Movies
ഒരൊറ്റ ഡയലോഗുകൾ കൊണ്ട് പോലും നായകൻമാരെ പോലും പിന്നിലാക്കുന്ന വൈദഗ്ദ്യമുണ്ടായിരുന്ന നടനായിരുന്നു സലിം കുമാർ. മീമുകളും ട്രോളുകളിലും ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംഭാഷണവും ചിത്രങ്ങളും സലിം കുമാറിന്റേതാണ്. ഇപ്പോഴെത്തെ ഭാഷയിൽ പറഞ്ഞാൽ എയിറ്റീസ് കിഡ്സ് മുതൽ ന്യൂജെൻ കിഡ്സിനെ വരെ കൈയിലെടുത്ത് അമ്മാനമാടിയാൾ.
ജയസൂര്യ നായകനായെത്തിയ പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ മണവാളൻ എന്ന കഥാപാത്രം ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞ് പോയൊരാളാണ്.
ദുബായിയിൽ കറവപ്പണിയായിരുന്നുവെന്നും പൊരിവെയിലത്ത് ഒട്ടകത്തിനെ കറക്കിയും ദുബായിയിലെ മലയാളികൾ ഈന്തപ്പഴം തിന്നുമ്പോൾ റോബസ്റ്റപ്പഴം കഴിച്ച് വിശപ്പടക്കിയ കഥയുമൊക്കെ മണവാളൻ തുറന്നുപറഞ്ഞത് തന്റെ നിസഹായ അവസ്ഥ ആയിരുന്നെങ്കിലും അതെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചെങ്കിൽ അത് ആ നടന്റെ വിജയമല്ലേ...
തന്റെ അവസ്ഥ വളരെ സരസമായി പല ഭാവത്തിൽ അയാൾ ആ കറങ്ങുന്ന കസേരയിൽ ഇരുന്ന് പറഞ്ഞത് ഇന്നും ചിരിയുണർത്തുന്ന രംഗം തന്നെയാണ്.
ചിത്രത്തിലെ നായകനായ ജയസൂര്യ തന്നെ ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, പുലിവാൽ കല്യാണത്തിലെ യഥാർഥ നായകൻ താനല്ല, സലിം കുമാറായിരുന്നുവെന്ന്. മണവാളന്റെ എൻട്രിയോടെയാണ് പുലിവാൽ കല്യാണം എന്ന ചിത്രത്തിന്റെ ഗതി തന്നെ മാറുന്നത്.
എന്റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോടോ..
പണം എനിക്കൊരു പ്രശ്നമേയല്ല..
അങ്ങ് ദുഫായിയിൽ ഈ അബ്ദുള്ളയുടെ ഇടംകയ്യായിരുന്നു ഞാൻ..
ആസൂണാസ് റീസണാസ് പോസ്സിബിൾ നമുക്ക് ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും.. നമുക്ക് ഡോക്യുമെന്ററി തയ്യാറാക്കണ്ടെ..
അങ്ങനെ പടക്കക്കട ഗുദാ ഹവാ.. എനിക്കപ്പഴേ തോന്നി ഠമാർ പഠാർ
ഗജപമാാാാ...ഹായ് സുഭാഷ്..സുഭാഷ്
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ.. അച്ഛനാണത്രേ അച്ഛൻ.. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി..
എന്നിങ്ങനെ ചിരിയുടെ മാലപ്പടക്കം തീർത്ത പുലിവാൽ കല്യാണത്തിലെ മണവാളൻ ഡയലോഗുകൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്...
Movies
മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.
1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ അനുയായിയുമായിരുന്നു സലിം കുമാറിന്റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.
ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.
ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.
കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.
1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.
പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്റെ കരിയറും മുന്നോട്ട് പോയി.
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.
റൊമാന്റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
Movies
ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!
ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.
ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.
ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ
ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.
പ്രേക്ഷകർ ഇതിനകം ചിത്രത്തിന്റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.
അതുപോലെ ഉസൈർ ബലൂച്ചിന്റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.
കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ
മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.
എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനാണ്. അസ്ലമിന്റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).
റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.
Movies
മാധവ് സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് എസ്. നായർ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തലസ്ഥാന നഗരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖ റിവ്യൂവറായ അശ്വിൻ ഭരദ്വാജിന്റെ കുറിപ്പിന് താഴെ മാധവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ലെൻസ്മെൻ റിവ്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ 'തമ്പാനൂർ മാർക്കോ' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
അശ്വിന്റെ സത്യസന്ധമായ വിലയിരുത്തലിന് നന്ദി പറഞ്ഞ മാധവ്, കഥയുടെ വരുംഭാഗങ്ങൾ പുറത്തുവരുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിലെ പരിമിതികൾക്കിടയിലും ക്രിയേറ്റീവ് ടീമിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധ്യമായ ഒരു ബഡ്ജറ്റ് ലഭ്യമായിരുന്നുവെന്നും, 2028-ൽ നമുക്ക് വീണ്ടും കാണാമെന്നും താരം കുറിച്ചു. 'പോര്' എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ഈ കമന്റ് അവസാനിപ്പിച്ചത്.
നേരത്തെ അഭിനയിച്ച സിനിമകളിലെ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്ക് ഇരയാകാറുള്ള മാധവ്, ഇത്തവണ വിമർശനങ്ങളെ ശാന്തതയോടെ നേരിട്ടത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അംബികയാണ് ചിത്രത്തിലെ നായിക. സംവിധായകൻ സുജിത്തും അനിൽകുമാർ ജിയും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽകുമാർ ജിയും സാമുവൽ മത്തായും ചേർന്നാണ്. ശിവൻ എസ്. സംഗീതാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Movies
ജോസഫ്, ശിക്കാർ, വർഗം, വാസ്തവം തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ഉയിർ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
പോലീസ് ഉദ്യോഗസ്ഥനായ അൻഷാദിന്റെ ജീവിതത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കണ്ണൂർ ധർമടം പോലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ സേവനമനുഷ്ഠിക്കുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോഷൻ എത്തുന്നത്.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഖിൽ കെ. മേനോനും ഷാജി മാറാടും ചേർന്നാണ്.
ബൈജു സന്തോഷ് ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.
കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നീ അഞ്ച് ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുമ്പോൾ രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. കെ.എസ്. ചിത്ര ഈ ചിത്രത്തിനായി മൂന്ന് ഗാനങ്ങൾ ആലപിക്കുന്നുണ്ട്.
ഗാനരചനയിൽ ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്കൊപ്പം നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും പങ്കാളികളാകുന്നു. സാബുറാം പ്രൊഡക്ഷൻ ഡിസൈനും പി.വി. ശങ്കർ മേയ്ക്കപ്പും ആയിഷ ഷഫീർ സെയ്ത് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. തവസി രാജ് ആണ് സ്റ്റണ്ട് സംവിധായകൻ.
Viral
മലയാള സിനിമയിൽ 'വെള്ളം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി ശ്രദ്ധ നേടിയ മുരളി കുന്നുംപുറത്തിന്റെ ദുരിതാവസ്ഥയും പ്രതിസന്ധികളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു.
ബിസിനസിലും സിനിമ നിർമ്മാണത്തിലും തുടർച്ചയായി നേരിട്ട തിരിച്ചടികൾ തന്റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നു.
കടുത്ത സാമ്പത്തിക ബാധ്യതകളും ചതികളും തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്ന് പറയുന്ന മുരളി, താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്നുണ്ട്.
ബിസിനസ് മേഖലയിൽ വിശ്വസിച്ച് കൂടെ പ്രവർത്തിച്ചവരിൽ നിന്നും നേരിട്ട വഞ്ചനകൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്കും കടന്നുവന്നത്.
വെള്ളം എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' എന്നീ ചിത്രങ്ങൾ വലിയ സാമ്പത്തിക പരാജയമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ തന്നെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നുവെന്നും, വിശ്വാസ വഞ്ചനയും ആസൂത്രിതമായ ചതിയുമാണ് തന്റെ പരാജയത്തിന് പിന്നിലെന്നും മുരളി ആരോപിക്കുന്നു.
ഏഴ് കോടിയോളം രൂപയുടെ കടബാധ്യതയാണ് ഈ സിനിമകളുടെ പരാജയത്തിലൂടെ ഉണ്ടായതെന്നും, ഇത് ജീവിതം വഴിമുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കടം നൽകിയവരിൽ നിന്നും കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.
തന്റെ കുടുംബത്തോടൊപ്പം ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം മാനസികമായും സാമ്പത്തികമായും തകർന്നുപോയിരിക്കുന്നുവെന്ന് കണ്ണീരോടെ പറയുന്ന മുരളി, തന്നെ ചതിച്ചവർക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
താൻ കാരണം ബുദ്ധിമുട്ടുകൾ നേരിട്ടവരോട് മാപ്പ് പറയുന്നതായും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
Movies
വിപിൻ ദാസിന്റെ രചനയിൽ പുറത്തിറങ്ങിയ 'വാഴ' എന്ന ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളും ആൺകുട്ടികളുടെ സൗഹൃദത്തിനും ജീവിതത്തിനും പ്രാധാന്യം നൽകിയപ്പോൾ, മൂന്നാം ഭാഗം പെൺകുട്ടികളുടെ കഥയാണ് പ്രമേയമാക്കുന്നത്.
'ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ഈ ചിത്രം വിശ്വൻ ശ്രീജിത്താണ് സംവിധാനം ചെയ്യുന്നത്. മുൻ ഭാഗങ്ങൾ ഓരോന്നും വ്യത്യസ്ത സംവിധായകരാണ് കൈകാര്യം ചെയ്തതെന്ന പ്രത്യേകത ഈ ചിത്രത്തിലും തുടരുന്നു.
വിപിൻ ദാസിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്ത് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു. വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ എന്നിവരും ഐക്കൺ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അങ്കിത് മേനോൻ സംഗീതവും 'സർക്കാസനം' പോസ്റ്റർ ഡിസൈനും നിർവ്വഹിക്കുന്നു. ഇമാജിൻ സിനിമാസ്, ഷൈൻ സ്ക്രീൻസ്, ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷൻസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.
പുതിയ പ്രതിഭകളെ സിനിമാ ലോകത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ചതെന്നും വരും ഭാഗങ്ങളിലും ഈ രീതി തുടരുമെന്നും വിപിൻ ദാസ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
അഭിനയം, സംവിധാനം, സംഗീതം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങൾക്കായി ഈ പ്രോജക്റ്റ് എന്നും വാതിൽ തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ ശേഷം മാത്രമേ അഭിനേതാക്കൾക്കായുള്ള ഓഡിഷൻ നടക്കുകയുള്ളൂ. അതിനാൽ ഇപ്പോൾ താല്പര്യമുള്ളവർ പോർട്ട്ഫോളിയോകൾ അയക്കേണ്ടതില്ലെന്നും അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
Movies
കേരളത്തിലെ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ട് 'വാഴ 2' ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. സാവിൻ സംവിധാനം ചെയ്ത് വിപിൻ ദാസ് രചന നിർവഹിച്ച ഈ ചിത്രം, വലിയ ഹൈപ്പുകളില്ലാതെ തിയറ്ററുകളിലെത്തി പിന്നീട് പ്രേക്ഷകരുടെ പ്രശംസയിലൂടെ വൻ വിജയമായി മാറുകയായിരുന്നു.
ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത ചിത്രം വെറും ഏഴ് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംനേടുകയും നിലവിൽ 160 കോടി രൂപയും പിന്നിട്ട് പ്രദർശനം തുടരുകയുമാണ്. ഹാഷിർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ താരങ്ങളും മുതിർന്ന അഭിനേതാക്കളും അണിനിരന്ന ഈ ചിത്രം ആദ്യദിനം മുതൽ തന്നെ മികച്ച അഭിപ്രായമാണ് നേടിയത്.
ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം ഇന്ത്യയിൽ നിന്ന് 4.75 കോടിയും ആഗോളതലത്തിൽ ഏകദേശം 10 കോടിയുമാണ് ചിത്രം നേടിയത്. റിലീസിനു ശേഷമുള്ള 10 ദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്താൻ സിനിമയ്ക്ക് സാധിച്ചു. രണ്ടാം ഞായറാഴ്ചയായ ഏപ്രിൽ 12-ന് മാത്രം ഇന്ത്യയിൽ നിന്ന് 8.50 കോടി രൂപയാണ് ചിത്രം നേടിയത്.
