കണ്ണൂർ: മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചേക്കാം; വാർഡംഗമായി മത്സരിക്കുന്നവർക്കുവേണ്ടി ദേശീയ നേതാക്കൾപോലും പ്രസംഗിക്കാം. എഐ സാങ്കേതികവിദ്യ വന്നതിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കാതെ വയ്യ. നിർമിതബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്ന വീഡിയോകളും ഓഡിയോ സന്ദേശങ്ങളും നാടൊട്ടുക്കു പറക്കും.
പ്രമുഖ വ്യക്തികളുടെ രൂപവും ശബ്ദവും കൃത്യമായി അനുകരിച്ച് (വോയ്സ് ആൻഡ് വീഡിയോ ക്ലോണിംഗ്) സ്ഥാനാർഥികൾക്കുവേണ്ടി സംസാരിക്കുന്ന ‘ഡീപ്ഫേക് ’ വീഡിയോകൾ നിർമിക്കാൻ സാങ്കേതിക വിദഗ്ധർ വേണ്ട. എഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ഐടി സെല്ലുകൾക്കോ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കോ എളുപ്പത്തിൽ ചെയ്യാനാകും.പ്രചാരണച്ചെലവും വരില്ല.
സ്ഥാനാർഥികളുടെ ആകർഷകമായ പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സുകൾ, ചിത്രങ്ങൾ എന്നിവ നിർമിക്കാം. വികസനസ്വപ്നങ്ങളും ആശയങ്ങളും ത്രിമാനമികവിൽ അവതരിപ്പിക്കാം.
പ്രചാരണ ഗാനങ്ങൾപോലും തോന്നിയപോലെ തയാറാക്കാനാകും. വോട്ടർമാരുടെ മുൻഗണനകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യാം.
കൃത്രിമമായി സൃഷ്ടിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും വലിയ വെല്ലുവിളിയും ഭീഷണിയുമായേക്കാം. അതുകൊണ്ടുതന്നെ എഐ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.