Sports
അറ്റലാന്റ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഇംഗ്ലണ്ട്. അറ്റലാന്റയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്.
മത്സരത്തിൽ കോംഗോയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയാണ് കോംഗോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
എന്നാൽ 75-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് 86-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി കെയ്ൻ ടീമിന്റെ വിജയം ഉറപ്പിച്ചു.
International
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള പകർച്ചവ്യാധി ഉന്മൂലനം ചെയ്യാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് റെഡ്ക്രോസ്. പകർച്ചവ്യാധി അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ല.
പകർച്ചവ്യാധി മേഖലയിൽ പ്രവർത്തിക്കുന്ന റെഡ്ക്രോസ് പ്രവർത്തകർ പ്രദേശവാസികളിൽനിന്ന് ആക്രമണവും ഭീഷണിയും നേരിടുന്നതായി സംഘടനയുടെ ഓപ്പറേഷൻസ് മാനേജർ ബ്രൂണോ മിച്ചോൺ പറഞ്ഞു.
കോംഗോയിലെ മൂന്നു പ്രവിശ്യകളിൽ രോഗം വ്യാപിക്കുന്നുണ്ട്.എണ്ണൂറിനു മുകളിൽ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 192 പേർ മരിച്ചു.
International
ബുനിയ: കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിൽ എബോള വൈറസ് പടരുന്നു. അതീവ മാരകവും അപൂർവവുമായ ഇനത്തിൽപ്പെട്ട വൈറസാണു മേഖലയിൽ പടരുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോഡ് അഥോനം ഗെബ്രിയേയസ് ശനിയാഴ്ച കോംഗോയിലെ ബുനിയയിലെത്തി.
എബോള വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ബുനിയയിലെ ചികിത്സാകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കും. പ്രദേശിക ഭരണകൂടം, ആരോഗ്യപ്രവർത്തകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രങ്ങത്തിൽത്തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണു നിലവിലുള്ള ഏറ്റവും വലിയ പോംവഴിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നിലവിൽ കോംഗോയിൽ പടർന്നുപിടിക്കുന്ന ബുന്ദബുഗ്യോ എന്ന അപൂർവഇനം എബോളയ്ക്ക് നിലവിൽ അംഗീകൃത വാക്സനിനോ ചികിത്സയോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 906 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 223 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ നൽകിയ അടിയന്തര മെഡിക്കൽ സഹായങ്ങൾ വ്യാഴാഴ്ച ഇറ്റൂരിൽ എത്തിയിരുന്നു. ഇതിനു പുറമേ അമേരിക്ക 80 ദശലക്ഷം ഡോളറിന്റെ അധിക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
International
ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 906 പേർക്ക് എബോള ബാധിച്ചുവെന്ന് കരുതുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മരണം സംഭവിച്ച 223 കേസുകളും ഇതിൾ ഉൾപ്പെടുന്നു. അയൽരാജ്യമായ ഉഗാണ്ടയിൽ ഏഴു പേർക്കാണു രോഗം പിടിപെട്ടത്. ഇതിൽ ഒരാൾ മരണപ്പെട്ടു.
എബോള അതിവേഗം പടർന്നുപിടിക്കുന്നുവെന്നാണു കോംഗോയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗം നേരത്തേ നിർണയിക്കാനായാൽ മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ പറഞ്ഞു.
കോംഗോയിൽ പടരുന്നയിനം എബോള രോഗത്തിനു വാക്സിൻ കണ്ടെത്താനായിട്ടില്ല.
International
കിൻഷാസ: എബോള വ്യാപനം രൂക്ഷമായ കിഴക്കൻ കോംഗോയിൽ ആശുപത്രി ആക്രമിച്ച് രോഗികളുടെ ബന്ധുക്കൾ. ആയുധധാരികളായ യുവാക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി വെടിവയ്പ് നടത്തി.
എബോള ബാധിച്ചു മരിച്ച ബന്ധുക്കളായ രണ്ടു പേരുടെ മൃതദേഹം കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മോൻബ്ഗ്വാലു ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആശുപത്രികൾക്കു നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.
ശനിയാഴ്ച മൊങ്ബ്വാലുവിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച എബോള ടെന്റ് നാട്ടുകാർ ആക്രമിച്ചു തീയിട്ടിരുന്നു. എബോള സംശയിക്കുന്ന 18 പേർ ഇവിടെനിന്നു കടന്നുകളഞ്ഞിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
വ്യാഴാഴ്ച റ്വാംപാര പട്ടണത്തിലെ ചികിത്സാകേന്ദ്രവും തീയിട്ടു നശിപ്പിച്ചു. എബോള സംശയിച്ചു മരിച്ച പ്രദേശവാസിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതാണു പ്രകോപനത്തിനു കാരണം.
എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽനിന്നു രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സംശയാസ്പദ മരണങ്ങളുണ്ടായാലും സംസ്കാരം സർക്കാർ നിയന്ത്രണത്തിലാണ് നടത്തുന്നത്. ഇതാണ് പ്രതിഷേധത്തിനു കാരണം.
National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലുമായി എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയതായി സംശയിക്കുന്നതായും 600-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനം നിരീക്ഷിക്കാനും രാജ്യത്തെ സജ്ജീകരണങ്ങൾ വിലയിരുത്താനുമായി കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു.
