പ്രതീകാത്മക ചിത്രം
മലപ്പുറം: മലബാര്‍ മേഖലയിലേക്കുള്ള പാചകവാതക സിലിണ്ടര്‍ വിതരണത്തില്‍ ഇപ്പോഴും കാലതാമസം. ചേളാരി എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റില്‍ നിന്നുള്ള പാചക വാതക സിലിണ്ടര്‍ വിതരണത്തിലാണ് കാലതാമസം തുടരുന്നത്. പല ഉപഭോക്താക്കള്‍ക്കും സിലിണ്ടര്‍ ബുക്ക് ചെയ്ത് ഒരു മാസത്തോളം സമയമെടുത്താണ് സിലിണ്ടറുകള്‍ ലഭിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നാണ് പാചകവാതക സിലിണ്ടര്‍ ക്ഷാമം രൂക്ഷമായത്. എന്നാല്‍ പിന്നീട് സിലിണ്ടര്‍ വിതരണത്തില്‍ പ്രതിസന്ധി കുറെയേറെ പരിഹരിച്ചെങ്കിലും പഴയ സാഹചര്യത്തിലേക്കെത്തിയിട്ടില്ല.
ചേളാരി പ്ലാന്റില്‍ നിന്ന് പ്രതിദിനം 120 ലോഡ് വരെ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാറുണ്ട്. പ്ലാന്റിലെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികളും സിലിണ്ടറുകളുടെ ലഭ്യമായ സ്റ്റോക്കില്‍ വന്ന കുറവുമാണ് വിതരണം വൈകാന്‍ ഏജന്‍സികള്‍ പ്രധാന കാരണമായി പറയുന്നത്. ആഗോള വിപണിയിലെ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ കാരണം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചേളാരി പ്ലാന്റില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മുന്‍പുണ്ടായ ബാക്ക്ലോഗ് തീരാൻ സമയമെടുക്കുന്ന സ്ഥിതിയാണ്. ഉപഭോക്താക്കള്‍ ബുക്ക് ചെയ്ത് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഡെലിവറി നടക്കാത്ത സാഹചര്യങ്ങളില്‍ ബുക്കിംഗ് റദ്ദാകുന്നത് പോലുള്ള ചില സാങ്കേതിക മാറ്റങ്ങളും ഏജന്‍സികള്‍ വഴി വിതരണം സാധാരണ നിലയിലാക്കാന്‍ തടസമാകുന്നുണ്ട്.
കാര്യക്ഷമമോ ഈ നിരീക്ഷണ- നിയന്ത്രണ സംവിധാനം
മലപ്പുറം: ചേളാരി ഐഒസി പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം സുഗമമാക്കാനും ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായി നിരീക്ഷണ-നിയന്ത്രണ സംവിധാനം ഏർപ്പെടുത്തി സിവില്‍ സപ്ലൈസ് വകുപ്പും ജില്ലാ ഭരണകൂടവും. എന്നാലിത് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ഓരോ ഗ്യാസ് ഏജന്‍സിയിലും ബുക്കിംഗ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് സിലിണ്ടറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നേരിട്ട് നിരീക്ഷിക്കുന്നതാണ് ഒരു സംവിധാനം. വിതരണം ചെയ്യാനുള്ള സിലിണ്ടറുകള്‍ അനാവശ്യമായി കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഏജന്‍സികളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ റിപ്പ്ട്ടുകള് ശേഖരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ബാക്ക്ലോഗ് കണക്കെടുപ്പ് കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. ഗാര്‍ഹിക സിലിണ്ടറുകള്‍ അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് (ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങള്‍) മറിച്ചുവില്ക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് പരിശോധന നടത്തണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. പൂഴ്ത്തിവയ്പ്പിനെതിരേയുള്ള പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന് ജനങ്ങള്‍ സംശയം ഉന്നയിക്കുന്നു.
എന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ പാലക്കാട് (കഞ്ചിക്കോട്) പ്ലാന്റില്‍ നിന്നോ കൊച്ചി, കോയമ്പത്തൂര്‍ പ്ലാന്റുകളില്‍ നിന്നോ മലബാറിലെ ഏജന്‍സികളിലേക്ക് നേരിട്ട് സിലിണ്ടറുകള്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്.
പരാതികള്‍
ഉന്നയിക്കാം
മലപ്പുറം: പാചക വാതക വിതരണ ഏജന്‍സികള്‍ സിലിണ്ടര്‍ നല്കാന് അനാവശ്യമായി കാലതാമസം വരുത്തുകയോ അധിക തുക ഈടാക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഹെല്പ്പ്ലൈന്: 18002333555 അല്ലെങ്കില്‍ 180022434നമ്പറുകളില്‍ പരാതി ഉന്നയിക്കാം.
Tags :