പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതി കാലതാമസം കൂടാതെ യാഥാർഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
ഇതിനാവശ്യമായ ഭരണപരവും സാങ്കേതികവുമായ തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. പൊതുതാത്പര്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നത്തിനും ബൈപാസ് അനിവാര്യമാണ്. വിവിധ സർക്കാർ വകുപ്പുകൾക്കിടയിലെ ഏകോപനക്കുറവും ഭരണാനുമതികളിലെ കാലതാമസവും പദ്ധതി അനിയന്ത്രിതമായി നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. ഇത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളും സമയബന്ധിതമായി ലഭിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്മീഷൻ വിലയിരുത്തി.
പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് എൻജിനിയറും റെയിൽവേ ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഏകോപനം നടത്തി ബാക്കിയുള്ള ഭരണാനുമതികളും സാങ്കേതിക അംഗീകാരങ്ങളും കരസ്ഥമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി നേടിയെടുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം കമ്മീഷനെ അറിയിക്കണം. പൊതുപ്രവർത്തകനായ ആരിഫ് ചൂണ്ടയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Nattuvishesham DistrictNews