമറകൾ ഉപയോഗിച്ച് സാങ്കേതിക നിരീക്ഷണം നടത്തും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും പ്രത്യേക സേവനം ഉറപ്പാക്കും.
District News
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഇന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 നും വൈകുന്നേരം മൂന്നിനും ഇടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി 21. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി 24.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
നോമിനേഷൻ നൽകുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുന്‍പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം. സ്ഥാനാർഥിക്കൊപ്പം മൂന്ന് അകന്പടി വാഹനങ്ങൾ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ.
വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
District News
പത്തനംതിട്ട: ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സ്ത്രീകളാകും കൂടുതൽ. 50 ശതമാനമാണ് സ്ത്രീസംവരണം. എങ്കിലും അതിൽ കൂടുതൽ പേർ മത്സരിക്കുന്നുണ്ട്. മൊത്തം വാർഡുകളുടെ എണ്ണം ഒറ്റസംഖ്യയാണെങ്കിൽ അതിന്റെ പൂർണതയെന്നവണ്ണം ഒരു സീറ്റ് അധികമായി വനിതയ്ക്കു ലഭിക്കും. 15 വാർഡുകളുള്ള തദ്ദേശ സ്ഥാപനത്തിൽ എട്ടെണ്ണം വനിതാ സംവരണമാണ്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ 833 വാർഡുകളിൽ 423 എണ്ണം വനിതാ സംവരണ വാർഡുകളാണ്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 വാർഡുകളിൽ 57 എണ്ണം വനിതാ സംവരണമാണ്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ ഒന്‍പത് വനിതാ സംവരണമുണ്ട്. നാല് നഗരസഭകളിലെ 135 വാർഡുകളിൽ 69 വാർഡുകൾ വനിതാ സംവരണമാണ്. 2020ൽ ഗ്രാമപഞ്ചായത്തുകളിൽ 412, ബ്ലോക്ക് പഞ്ചായത്തുകളിൽ 57, ജില്ലാ പഞ്ചായത്തിൽ എട്ട്, നഗരസഭകളിൽ 76 എന്നിങ്ങനെയായിരുന്നു വനിതാ സംവരണ വാർഡുകൾ.
2020ൽ 2007 വനിതകൾ മത്സരരംഗത്ത്
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 2007 വനിതകളും 1692 പുരുഷൻമാരുമാണ് മത്സരിച്ചത്. 1042 മണ്ഡലങ്ങളിൽ 553 വനിതാ സംവരണ സീറ്റുകളാണുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 26, ഗ്രാമപഞ്ചായത്തുകളിൽ 1533, ബ്ലോക്ക് പഞ്ചായത്തുകളിൽ 189, നഗരസഭകളിൽ 76 വനിതകളുമാണ് ജനവിധി തേടിയത്. മൊത്തം ജനപ്രതിനിധികളിൽ 57 ശതമാനത്തോളം വനിതകളുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളിലും വനിതകളായിരുന്നു ഭൂരിപക്ഷം. നിരവധിയിടങ്ങളിൽ രണ്ട് സ്ഥാനങ്ങളും വനിതകൾതന്നെ വഹിച്ചു.
സിറ്റിംഗ് മെംബർമാർ മത്സരരംഗത്തേക്ക്
വനിതാ സംവരണ വാർഡുകളിലടക്കം സ്ഥാനാർഥികൾക്കു ക്ഷാമമില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ. നിലവിലുള്ള വനിതാ ജനപ്രതിനിധികളിൽ നല്ലൊരു പങ്കും വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. സ്വന്തം വാർഡുകൾ ജനറൽ വിഭാഗത്തിലായപ്പോൾ പലരും തൊട്ടടുത്ത വാർഡുകളിലാണ് മത്സരിക്കുന്നത്. ജനറൽ വാർഡായിട്ടും സ്വന്തം തട്ടകം വിട്ടുനൽകാൻ താത്പര്യം കാട്ടാത്തവരുമുണ്ട്. ആദ്യ പട്ടികയിൽ തന്നെ ഇടംപിടിച്ചവരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചു വിജയിച്ചുവരുന്ന വനിതകളുണ്ട്.
അധ്യക്ഷസ്ഥാനംകൂടി സംവരണമായിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ നേതാക്കൾതന്നെ മത്സരരംത്ത് സജീവമാണ്. നിലവിലെ ഗ്രാമപഞ്ചായത്ത് വനിത അധ്യക്ഷരിൽ നല്ലൊരു പങ്കും വീണ്ടും അങ്കത്തട്ടിൽ ഇറങ്ങുമെന്നുറപ്പിച്ചിട്ടുണ്ട്.