11 ദിവസത്തെ പ്രദർശനം പൂർത്തിയാക്കുമ്പോൾ 163.50 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 89.75 കോടി രൂപയും നെറ്റ് കളക്ഷൻ 77.50 കോടി രൂപയുമാണ്.
വിദേശ വിപണികളിൽ നിന്ന് 5.75 കോടി രൂപയും ചിത്രം ഇതിനകം നേടിയിട്ടുണ്ട്. ഏകദേശം 13 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മാണച്ചെലവിനേക്കാൾ പതിന്മടങ്ങ് ലാഭം കൊയ്ത് മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
Movies
തനിക്കെതിരെ ആൽബം സംവിധായകൻ വിപിൻ ലാൽ ഉന്നയിച്ച ആരോപണങ്ങൾ വാസ്താ വിരുദ്ധമാണെന്ന് വ്യക്തമാക്കി നടി രേണു സുധി രംഗത്തെത്തി.
ലഹരി ഉപയോഗം മൂലമാണ് ആൽബം മുടങ്ങിയതെന്ന വിപിന്റെ വാദത്തെ പൂർണമായും തള്ളിക്കളഞ്ഞ നടി, താൻ അന്ന് മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ ആൽബത്തിന്റെ കഥ വെളിപ്പെടുത്താതെ തന്നെ തെറ്റിദ്ധരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചതെന്ന് രേണു ആരോപിക്കുന്നു. ആൽബത്തിൽ മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവ തനിക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല.
ചിത്രീകരണ വേളയിൽ അശ്ലീലത കലർന്ന രംഗങ്ങളിൽ അഭിനയിക്കാൻ തന്നോട് നിർബന്ധം പിടിച്ചതായും താരം വെളിപ്പെടുത്തി. കട്ടിലിൽ കിടത്തി പൊക്കിളിൽ മുന്തിരി വെച്ച് കടിച്ചെടുക്കുന്നതുൾപ്പെടെയുള്ള മോശം രംഗങ്ങൾ ചിത്രീകരിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ നീക്കം.
എന്നാൽ ഇത്തരം ഇന്റിമേറ്റ് സീനുകളോട് താൻ കർശനമായി വിയോജിച്ചതായും നടി പറഞ്ഞു. മോശമായ ആംഗിളുകളിൽ ദൃശ്യങ്ങൾ പകർത്താൻ അവർ ശ്രമിച്ചപ്പോൾ മാധ്യമപ്രവർത്തകർ അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് രേണു കൂട്ടിച്ചേർത്തു.
ഷഫീന ബിബിയുമായി ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. തന്റെ കുടുംബജീവിതത്തെ തകർക്കാനും തന്നെ കെണിയിൽ പെടുത്താനുമാണ് വിപിൻ ലാൽ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതെന്നും രേണു സുധി വ്യക്തമാക്കി.
Viral
സോഷ്യൽ മീഡിയയിലെ പുതിയ വരുമാനമാർഗമായ സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് ചുവടുവെച്ച് നടി അന്ന രാജനും. സിനിമ-സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖർ തങ്ങളുടെ പ്രത്യേക ഉള്ളടക്കങ്ങൾ ആരാധകരിലേക്ക് എത്തിക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നതിനിടയിലാണ് അന്നയുടെയും കടന്നുവരവ്.
മറ്റ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകാത്ത ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമാണ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കായി താരം പങ്കുവെക്കുന്നത്. 'എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം' എന്ന ക്ഷണത്തോടെയാണ് അന്ന രാജൻ ഇൻസ്റ്റാഗ്രാമിലൂടെ സബ്സ്ക്രിപ്ഷൻ വിവരങ്ങൾ പങ്കുവെച്ചത്.
നിലവിൽ പ്രതിമാസം 390 രൂപയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നൂറോളം സ്റ്റോറികളും നിരവധി വീഡിയോകളും ഈ എക്സ്ക്ലൂസീവ് വിഭാഗത്തിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 600 -ലധികം ആരാധകർ നിലവിൽ ഈ പ്ലാൻ സ്വീകരിച്ചിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് അന്ന രാജൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തുടർന്ന് മോഹൻലാലിനൊപ്പം 'വെളിപ്പാടിന്റെ പുസ്തകം', 'അയ്യപ്പനും കോശിയും', 'മധുരരാജ' തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ വേഷമിട്ടു.
സിനിമകൾക്ക് പുറമെ പൊതുവേദികളിലും ഉദ്ഘാടന ചടങ്ങുകളിലും സജീവമായ താരം പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും ഇരയായിട്ടുണ്ട്. അടുത്തിടെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്നെ മോശമായി ചിത്രീകരിച്ച ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ താരം ശക്തമായി പ്രതികരിച്ചത് വാർത്തയായിരുന്നു.
സ്വന്തം വ്യക്തിജീവിതവും വിശേഷങ്ങളും കൃത്യമായി ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുവടുവെപ്പിലൂടെ നടി ലക്ഷ്യമിടുന്നത്.
Viral
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ തുടങ്ങിയ ഇവരുടെ പ്രണയവും പിന്നീട് നടന്ന വിവാഹവുമെല്ലാം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഇന്ന് രണ്ട് പെൺമക്കളുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. എന്നാൽ പതിവ് വിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
യഥാർത്ഥ ദൃശ്യങ്ങളല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഒരു സാങ്കൽപ്പിക വീഡിയോയാണിത്. പേളിയും ശ്രീനിഷും തമ്മിൽ വീട്ടിൽ അതിരൂക്ഷമായ വഴക്കുണ്ടാക്കുന്നതായാണ് വീഡിയോയുടെ തുടക്കം. വീഡിയോയിൽ അതിവൈകാരികമായ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദേഷ്യം നിയന്ത്രിക്കാനാവാതെ ശ്രീനിഷ് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുന്നതും എല്ലാം പേളിയുടെ തെറ്റാണെന്ന് ആക്രോശിക്കുന്നതും കാണാം. വഴക്കിനൊടുവിൽ സങ്കടത്തോടെ വീടുവിട്ടിറങ്ങുന്ന പേളി ഒരു സ്കൂൾ ബസിൽ കയറി പോകുന്നതും, പിന്നീട് തെറ്റ് തിരുത്തി ശ്രീനിഷ് അവരെ തേടിച്ചെന്ന് ഒന്നിക്കുന്നതുമാണ് വീഡിയോയുടെ സാരം.
ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഒരു വിഭാഗം ആളുകൾ ഇതിനെ വെറുമൊരു ക്രിയേറ്റീവ് പരീക്ഷണമോ തമാശയോ ആയി കണ്ടപ്പോൾ, മറ്റു ചിലർ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
മനോഹരമായി ജീവിക്കുന്ന ഒരു കുടുംബത്തെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എഐ സാങ്കേതികവിദ്യ ഇത്തരത്തിൽ ദുരുപയോഗം ചെയ്യരുതെന്നുമാണ് ഇവർ വാദിക്കുന്നത്. അതേസമയം വീഡിയോയിലെ സാങ്കേതികമായ അബദ്ധങ്ങൾ കണ്ടെത്തി ചിരി പടർത്തുന്നവരും കുറവല്ല.
എഐ നിർമ്മിത വീഡിയോ ആയതുകൊണ്ട് തന്നെ ദൃശ്യങ്ങളിൽ സ്വാഭാവികത കുറവായിരുന്നു. സങ്കടപ്പെട്ട് പോകുന്ന പേളി എന്തിനാണ് സ്കൂൾ ബസിൽ കയറിയതെന്നും, കരച്ചിലിനിടയിൽ എഐയുടെ പിഴവ് കാരണം താരത്തിന് മൂന്ന് കാലുകൾ പ്രത്യക്ഷപ്പെട്ടതുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമായി.
ഈ വിചിത്രമായ വീഡിയോ ശ്രദ്ധയിൽപ്പെട്ട പേളിയും ശ്രീനിഷും നേരിട്ട് തന്നെ കമന്റുകളുമായി എത്തിയതോടെ സംഭവം കൂടുതൽ ചർച്ചയായി. എഐ വിദ്യകൾ ഉപയോഗിച്ച് ഇത്തരത്തിൽ കഥകൾ മെനയുന്നതിലെ കൗതുകവും ആശങ്കയും ഒരുപോലെ പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.
Viral
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർക്ക് നേരെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ അതിരുവിട്ട സ്നേഹപ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മാർച്ച് 15-ന് പാലക്കാട് ഒരു ജുവലറി ഉദ്ഘാടന വേദിയിൽ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുന്നത്.
പൊതുവേദിയിൽ ആരാധകരുമായി സംസാരിച്ചു കൊണ്ടിരുന്ന മഞ്ജുവിനരികിലേക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്ന് പെട്ടെന്ന് ഒരാരാധിക ഓടിക്കയറുകയും താരത്തെ കടന്നുപിടിച്ച് ബലമായി ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തിൽ അവതാരകയായ മീര അനിലും മറ്റ് സംഘാടകരും ചേർന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ മഞ്ജുവിനെ വിടാൻ തയ്യാറായില്ല. ഒടുവിൽ ബൗൺസർമാർ ഇടപെട്ടാണ് ഇവരെ വേദിയിൽ നിന്നും മാറ്റിയത്.
എന്നാൽ തന്റെ പ്രവർത്തിയിൽ യാതൊരു ഖേദവുമില്ലാതെ, മഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഇങ്ങനെ ചെയ്തതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഇത്രയേറെ പരിഭ്രാന്തിയുണ്ടാക്കിയ സാഹചര്യത്തിലും അതീവ സംയമനത്തോടെയും ചിരിയോടെയും ആ നിമിഷത്തെ മഞ്ജു വാര്യർ നേരിട്ടത് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
തന്നെ കാണാൻ എത്തിയവരെ നിരാശരാക്കാതെ തുടർന്നും അവർ പരിപാടിയിൽ സഹകരിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. എങ്കിലും, ഈ സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് സമൂഹമാധ്യമങ്ങൾ വിമർശിക്കുന്നത്.
സ്നേഹത്തിന്റെ പേരിലായാൽ പോലും ഒരാളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും, താരങ്ങൾക്കും സാധാരണക്കാരെപ്പോലെ മാന്യമായി പൊതുവിടങ്ങളിൽ ഇടപെടാൻ അവകാശമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ചടങ്ങുകളിൽ സംഘാടകർ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും സെലിബ്രിറ്റികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്നുമുള്ള ആവശ്യവും ശക്തമാവുകയാണ്.
Viral
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ' എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയെയും മാത്തുക്കുട്ടിച്ചായനെയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല.
വർഷങ്ങൾക്കിപ്പുറം ആ മനോഹരമായ പ്രണയകഥയെ ഓർമ്മിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ടോണി - ആൻമരിയ ദമ്പതികളുടെ 'സേവ് ദ ഡേറ്റ്' വീഡിയോ.
സിനിമയിൽ ഷീല അവതരിപ്പിച്ച കൊച്ചുത്രേസ്യ തന്റെ പഴയകാല ഓർമ്മകളെക്കുറിച്ച് പറയുന്ന വൈകാരികമായ രംഗങ്ങളെയും ഡയലോഗുകളെയും മുൻനിർത്തിയാണ് ഈ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയിലെ ഐക്കോണിക് ഡയലോഗുകളെ പുനരാവിഷ്കരിക്കുന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയത്. ആത്രേയ വെഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ചിരിക്കുന്ന ഈ ദൃശ്യവിരുന്നിൽ, മാത്തുക്കുട്ടിച്ചായനൊപ്പം ജീവിക്കാൻ കൊച്ചുത്രേസ്യ ഇറങ്ങിപ്പോകുന്നതു മുതൽ അങ്ങോട്ടുള്ള പ്രധാന നിമിഷങ്ങളെല്ലാം ടോപ് ക്ലാസ് ലെവലിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയോട് നൂറു ശതമാനം നീതി പുലർത്തുന്ന നിർമ്മാണ നിലവാരമാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്. വെറുമൊരു സേവ് ദ ഡേറ്റ് എന്നതിലുപരി ഒരു സിനിമയുടെ ക്വാളിറ്റിയുള്ള മേക്കിംഗാണ് വീഡിയോയുടെ ഹൈലൈറ്റ്. "സേവ് ദ ഡേറ്റ് എന്ന് പറഞ്ഞ് സിനിമയെടുത്ത് ആളെ പറ്റിക്കുന്നോ" എന്ന് തമാശരൂപേണ ചോദിച്ചുകൊണ്ടാണ് പലരും ഈ വീഡിയോയെ അഭിനന്ദിക്കുന്നത്.