അന്താരാഷ്ട്ര തലത്തിൽ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും, ഇതിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ആഗോളതലത്തിൽ നിലവിൽ കേസുകൾ കുറവായതിനാൽ ഭീതിയുടെ സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
മുൻകരുതലുമായി കേന്ദ്രം
എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. എബോള ലക്ഷണങ്ങളുമായി എത്തുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. രോഗനിർണയത്തിനുള്ള പ്രത്യേക ലാബ് സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും രാജ്യത്ത് സജീവമാക്കിയിട്ടുണ്ട്.
കോംഗോയിലെ പ്രധാന സ്വർണ ഖനന മേഖലകളായ മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതീവ അപകടകാരിയായ എബോള വൈറസ് പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ് പകരുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമായതിനാൽ കടുത്ത ജാഗ്രത തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
International
ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അപൂർവയിനം എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി. എന്നാൽ, നിലവിലെ സാഹചര്യം ഒരു 'ആഗോള മഹാമാരി' ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ വ്യാപകമായ പരിശോധനകളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടത്തിവരികയാണ്.
ആഫ്രിക്കൻ യൂണിയന്റെ ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സിഡിസി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 87 പേരാണ് ഇതിനകം മരണപ്പെട്ടത്. സമൂഹത്തിൽ വൈറസ് അതിവേഗം പടരുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 336 സംശയാസ്പദമായ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ നാല് പേർ മരണപ്പെട്ടു.
കോംഗോയിലെ മുൻകാല എബോള വ്യാപനങ്ങളിൽ കണ്ടിട്ടുള്ളതിനേക്കാൾ തീവ്രത കുറഞ്ഞ, എന്നാൽ അപൂർവമായ 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബ സ്ഥിരീകരിച്ചു. 1976-ൽ എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ എബോള വ്യാപനമാണിത്.
International
കിന്‍ഷാസ (കോംഗോ): കോംഗോയില്‍ വീണ്ടും പുതിയ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. 246 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.
മോങ്വാലു, റുവാമ്പാറ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും പുതിയ എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
International
ഗോമ: കിഴക്കന്‍ കോംഗോയില്‍ വീണ്ടും ഖനി ദുരന്തം. ചൊവ്വാഴ്ചയുണ്ടായ ഖനി അപകടത്തില്‍ 200 പേര് മരിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ചു പേര് മാത്രമാണ് മരിച്ചതെന്നാണ് ഖനികള്‍ നിയന്ത്രിക്കുന്ന എം23 വിമത ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫാനി കാജിന്റെ വാദം.
മണ്ണിടിച്ചില്‍ ഉണ്ടായില്ലെന്നും ബോംബ് ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും ഫാണി കാജ് അവകാശപ്പെട്ടു. അതേസമയം, ഖനിത്തൊഴിലാളിയായ ഇബ്രാഹിം താലുസെകെ പ്രദേശത്തുനിന്ന് 200ലധികം മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചതായി പറഞ്ഞു.
കഴിഞ്ഞ മാസമുണ്ടായ സമാനമായ ഖനി അപകടത്തിൽ 200ലധികം പേര് മരിച്ചിരുന്നു. ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് റുബായ ഖനി സ്ഥിതി ചെയ്യുന്നത്.
എം23, കോംഗോ റിവര്‍ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
International
കിൻഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) റുബായയിലുള്ള കോൾട്ടൻ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 200 ൽ അധികം പേർ മരിച്ചു.
മരിച്ചവരിൽ അധികം പേരും ഖനി തോഴിലാളികളും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഖനി തകരാൻ കാരണമായതെന്നും 227 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോകത്തിലെ കോൾട്ടൺ ഉൽപാദനത്തിന്റെ 15 ശതമാനത്തോളവും ഈ ഖനിയിൽ നിന്നാണ് ലഭിക്കുന്നത്.
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്റോസ്പേസ് ഘടകങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ടാന്റലത്തിന്റെ പ്രവർത്തനം നടക്കുന്നത് ഇവിടെയാണ്.
International
കിന്‍ഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഞ്ചു ക്രൈസ്തവരെ തലയറത്തു കൊന്നു. നോര്‍ത്ത് കിവു ജില്ലയിലെ ലുബെറോയില് ജനുവരി 24നാണ് നിഷ്ഠുര കൃത്യം അരങ്ങേറിയത്.
ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രൊവിന്‍സ് (ഐഎസ് സിഎപി) ഭീകരര്‍ 25 പേരെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിഎഫ് എന്നും ഐഎസ്സിഎപി ഭീകരര്‍ അറിയപ്പെടുന്നു.
ഒരു ക്രൈസ്തവ ദേവാലയവും ഒരു ഹെല്‍ത്ത് സെന്ററും 63 വീടുകളും ഭീകരര്‍ തീവച്ചു നശിപ്പിച്ചു. പ്രദേശത്തെ ഭൂരിഭാഗം പേരും പലായനം ചെയ്തു. ഗ്രാമങ്ങള്‍തോറും ഭീകരര്‍ ആക്രമണം നടത്തിവരികയായിരുന്നു. ലുബെറോ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.
ക്രൈസ്തവ ഭൂരിപക്ഷരാജ്യമായ കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 2024 ഡിസംബറിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ എണ്ണൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
ലുബെറോ ജില്ലയിലെ ബുകിയയില് ജനുവരി 16ന് അഞ്ച് അവിശ്വാസികളുടെ തലയറത്തുവെന്ന് ഭീകരര്‍ അവകാശപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മാഫ് വിയില്‍ ഏഴും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 23ന് വ്യത്യസ്ത ആക്രമണങ്ങളിലായി ആറു ക്രൈസ്തവര്കൂടി കൊല്ലപ്പെട്ടു.