നഗരസഭ വാർഡുകളിൽ പക്ഷേ സിറ്റിംഗ് കൗൺസിലർമാരായ വനിതകളിൽ ഭൂരിഭാഗത്തിനും സീറ്റ് ലഭിച്ചിട്ടില്ല. സ്വന്തം വാർഡുകൾ ജനറലാകുകയും സമീപ വാർഡുകളിൽ സാധ്യത അസ്തമിക്കുകയും ചെയ്തതോടെയാണിത്.
പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് പുറത്തിറക്കിയ ആദ്യ പട്ടികയിൽ സിന്ധു അനിൽ, അംബിക വേണു, സജിനി മോഹൻ എന്നീ വനിതാ കൗൺസിലർമാരാണ് ഇടംനേടിയത്.
സിപിഎമ്മിന്റെ സാധ്യതാ പട്ടികയിലും മൂന്ന് സിറ്റിംഗ് കൗൺസിലർമാർ ഉൾപ്പെട്ടേക്കും. തിരുവല്ല നഗരസഭയിലെ സിറ്റിംഗ് വനിതാ കൗൺസിലർമാരിൽ പകുതിയോളം പേർ സീറ്റുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജില്ലാ പഞ്ചായത്തിൽ നിലവിലെ വനിതാ അംഗങ്ങളിൽ ആർക്കുംതന്നെ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇവരിൽ ചിലരെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും പരിഗണിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കേ വാർഡുകളിലെ തരംഗം നേരിട്ടു മനസിലാക്കാൻ സംസ്ഥാന ഇന്റലിജൻസിന് നിർദേശം. ഓരോ വാർഡുകളിലെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ മനസിലാക്കി മുന്നണികളുടെ ജയപരാജയ സാധ്യതകൾ അറിയാനാണു നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കുള്ള സാധ്യതകൾ സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മുൻവർഷത്തെ വിജയം ആവർത്തിക്കാനും സീറ്റ് നഷ്ടപ്പെടാനും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാനും സാധ്യതയുള്ള വാർഡുകൾ ഏതെല്ലാമെന്നാണു പ്രധാനമായും അന്വേഷിക്കുന്നത്.
സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ എന്തെല്ലാമാണെന്നതും വിശദമായി നിരീക്ഷിച്ചുള്ള റിപ്പോർട്ടാണ് തയാറാക്കുന്നത്. മുന്നണികൾക്കു ഭീഷണിയായി വിമതർ മത്സരരംഗത്തിറങ്ങുന്ന സ്ഥലങ്ങളെക്കുറിച്ചും പ്രാദേശികമായി അന്വേഷിക്കുന്നുണ്ട്.
കൂടാതെ, വാർഡുകളിലെ ജനകീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളും എന്തെല്ലാമാണെന്നതു സംബന്ധിച്ചും പ്രത്യേകം അന്വേഷിക്കും. വിവരശേഖരണം രഹസ്യമായാണു നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക പെർഫോമയും തയാറാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ സർക്കാരിന് അനുകൂലമായും പ്രതികൂലമായും നിലനിൽക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നതു സംബന്ധിച്ച് അറിയുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ തുടങ്ങി മുന്നണികൾക്ക് പുറമേ പ്രാദേശികതലത്തിൽ മത്സരിക്കാനൊരുങ്ങുന്ന സംഘടനകളെയും വ്യക്തികളെ യും കുറിച്ചും അന്വേഷിക്കുന്നുണ്ട്.
താമരശേരിയിലെ ഫ്രഷ്കട്ട് മാലിന്യസംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനു സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
Kerala
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്. ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.
കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും.
ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള പോലീസുകാര്‍ക്കും ഇടയ്ക്കിടെ പരിശീലനവും നൽകുന്നുണ്ട്.
പുതുതായി കേരളത്തിലെത്തിക്കുന്ന ടിഎസ്എം പോലീസുകാര്‍ക്കും ആസ്ഥാനത്ത് നിന്ന് എല്ലാ പോലീസ് ജില്ലകൾക്കും കൈമാറും. തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇവ വിതരണം ചെയ്യും. പ്രതിഷേധ മാർച്ചുകളും മറ്റു സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞാലും പലതും പ്രവർത്തിക്കാറില്ലെന്നും പൊട്ടാത്ത കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ കൈയിലെടുത്ത് പോലീസിനു നേരേ എറിയുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും സേനയിലുള്ളവർ തന്നെ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി.
നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും ആറ് സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉൾപ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ചിഹ്നങ്ങളാണ് ആ പാർട്ടികൾക്ക് നൽകിയത്.
മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള നിയമസഭയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നമായി.
പട്ടിക നാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിച്ചത്. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ മറ്റേതെങ്കിലും സ്ഥാനാർത്ഥികൾക്ക് പട്ടിക 4-ൽ നിന്ന് ഒരു ചിഹ്നം നൽകും.
ദേശീയപാർട്ടികൾ- ആം ആദ്മി പാർട്ടി-ചൂല്, ബിഎസ്പി-ആന, ബിജെപി- താമര, സിപിഎം- ചുറ്റികയും അരിവാളും നക്ഷത്രവും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്- കൈ, നാഷണൽ പീപ്പിൾസ് പാർട്ടി-പുസ്തകം.
സംസ്ഥാന പാർട്ടി: സിപിഐ- ധാന്യക്കതിരും അരിവാളും, ജനതാദൾ- സെക്യുലർ- തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ, മുസ്ലീം ലീഗ്- ഏണി), കേരള കോണ്‍ഗ്രസ്-എം- രണ്ടില, കേരളകോണ്‍ഗ്രസ് -ഓട്ടോറിക്ഷ, ആർഎസ്പി- മണ്‍വെട്ടിയും മണ്‍കോരിയും.
മൂന്നാം പട്ടിക: എഐഎഡിഎംകെ -തൊപ്പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്- സിംഹം, തൃണമൂൽ കോണ്‍ഗ്രസ്- പൂക്കളും പുല്ലും, ബിഡിജഐസ് -മണ്‍പാത്രം, സിപിഐ (എംഎൽ) റെഡ് സ്റ്റാർ-മണി, സിഎംപി (സിപി ജോണ്‍ വിഭാഗം-നക്ഷത്രം, കോണ്‍ഗ്രസ് (സെക്യുലർ)-കായ്ഫലമുള്ള തെങ്ങ്, ഡിഎംകെ- ഉദയസൂര്യൻ, ഐഎൻഎൽ- ത്രാസ്, ജനതാദൾ (യുണൈറ്റഡ്)-അന്പ് , ജനാധിപത്യ കേരള കോണ്‍ഗ്രസ്-സ്കൂട്ടർ, കേരള കോണ്‍ഗ്രസ് (ബി)-ബസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്)-ബാറ്ററി ടോർച്ച്, എൽജെപി- ബംഗ്ലാവ്, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്)-ഫ്ളാഗ്), നാഷണൽ സെക്കുലർ കോണ്‍ഫറൻസ്- ഗ്ലാസ് ടംബ്ലർ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി-ക്ലോക്ക്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ -ടർഹയൂതുന്ന പുരുഷൻ, പിഡിപി- ബോട്ട്, രാഷ്ട്രീയ ജനതാദൾ- റാന്തൽ വിളക്ക്, രാഷ്ട്രീയ ലോക് ദൾ പാർട്ടി -കൈപ്പന്പ്, രാഷ്ട്രീയ ലോക് സമത പാർട്ടി- സീലിംഗ് ഫാൻ, റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ -ഫുട്ബോൾ, എസ്പി-സൈക്കിൾ, ശിവസേന (എസ്എസ്)-വില്ലും അന്പും, എസ്ഡിപിഐ-കണ്ണട, ട്വന്റി 20 പാർട്ടി-മാങ്ങ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടർ.
District News
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പ്രഖ്യാപിക്കാനിരിക്കെ ത്രിതല പഞ്ചായത്ത്, നഗരസഭകളിലേ സീറ്റു വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കി മുന്നണികള്‍. യുഡിഎഫ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഇനി കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണം.
എല്‍ഡിഎഫില്‍ ജില്ലയില്‍ 26 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും സീറ്റു വിഭജനം പൂര്‍ത്തിയാക്കി. നാളെ ജില്ലാ പഞ്ചായത്തിന്റെ സീറ്റു വിഭജന ചര്‍ച്ച നടക്കും. എന്‍ഡിഎയില്‍ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലെ വാര്‍ഡ് കമ്മിറ്റികളോട് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളാണു കൂടുതലായി പ്രചാരണം തുടങ്ങിയത്. സോഷ്യല്‍ മീഡിയായില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചാരണം തുടങ്ങിയവരുമുണ്ട്.