എഐക്ക് പോലും പകരം വെക്കാനാകാത്ത വിധം റിയലിസ്റ്റിക്കായി ഈ ഓർമ്മകളെ പുനഃസൃഷ്ടിച്ചതിനെ സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുന്നു. മെയ് ഒമ്പതിനാണ് ടോണിയുടെയും ആൻമരിയയുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നവദമ്പതികൾക്ക് ആശംസകൾ നേരുന്നതിനൊപ്പം തന്നെ ഈ മനോഹരമായ ആവിഷ്കാരത്തിന് മികച്ച പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ലഭിക്കുന്നത്.
Viral
മലയാളികളുടെ പ്രിയ താരം മംമ്ത മോഹൻദാസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻഡോനേഷ്യയിലെ ബാലിയിൽ വെക്കേഷൻ ആഘോഷിക്കുന്ന താരം അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഇളം നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പൂൾ ബെഡിൽ ആശ്വാസത്തോടെ കിടക്കുന്ന മംമ്തയെയാണ് ചിത്രങ്ങളിൽ കാണുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും പ്രസന്നമായ മുഖവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഓരോ പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന മംമ്തയുടെ ഈ ചിത്രങ്ങൾ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായിട്ടാണ് പലരും വിലയിരുത്തുന്നത്. 'മയൂഖം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മംമ്ത പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
അഭിനയത്തോടൊപ്പം തന്നെ സംഗീത ലോകത്തും മംമ്ത ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗായികയെന്ന നിലയിൽ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം ഒരു മികച്ച പെർഫോമർ കൂടിയാണ്.
ഫോറൻസിക്, മ്യാവൂ തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്തും മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേംപാറ്റ എന്ന സിനിമയുടെ പണിപ്പുരയിലാണ് താരം ഇപ്പോൾ.
Movies
മലയാള ചലച്ചിത്ര രംഗത്ത് നടനായും സംവിധായകനായും ശ്രദ്ധേയനായ ജോർജ് കോര വിവാഹിതനാകുന്നു. ഗ്രേസ് സക്കറിയയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം ചിത്രങ്ങൾ സഹിതം ജോർജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ താരത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെയാണ് ജോർജ് കോര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
തുടർന്ന് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്', 'ജാനകി ജാനേ', 'ക്രിസ്റ്റി' തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
അഭിനയത്തിന് പുറമെ രചനാ രംഗത്തും സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് അൽത്താഫ് സലിമിനൊപ്പം തിരക്കഥയൊരുക്കിയത് ജോർജ് കോരയായിരുന്നു.
പിന്നീട് ഡൗൺ സിൻഡ്രോം ബാധിച്ച ഗോപീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി 'തിരികെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
2023-ൽ പുറത്തിറങ്ങിയ 'തോൽവി എഫ്സി' എന്ന ചിത്രമാണ് ജോർജ് കോര ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ പ്രകടനത്തിനും മേക്കിംഗിനും വലിയ രീതിയിലുള്ള പ്രശംസകൾ ലഭിച്ചിരുന്നു.
Movies
മലയാള സിനിമയിലെ ത്രില്ലറുകളുടെ അമരക്കാരൻ ജീത്തു ജോസഫ് ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'വലതു വശത്തെ കള്ളൻ' എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.
ജനുവരി 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ബിജു മേനോൻ സിഐ ആന്റണി സേവ്യറായും ജോജു ജോർജ് സാമുവൽ ജോസഫ് എന്ന കഥാപാത്രമായും എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
'മുറിവേറ്റ ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാമുവൽ ജോസഫിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളിലേക്ക് ആന്റണി സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥൻ വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചനകൾ.
ഡിനു തോമസ് ഈലൻ തിരക്കഥയൊരുക്കിയ ഈ ചിത്രം 'കൂദാശ' എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം അദ്ദേഹം രചിക്കുന്ന ചിത്രം കൂടിയാണ്.
ഷാജി നടേശന്റെ നേതൃത്വത്തിൽ ആഗസ്റ്റ് സിനിമയും ബെഡ്ടൈം സ്റ്റോറീസും സിനിഹോളിക്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാമപ്രസാദ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ സംഗീതവും സിനിമയ്ക്ക് കരുത്തേകും.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയ്ക്ക് സിനിമാലോകവും നാടും ഇന്ന് വിടചൊല്ലും. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ കൊച്ചിയിലായിരുന്നു അന്ത്യം.
ഇന്ന് വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ കുടുംബവീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു കഴിഞ്ഞിരുന്നത്.
ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. വിയോഗവാർത്തയറിഞ്ഞ് സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ മുടവൻമുകളിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മോഹൻലാലും വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈകിട്ടോടെയാകും അന്ത്യകർമ്മങ്ങൾ പൂർത്തിയാവുക.
Kerala
തിരുവനന്തപുരം: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിലാണ് പ്രദർശനം.
2026 ഫെബ്രുവരി 12ന് ആണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം. ഓസ്കാർ അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിലാണ് പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയും ഭ്രമയുഗമാണ്.
ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്.
