പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടി സ്വീകരിക്കാനും ജില്ല, താലൂക്ക്തലങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. തിരുവല്ല സബ്കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി. ബിനുരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണൻ, തിരുവല്ല താലൂക്ക് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പി. പ്രകാശ്, തിരുവല്ല ലേബര്‍ ഓഫീസ് ഒഎ ആർ. രാഹുല്‍, ചിറ്റാര്‍ പോലിസ് സ്റ്റേഷന് സിപിഒ സച്ചിന് എന്നിവരാണ് ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലുള്ളത്. തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, അടൂർ, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആറഗംങ്ങളടങ്ങിയ താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുമുണ്ട്.
നോട്ടീസ്, ബാനർ, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, തുടങ്ങിയ പ്രചാരണ പരിപാടിയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പൊതുജനം അറിയിക്കുന്ന പരാതി പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കുക, സ്ഥാനാര്‍ഥികള്‍ നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനം സ്ഥാപിക്കുന്നതും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം പാലിക്കുന്നതു പരിശോധിച്ച് ചട്ടലംഘനങ്ങള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സ്ക്വാഡിന്റെ ചുമതല.
ജില്ലാതലത്തിലുള്ള ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് താലൂക്ക്തല പ്രവര്‍ത്തനം അവലോകനം ചെയ്ത് മാര്‍ഗിര്‍ദേശം നല്‍കും. ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് നമ്പര്‍ (തിരുവല്ല സബ് കളക്ടർ): 0469 2601202, 9447114902.
Tags : Local News Nattuvishesham Pathanamthitta Local Elections