രക്ഷപ്പെട്ടതിന് ശേഷം ഷിഹാബ് എടുത്ത ആനയുടെ ചിത്രം.
എടക്കര: കാട്ടാനയുടെ മുന്പിൽ അകപ്പെട്ട ബൈക്ക് യാത്രികരായ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അറന്നാംപാടം തീക്കടി പറമ്പില്‍ ഷിഹാബും ഭാര്യയുമാണ് കാട്ടുകൊമ്പന്റെ മുന്‍പില്‍നിന്ന് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. നല്ലംതണ്ണി പുതിയങ്ങാടിയിലുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ ഫെന്‍സിംഗിന് സമീപമാണ് കാട്ടാന നിന്നിരുന്നത്. തുമ്പിക്കൈ ഉയര്‍ത്തിയാല്‍ ആക്രമിക്കാനുള്ള അകലം മാത്രമാണ് ആനയും ഷിഹാബും തമ്മിലുണ്ടായിരുന്നത്.
ആനയെ കണ്ടതോടെ ഷിഹാബ് ബൈക്ക് നിര്‍ത്തി ഭാര്യയെയും കൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്ക് പോയതിന് ശേഷമാണ് ഇവര്‍ വീട്ടിലേക്ക് പ്രവേശിച്ചത്. രാപകല്‍ വ്യത്യാസമില്ലാതെ കൊമ്പനാനയുടെ സാന്നിധ്യം ഈ വനമേഖലയിലുണ്ട്. ഇക്കാരണത്താല്‍ ഏത് നിമിഷവും ആനയെ പ്രതീക്ഷിച്ചാണ് വിട്ടിലേക്ക് വരുന്നതെന്ന് എടക്കര ടൗണിലെ ഓട്ടോ ഡ്രൈവറായ ഷിഹാബ് പറഞ്ഞു. തീക്കടി പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നത്.
Tags :