അനുപമ പരമേശ്വരൻ
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിനെ വിമർശിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വായ അടപ്പിക്കുന്ന മറുപടി നൽകി നടി അനുപമ പരമേശ്വരൻ. അനുപമയുടെ പുതിയ തെലുങ്ക് സിനിമ ‘ക്രേസി കല്യാണ’ത്തിന്റെ ടീസർ ലോഞ്ചിനിടെയാണ് സംഭവം.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കാര്യങ്ങൾ അനാവശ്യമായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് അനുപമയെ ചൊടിപ്പിച്ചത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം തനിക്കാണെന്ന് അനുപമ മറുപടി നൽകി.
‘വളര പ്രൈവറ്റ് ആയിരിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി കണക്ട് ആയിരിക്കുന്ന താരമാണ് നിങ്ങൾ. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ, നിങ്ങളുടെ ദേഷ്യവും ഈർഷ്യയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ശരിയായെന്ന് തോന്നുന്നുണ്ടോ, അതിന്റെ ആവശ്യമുണ്ടായിരുന്നോ?’ എന്നാണ് മാധ്യമപ്രവർത്തകൻ അനുപമയോട് ചോദിച്ചത്.
‘ഇത് എന്റെ സോഷ്യൽ മീഡിയയാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ദേഷ്യമോ ഈർഷ്യയോ തീർത്തതല്ല. ഒരു സ്ത്രീയ്ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. അത് ചെയ്തതിൽ എനിക്ക് അഭിമാനം മാത്രമേ തോന്നുന്നുള്ളൂ.’ എന്ന് അനുപമ മറുപടി നൽകി.
‘അത് അപ്പുറത്തു നിൽക്കുന്നയാളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ’ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം. ‘താങ്കൾക്ക് എന്നെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും എന്തറിയാം’ എന്ന് അനുപമ തിരിച്ചു ചോദിച്ചു. ‘ആർക്കും ഒന്നും അറിയില്ല’ എന്ന് മാധ്യമപ്രവർത്തകൻ മറുപടി നൽകി. ‘അതുകൊണ്ട് ഇതൊന്നും കുഴപ്പമില്ല, ഇത് എന്റെ ഇൻസ്റ്റഗ്രാമാണ് എനിക്ക് ഇഷ്ടമുള്ളതൊക്കെ പോസ്റ്റ് ചെയ്യും’ എന്ന് അനുപമ ചിരിച്ചുകൊണ്ട് മറുപടി നൽകി.
തെന്നിന്ത്യൻ താരം ധ്രുവ് വിക്രമവുമായി അനുപമ അകൽച്ചയിലാണെന്ന അഭ്യൂഹങ്ങളാണ് താരത്തിന്റെ പോസ്റ്റുകൾ ചർച്ചയാകാൻ കാരണം. ടോക്സിക് പങ്കാളിയെക്കുറിച്ചുള്ള മീമുകളെ അംഗീകരിക്കുന്ന തരത്തിലുള്ള കമന്റുകൾ അനുപമ പങ്കുവയ്ക്കുന്നത് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : Anupama Parameswaran MalayalamCinema SouthIndianCinema MollywoodActors