Movies
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Leader Page
എൺപതുകൾ മുതലുള്ള മലയാളിയുടെ ജീവിതപരിണാമങ്ങളെ വിനിമയം ചെയ്ത താരശരീരമാണ് മോഹൻലാൽ . അദ്ദേഹത്തിന്റെ കഥാപാത്ര /ഭാവപരിണാമങ്ങൾ മലയാളിയുടെ ജീവിതമാറ്റത്തിന്റെ ദൃശ്യപ്പെടുത്തൽകൂടിയാണ്. ഭാവുകത്വപരവും സാങ്കേതികവുമായ വലിയ മാറ്റങ്ങൾ പിന്നിട്ടാണ് മലയാള സിനിമ ടാക്കീസുകളിൽനിന്ന് മൾട്ടിപ്ലക്സുകളിൽ ഇന്ന് എത്തിനിൽക്കുന്നത്. ഈ ഘട്ടങ്ങളിലെല്ലാം മലയാളസിനിമാവ്യവസായത്തിന് ലാൽ ഒരു അനിവാര്യതയായിരുന്നു.
താരശരീരത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ് റിച്ചാർഡ് ഡയർ എഴുതിയ ‘സ്റ്റാർസ്.’ താരത്തെ ഒരു പാഠമായാണ് (text) ഡയർ വിശകലനം ചെയ്യുന്നത്. അഭിനേതാവ് സിനിമയിൽ നിരന്തരം ആവർത്തിക്കുന്ന വേഷങ്ങൾ, കൈകാര്യംചെയ്യുന്ന പരസ്യങ്ങൾ, അഭിമുഖങ്ങൾ, പോസ്റ്ററുകൾ ഇവയിലൂടെ നിർമിക്കുന്നതാണ് താരബിംബം. കഥാപാത്രങ്ങൾ, അതിന്റെ ലിംഗപരവും വർഗപരവും രാഷ്ട്രീയവുമായ വിവക്ഷകൾ ഇവയെല്ലാം അഭിനേതാവ് എന്ന നിലവിട്ടു താരത്തിലേക്കു വളർത്തുന്ന ഘടകങ്ങളാണ്. താരശരീരത്തെ ഒരു ഉത്പന്നമായാണ് റിച്ചാർഡ് ഡയർ നിരീക്ഷിക്കുന്നത്. വിപണി മുതൽ രാഷ്ട്രീയംവരെ തങ്ങളുടെ ആശയങ്ങൾ വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി താരശരീരത്തെ ഉപയോഗിക്കുന്നു.
1980ൽ മോഹൻലാലിന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുറത്തുവരുമ്പോഴേക്കും കേരളത്തിൽ അടിയന്തരാവസ്ഥയുടെ അലകൾ നേർത്തുതുടങ്ങിയിരുന്നു. നമ്മൾ കൊയ്യുന്ന വയലുകളുടെ പൊന്നരിവാൾ സ്വപ്നങ്ങളും തീർന്നുതുടങ്ങിയിരുന്നു. ഹിന്ദി സ്ക്രീനുകളിലെ അമിതാഭ്ബച്ചന്റെ രോഷാഗ്നിയെ മലയാളത്തിൽ ആവാഹിച്ച ജയൻ മരിച്ച് ഒരു മാസവും 10 ദിവസവും പൂർത്തിയാകുമ്പോഴാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസാകുന്നത്.
പ്രണയഋതു
രോഷങ്ങളും രാഷ്ട്രീയ അതിഭാവുകത്വങ്ങളും ഇടതൂർന്നുവളർന്ന ഒരു കാലത്തിനുശേഷമാണ് സിനിമയിൽ മോഹൻലാൽ യുഗം ആരംഭിക്കുന്നത്. മലയാളിക്ക് ശൃംഗാരത്തോടും ഹാസ്യത്തോടും പക്ഷപാതിത്വം കൂടും. ഈ പ്രണയസംസ്കാരത്തിന്റെ സ്ക്രീൻ പതിപ്പുകളായിരുന്നു പ്രേംനസീറും മോഹൻലാലും.
മലയാളിയുടെ കാമുകഭാവത്തിന് സെല്ലുലോയ്ഡിൽ എഴുതിയ നിറപ്പകർച്ചയായിരുന്നു മോഹൻലാൽ. നമ്മുടെ പ്രണയസ്വപ്നങ്ങൾക്കാണ് അയാൾ നിറം നൽകിയത്. പൈങ്കിളി നോവലിസ്റ്റുകൾ ഇരുകൈകളുംകൊണ്ട് അതിഭാവുകത്വത്തിൽ ചാലിച്ച കഥകൾ എഴുതിപ്പിടിപ്പിച്ച കാലം കൂടിയായിരുന്നു അത്. പൈങ്കിളി ഭാവുകത്വത്തിന് കുറുകെ നടന്നാണ് മോഹൻലാൽ റൊമാന്റിക് ഹീറോയായി മാറുന്നത്.
എഴുപതുകളിലെ നായകന്മാർ കൊടികൾകൊണ്ട് സമരമുഖം ഉയർത്തിയപ്പോൾ എൺപതുകളിൽ ലാൽ പ്രണയംകൊണ്ട് വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നു. ‘സുഖമോ ദേവി’ എന്ന സിനിമയിൽ സണ്ണി താരയെ കോളജ് കാമ്പസിൽ ബൈക്കിൽ ഇറക്കിയതിനുശേഷം തിരികെ വിളിച്ച് നെറ്റിയിൽ ചുംബിക്കുന്നുണ്ട്. സ്വന്തം കാമുകിയെ ബൈക്കിലിരുത്തി യാത്ര ചെയ്യുകയും പരസ്യമായി ചുംബിക്കുകയും ചെയ്യുന്ന കഥാപാത്രം അന്ന് വിസ്മയമായിരുന്നു. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുമെന്ന് പറഞ്ഞത് പ്രശസ്ത മെക്സിക്കൻ കവി ഒക്ടോവിയോ പാസാണ്.
ആൺ-പെൺ സൗഹൃദങ്ങൾക്കുമേൽ അച്ചടക്കവാളുകൾ ഉയർന്നുനിന്ന കാലത്ത് കാമ്പസ് സ്വപ്നം കണ്ട സ്വാതന്ത്ര്യത്തെ സ്ക്രീനിൽ ദൃശ്യപ്പെടുത്തിയ രംഗം കൂടിയായിരുന്നു അത്.
