NRI
ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (ഐപിസിഎൻടി) ഓണാഘോഷ പരിപാടികൾ ഇർവിംഗിലുള്ള ചാക്കോസ് ബംഗ്ലാവിൽ നടന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവർത്തിക്കുന്ന ഐപിസിഎൻടിയുടെ ആഘോഷങ്ങളിൽ ഡാളസ്, ഇർവിംഗ് മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
NRI
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "ഓണത്താളം 2026' ആറിന് വെെകുന്നേരം അഞ്ചിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും.
കൈരളി പ്രവർത്തകർ ഒരുക്കുന്ന മനോഹരമായ ഓണപ്പൂക്കളത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. വിവിധ കലാരൂപങ്ങളുടെയും വർണ കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ ആഘോഷവേദിയിലേക്ക് ആനയിക്കും.
തുടർന്ന് ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഗാനമേള എന്നി കലാപരിപാടികളും സാംസ്ക്കാരിക സദസും ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫുജൈറ കൈരളി ഓഫീസിൽ നടന്നു.
ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി പ്രകാശനം നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, പ്രസിഡന്റ് വിൽസൺ പട്ടാഴി, ഫുജൈറ യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ജുനൈസ്, ആക്ടിംഗ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗത സംഘം, ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോയിന്റ് കൺവീനർ ഡാന്റോ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സ്വാഗതസംഘം പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൈരളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ന്യൂയോര്ക്ക്: നായർ ബെനവലന്റ് അസോസിയേഷന്റെ 45-ാമത് ഓണാഘോഷവും അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കർമ്മവും ക്വീൻസിലുള്ള വിരാജ് ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു.
ചടങ്ങിൽ ന്യൂയോർക്കിലെ രാഷ്ട്രീയ സാമൂദായിക നേതാക്കൾ, കലാ സാംസ്കാരിക നേതാക്കൾ തുടങ്ങി നൂറു കണക്കിന് പേര് പങ്കെടുത്തു. താലപ്പൊലിയേന്തിയ ബാലികമാരുടെയും, വാദ്യഘോഷങ്ങളുടെയും നൂറു കണക്കിന് ആളുകളുടേയും അകമ്പടിയോടെ മഹാബലിയെ വരവേറ്റു.
മഹാബലിയായി വേഷമിട്ടത് ഗിന്നസ് അവാർഡ് ജേതാവ് അപ്പുക്കുട്ടൻ പിള്ളയായിരുന്നു. തുടര്ന്ന് മഹാബലിയുടെ ഓണാശംസകള്ക്കു ശേഷം എന്ബിഎയുടെ വനിതകള് അവതരിപ്പിച്ച തിരുവാതിര എല്ലാവരെയും ഹഠാദാകർഷിച്ചു.
ലോംഗ് ഐലന്റ് നാസൗ കൗണ്ടി നോർത്ത് ഹെംഹസ്റ്റഡ് ടൗൺ എക്സിക്യൂട്ടീവ് രാഗിണി ശ്രീവാസ്തവ, ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് അഡ്മിനിസ്ട്രേറ്റർ ശാന്തനു ശർമ, സുപ്രീംകോടതി ജഡ്ജി രാജ രാജേശ്വരി, സ്വാമി ചിന്മയാനന്ദപുരി സ്ഥാപിച്ച സേജ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് രാജീവ് ഭാസ്കരൻ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി പ്രതിനിധി കോശി തോമസ് എന്നീ വിശിഷ്ടാതിഥികള് ചടങ്ങിൽ പങ്കെടുത്തു.
കുമാരി ദിവ്യ ശർമ അമേരിക്കൻ ദേശീയ ഗാനമാലപിച്ചു. ദിവ്യ ശര്മയുടെ ഈശ്വര പ്രാർഥനയ്ക്കു ശേഷം എന്ബിഎയുടെ പ്രഥമ വനിത വത്സ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
Kerala
കൊച്ചി: അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക്ക് റോഡിലൂടെ സഞ്ചരിച്ച ഓണപ്പരസ്യ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. മാവേലിയും പുലിക്കളിക്കാരും ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിന് 7,700 രൂപ പിഴ ചുമത്തി.
ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലിക്കളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലിക്കളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യപ്രചാരണം. ഇതാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പരിശോധിച്ചപ്പോൾ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള ആവശ്യമായ അനുമതി നേടിയിട്ടില്ലെന്നും നിയമപ്രകാരമുള്ള ഫീസ് അടച്ചിട്ടില്ലെന്നും കണ്ടെത്തി. തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലിക്കളിക്കാരെയും കളക്ടറേറ്റിലെത്തിച്ചു.
