District News
പാലാ: ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാന്‍ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒന്‍പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 ന് മുന്‍പ് പ്രഖ്യാപനം നടക്കും.
പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികള്‍ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന ഇല്ലെന്ന് ഉറപ്പു വരുത്തുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ പുകയില നിയന്ത്രണ സമിതിയുടെ തീരുമാനപ്രകാരം ആണ് ആരോഗ്യവകുപ്പ് പ്രഥമാധ്യാപകരുടെ യോഗം സംഘടിപ്പിച്ചത്.
മറ്റു വിദ്യാഭ്യാസ ഉപജില്ലകളിലും സമാന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഡിഇഒ സത്യപാലന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.ജെ. സിത്താര, ഉള്ളനാട് ഹെല്‍ത്ത് സൂപ്രണ്ട് മനോജ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാജു ഇട്ടി എന്നിവര്‍ പങ്കെടുത്തു.
District News
കണ്ണൂർ: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് ആശങ്ക ശക്തമാകുന്നു. പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവിലെ കണക്ക് പ്രകാരം രണ്ടാഴ്ചക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം 7230 പേർ പനിക്ക് ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തിയവരുടെ എണ്ണത്തിലും ദിനം പ്രതി വർധനവുണ്ട്. ഈ മാസം ഇതുവരെയായി 190 പേർ ഡെങ്കി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ, ഇവരിൽ 27 പേർക്ക് രോഗം സ്ഥിതികരിച്ചു. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും, മഞ്ഞപ്പിത്തവും സ്ഥിതികരിച്ചിട്ടുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ പനിയുമായി ബന്ധപ്പെട്ട കണക്കുകൾ മാത്രമാണിത്.
സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകും.ജില്ലയിൽ പനി വ്യാപനത്തോടൊപ്പം പനി മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാനൂർ മേഖലയിലാണ് രണ്ടുപേർ പനി ബാധിച്ച് മരിച്ചത്. പാനൂർ സ്വദേശിനി റിയയ്ക്ക് പനി മൂർച്ഛിച്ച് മെനിഞ്ചൈറ്റസായി മരണം സംഭവിച്ചു. കൂടാതെ പാനൂരിലെ ശ്യാം പ്രസാദും പനി ബാധിച്ച് മരിച്ചിരുന്നു.പ്രദേശത്ത് പനി വ്യാപനം ശക്തമായതോടെ ജനങ്ങൾ ആശങ്കയിലാണ്. മറ്റ് ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്താകെ രണ്ടാഴ്ചയ്ക്കകം 133847 പേർ പനിക്ക് ചികിത്സ തേടിയെത്തിയതായാണ് കണക്കുകൾ. 2608 പേർ ഡെങ്കി രോഗ ലക്ഷണവുമായെത്തിയപ്പോൾ 707 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.
കാല വർഷം എത്തിയതോടെയാണ് രോഗം വ്യാപകമായത്. കൊതുക് വഴിയാണ് കൂടുതൽ രോഗങ്ങളും പടരുന്നത്. മഴക്കാലത്ത് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയും പരിസര ശുചിത്വം പാലിച്ചും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
District News
കോട്ടയം: ലോകം ഒരു പന്തിനു ചുറ്റും കറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ് എല്ലാവരും. ജില്ലയും കാല്‍പ്പന്താരവത്തില്‍ അലിഞ്ഞുകഴിഞ്ഞു. കോരിച്ചൊരിയുന്ന മഴയുടെ ചെറുതണുപ്പില്‍ കാല്‍പ്പന്തുകളിയുടെ ചൂടും ആവേശവും നിറയും. രണ്ടുമാസം മുമ്പു നടന്ന ആവേശപ്പോരാട്ടത്തില്‍ ജില്ലയിലെ ഒമ്പത് എംഎല്‍എമാരും പന്തുകളി ആവേശത്തിലാണ്.
പൊതുപ്രവര്‍ത്തന തിരക്കിനിടയിലും മത്സരങ്ങള്‍ കാണാന്‍ ഒരുങ്ങിയിരിക്കുകയാണ് എല്ലാവരും. ചിലരാകട്ടെ സ്കൂള്‍, കോളജ് കാലഘട്ടത്തില്‍ ഫുട്ബോള്‍ താരങ്ങളുമായിരുന്നു. അര്‍ജന്റീനയും ബ്രസീലുമാണ് മിക്കവരുടെയും ഇഷ്ട ടീം. മെസിയും റൊണാള്‍ഡോയുമാണ് ഇഷ്ടതാരങ്ങള്‍.