‘തൂവാനത്തുമ്പികളി’ലെ പ്രണയവർഷം ഇന്നും പെയ്തുതീർന്നിട്ടില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ക്ലാരയുടെ ട്രെയിൻ ഒറ്റക്കൽശില്പംപോലെ ഫ്രീസ്ചെയ്ത് അവിടെത്തന്നെ നിൽക്കുകയാണ്. മുന്തിരിത്തോപ്പിലെ അവസാനരംഗത്ത് രണ്ടാനച്ഛനാൽ ബലാത്കാരം ചെയ്യപ്പെട്ട സോഫിയയെ സോളമൻ തൂക്കിയെടുക്കുമ്പോൾ നമ്മുടെ പെൺ-പവിത്രതാസങ്കല്പങ്ങളെകൂടിയാണ് മറുകൈകൊണ്ട് തൂക്കിയെറിയുന്നത്. ഇങ്ങനെ വ്യവസ്ഥാപിത സങ്കല്പങ്ങൾക്കുമേൽ തീമഴ പെയ്യിച്ച കാമുകനായിരുന്നു അയാൾ. അസാമാന്യമായ മുഖസൗന്ദര്യമോ ശരീരത്തിന്റെ അഴകളവുകളോ അല്ല മലയാളിയെ മോഹൻലാലിനോട് ഇഴചേർത്തത്. ആ മാനറിസങ്ങളിലും അലസഭാവങ്ങളിലും ഒരു സാധാരണ മലയാളിയുണ്ടായിരുന്നു.
ജീവിതസമരം
എൺപതുകളിലെ മോഹൻലാൽസിനിമകളിൽ കാണുന്നത് മധ്യവർഗ മലയാളി പുരുഷന്റെ അതിജീവന സമരങ്ങളാണ്. കേരളത്തിൽ പ്രവാസത്തിന്റെ വാതിലുകൾ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ വ്യാവസായികമായി പുരോഗമിച്ചപ്പോൾ കേരളം അവിടെ മുരടിച്ചുനിന്നു. ഇതിന്റെ തിക്തഫലങ്ങൾ തീവ്രമായി ഏറ്റുവാങ്ങിയത് എൺപതുകളിലെ യുവത്വമാണ്. ‘ടി.പി. ബാലഗോപാലൻ എംഎ’യെപ്പോലെ വാലുപോലെ ബിരുദവും പേറി നടക്കേണ്ടിവന്ന ചെറുപ്പക്കാരുടെ പെരുക്കം അന്നുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലമായിരുന്നു അത്. ശരാശരി മലയാളിയുടെ സ്വർഗരാജ്യമായിരുന്നു ഗൾഫ്. അനേകം മലയാളികൾ ഗൾഫിലേക്കു രക്ഷപ്പെട്ടു. ചിലർ ‘ഗഫൂറു’മാരുടെ വലയിൽ വീണു.
ഗൾഫ് രാജ്യങ്ങളിൽ ഓയിൽ ബൂമിന്റെ കാലമായിരുന്നു അത്. ഗൾഫിലേക്ക് പോകാൻ ഭാഗ്യം ലഭിച്ചവരിൽ ഏറെയും മുസ്ലിംകളായിരുന്നു. ഭൂപരിഷ്കരണവും മറ്റു മാറ്റങ്ങളുംമൂലം ഭൂമിയുടെയും കൃഷിയുടെയും ആധിപത്യംകൂടി നഷ്ടമായ നായർ, സവർണ വിഭാഗങ്ങൾ വലിയ പ്രതിസന്ധിയിലായി. മധ്യവർഗ ഹിന്ദു കുടുംബങ്ങളുടെ പ്രതിസന്ധികളെ അനേകം സിനിമകളിലൂടെ മോഹൻലാൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഈ സിനിമകളിൽ പരമസാത്വികരും വ്യവസ്ഥിതിക്കു മുന്നിലെ കോമാളികളുമാണ് കഥാപാത്രങ്ങൾ. വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം എന്നിങ്ങനെ ഉദാഹരണങ്ങൾ.
അതിജീവനമാണു ലക്ഷ്യം. സംരംഭങ്ങൾ തുടങ്ങുന്നുണ്ടെങ്കിലും ബ്യൂറോക്രസിയും ഭരണകൂടങ്ങളും നിർദയമായി അയാളെ പരാജയപ്പെടുത്തുന്നു - വരവേൽപ്പ്, മിഥുനം തുടങ്ങിയ ചിത്രങ്ങൾ. നെറ്റിയിലെ ചന്ദനക്കുറിയും മലയാളവസ്ത്രവും കാലൻകുടയുമാണ് അയാളുടെ അടയാളങ്ങൾ. അയാളുടെ മീശ - അത് താഴേക്കുതന്നെയാണ്.
മീശ
തൊണ്ണൂറുകൾക്കുശേഷം കേരളീയ ജീവിതത്തിനും മോഹൻലാൽകഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നു. കേരളസമൂഹത്തിൽ മറ്റൊരു പരിണാമത്തിന്റെ കാലം കൂടിയാണ് ഇത്. ഗൾഫ്പണത്തിന്റെ ഒഴുക്കുമൂലം ഉണ്ടായ സാമ്പത്തിക മാറ്റങ്ങൾ. ബാബറി മസ്ജിദും തുടർന്നുണ്ടായ പ്രശ്നങ്ങളും കേരളസമൂഹത്തിൽ ഉണ്ടാക്കിയ ആഴമേറിയ വിഭജനങ്ങൾ. ഇത്തരം ഒരു ചരിത്രസന്ദർഭത്തിലാണു പ്രതികാരത്തിന്റെ ആൾരൂപമായി അയാൾ വരുന്നത്. എൺപതിലെ സാത്വിക നായകനല്ല അയാൾ. വേഷത്തിലും രൂപഭാവങ്ങളിലും മാറ്റം. വീട്ടുകഥകൾക്കു പകരം തറവാട്ടുകഥകൾ.
‘സന്മനസുള്ളവർക്കു സമാധാന’ത്തിൽ വീട് തിരിച്ചുപിടിക്കാൻ വേണ്ടിയായിരുന്നു അയാളുടെ സമരമെങ്കിൽ ‘ആറാം തമ്പുരാനി’ൽ കണിമംഗലം തറവാടിനുവേണ്ടി. സൂക്ഷ്മചലനങ്ങളിൽപോലും അയാൾ തറവാടിയും മാടമ്പിയുമായി മാറുന്നുണ്ട്. യുവതയുടെ ക്ഷുഭിതഭാവങ്ങളെയാണ് ആ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അപ്പോഴും അയാളുടെ കാമുകഭാവം അങ്ങനെതന്നെയുണ്ട്.