ബാങ്ക് നേരിട്ട് നടത്തിയ പ്രചാരണമല്ലെന്നും കരാറെടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. നിയമാനുസൃത അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പ്രദർശിപ്പിച്ചതിന് 7,700 രൂപ പിഴ ഈടാക്കിയശേഷം വാഹനം വിട്ടയച്ചു.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അരുള് ആർ.ബി. കൃഷ്ണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് തുടർനടപടികൾ.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടേണ്ട പ്രതികളാണ് ഓണാഘോഷത്തിലും പങ്കെടുത്തത്. കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികളാണ് സ്റ്റേഷനിലെ ആഘോഷത്തിൽ പങ്കെടുത്തത്. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം.
പോലീസുകാർ ഓണാഘോഷത്തിനായി ധരിച്ച അതേ നിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പോലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനിടെ ബിനുവിനായി അധികമായി ഷർട്ട് വാങ്ങിയെന്നും ഇത് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ കൈമാറിയെന്നുമാണ് റിപ്പോർട്ട്.
സ്റ്റേഷൻമുറ്റത്ത് ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ചെണ്ടകൊട്ടിയും ബിനു ആഘോഷത്തിൽ സജീവമായി. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെന്ത് ഓണം എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ അറിവോടെയാണെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെ സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണ്.
ഇഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പ്രശാന്ത്. കഴിഞ്ഞദിവസം അദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയാണ് ഓണാഘോഷം നടന്നത്.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഈ സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനിൽ തന്നെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത്.
NRI
ന്യൂജഴ്സി: നാമം ഓണാഘോഷം ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വെറ്ററൻസ് പാർക്ക് - സ്പ്രേ ഗ്രൗണ്ട്, 61 അവന്യൂ കെ, മൺറോ ടൗൺഷിപ്പ്, ന്യൂജേഴ്സി 08831ലാണ് ആഘോഷം നടക്കുക.
തിരുവാതിര, പുലികളി, ഓണസദ്യ തുടങ്ങിയ നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് നാമം ഫൗണ്ടർ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ (516)450-8155, സെക്രട്ടറി ബിന്ദു സത്യ (732)213-5346, ട്രഷറർ സിറിയക് എബ്രഹാം (732)259-1037 എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: ഫീനിക്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചുവരുന്ന "ഓണം പൊന്നോണം' ആഘോഷം ഈ മാസം 30ന് സെന്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് ഹാളിൽ നടക്കും.
കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണയും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
വൈവിധ്യമായ കലാപരിപാടികൾ, ആവേശകരമായ വടംവലി മത്സരം, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി സൗഹൃദവും ഐക്യവും വിളിച്ചോതുന്ന വേദിയായി ഓണം പൊന്നോണം ആഘോഷത്തെ മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫീനിക്സ് ക്ലബ് നടത്തിവരുന്നത്.
ഫീനിക്സ് പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ - പ്രസിഡന്റ്: സൈഫി ജോസഫ്, വൈസ് പ്രസിഡന്റ്: വരുൺ ഈപ്പൻ, സെക്രട്ടറി: അമൽ ഞാലിയത്ത്, ട്രഷറർ: ജോപ്പീസ് അലക്സ്, ജോയിന്റ് സെക്രട്ടറി: രഞ്ജു ജോസഫ്, ജോയിന്റ് ട്രഷറർ: വിജോയ് ജോസഫ്.
അഡ്വൈസർമാർ: ജിൻസ് ജോസഫ്, ജോസ് മാത്യു, സരുൺ സക്കറിയ, ഹുസ്നി നസീർ, അനീഷ് മധു. ബോർഡ് ഓഫ് ഡയറക്ടേഴ്സ്: ജോഷ് ജോസഫ്, റോജിസ് ഫിലിപ്പ്, നോബിൾ തോമസ്, ക്രിസ്റ്റി ജോസഫ്, മനു ജോർജ്, ടിബിൻ തോമസ്, തോമസ് ഫിലിപ്പ്. ഓഡിറ്റർ: പോൾ മാത്യു.
NRI
കൊളോൺ: ജർമനിയിലെ കൊളോൺ മലയാളികളുടെ ഹൃദയതുടിപ്പായി മാറിയ കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം (ശ്രാവണപുലരി) ഈ മാസം 29-ന് നടക്കും.
ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓണാഘോഷം കൊളോൺ, വെസലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389) ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.
തിരുവാതിരകളി, മാവേലിമന്നന് വരവേൽപ്പ്, ശാസ്ത്രീയ നൃത്തങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവയും, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, കപ്പിൾ ഡാൻസ് എന്നിവയ്ക്ക് പുറമെ ചെണ്ടമേളം, പുലികളി തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണസദ്യയും തമ്പോലയും ഉണ്ടായിരിക്കും.
ജർമനിയിൽ മുൻപന്തിയിൽ നിൽക്കുന്ന ട്രാവൽ ഏജൻസിയായ ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ നൽകുന്ന 250 യൂറോയുടെ യാത്രാ കൂപ്പൺ ആണ് ഒന്നാം സമ്മാനം. കൂടാതെ തമ്പോലയിൽ വിജയികളാകുന്നവർക്ക് ആകർഷകങ്ങളായ 10 സമ്മാനങ്ങളും നൽകുന്നുണ്ട്. ഒരു യൂറോയാണ് തമ്പോലയുടെ ടിക്കറ്റ് വില.
ഓണസദ്യയ്ക്ക് ശേഷം ജർമനിയിലെ മലയാളി യുവജന ഗ്രൂപ്പിന്റെ അടിപൊളി ഗാനമേളയും തമ്പോലയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും. തിരുവോണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചീട്ടുകളി മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫിയും (സ്പോൺസർ ചെയ്തിരിക്കുന്നത് സണ്ണി ഇളപ്പുങ്കൽ കുടുംബം) വടംവലി, ഓട്ടം, ലെമൺ & സ്പൂൺ ഓട്ടം തുടങ്ങിയ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും കൂടാതെ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ അടുക്കളത്തോട്ട മത്സരത്തിലെ വിജയികൾക്കുള്ള കർഷകശ്രീ പുരസ്കാരവും വിതരണം ചെയ്യും.
വടംവലി മത്സരത്തിൽ വിജയികളായ പുരുഷ, വനിതാ ടീമുകൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ബോണിലെ യുഎൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിപ്ലോമാറ്റ് കൂടിയായ സോമരാജൻ പിള്ളയാണ്.
ജർമനിയിൽ പുതുതായി എത്തിയ മലയാളികളിൽ ഒളിഞ്ഞിരിക്കുന്ന, നിറഞ്ഞു നിൽക്കുന്ന സർഗവൈഭവം അരങ്ങിൽ കലാരൂപമായി പിറവിയെടുക്കുമ്പോൾ തിരുവോണ ഉത്സവത്തിന്റെ മാധുര്യം അലയൊലികളായി അനുഭവവേദ്യമാക്കുന്ന മഹോത്സവത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
തിരുവോണ ആഘോഷ ദിവസമായ ശനിയാഴ്ചയുടെ സായാഹ്നത്തിൽ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരുവാൻ കേരള സമാജം സ്നേഹപൂർവം ക്ഷണിക്കുന്നു.
ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുകയാണ്, ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കണമെന്ന് സമാജം പ്രസിഡന്റ് ജോസ് പുതുശ്ശേരി അഭ്യർത്ഥിച്ചു.
വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഹാളിന്റെ പരിസരത്ത് (Rathaus) ഉണ്ടായിരിക്കും. ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി. (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ ഭാരവാഹികൾ.
വിവരങ്ങൾക്ക്: ഹോട്ട്ലൈൻ: 0176 56434579, 0173 2609098, 0177 4600227.
വെബ്സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite .
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക - സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈറ്റ് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഓണപ്പൊലിമ 2026' എന്ന പേരിൽ സെപ്റ്റംബർ 25നാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ആഘോഷപരിപാടികൾ.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരേ നടത്തുന്ന ഓപ്പറേഷൻ തൂഫാനെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ.വി. സുനീഷ് രചനയും സംവിധാനവും നിർവഹിച്ച "കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.
ഒഐസിസി കുവൈറ്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള "അച്ചീവേഴ്സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവഹിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവജന-വനിതാ പ്രവർത്തനങ്ങൾ, മോട്ടിവേഷൻ സെമിനാറുകൾ, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകൾ, വെൽഫെയർ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കൺവെൻഷനുകൾ, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി അടുത്ത ആറു മാസം കൊണ്ട് നടപ്പിലാക്കും.