സ്പീക്കര്‍ അര്‍ജന്റീന ഫാന്‍
ഫുട്ബോളിന്റെ ഒരു സ്റ്റൈല്‍ എന്നു പറഞ്ഞാല്‍ അര്‍ജന്റീനയാണ്. എനിക്ക് പണ്ടുമുതലേ അര്‍ജന്റീന ടീമിനെയാണ് ഇഷ്ടം. അവരുടെ ഒത്തൊരുമയും ഷൂട്ടിംഗും പാസിംഗുമൊക്കെ അത്ഭുത കാഴ്ചയാണ്. എംടി സ്കൂള്‍ പഠനകാലത്ത് ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. നിയമസഭാ സമ്മേളനത്തിരക്കുണ്ടെങ്കിലും പരമാവധി മത്സരങ്ങള്‍ കാണും. അര്‍ജന്റീനയുടെ കളി മുടക്കില്ല.
മന്ത്രി മോന്‍സ് പോര്‍ച്ചുഗലിനൊപ്പം
പോര്‍ച്ചുഗല്‍ ടീമിന്റെ ആരാധകനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പട ഇത്തവണ കപ്പ് നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. തിരക്കിനിടയിലും മത്സരം കാണണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മാണി സി. കാപ്പന്
വോളിബോൾ താരമാണെങ്കിലും ഫുട്ബോളിനോടും നല്ല കമ്പമാണുള്ളത്. ബ്രസീല്‍ ടീമിനെയാണ് ഇഷ്ടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സിനാണ് ഇത്തവണ സാധ്യത. എംബപ്പെയാണ് ഇഷ്ടതാരം. മത്സരം എല്ലാംതന്നെ മുടങ്ങാതെ കാണണമെന്നാണ് ആഗ്രഹം.
ചാണ്ടി ഉമ്മന്‍
അര്‍ജന്റീനയാണ് എന്റെ ടീം, മെസിയാണ് ഇഷ്ടതാരം. ക്വാര്‍ട്ടര്‍ മത്സരം മുതല്‍ പുതുപ്പള്ളിയില്‍ ബിഗ് സ്ക്രീനില്‍ മത്സരം കാണുന്നതിനുള്ള സൗകര്യമൊരുക്കും.
നാട്ടകം സുരേഷ്
സ്കൂള്‍, കോളജ് കാലഘട്ടം മുതല്‍ ഫുട്ബോള്‍ ഒരു ലഹരിയായിരുന്നു. മെസി ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയോടാണ് താത്പര്യം. ഇത്തവണയും അവര്‍ കപ്പ് കൊണ്ടുപോകും. സമയപരിമിതിയുണ്ടെങ്കിലും മത്സരങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചിരുന്നു കാണണമെന്നാണ് ആഗ്രഹം.
പ്രഫ. റോണി കെ. ബേബി
ഇത്തവണ ലോകകപ്പ് മത്സരം കൂടുതല്‍ ആവേശത്തില്‍ കാണാന്‍ വലിയ ഒരു ടിവിതന്നെ വാങ്ങി. അന്നും ഇന്നും ബ്രസീലാണ് എന്റെ ടീം. മഞ്ഞപ്പടയുടെ കാല്‍പ്പന്താരവത്തിന് ലോകം കാത്തിരിക്കുകയാണ്, ഒപ്പം ഞാനും.
വിനു ജോബ്
ഫ്രാന്‍സ് ഇത്തവണ കപ്പ് നേടും. എനിക്ക് ഫ്രാന്‍സ് ടീമിനോടാണ് ഇഷ്ടം. എംബപ്പെയുടെ മാസ്മരിക നീക്കങ്ങൾ കാണേണ്ടതല്ലേ. ഫ്രാന്‍സ് ടീമിന് ഒത്തൊരുമയുണ്ട്. ടീം സ്പ്രിറ്റുണ്ട്. സമയപരിമിതികള്‍ ഒരുപാടുണ്ട്. എങ്കിലും പരമാവധി മത്സരങ്ങള്‍ കാണണം.
എം.ജെ. സെബാസ്റ്റ്യന്‍
ബ്രസീല്‍, അര്‍ജന്റീന ടീമുകളെ ഒരേപോലെ ഇഷ്ടമാണ്. ചെറുപ്പം മുതലേ സ്പോര്‍ട്സ് രംഗത്ത് സജീവമാണ്. ഫുട്ബോള്‍ സ്പിരിറ്റ് ഇപ്പോഴുമുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഫുട്ബോള്‍ മത്സരങ്ങള്‍ മുഴുവന്‍ കാണും.
കെ. ബിനിമോന്
ബ്രസീല്‍ ആരാധകനാണ്. റൊണാള്‍ഡോ ഫാനുമാണ്. ചെറുപ്പം മുതലേ ഫുട്ബോള്‍ കളിക്കുന്നയാളാണ്. ഇപ്പോള്‍ സമയം കിട്ടുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നല്ല തിരക്കാണ്. എങ്കിലും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തും.
