നെടുംകുന്നം: വീശിയടിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും നെടുംകുന്നം മേഖലയിൽ വ്യാപക നാശനഷ്ടം. മേഖലയിൽ വീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീടുകൾ തകരുകയും പെരുമഴയിൽ ഉയർന്ന വെള്ളം നിരവധി കൃഷിയിടങ്ങളിൽ കയറി കാർഷിക വിളകൾ നശിക്കുകയും ചെയ്തു.
നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വ്യാപക നാശമാണ് സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു. വൈദ്യുത ലൈനുകളിൽ മരം വീണ് വിദ്യൂത്ഛക്തിവിതരണം തടസപ്പെട്ടു.
നെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണിയിൽ ആഞ്ഞിലി മരം കടപുഴകി ആലുങ്കൽ എ.എം.ജോണിന്റെ വീടിന് മുകളിലേക്ക് വീണു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുളിമൂട്ടിൽ ജിജോ സണ്ണി (45)ന് പരുക്കേറ്റു. ജിജോ സണ്ണിയുടെ ഭാര്യ ലൂസി, മക്കളായ ജോഷ്വ, ജോന, ജോയൽ എന്നിവർ മറ്റൊരു മുറിയിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നു. ആര്യാട്ടുകുഴി ശ്രീനിവാസിൽ മുരളീധരന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
കങ്ങഴ പഞ്ചായത്തിലെ അരീക്കൽ മന്ത്രിക്കൽ സുമതിയുടെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ പറന്നു പോയി. വീട്ടു സാധനങ്ങൾ മഴ വെള്ളം വീണ് നശിച്ചു. പരുത്തിമൂട് മന്ത്രിക്കൽ ചാക്കോയുടെ വീടിന്റെ മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. തണ്ണിപ്പാറ ഇരട്ടത്താന്നിക്കൽ തോമസിന്റെ ആട്ടിൻകൂടും പശുക്കൂടും മരം വീണ് തകർന്നു.
ഒപ്പം 200 മൂട് കപ്പ, 50 ഏത്തവാഴ എന്നിവയും നശിച്ചു. പരുത്തിമൂട് തോട്ടത്തിൽ സുധീർ, കൊല്ലംപറമ്പിൽ സുനിൽകുമാർ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. നെടുംകുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ ആര്യാട്ടുകുഴിഭാഗത്ത് കോഴി മണ്ണിൽ ബിജു ജോസഫിന്റെ പുരയിടത്തിൽ വെള്ളം കയറി 150 ലേറെ ഏത്തവാഴകൾ നശിച്ചു.നാശനഷ്ടമുണ്ടായ നെടുംകുന്നം പഞ്ചായത്തിലെ പ്രദേശങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൺ ഇടത്തിനകം, സെക്രട്ടറി ഗംഗ വി.എം, വില്ലേജ് ഓഫീസർ ദീപുരാജ് തുടങ്ങിയവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.