പ്രവാസത്തിനിടയിൽ മരണമടയുന്ന സഹോദരങ്ങളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയർ ടീം മുൻപന്തിയിൽ നിൽക്കുന്നു. ഇതിനകം 45 മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ കെയർ ടീമിന് സാധിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
NRI
ഗ്ലാസ്ഗോ: സ്കോട്ലൻഡ് മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച ഗ്ലാസ്ഗോയിലെ വുഡ്സൈഡ് ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക പരിപാടികൾ, ഉദ്ഘാടന സമ്മേളനം, പുരസ്കാര സമർപ്പണം, ഓണസദ്യ, സംഗീത - വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് 12ന് പ്രാർഥനാഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്കോട്ലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വിഗ്നേഷ് കുമാർ സ്വാഗതം ആശംസിക്കും.
പ്രസിഡന്റ് സിന്റോ പാപ്പച്ചൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഗ്ലാസ്ഗോ സിറ്റി കൗൺസിൽ ബെയ്ലി ആന്റണി കരോൾ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥി ആയിരിക്കും. മാവേലിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് ഓണപ്പൊലിമ പകരും.
സ്കോട്ലൻഡ് മലയാളി അസോസിയേഷൻ സ്ഥാപക ഡയറക്ടർ ഹാരിസ് ക്രിസ്റ്റുദാസ്, ജോയിന്റ് സെക്രട്ടറി ഹിമ ഷമീം, ഫിനാൻഷ്യൽ ആൻഡ് ലീഗൽ കൺസൾട്ടന്റ് അബ്രഹാം മാത്യു എന്നിവർ ആശംസകൾ നേരും.
ചടങ്ങിൽ നഴ്സുമാരെ ആദരിക്കുന്ന പ്രത്യേക നഴ്സസ് അവാർഡ് സമർപ്പണവും നടക്കും. കൂടാതെ പാർവതി ഒതഗട്ട്, ഗോപിക ശിവകുമാർ എന്നിവരെ മെമന്റോ നൽകി ആദരിക്കും. തുടർന്ന് ഗസ്റ്റ് ഓഫ് ഓണർ ചടങ്ങും നടക്കും.
അസോസിയേഷൻ സെക്രട്ടറി അമർനാഥ് ടി. എസ്. നന്ദി രേഖപ്പെടുത്തുന്നതോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ആഘോഷത്തിന് കൂടുതൽ ആവേശം പകരാൻ ഡിജെ ദർശന്റെ സംഗീത പരിപാടിയും അരങ്ങേറും. പരമ്പരാഗത ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഉൾപ്പെടെയുള്ള പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്കോട്ലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വലിയൊരു കൂട്ടായ്മയായി ഇത്തവണത്തെ ഓണാഘോഷം മാറുമെന്ന് സ്കോട്ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം: വുഡ്സൈഡ് ഹാൾസ്, 36 ഗ്ലെൻഫാർഗ് സ്ട്രീറ്റ്, G20 7QE.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ മാസം 29ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ഈസ്റ്റ് ഹാമിലെ സെന്റ് പോൾസ് ചർച്ച് ഹാളിൽ (E6 2EU) ആണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേരുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ഓണസദ്യയ്ക്ക് ഒരാൾക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്. ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയിൽ പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും കൂപ്പൺ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് (07852 437505), ഹിഷാം (07393 701757) എന്നിവരുമായി ബന്ധപ്പെടാം.
കേരളത്തിന്റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
NRI
എന്നെപ്പെറ്റാൽ: പ്രവാസി മലയാളി മനസിന് നാടൻ തനിമയുടെ കുളിരേകി നമസ്തേ ജർമനി മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് ശനിയാഴ്ച എന്നെപ്പെറ്റാലിൽ അരങ്ങേറും.
ജർമൻ പാർലമെന്റ് അംഗം (Hagen - Ennepe-Ruhr-Kreis I) ടിജെൻ അറ്റയെഗ്ലൂ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എന്നെപ്പെറ്റാൽ ഗ്യാസ് സ്ട്രാസ് 10-ലുള്ള (Haus Ennepetal, Gasstrasse 10) ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും.
പാരമ്പര്യ തനിമയും ആധുനികതയും സമന്വയിക്കുന്ന വേറിട്ട കലാസാംസ്കാരിക വിരുന്നാണ് ഇക്കുറി സംഘാടകർ പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ
25 ഇനങ്ങളോടെ ഓണസദ്യ: നാവിൽ കൊതിയൂറുന്ന 25-ഓളം വിഭവങ്ങളുമായി പരമ്പരാഗത തനിമ ചോരാതെയുള്ള ഗംഭീര സദ്യ.