District News
ഇടുക്കി: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി. നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അശാസ്ത്രീയമായ ഫീസ് വര്‍ധന ചെറുകിട ലാബുകളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഇടപ്പെട്ട് ഇതിന് പരിഹാരം കാണണമെന്നും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്കുമാര് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി. പ്രവീണ്‍ ലാല്‍, സിനോജ് മാത്യു, ഷിനി ശ്രീനിവാസ്, സുഗേഷ് കുമാര്‍, അജോ വര്‍ഗീസ്, ഉമേഷ് കുമാര്‍, ഷാനവാസ് ഖാന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ബി.അഭിലാഷ് - പ്രസിഡന്റ്, പി. പ്രവീണ്‍ ലാല്‍- സെക്രട്ടറി, സിനോജ് മാത്യു- ട്രഷറര്‍, ഷാനവാസ് ഖാന്- വൈസ് പ്രസിഡന്റ് , ഷിനി ശ്രീനിവാസ് - ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Kerala
കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (9/6/26) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
തൃശൂർ: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയാറെടുക്കുകയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം.
വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം.
വനിത - യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു.
വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്.
District News
ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി സംസ്ഥാന പോലീസിനു പുറമെ കേന്ദ്രസേനയില്‍നിന്ന് 300 ഓളം ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കും. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ 3000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തമിഴ്നാട് പോലീസും സുരക്ഷയ്ക്കെത്തുന്നുണ്ട്. 1852 സ്പെഷല്‍ പോലീസും 94 ഗ്രൂപ്പ് പട്രോളിംഗ് സംഘവും കര്‍മനിരതരാകും. ഓരോ സംഘത്തിലും ചിത്രീകരണം നടത്താന്‍ കാമറ ടീമും ഉണ്ടാകും. സ്റ്റേഷന്‍തലത്തില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിംഗ് സംഘങ്ങളും ക്യു ആര് ടി ടീമുമുണ്ട്. ആറ് ഇലക്ഷന് സബ് ഡിവിഷനുകളിലായി 1989 ബൂത്തുകളാണുള്ളത്.
എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ആറ് ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കുറുപ്പംപടി പോലീസ് സ്റ്റേഷനു കീഴില്‍ പൊങ്ങന്‍ചുവട്, കുട്ടന്പുഴ സ്റ്റേഷനു കീഴില്‍ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നിവയാണിത്. ഇവിടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വാര്‍ത്താവിനിമയ സംവിധാനങ്ങളും സജ്ജീകരിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗം ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി വി.കെ. രാജു അധ്യക്ഷത വഹിച്ചു.
District News
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൊല്ലം ജില്ലയിൽ പൂർത്തിയായി. 11 നിയമസഭാ മണ്ഡലങ്ങളിലായി 20,87,992 വോട്ടർ മാരാണ് ജില്ലയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 998167 പേർ പുരുഷന്മാരും 10,89,804 പേർ സ്ത്രീകളും 21 പേർ ട്രാൻസ്ജെൻഡർമാരുമാണ്.
കന്നി വോട്ടർമാരായി 27,265 പേരും 18,917 പേർ ഭിന്നശേഷി വോട്ടർമാരും 85 വയസിനു മുകളിൽ പ്രായമുള്ള 16029 വോട്ടർമാരുമാണുള്ളത്. ഒന്‍പതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിനുമായി നാലു പൊതുനിരീക്ഷകരെയും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ പരിശോധന, തുടർ നടപടികൾ എന്നിവയ്ക്കായി മൂന്നു ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കാലത്തെ ക്രമസമാധാന പാലനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി പോലീസ് നിരീക്ഷകനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. എസ്.ഹോണമ്പ് , ദീപക് ആനന്ദ്, കുൽദീപ് ചൗധരി, കെ.എ ദയാനന്ദ എന്നിവരാണ് പൊതു നിരീക്ഷകർ.
അനുരാധ സോളങ്കി, ജോത്സ്യനാ ദേവി, ഭടാനെ സച്ചിൻ ഗുലാബ്റാവ് എന്നിവരാണ് ചെലവ് നീരീക്ഷകർ. പ്രിയബ്രത റോയ് ആണ് പോലീസ് നിരീക്ഷകൻ.
ജില്ലയിൽ നിയോജകമണ്ഡലങ്ങളിലെ 1094 ലൊക്കേഷനുകളിലായി ആകെ 2256 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്.440 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമപ്രദേശങ്ങളിലും 1816 പോളിംഗ് സ്റ്റേഷനുകൾ നഗരപ്രദേശങ്ങളിലുമാണ്.
ജില്ലയിൽ ആകെ 55 മാതൃകാ പോളിംഗ് സ്റ്റേഷനുകളും 13 പിങ്ക് പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം നിയോജക മണ്ഡലത്തിലെ ഇൻഫന്റ് ജീസസ് സ്കൂൾ അന്തർദേശീയ നിലവാരങ്ങളുളള മോഡൽ പോളിംഗ് സ്റ്റേഷൻ ആയി ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 189 ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളും 373 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളുമുണ്ട്.ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 59 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പോളിംഗ് ഉദ്യോഗസ്ഥർ
ജില്ലയിൽ ആകെ 2712 പ്രിസൈഡിംഗ് ഓഫീസർമാർ, 2712 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 5424 പോളിംഗ് ഓഫീസർമാർ എന്നിങ്ങനെ ആകെ 10848 പേരെയാണ് പോളിംഗ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.