യുഡിഎഫ്
യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. 10 പഞ്ചായത്തുകളില്‍ സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലേക്കുള്ള ചര്‍ച്ച അടുത്തദിവസം നടക്കും. മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തില്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സീറ്റു വിഭജിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിനു നല്കിയ മുഴുവന്‍ സീറ്റുകളും ഇത്തവണ നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
സീറ്റ് ഏറ്റെടുക്കുമോയെന്ന ഭയത്തിലാണ് ജോസഫ് ഗ്രൂപ്പിന്റെ ഏകപക്ഷീയ സ്ഥാനാര്‍ഥി നിര്‍ണയമെന്നു പറയുന്നു. എരുമേലി, മുണ്ടക്കയം സീറ്റുകളിലൊന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും സിഎംപിക്കും ആര്‍എസ്പിക്കും പഞ്ചായത്തുകളില്‍ സീറ്റുകള്‍ നല്കാന് ധാരണയായിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സുധാ കുര്യന് തുടങ്ങിയവരെയാണ് ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസാകട്ടെ ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, അജിത് മുതിരമല, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, ലൈസമ്മ പുളിങ്കാട്, മേരി സെബാസ്റ്റ്യന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
എല്‍ഡിഎഫ്
എല്‍ഡിഎഫില്‍ 26 പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റികളിലും സീറ്റു വിഭജനം പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ അധികം വന്ന വാര്‍ഡുകളില്‍ സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് ആനുപാതികമായി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം.
ചെറു കക്ഷികളെ സീറ്റു വിഭജനത്തില്‍ അവഗണിക്കുന്നതായി ജനതാദള്‍ എസ്, ആര്‍ജെഡി, എന്‍സിപിഎസ് എന്നീ കക്ഷികള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം തുടരാനാണ് ധാരണ. നാളെ വൈകുന്നേരമാണ് ജില്ലാ പഞ്ചായത്ത് സീറ്റുവിഭജന ചര്‍ച്ച. ജില്ലാ പഞ്ചായത്തിലെ വര്‍ധിച്ച ഡിവിഷന് കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ചേക്കും. ഇതനുസരിച്ച് മറ്റു സീറ്റുകള്‍ ചിലതു വച്ചുമാറുന്നതും ചര്‍ച്ചയിലുണ്ട്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ചെറു കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പറഞ്ഞു.
സിപിഎമ്മില്‍നിന്ന് അജയന് കെ. മേനോന്, കെ. രാജേഷ്, കെ.ആര്. അജയ് എന്നിവരും കേരള കോണ്‍ഗ്രസില്‍നിന്ന് ജോളി മടുക്കക്കുഴി, പി.സി. കുര്യന്, നിര്‍മല ജിമ്മി തുടങ്ങിയവരുടെ പേരുകളാണ് ജില്ലാ പഞ്ചായത്തിലേക്ക് സജീവ പരിഗണനയിലുള്ളത്. എന്‍സിപിയും ജനതാദള്‍ എസും ജില്ലാ പഞ്ചായത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. രണ്ടു കക്ഷികളെയും പരിഗണിക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 10നു മുമ്പായി പഞ്ചായത്തു തലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ച് പൊതുസമ്മേളനവും എല്‍ഡിഎഫ് നടത്തും.
ബിജെപി
ബിജെപി ജില്ലാ കമ്മിറ്റികളെ കോട്ടയം ഈസ്റ്റ്, വൈസ്റ്റ് എന്നിങ്ങനെ വിഭജിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. എന്‍ഡിഎ മുന്നണി എന്ന രീതിയിലുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബിഡിജെഎസുമായിട്ടാണ് പ്രധാന ചര്‍ച്ച. കേരള കോണ്‍ഗ്രസ് നാഷണലിറ്റ്, എല്‍ജെപി എന്നീ കക്ഷികളും സീറ്റുകള്‍ക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കാനാണ് നിര്‍ദേശം.
ജില്ലാ കമ്മിറ്റിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വത്തനു കൈമാറി. സംസ്ഥാന നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, നഗര പരിധികളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ബിജെപിയുടെ പദയാത്ര അടുത്തദിവസം ആരംഭിക്കും.
