രാമപുരം: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും രാമപുരത്ത് അഞ്ചുകോടിയിൽപ്പരം രൂപയുടെ കൃഷിനാശം. 20 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം നേരിട്ടു. വീടുകൾക്കു തന്നെ 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഏഴാച്ചേരി മാരൂര്‍ ദേവസ്യ, വെള്ളിലാപ്പള്ളി കതിരോലില്‍ സിന്ധു വാസുദേവന്‍, താഴാനിയില്‍ മോളി രാജു എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മരം വീണ് വെള്ളിലാപ്പള്ളി പായനാല് ഷാജി കുമാര്‍, പനച്ചേപ്പള്ളില് സോണി ബേബി, തറപ്പില്‍ ടി.ഡി. രാമകൃഷ്ണന്, രാഗം ബാലമുരളി, കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായര്‍, ശ്രൂലംകുളത്ത് രാമകൃഷ്ണന് നായര്‍, മുണ്ടപ്പള്ളില്‍ അശോകന്, മണിയാംപാറ ഡെസി രാജു, മണിയാംപാറ ജോണ്സണ്, മുതലശേരില് എം.ജെ. തോമസ്, ശൗര്യംകുഴിയില്‍ അശോകന്, മനോജ് തടത്തില്‍, മുളയിങ്കല്‍ ലിസി ബേബി, മുതുവല്ലൂര്‍ ഏലിക്കുട്ടി, സെബാസ്റ്റ്യന്‍ മുതവല്ലൂര്‍, കുര്യന് മുതുവല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്കു മരം വീണ് ഭാഗികമായി കേടുപാട് സംഭവിച്ചു. കൂടപ്പിലം മഴുവണ്ണൂര്‍ ഓമന മോഹനന്റെ വീടിന്റെ ഭിത്തി ഇടിമിന്നലേറ്റ് തകരുകയും വയറിംഗ് കത്തി നശിക്കുകയും ചെയ്തു.
രാമപുരത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനും കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായരുടെ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്. രാമപുരം-കൂത്താട്ടുകുളം റോഡില്‍ വിവിധ സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതിലൈനുകള്‍ പൊട്ടിയ നിലയിലാണ്. ഇതുമൂലം പഞ്ചായത്തിന്റെ പല ഭാഗത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വെള്ളിലാപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം മേഖലകളില്‍ പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാശനഷ്ട സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ക്ക് നിയുക്ത എംഎൽഎ മാണി സി. കാപ്പന് നിര്‍ദേശം നല്കി.
Tags : nattu vishesham Wind and rain Crop damage Ramapuram