വിതരണ- സ്വീകരണ കേന്ദ്രങ്ങൾ
വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതൽ ജില്ലയിലെ ഒമ്പത് വിതരണ- സ്വീകരണ കേന്ദ്രങ്ങളിലായി നടക്കും.
സ്ക്വാഡുകൾ
ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. അനധികൃത പണം, ലഹരി, മറ്റു നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനായി പോലീസ്, എക്സൈസ്, മോട്ടോർ വാഹനം, ഇൻകം ടാക്സ്, ജി എസ് ടി തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ പ്രവർത്തിക്കുന്നു.
പ്രധാന റോഡുകൾ, ജില്ലയുടെയും സംസ്ഥാനത്തിന്റെയും അതിർത്തികൾ എന്നിവിടങ്ങളിൽ താത്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായി 33 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 33 ഫ്ലയിംഗ് സ്ക്വാഡുകൾ, പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമായി 12 ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകൾ എന്നിവ പ്രവർത്തിക്കും.
മാതൃക പെരുമാറ്റചട്ട പരിപാലനം
രാഷ്്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും മറ്റു തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകൾ ജില്ലയിൽ ഇതു വരെ നീക്കം ചെയ്തത് 37,445 പ്രചരണ സാമഗ്രികളാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച 104 പോസ്റ്ററുകൾ, 35 ഇതര വസ്തുക്കൾ ഉൾപ്പെടെ പ്രചാരണസാമഗ്രികളും പൊതുസ്ഥലങ്ങളിലുള്ള 22 ചുവരെഴുത്തുകളും 28331 പോസ്റ്ററുകളും 1241 ബാനറുകളും 7841 മറ്റ് പ്രചാരണവസ്തുക്കളും ഉൾപ്പെടെയാണ് നീക്കം ചെയ്തത്.
പെരുമാറ്റച്ചട്ടലംഘനങ്ങൾ തടയുന്നതിനുള്ള ‘സി-വിജിൽ' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച ലഭിച്ച 19,152 പരാതികളിൽ 19033 എണ്ണവും തീർപ്പാക്കി. തെളിവുകളുടെ അഭാവത്തിൽ 107 എണ്ണം തള്ളി. അഞ്ച് സംശയാസ്പദ പെയ്ഡ് ന്യൂസുകളും പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച രണ്ടു പരാതികളും ലഭിച്ചു. ഒന്നിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്ന് കണ്ടെത്തുകയും രണ്ടാം പരാതി തുടർനടപടികൾക്കായി ഫ്ലയിംഗ് സ്ക്വാഡിന് കൈമാറാനും തീരുമാനിച്ചു.
കന്നി വോട്ടർക്ക് ഹൽവ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ വൈകുന്നേരം അഞ്ചിനു കൊല്ലം ചിന്നക്കട ക്ലോക്ക് ടവറു മുതൽ കൊല്ലം ബീച്ച് വരെ തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര നടത്തും. ആദ്യമായി വോട്ടുരേഖപ്പെടുത്താൻ ബൂത്തുകളിൽ എത്തുന്ന യുവതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മധുരസമ്മാനമായി ഹൽവ നൽകും. തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിലായിരിക്കും നടപ്പിലാക്കുക. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മധുരം കൈമാറുക.
District News
കോഴിക്കോട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.
ജില്ലയിലുടനീളം ആകെ 223 പത്രികകളാണ് വിവിധ സ്ഥാനാര്‍ഥികളില്‍ നിന്നായി ലഭിച്ചത്. ആകെ 141 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് പേരാമ്പ്ര, കൊടുവള്ളി മണ്ഡലങ്ങളിലാണ്; 22 പത്രികകള്‍ വീതം ഇവിടെ ലഭിച്ചു. ഏറ്റവും കുറഞ്ഞ പത്രികകള്‍ ലഭിച്ചത് ബാലുശ്ശേരി (11) മണ്ഡലത്തിലാണ്.വിവിധ മണ്ഡലങ്ങളിലെ പത്രികകളുടെയും സ്ഥാനാര്‍ഥികളുടെയും എണ്ണം യഥാക്രമം ചുവടെ:
വടകര: 16-12, കുറ്റ്യാടി: 15-9. നാദാപുരം:15-10, കൊയിലാണ്ടി: 13-7,പേരാമ്പ്ര: 22-12, ബാലുശേരി: 11-7,എലത്തൂര്‍: 21-12, കോഴിക്കോട് നോര്‍ത്ത്: 21-13, കോഴിക്കോട് സൗത്ത്: 14-7, ബേപ്പൂര്‍: 17-13, കുന്നമംഗലം: 17-11, കൊടുവള്ളി: 22-18, തിരുവമ്പാടി: 19-10.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പിന്നാലെ തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർഥികൾ കളത്തിൽ. മണലൂർ, തൃശൂർ, കയ്പമംഗലം, നാട്ടിക എന്നിവിടങ്ങളിൽ ഒഴികെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും.
