District News
രാമപുരം: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും രാമപുരത്ത് അഞ്ചുകോടിയിൽപ്പരം രൂപയുടെ കൃഷിനാശം. 20 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം നേരിട്ടു. വീടുകൾക്കു തന്നെ 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഏഴാച്ചേരി മാരൂര് ദേവസ്യ, വെള്ളിലാപ്പള്ളി കതിരോലില് സിന്ധു വാസുദേവന്, താഴാനിയില് മോളി രാജു എന്നിവരുടെ വീടുകളുടെ മേല്ക്കൂര തകര്ന്നു. മരം വീണ് വെള്ളിലാപ്പള്ളി പായനാല് ഷാജി കുമാര്, പനച്ചേപ്പള്ളില് സോണി ബേബി, തറപ്പില് ടി.ഡി. രാമകൃഷ്ണന്, രാഗം ബാലമുരളി, കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായര്, ശ്രൂലംകുളത്ത് രാമകൃഷ്ണന് നായര്, മുണ്ടപ്പള്ളില് അശോകന്, മണിയാംപാറ ഡെസി രാജു, മണിയാംപാറ ജോണ്സണ്, മുതലശേരില് എം.ജെ. തോമസ്, ശൗര്യംകുഴിയില് അശോകന്, മനോജ് തടത്തില്, മുളയിങ്കല് ലിസി ബേബി, മുതുവല്ലൂര് ഏലിക്കുട്ടി, സെബാസ്റ്റ്യന് മുതവല്ലൂര്, കുര്യന് മുതുവല്ലൂര് എന്നിവരുടെ വീടുകള്ക്കു മരം വീണ് ഭാഗികമായി കേടുപാട് സംഭവിച്ചു. കൂടപ്പിലം മഴുവണ്ണൂര് ഓമന മോഹനന്റെ വീടിന്റെ ഭിത്തി ഇടിമിന്നലേറ്റ് തകരുകയും വയറിംഗ് കത്തി നശിക്കുകയും ചെയ്തു.
രാമപുരത്ത് റോഡരികില് പാര്ക്ക് ചെയ്തിരുന്ന ബൈക്കിനും കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായരുടെ വീടിനു മുമ്പില് പാര്ക്ക് ചെയ്തിരുന്ന കാറിനും മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്. രാമപുരം-കൂത്താട്ടുകുളം റോഡില് വിവിധ സ്ഥലങ്ങളില് മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളില് വൈദ്യുതിലൈനുകള് പൊട്ടിയ നിലയിലാണ്. ഇതുമൂലം പഞ്ചായത്തിന്റെ പല ഭാഗത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന് കഴിഞ്ഞിട്ടില്ല.
വെള്ളിലാപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം മേഖലകളില് പരിശോധന നടത്തി പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ചു. നാശനഷ്ട സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നല്കാന് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് മീനച്ചില് തഹസില്ദാര്ക്ക് നിയുക്ത എംഎൽഎ മാണി സി. കാപ്പന് നിര്ദേശം നല്കി.
District News
വടക്കഞ്ചേരി: പാലക്കുഴി പിസിഎം പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നേന്ത്രവാഴ കൃഷിക്ക് വ്യാപകമായ നാശം.
പാട്ടത്തിനു സ്ഥലമെടുത്ത് കർഷകർ കൃഷി ചെയ്തിരുന്ന വാഴകളാണ് ഒന്നാകെ നിലംപൊത്തിയത്. കുലച്ചതും കുലയ്ക്കാത്തതുമായ ആയിരത്തിയഞ്ഞൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞുവീണ് നശിച്ചു.
മൂപ്പാകാത്ത കുലകളാണ് എല്ലാം. കുലച്ചുവരുന്ന നിരവധി വാഴകളും നശിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ വാഴകളാണ് ചുഴലിക്കാറ്റ് രൂപത്തിലെത്തിയ കാറ്റിൽ എല്ലാം തകർത്തെറിഞ്ഞത്. പാലക്കുഴി മലയിലേക്കു കയറിപ്പോകുന്ന ഭാഗത്താണ് ഈ നാശനഷ്ടമുണ്ടായത്. എന്നാൽ പാലക്കുഴി മലയിൽ കാര്യമായ കാറ്റുണ്ടായില്ല.
