ഉഷ ഹസീന, അൻസിബ എന്നിവർ പത്രസമ്മേളനത്തിൽ, യമുന റാണി
അമ്മയിലെ ആഭ്യന്തപ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയ നടിമാർക്കെതിരെ വിമർശനവുമായി നടി യമുന റാണി.
നടിമാരുടെ വാര്‍ത്താസമ്മേളനം കോമഡി ഷോയാണെന്നും ഈ ചക്കളത്തി പോര് അവസാനിപ്പിക്കണമെന്നും യമുന റാണി പറഞ്ഞു.
‘‘ഇന്ന് രാവിലെ ഒരു കോമഡി ഷോ കണ്ടുകൊണ്ടാണ് എന്റെ സുപ്രഭാതം ആരംഭിച്ചത്. അതിന് പശ്ചാത്തലം പറയാം. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മിലുള്ള പടലപിണക്കം. ഒരു ചെറിയ തീപ്പൊരി.
ഒരു ഫോണ്‍കോളിലൂടെയോ ഒരുമിച്ചിരുന്ന് കോഫി കുടിച്ചോ തീരാവുന്ന ഒരു വിഷയം. ആ ചെറിയ തീപ്പൊരിയെ ചിലരെല്ലാം കൂടി എടുത്ത് ‘അമ്മ’ എന്ന മഹാസംഘടനയുടെ നടുക്ക് കൊണ്ട് വച്ചു. ആ ചെറിയ തീപ്പൊരിയെ വലിയ തീയാക്കി മാറ്റി. ഒരു ഭരണസമിതിയെ മുഴുവന്‍ താഴെയിറക്കാന്‍ സാധിച്ചു.
പക്ഷേ ഇതൊന്നുമല്ല കോമഡി. അതിന്റെ ഊര്ജത്തിലാവണം, ഇന്നിപ്പോള്‍ കേരള സര്‍ക്കാരിനേയും ആഭ്യന്തര മന്ത്രിയേയും പോലീസ് വിഭാഗത്തെ മുഴുവന്‍ പത്രസമ്മേളനത്തിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ്. സംഘടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്താണീ നടക്കുന്നത്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ സംഘടിക്കും.
ഈ ചക്കളത്തി പോരാട്ടം ഇനി വേണ്ട. കൈയിലിരിക്കുന്ന കാശ് കൊടുത്ത് സിനിമ കാണണ്ട എന്ന് ജനങ്ങള്‍ അങ്ങ് തീരുമാനിക്കും. അതോടെ ഇതെല്ലാം അവസാനിക്കും. തിയറ്ററില്‍ പോയി ജനങ്ങള്‍ സിനിമ കാണാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് മറക്കരുത്. അതുകൊണ്ട് ഇതെല്ലാം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ബുദ്ധിയും വിവേകവുമുള്ളവര്‍ അതല്ലേ ചെയ്യേണ്ടത്.’’ യമുന റാണി പറഞ്ഞു.
ഈ പ്രതികരണത്തെ തുടർന്ന് യമുനയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തിനോടാണ് യമുനയുടെ എതിർപ്പെന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടർന്ന് നടി വീണ്ടും വിശദീകരണവുമായി എത്തി.
‘‘ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ ചില കമന്റുകൾ കണ്ടു. അത് കാണുമ്പോൾ മനസിലാകും കാര്യങ്ങൾ അറിയാതെയാണ് ഇവർ പ്രതികരിക്കുന്നതെന്ന്. അവരോടൊന്നും ഒരു പരിഭവമോ വിരോധമോ പിണക്കമോ ഒന്നുമില്ല.
ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങളൊന്നും ബാധിക്കാത്ത ആളാണ് ഞാൻ.
ഒരു മതപ്പട്ടവും ഞാൻ അർഹിക്കുന്നില്ല. കഴിഞ്ഞ 30 വർഷമായി സീരിയിൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഞാനെന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ‘അമ്മ’ എന്ന സംഘടനയിലേക്ക് ഉടൻ വിളിക്കണമെന്ന്.
‘അമ്മ’യുടെ പേരിൽ ഒരു റീത്ത് വച്ച് ശാന്തികവാടത്തിൽ എന്നെ എത്തിച്ച് അന്തസായി അവർ യാത്രയാക്കുമെന്ന് അറിയാം. കഴിഞ്ഞ 30 വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ‘അമ്മ’യിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ. ഇതെന്റെ സ്വകാര്യ അഭിമാനമാണ്.
മറ്റ് ആരുടെ മുന്നിലും കൈ നീട്ടാതെ അഭിമാനപൂർവമാണ് അത് കൈപ്പറ്റുന്നത്. ഈ സംഘടന നശിച്ചാൽ നഷ്ടം ഞങ്ങൾക്കു മാത്രമാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും അത് സംഘടനാ തലത്തിൽ എത്തിക്കരുതെന്നുമാണ് ഞാൻ ആവശ്യപ്പെടുന്നത്.
ഈ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം എന്റെ സഹോദരിമാരാണ്. അവർക്കൊപ്പം നിൽക്കുന്ന ആളുമാണ്. പക്ഷേ അറിഞ്ഞോ അറിയാതെയോ അവരുടെ കൈകളിൽ നിന്ന് കാര്യങ്ങൾ കൈവിട്ടുപോകുന്നതായി എനിക്ക് തോന്നുന്നു. ഞാനെന്റെ നയം വ്യക്തമാക്കാം. ഞാൻ ആരുടെയും പക്ഷത്തല്ല, ‘അമ്മ’യുടെ പക്ഷത്താണ്.’’–യമുന വ്യക്തമാക്കി.
Tags : YamunaRani MalayalamCinema AMMAControversy PressMeetComedy