മണലൂരിൽ സിപിഎമ്മിലെ മുരളി പെരുനെല്ലിക്കു പകരം 2011ൽ പുതുക്കാടുനിന്ന് മത്സരിച്ചു മന്ത്രിയായ പ്രഫ. സി. രവീന്ദ്രനാഥ് എത്തും. തൃശൂരിൽ സിപിഐ സ്ഥാനാർഥിയായി കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായി ആലങ്കോട് ലീലാകൃഷ്ണൻ, കയ്പമംഗലത്ത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ. വത്സരാജ്, നാട്ടികയിൽ സി.സി. മുകുന്ദനു പകരം ഗീതാ ഗോപി എന്നിവരെയും പ്രഖ്യാപിച്ചു.
മറ്റു സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർതന്നെ മത്സരിക്കും. ചേലക്കര- യു.ആർ. പ്രദീപ്, ഗുരുവായൂർ- എൻ.കെ. അക്ബർ, കുന്നംകുളം- എ.സി. മൊയ്തീൻ, വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പിള്ളി, ഒല്ലൂർ- അഡ്വ. കെ. രാജൻ, പുതുക്കാട്- കെ.കെ. രാമചന്ദ്രൻ, ഇരിങ്ങാലക്കുട- ആർ. ബിന്ദു, കൊടുങ്ങല്ലൂർ- വി.ആർ. സുനിൽ കുമാർ എന്നിവരാകും സ്ഥാനാർഥികൾ.
ഇടതുമുന്നിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-മാണി വിഭാഗം മത്സരിക്കുന്ന ചാലക്കുടിയിലാണ് സ്ഥാനാർഥിയാരെന്ന് അറിയേണ്ടത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സിപിഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ തൃശൂർ നഗരത്തിൽ റോഡ് ഷോ നടത്തി. കവിയെന്നതിനുപരി എല്ലാക്കാലത്തും ഇടതു സഹയാത്രികനായിരുന്നു താനെന്നും തെരഞ്ഞെടുപ്പു ഫലമെത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
Leader Page
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരും ഭൂമി കൈയേറ്റക്കാരും നിയമവിരുദ്ധ നിർമാണക്കാരുമൊക്കെയായി ചാപ്പകുത്തി തുടങ്ങിയിട്ട് നാളുകൾ കുറെയായി. അതിനു തടയിടാൻ കെൽപ്പില്ലാത്ത ഭരണാധികാരികൾ നാടിനു നാണക്കേടാണ്. ലോകത്താകമാനം ഉണ്ടായ കുടിയേറ്റങ്ങൾക്കൊപ്പമാണ് ഹൈറേഞ്ചിലും ജനവാസം ആരംഭിച്ചത്.
1800ൽ ഇന്നത്തെ ഇടുക്കിയിൽ ആളുകളെത്തി കൃഷി തുടങ്ങിയതാണ്. 1822ൽ ഏലം കൃഷിക്കു നിയമപരമായി സ്ഥലം അനുവദിച്ചിട്ടുള്ള നാടാണിത് (1822ലെ രാജവിളംബരം). വൈദ്യുതിയിലും നാണ്യവിള സന്പത്തിലും കായികരംഗത്തും വ്യവസായ-വാണിജ്യ മേഖലകളിലും കേരളത്തിന് ഈടുറ്റ സംഭാവനകൾ നൽകുന്ന ജനങ്ങൾ വസിക്കുന്ന ഭൂപ്രദേശത്തെയും ജനങ്ങളെയും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനകീയ സർക്കാരിന്റെ പിടിപ്പുകേടോ ഗൂഢാലോചനയോ ആണ്.
മന്ത്രിമാരുടെ ജനതാത്പര്യവും കർമശേഷിയും
ജനായത്ത ഭരണത്തിൽ നിയമസഭയും മന്ത്രിസഭയും ജനജീവിതക്രമം തീരുമാനിക്കുന്പോൾ മന്ത്രിമാരുടെ ജനതാത്പര്യവും കാര്യഗൗരവവും കർമശേഷിയും ദീർഘവീക്ഷണവും മുഖ്യ ഘടകമാണ്. അങ്ങനെ കുറെ മന്ത്രിമാർ കേരളത്തിലുണ്ടായിരുന്നു. അവരുടെ ദീർഘവീക്ഷണവും കാര്യഗൗരവവുമാണ് കേരളത്തിന്റെ ഇന്നത്തെ ശോഭനമായ മുഖത്തിനു കാരണം. കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കെതിരേ നിയമമുണ്ടാക്കിയത് അത്തരമൊരു സർക്കാരാണ്. 1958ൽ കുടിയിറക്കു നിരോധന നിയമവും ഭൂമിയിൽ കർഷകനു സ്ഥിരാവകാശം നൽകാനുള്ള നിയമവും ഉണ്ടാക്കിയത് ആദ്യ കേരള സർക്കാരാണ്. അതിന്റെ പേരിൽ കർഷകരുടെ കൈവശഭൂമിക്കു സ്ഥിരാവകാശം നൽകി. അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു റവന്യു മന്ത്രി.