നാടെങ്ങും ഉദ്ഘാടന മാമാങ്കം
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ നാടുനീളെ കല്ലിടീലും ഉദ്ഘാടനങ്ങളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനും പിടിച്ചുകയറാനും പണി തീരാത്ത സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യുകയാണ്. പദ്ധതി നടപ്പായില്ലെങ്കിലും ശിലാസ്ഥാപനം നടത്താനും ജനപ്രതിനിധികള്‍ മത്സരിക്കുന്നു. പഞ്ചായത്തുകളില്‍ റോഡുകളുടെ ശോച്യാവസ്ഥയാണ് ഏറ്റവും പഴി കേള്‍ക്കുന്നത്. അതിനാല്‍ റോഡിലെ കുഴികള്‍ നികത്താനായില്ലെങ്കിലും മെറ്റലും നിര്‍മാണ സാമഗ്രികളും എത്തിച്ച് ജനങ്ങളെ പറ്റിക്കാനും ചിലര്‍ താത്പര്യപ്പെടുന്നു.
വിശ്രമകേന്ദ്രങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, വെയിറ്റിംഗ് ഷെഡുകള്‍, അങ്കണവാടി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് തകൃതിയായി നടക്കുന്നത്. മന്ത്രിമാരെ എത്തിച്ചും പൊതുസമ്മേളനം കെങ്കേമമാക്കിയും ഉദ്ഘാടനങ്ങള്‍ ആഘോഷമാക്കി മാറ്റുകയും പലയിടങ്ങളിലും. തദ്ദേശ ഫണ്ടുകള്‍ പരമാവധി വിനിയോഗിക്കാനുള്ള തത്രപ്പാടിലാണ് ജനപ്രതിനിധികള്‍.
അതേസമയം നറുക്കെടുപ്പില്‍ സ്വന്തം വാര്‍ഡും ഡിവിഷനും നഷ്ടപ്പെട്ടവര്‍ വികസനപദ്ധതികളില്നിന്നെല്ലാം പിന്തിരിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷമാകട്ടെ വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും ശോച്യാവസ്ഥ മുന്‍നിറുത്തി പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ്. ഇതിനായി പൊതുസമ്മേളനം, പൊതുവിചാരണ തുടങ്ങിയവയിലേക്ക് നീങ്ങുകയാണ് എതിര്‍പക്ഷം. സീറ്റ് തരപ്പെടുത്താനുള്ള തന്ത്രപ്പാടിയിലാണ് വലിയൊരു വിഭാഗം അധികാരമോഹികളും.
നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ നിശ്ചയിക്കുന്നതിനു പിന്നാലെ തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണപ്പട്ടികകൂടി പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം
വിജ്ഞാപനം കഴിഞ്ഞാല്‍ ഒരുതവണകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഏതാനും ദിവസങ്ങളിലേക്കു മാത്രം ഒരവസരം കമ്മീഷന് നല്‍കും. മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ അതിനുള്ള അവരസം നല്കാന് കൂടിയാണിത്. പൊതുജനങ്ങള്‍ക്കും ഇതിനുള്ള സാധ്യത പ്രയോജനപ്പെടുത്താം. ഏഴു ദിവസത്തിന് ശേഷം നടത്തുന്ന ഹിയറിംഗിനുശേഷമായിരിക്കും പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുക. ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാരും ചേര്‍ത്ത് 114 ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.
ദേശീയ-സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ യോഗം 29നു രാവിലെ 11 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കും. ദേശീയ- സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ ഒരു പ്രതിനിധിക്കു യോഗത്തിൽ പങ്കെടുക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് യോഗം. നവംബർ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7.89 ലക്ഷം വോട്ടർമാരുടെ വർധനയുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 2.84 കോടി വോട്ടർമാരാണുള്ളത്.
2020ൽ നടന്ന കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 2,76,56,910 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 2,84,46,762 കോടിയായി ഉയർന്നു.
മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും ഒഴിവാക്കിയ ശേഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതോടെയാണു വർധന 7.89 ലക്ഷമായി കുറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറു ലക്ഷത്തോളം വോട്ടർമാരുടെ വർധന.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയാറാക്കിയത്.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമേ പ്രവാസി വോട്ടർപട്ടികയിൽ 2,798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്.
നേരത്തെ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,83,12,468 വോട്ടർമാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാൻസ്ജെൻഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമേ 2087 പ്രവാസി വോട്ടർമാരുമുണ്ടായിരുന്നു.