District News
മുണ്ടക്കയം: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം-കൂട്ടിക്കൽ റോഡിൽ ചെളിക്കുഴിക്ക് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതിപോസ്റ്റുകൾ തകർന്നു.
റോഡിന്റെ വശത്തുനിന്ന് തേക്കുമരം ഒടിഞ്ഞ് വൈദ്യുതിലൈനിലേക്ക് വീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും നിലച്ചു. മേഖലയിലേക്കുള്ള വൈദ്യുതിബന്ധവും നിലച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരും കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിലേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
District News
പത്തനാപുരം : വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പിടവൂർ മേഖലയിൽ വ്യാപകനാശം. പത്തനാപുരം-കുന്നിക്കോട് പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപം ഇഞ്ചപ്പടർപ്പുള്ള കൂറ്റൻമാവ് പിഴുതുവീണ് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പാതയ്ക്കു കുറുകേ വീണ മരവും ഇഞ്ചപ്പടർപ്പും അഗ്നിരക്ഷാസേനാഗംങ്ങൾ ഏറെനേരം പരിശ്രമിച്ചാണ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ പിഴുതും ഒടിഞ്ഞും വീണത് ഗതാഗത തടസത്തിനും വൈദ്യുതിതടസത്തിനും ഇടയാക്കി. പിടവൂർ തടത്തിൽ ഭാഗത്ത് പ്ലാവ് വൈദ്യുതലൈനിൽ വീണു. പ്രധാന വൈദ്യുതലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റാൻ സമയമേറെ എടുത്തതിനാൽ താലൂക്കിലെ മിക്ക പഞ്ചായത്തിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു.
കുളത്തൂപ്പുഴയിൽ മരങ്ങൾ കടപുഴകി
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയിൽ ശക്തമായ വേനൽ മഴയിൽ വ്യാപകനാശം. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ കുളത്തൂപ്പുഴ ടൗണിലും പരിസരപ്രദേശങ്ങളിലും ഒരുമണിക്കൂറിലധികം നേരം കനത്ത മഴ പെയ്തു. തിങ്കൾക്കരിക്കം, സാംനഗർ, കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, ഡാലി തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവും ഉണ്ടായിരുന്നു.
മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ചോഴിയക്കോട് മേഖലയിൽ ഓന്തുപച്ച-ചണ്ണപ്പേട്ട പാതയിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുത ലൈനുകൾക്കടക്കം വ്യാപകനാശം നേരിട്ടു. അഞ്ചൽ റെയ്ഞ്ച് വനമേഖലയിലുൾപ്പെട്ട പ്രദേശത്ത് ഈട്ടി, മരുത്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ ഇനങ്ങളിലുള്ള ഒട്ടേറെ മരങ്ങൾ പാതയ്ക്കു കുറുകേ വീണതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് പാതയിലേക്ക് വീണ മരങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിലും ഇടിമിന്നലിലും വനമേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുളത്തൂപ്പുഴ - അഞ്ചൽ റേഞ്ചിലെ അഞ്ചൽ ഓന്തുപച്ച വനപാതയിൽ കൂറ്റൻ മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. ആലിപ്പഴ വീഴ്ചയുടെ ആഘാതത്തിൽ മേഖലയിലെ ചില വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളിലും കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിയും മിന്നലും ഉണ്ടായെങ്കിലും കിഴക്കൻ മേഖലയെ അപേക്ഷിച്ച് മഴ കുറവായിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറിയിച്ചു. കനത്ത ചൂടിൽ വലയുന്ന കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും ഇപ്പോഴത്തെ മഴ വലിയ ആശ്വാസമാണ് പകരുന്നത്.
District News
കൽപ്പറ്റ: ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും ജില്ലയിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വാഴക്കൃഷിക്കാണ് കനത്ത നാശം സംഭവിച്ചത്. പൂതാടി പഞ്ചായത്തിലെ ഒരു കർഷകന്റെ 2,000ത്തോളം വാഴകളാണ് നശിച്ചത്. കൃഷി നശിച്ചവർ ധർമസങ്കടത്തിലാണ്. കടം വാങ്ങിയും അല്ലാതെ കൃഷിയിറക്കിയവരാണ് കൃഷിനാശത്തിൽ വിലപിക്കുന്നത്.
കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കണം. നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നൽകിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കർഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടോമി തേക്കുമല, റിനു ജോണ്, വി.ഡി. ജോസ്, എം.എ. പൗലോസ്, പൗലോസ് പൂതാടി, റീന മാനന്തവാടി, വിൻസന്റ് നടവയൽ, എം.എ. വിൻസന്റ്, കെ.ജെ. ജോണ്, ഷാജി മാനന്തവാടി, പരിതോഷ് കുമാർ, ജോസ് അന്പലവയൽ, ജിൻസണ് കൽപ്പറ്റ, ജോമറ്റ് പുൽപ്പള്ളി, എൽദോസ് മണൽവയൽ, സാബു വാകേരി, സണ്ണി ചൂരിമല എന്നിവർ പ്രസംഗിച്ചു.
District News
മതിലകം: കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം; വൈദ്യുതി വിതരണം മുടങ്ങിയത് മണിക്കൂറുകളോളം.
ഇന്നലെ അതിരാവിലെ തീരദേശമേഖലയിൽ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലുമാണ് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. പെരിഞ്ഞനം വെസ്റ്റ് കൃഷ്ണൻമാസ്റ്റർ സ്കൂളിന് മുമ്പിൽ മരംവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിനു കുറുകെ വീണു. ഇതേത്തുടർന്ന് ഓണപ്പറമ്പ് -നെടുമ്പറമ്പ് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കൂടാതെ വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടു.
മതിലകം മേഖലയിൽ കാർഷികവിളകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ദേശീയപാത 66 മതിലകം മതിൽമൂലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടഭീഷണിയുണ്ടായി. കനത്ത മഴയെത്തുടർന്ന് നിർദിഷ്ട ദേശീയപാത 66 ൽ മൂന്നുപീടിക ബൈപ്പാസിൽ ബീച്ച് റോഡിലെ അടിപ്പാതയിൽ വെള്ളം കയറി. തീരദേശ മേഖലയെ ദേശീയ പാതയുടെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. നിരവധി വാഹനങ്ങളും സ്വകാര്യ ബസ് സർവീസുകളും കടന്നു പോകുന്ന സഞ്ചാര മാർഗത്തിൽ വെള്ളം കയറിയതോടെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.
മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയിൽ വെള്ളം കയറിയതു വരാനിരിക്കുന്ന വർഷക്കാലത്തെ യാത്രാദുരിതത്തിലേക്കാണ് പ്രദേശവാസികൾ വിരൽ ചൂണ്ടുന്നത്. അടിപ്പാതനിർമാണം പൂർത്തിയാക്കി പൂർണതോതിൽ യാത്രക്കായി തുറന്നുകൊടുക്കുന്ന ഘട്ടത്തിൽ അടിപ്പാതയിൽനിന്ന് കാനയിലേക്ക് സുഗമമായ നീരൊഴുക്ക് സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ച് കാൽ നടയാത്രയും വാഹനയാത്രയും സാധ്യമാകുന്ന അവസ്ഥ സൃഷ്ടിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
District News
കുന്നമംഗലം: ശക്തമായ കാറ്റിലും മഴയിലും ചാത്തമംഗലം, പെരുമണ്ണ മേഖലയിൽ വ്യാപകമായ കൃഷി നാശം.നേന്ത്രവാഴ കർഷകരെയാണ് കാറ്റ് ഏറ്റവും കൂടുതൽബാധിച്ചത്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ, ഇഷ്ടിക ബസാർ,വിരിപ്പിൽ,കോട്ടോയിൽ താഴം, സങ്കേതം എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും ഉണ്ടായത്. വിഷുവിപണി പ്രതീക്ഷിച്ച് ചെയ്ത നേന്ത്രവാഴക്കൃഷിയാണ് ഒടിഞ്ഞുവീണത്. ഇതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.