മലയാള സിനിമ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലം കൂടിയായിരുന്നു തൊണ്ണൂറുകൾക്ക് ശേഷമുള്ള കാലം. സാറ്റലൈറ്റ് ചാനലുകൾ കൊണ്ടുവന്ന പുതിയ ദൃശ്യസംസ്കാരം നിർമിച്ച ആദ്യകാലകൗതുകങ്ങൾ മലയാളിയെ വീട്ടിൽ പിടിച്ചിരുത്തി.
ഗ്രാമീണ ടാക്കീസുകളിൽ ആളുകൾ കുറഞ്ഞു. തിയറ്ററുകൾ കല്യാണമണ്ഡപങ്ങളായി. അമർത്തിയ ലൈംഗികശീലങ്ങളെയും കപടസദാചാരത്തെയും ആഴത്തിൽ ചോദ്യംചെയ്തുകൊണ്ട് ഷക്കീലയും പരിവാരങ്ങളും അവശേഷിച്ച സ്ക്രീനുകൾ കൈയേറി. ഇത്തരമൊരു പ്രതിസന്ധിയിൽനിന്നു മലയാളസിനിമയെ രക്ഷിക്കുന്നതിൽ മോഹൻലാൽ സിനിമകൾ വഹിച്ചപങ്ക് വളരെ വലുതായിരുന്നു.
വൈവിധ്യം നിറഞ്ഞ അഭിനയ നാട്യശാസ്ത്രമാണ് മോഹൻലാലിന്റേത്. 2010നു ശേഷം ലോകവും അഭിരുചികളും പാടെ മാറിമറിഞ്ഞു. പഴയതൊക്കെ കൺവെട്ടത്തുനിന്ന് അപ്രത്യക്ഷമായി. വടിവൊത്ത താരശരീരങ്ങൾ രൂപംകൊണ്ടു.
എന്നിട്ടും മോഹൻലാലിന്റെ പ്രതാപം കുറഞ്ഞിട്ടില്ല. ‘തുടരും’ സിനിമയിലെ കണ്ണുകൾകൊണ്ടുമാത്രം നടത്തിയ അഭിനയം മാത്രംമതി ഇതു തെളിയിക്കാൻ. സ്ക്രീൻ വിട്ടിറങ്ങിയാലും തുളഞ്ഞുകയറുന്ന ആ നോട്ടം കൂടെയുണ്ടാകും.
എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും അദ്ദേഹത്തിനുവേണ്ടി നിർമിച്ച കഥാപാത്രങ്ങളും അവ നൽകിയ ഊർജവും മലയാളിയുടെ അവബോധത്തിൽ ആഴത്തിൽ മുദ്രിതമായിരുന്നു. ഗൃഹാതുരസമൂഹമായ മലയാളി പഴയ ഓർമകൾ പുതുക്കുവാൻ തങ്ങളുടെ പ്രണയത്തെയും കാമനകളെയും യൗവനത്തെയും വീണ്ടെടുക്കുവാൻ സ്ക്രീനിൽ പഴയ മോഹൻലാലിനെ അന്വേഷിച്ചുചെല്ലുന്നു. കമ്യൂണിസവും ഫ്യൂഡലിസവും മാത്രമല്ല പഴയ മോഹൻലാലും നമുക്ക് ഒരു നൊസ്റ്റാൾജിയയാണ്.
Movies
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന ആശങ്ക തുറന്നു പറഞ്ഞ് നടൻ വിനു മോഹൻ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന ആശങ്ക തുറന്നു പറഞ്ഞ് നടൻ വിനു മോഹൻ.
ഇന്ന് ജെഎസ്കെ എന്ന സിനിമയ്ക്കു വന്ന അവസ്ഥ നാളെ ഏതു സിനിമയ്ക്കും വരാമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്നും സിനിമാസംഘടനകൾ സംയുകതമായി സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ പങ്കെടുത്തുകൊണ്ട് വിനു മോഹൻ പറഞ്ഞു.
‘‘പണ്ട് ‘നിർമാല്യം’ സിനിമയിൽ വിഗ്രഹത്തിൽ തുപ്പുന്നുണ്ട് അത് ഒരു ക്രിയേറ്ററുടെ സൃഷ്ടി ആണ്. അതൊക്കെ വളരെ മഹത്തരമായിട്ടാണ് നമ്മൾ കാണുന്നത്. ഞാൻ അഭിനയിച്ച ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്.
കാലം പോകുന്തോറും നമ്മൾ പിന്നിലേക്കു പോകുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ പോകുന്ന സമൂഹമാണ് നമ്മുടേത് ആ സമൂഹത്തിൽ നിന്ന് ഇങ്ങനെ ഒരു കാര്യം വരുമ്പോൾ എല്ലാവരും തമ്മിൽ അകന്നുപോകുന്ന അവസ്ഥ വരും.
പുതിയ തലമുറ നമ്മുടെ നാട്ടിൽ നിന്ന് ഓടി രക്ഷപെട്ട് പുറത്തേക്ക് പോകുന്ന അവസ്ഥ വരുന്ന രീതിയിലേക്ക് എത്തുന്നത് ഈ രീതിയിലുള്ള ചിന്താഗതി കാരണമാണ്. സിനിമ ചെയ്യുന്നവർക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കുമോ ഇല്ലയോ എന്നുള്ളത് കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. അതിനെതിരെ ഇത്തരത്തിലുള്ള വിവാദം ഉണ്ടാക്കുക എന്നുള്ളത് സത്യം പറഞ്ഞാൽ വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
അതുകൊണ്ടു തന്നെയാണ് ഈ പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുക്കാം എന്ന് തീരുമാനിച്ചത്.
മുൻപ് എം.ബി. പദ്മകുമാറിന്റെ സിനിമയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നു. ഇനിയും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നേക്കാം. അങ്ങനെ നടക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകുന്നത്.’’വിനു മോഹൻ പറഞ്ഞു.