കനത്ത മഴയിൽ അസം
ദിസ്പൂർ: അസമിൽ കനത്ത മഴ. ആറ് ജില്ലകളിലായി 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു. 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്.
ധേമാജി ജില്ലയിൽ റെയിൽവേ പാലത്തിന്റെ ഭാഗം തകർന്നുവീണു. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ധേമാജി, നൽബാരി, ദിബ്രു ഗഡ്, ചിരാഗ്, ലഖിംപൂർ, കൊക്രാജാർ ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. ഇതിൽ 15,483 പേർ ദുരിതത്തിലായ ധോമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രശ്നബാധിത മേഖലകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പ്രതികരിച്ചു.
ഏകദേശം 1,690 ഹെക്ടർ വിളകൾ മഴക്കെടുതിയിൽ നശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കൂടാതെ 48,199 തോളം വളത്തുമൃഗങ്ങളെയും പ്രളയം സാരമായി ബാധിച്ചു.
അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾക്കും പാലങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Tags : Heavy rain Assam district