ഒന്നാം മന്ത്രിസഭ മാറിയപ്പോൾ തുടർന്നു വന്ന സർക്കാർ കേരള ലാൻഡ് അസൈൻമെന്റ് ആക്ട് (കേരള ഭൂപതിവു നിയമം - 1960) ഉണ്ടാക്കി. അന്ന് കെ. ചന്ദ്രശേഖരനായിരുന്നു റവന്യു മന്ത്രി. പിന്നീട് മന്ത്രിസഭയിൽ മാറ്റമുണ്ടായപ്പോൾ 1964ൽ, 1960ലെ നിയമത്തിനു ചട്ടം (റൂൾ) ഉണ്ടാക്കി. അന്ന് പി.ടി. ചാക്കോ ആയിരുന്നു റവന്യു-നിയമ മന്ത്രി. 1972ലെ കേന്ദ്ര വനം-വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പേരിൽ വനഭൂമി നിർണയം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പട്ടയ നടപടികൾക്കു മെല്ലപ്പോക്കുണ്ടായി. ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയതും ജനായത്ത ഭരണത്തിലെ മന്ത്രിസഭയാണ്. അന്ന് കെ.എം. മാണിയായിരുന്നു റവന്യു-നിയമ മന്ത്രി. 1993ൽ കൈവശ ഭൂമിക്കു പട്ടയം നൽകാൻ കെ.എം. മാണി നിയമമുണ്ടാക്കി (1993 സ്പെഷൽ ഭൂപതിവ് ആക്ട്). മാത്യു മണിയങ്ങാടൻ എംപി ചെയർമാനും പി.കെ. വാസുദേവൻ നായർ ഉൾപ്പെടെയുള്ള എംപിമാർ അംഗങ്ങളുമായ പാർലമെന്ററി കമ്മിറ്റി 1963ൽ പഠനം നടത്തി അന്നത്തെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഹൈറേഞ്ച് പ്രദേശം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വനഭൂമിയിൽ കൃഷിയും സ്ഥിരതാമസവുമാക്കിയവർക്കു (തത്വത്തിൽ വനമല്ലാതായി മാറിയ സ്ഥലം) പട്ടയം നൽകാൻ ശിപാർശ ചെയ്തതും ജനാധിപത്യ സർക്കാരിന്റെ കരുത്താണ്.
പിന്നീട് ഇവിടെ സംഭവിച്ചതെല്ലാം ഉദ്യോഗസ്ഥ ദുർഭരണത്തിന്റെ ബാക്കിപത്രമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതിന്റെ ദുരവസ്ഥ. അതിന്റെ തുടർച്ചയാണ് 2023ലെ ലാൻഡ് അസൈൻമെന്റ് (അമന്റ്മെന്റ്) റൂൾ. ജനങ്ങൾ 200 വർഷത്തോളമായി കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമിക്കു സ്ഥിരാവകാശം നല്കാൻ ഇപ്പോഴത്തെ ഭരണാധികാരികൾക്കു കഴിയുന്നില്ലെങ്കിൽ കുഴപ്പം സിസ്റ്റത്തിന്റേതല്ല, രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. മനസില്ല എന്നതു മാത്രമാണ് കാരണം. മനസുണ്ടാകണം; കാരണം, നാട്ടുകാരുടെ ചെലവിൽ നടക്കുന്ന ഭരണ സംവിധാനമാണ് ഇവിടെയും.
രാജവിളംബരം ഇന്നും
1958ൽ ഭൂമിക്കു സ്ഥിരാവകാശം നൽകാൻ നിയമമുണ്ടാക്കിയ നാടാണിത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നൽകിയ പട്ടയത്തിനു മാത്രമാണ് ഇവിടെ വിലക്കുകളും തടസങ്ങളുമുള്ളത്. 1822ൽ തിരുവിതാംകൂർ രാജാവ് കൃഷിക്കായി പതിച്ചും പാട്ടത്തിനും നൽകിയ ഭൂമിയുടെ ഉപയോഗത്തിനു വിലക്കില്ല. ദേവസ്വത്തിനും രാജാവിനും മലബാറിൽ ജന്മിക്കും ഉടമസ്ഥത ഉണ്ടായിരുന്ന സ്ഥലത്തിനും വിലക്കില്ല. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ സർക്കാർ പതിച്ചുകൊടുത്തതെല്ലാം പൊല്ലാപ്പാക്കി.