ആവേശകരമായ വടംവലി മത്സരം: കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന, പ്രവാസി മലയാളികളുടെ ആവേശം വാനോളമുയർത്തുന്ന വടംവലി പോരാട്ടം.
മലയാളി മങ്ക മത്സരം: മലയാളിത്തവും സാംസ്കാരിക തനിമയും വ്യക്തിത്വവും വിളിച്ചോതുന്ന സുന്ദരമായ മത്സരവേദി.
സാംസ്കാരിക പ്രകടനങ്ങളും സംഗീതവിരുന്നും: നാടൻ കലാസന്ധ്യകളും മനംകവരുന്ന സംഗീത, നൃത്ത പരിപാടികളും.
കിഡ്സ് ആക്ടിവിറ്റീസ് & ഫൺ ഗെയിംസ്: കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും മത്സരങ്ങളും.
അത്യുഗ്രൻ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൊഴുപ്പേകി യുവത്വത്തെ ഇളക്കിമറിക്കാൻ അത്യുഗ്രൻ ഡിജെ നൈറ്റ്.
ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നമസ്തേ ജർമനി ഭാരവാഹികൾ അറിയിച്ചു.
NRI
ഡബ്ലിൻ: പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ഈ മാസം 22ന് നടക്കും. നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ് എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണ്.
പ്രസിദ്ധ കലാകാരൻ കലാഭവൻ ദിലീപ് മുഖ്യാതിഥിയായി എത്തുന്ന ഗംഭീര ഓണാഘോഷത്തിലേക്ക് എല്ലാ ലൂക്കൻ മലയാളികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
ആഘോഷ വിവരങ്ങൾ
തീയതി: ഓഗസ്റ്റ് 22. സമയം: ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പത് വരെ. വേദി: കിൽനമന ഹാൾ, താല.
സ്പൈസ് വില്ലേജ് ഒരുക്കുന്ന നാവിലൂറും വിഭവസമൃദ്ധമായ ഗൃഹാതുരത്വമുണർത്തുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്ന് മാവേലി മന്നന് രാജകീയ വരവേൽപ്പ്, ലയവും താളവും സമന്വയിക്കുന്ന തിരുവാതിരകളി, വിസ്മയം തീർക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, ക്ലാസിക്കൽ രീതിയിലുള്ള ഗ്രൂപ്പ് & സിനിമാറ്റിക് ഡാൻസുകൾ, മനംകവരുന്ന ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടുകളും കൂടാതെ ലൂക്കനിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കോമഡി സ്കിറ്റ് പരിപാടികൾക്ക് മേമ്പൊടിയാവും.
തമാശയും സംഗീതവും നിറയുന്ന കലാഭവൻ ദിലീപ് ഷോ & ഗാനമേള ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. താളനിബിഡമായ ചുവടുകൾക്ക് ആവേശം പകരാൻ ഡിജെ സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം സ്നാക്സും രാത്രിയിലെ ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമായിരിക്കും പ്രവേശനം. അതിനാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വിവരങ്ങൾക്കും രജിസ്ട്രേഷനും: ബിജു വൈക്കം (പ്രഡിഡന്റ്) - 089 439 2104, രാജൻ തര്യൻ (സെക്രട്ടറി) - 089 453 0770, ഷൈബു ജോസഫ് (ട്രഷറർ) - 087 684 2091, റോയി പേരയിൽ (പിആർഒ) - 087 669 4782.
NRI
ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ നടക്കും.ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായി പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീതനിശ ഉണ്ടായിരിക്കും. ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും കോർത്തിണക്കി ഒരുക്കുന്ന ഈ സംഗീതവിരുന്ന് പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും.
സംഗീതപരിപാടിക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ, വർണാഭമായ പൂക്കളം, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ എന്നിവയും കൺവെൻഷന്റെ മാറ്റ് കൂട്ടും. നൃത്തപരിശീലക ബേബി തടവനാലിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ പരിശീലനം ഇപ്പോൾ പുരോഗമിക്കുകയാണ്. കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ളയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി പങ്കെടുക്കുന്നത്.
പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളെ കോർത്തിണക്കുന്ന ഈ സാംസ്കാരിക സംഗമത്തിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുക്കുമെന്ന് ചെയർമാൻ ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ, ഓണം ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് എന്നിവർ അറിയിച്ചു. പ്രവാസി മലയാളി കുടുംബങ്ങളെ മുഴുവൻ ഈ മഹോത്സവത്തിലേക്ക് സംഘാടക സമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.