1964ലെ ഭൂപതിവു ചട്ടത്തിൽ ഇതിനോടകം നിരവധി ഭേദഗതികൾ ജനായത്ത സർക്കാരുകൾ വരുത്തിയിട്ടുണ്ട്. അഞ്ച് ഏക്കർവരെ ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നത് പിന്നീട് നാല് ഏക്കറും ഒരേക്കറും 50 സെന്റും 25 സെന്റും മൂന്നു സെന്റുമൊക്കെയാക്കിയത് ചട്ടഭേദഗതികളിലൂടെയാണ്. 12 വർഷത്തേക്കു പതിവുഭൂമി കൈമാറാൻ പാടില്ലെന്നും 25 വർഷത്തേക്കു കൈമാറാൻ പാടില്ലെന്നും ഒക്കെ ചട്ടഭേദഗതി വരുത്തിയത് പിന്നീട് എപ്പോൾ വേണമെങ്കിലും കൈമാറാമെന്നും തിരുത്തി. അനന്തരാവകാശികൾക്കു മാത്രമേ അവകാശമുള്ളൂ എന്നുള്ളതും ചട്ടത്തിൽ തിരുത്തി. ഒരു ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്കു പട്ടയത്തിനവകാശമില്ലെന്ന വ്യവസ്ഥയും ചട്ടത്തിൽ തിരുത്തി വ്യവസ്ഥയാക്കി. ഇതെല്ലാം ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ്. ഇതു സാധ്യമാണെന്നിരിക്കേ പട്ടയത്തിൽ കൃഷിയും വീടും മാത്രമേ അനുവദിക്കുന്നുള്ളൂ എന്ന അഭിഭാഷകവാദം തിരുത്താൻ മന്ത്രിസഭയ്ക്കു കഴിയുന്നില്ലെന്നു പറയുന്നതിലെ യുക്തി ദുരൂഹമാണ്.
1958ലും 1960ലും ഭൂപതിവു നിയമമുണ്ടാക്കാൻ അന്നത്തെ ജനനേതാക്കൾ കാട്ടിയ ആർജവത്തിന്റെയും ആത്മാർഥതയുടെയും ഒരു കണികപോലും വേണ്ട, നിർമാണനിരോധനവും പട്ടയ വിതരണ തടസവും നീക്കാൻ. നിയമം കീറാമുട്ടിയാണെന്നു പ്രചരിപ്പിച്ച്, വോട്ട് ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ നേതൃത്വം ചരിത്രം അറിയണം. ഇവർ ഉണ്ടാക്കിയ നിയമം കീറാമുട്ടിയാകുന്നതെങ്ങനെയാണന്നുകൂടി അവർ പറയണം.
(തുടരും)
Kerala
കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Kerala
ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കർഷക പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം 24 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിൽ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവർത്തനമോ നടപ്പിലാക്കുമ്പോൾ മൂന്ന് ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആം ആദ്മി പാർട്ടി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിൽ നിന്ന് ആളുകൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാൽ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഉന്നയിച്ചാണ് 24 ന് രാവിലെ 10 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നത്. തുടർ ദിവസങ്ങളിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകും.
താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടി മൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കണ്ണൂർ: പുസ്കപ്രകാശനത്തിന് പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് മറുപടിയുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. പാർട്ടി മെമ്പർമാർ ഉൾപ്പെടെ ചടങ്ങിനെത്തിയെന്നും ജനക്കൂട്ടം കണ്ട് സിപിഎം നേതൃത്വത്തിന് ഹാലിളകിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഞാൻ സിപിഎം വിരുദ്ധനാണെന്ന് രാഗേഷ് പറയുന്നു. എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്? അതിന് കാരണമെന്താണ്? അതുകൂടി അവർ പറയണം. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് ഞാൻ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ പോരാട്ടം ഫലംകണ്ടില്ല എന്ന ഘട്ടത്തിലാണ് ജനങ്ങളോട് സംസാരിച്ചത്. ഇത് വ്യക്തിപരമായ വിരോധമാണ് എന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെ.കെ. രാഗേഷ് പറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേതാക്കൾക്ക് ഏങ്ങനെ ഇതുപോലെ കള്ളം പറയാൻ സാധിക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
District News
കണ്ണൂർ: തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും 14, 15 തീയതികളിൽ ക്ലീനിംഗ് ഡ്രൈവ് നടത്തും. ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വാർഡ് അടിസ്ഥാനത്തിൽ ഉത്സവ സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാനപ്പെട്ട ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ ഡ്രൈവിന് നേതൃത്വം നൽകണം. പൊതുഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടന്നു വരുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്നായി യോഗം വിലയിരുത്തി.
ഇതിനെതിരെ ബോട്ടിൽ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
വന്യജീവി ആക്രമണം, എബിസി സെന്റർ, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. സോളാർ തൂക്കുവേലി പ്രവൃത്തി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം.
തെരുവുനായശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എബിസി സെന്ററുകൾ തുടങ്ങണം. തെരുവു നായ്ക്കളെ പിടികൂടാൻ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണമെന്നും ബിനോയ് കുര്യൻ നിർദേശിച്ചു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വോളന്റിയർമാരുടെ എണ്ണം കുറവായതിനാൽ കൂടുതൽ വോളന്റിയർമാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, തദ്ദേശസ്വയം ഭരണസ്ഥാപന മേധാവികൾ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
കണ്ണൂര്‍: നാടാലിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ബസുടമസ്ഥ സംഘം ജില്ലയിൽ ആഹ്വാനം ചെയ്ത ബസ് സമരം ഭാഗികം. കണ്ണൂർ-തലശേരി റൂട്ടിൽ സമരം പൂർണമായിരുന്നെങ്കിലും മറ്റു പലയിടങ്ങളിലും ചില ബസുകൾ സർവീസ് നടത്തി.
ഇരിട്ടി-തലശേരി റൂട്ടിലും പയ്യന്നൂർ-തളിപ്പറന്പ്-കണ്ണൂർ റൂട്ടുകളിലും പാനൂർ മേഖലകളിലും ബസുകൾ സർവീസ് നടത്തി. കൂടുതൽ ബസുകളും സമരത്തിലായിരുന്നു. കെഎസ്ആർടിസി ബസുകൾ കൂടുതലായി സർവീസ് നടത്തി. സാധാരണ നിലയിലുള്ള ബസ് സർവീസുകളില്ലാത്തത് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലച്ചു.
നടാലിൽ ബൈപ്പാസിൽ അടിപ്പാതയില്ലാത്തത് കാരണം കണ്ണൂർ-തലശേരി റൂട്ടിലോടുന്ന ബസുകൾക്ക് നടാലിൽ നിന്ന് തലശേരിയിലെത്താൻ ആറുകിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതു പരിഹരിക്കാൻ അടിപ്പാത നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്നലെ ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സമരം നടത്താൻ ആഹ്വാനം ചെയ്തിരുന്നത്.
സ്വകാര്യ ബസുകളുടെ സമരത്തെ തുടർന്ന് കെഎസ്ആർടിസി കണ്ണൂർ-തലശേരി റൂട്ടിൽ ആറു സർവീസുകളും കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ അഞ്ച് സർവീസുകളും അധികമായി നടത്തി. കണ്ണൂർ ഇരിട്ടി റൂട്ടിലും കൂടുതൽ സർവിസുകൾ നടത്തി. കണ്ണൂർ-തലശേരി റൂട്ടിൽ ഓരോ 15 മിനുട്ടിലും കൂത്തുപറമ്പ് റൂട്ടിൽ ഓരോ 20 മിനുട്ടിലും സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. തലശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തി.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ നബ്രംഗ്പുർ ജില്ലയെ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചു. ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒന്‍പത് മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയതോടെയാണ് നബ്രംഗ്പുർ മാവോയിസ്റ്റ് മുക്തമായതെന്ന് അധികൃതർ പറഞ്ഞു.
ഏഴു വനിതകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളാണു കീഴടങ്ങിയത്. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ നബ്രംഗ്പുരിൽ അരങ്ങേറിയിരുന്നു. 2011ൽ ബിജെഡി എംഎൽഎ ജഗബന്ധു മാജിയും സുരക്ഷാ ഉദ്യോഗസ്ഥൻ പി.കി. പത്രോയും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ബുധനാഴ്ച (ജനുവരി 14) പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പോലീസുകാരെ നിയോഗിച്ചു.
ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.
National
പനാജി: ഗോവയിൽ കുശാവതി എന്ന പേരിൽ പുതിയ ജില്ല വരുന്നു. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണിത്. മേഖലയിലൂടെയുള്ള നദിയുടെ പേരാണ് കുശാവതി. നാല് താലൂക്കുകൾ അടങ്ങിയ ജില്ലയിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാകുന്നതുവരെ ദക്ഷിണ ഗോവ ജില്ലയായിരിക്കും ആസ്ഥാനം.
ദക്ഷിണ ഗോവയിലെ കളക്ടർക്കായിരിക്കും അധികചുമതല. 27 ശതമാനം ആദിവാസി വിഭാഗക്കാരുള്ള ജില്ലയ്ക്കുവേണ്ടി കേന്ദ്രത്തോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർത്ത് ഗോവ, സൗത്ത് ഗോവ എന്നിവയാണ് ഇപ്പോഴുള്ള രണ്ട് ജില്ലകൾ.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് പ്രിയദര്‍ശിനി.
സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി.
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
Kerala
കണ്ണൂർ: ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു.
അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ.
പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.