കൊച്ചി: തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്‍റെ മറവിൽ, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപത ആസ്ഥാനത്തെ ലക്ഷ്യംവെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ടോം ഓലിക്കരോട്ട്.
ഹോസ്പിറ്റൽ മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും സമരമടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും ആശുപത്രി തലത്തിലാണ്. ഇതിനു വിപരീതമായി, പ്രശ്നങ്ങളെ അതിരൂപതാ ആസ്ഥാനത്തേക്കും അതിരൂപത അധ്യക്ഷനുനേരെ വ്യക്തിപരമായും തിരിച്ചുവിടാൻ ശ്രമിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സഭ പിആർഒ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വർഷങ്ങളായി കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന മാതൃകാപരമായ സ്ഥാപനങ്ങളാണ് ജൂബിലി മിഷൻ- അമല ആശുപത്രികൾ. നിലവിൽ ഉയർന്ന വേതന വ്യവസ്ഥയാണ് ഇവിടെ ജീവനക്കാർക്ക് നൽകിപ്പോരുന്നതും.
മാത്രമല്ല, ജൂൺ 28ന് ആശുപത്രി മാനേജ്‌മെന്‍റുകളും സമരത്തിനിരിക്കുന്നവരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിശ്ചയിക്കുന്ന വേതന വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കാൻ തയാറാണെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് ഔദ്യോഗികമായി ഉറപ്പുനൽകുകയും സൗഹാർദപരമായി പ്രശ്‍നം പരിഹരിച്ചതുമാണ്.
എന്നാൽ ഇതിനുശേഷവും, മാർ ആൻഡ്രൂസ് താഴത്തിനും അതിരൂപതയ്ക്കും എതിരേ പ്രതിഷേധം നടന്നതും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും ഈ കാരുണ്യ സ്ഥാപനങ്ങളെ തകർക്കാൻ കരുതിക്കൂട്ടിയുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമായി മാത്രമേ കാണാനാകൂ എന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം ആസൂത്രിത സമരമാർഗങ്ങളും കുപ്രചാരണങ്ങളും ഒരിക്കലും അംഗീകരിക്കാനുവന്നവയല്ല. സഭയുടെ സേവന പ്രവർത്തനങ്ങളെയും ആത്മീയ നേതൃത്വത്തെയും നുണപ്രചാരണങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയണം. ഈ പ്രതിസന്ധി ഘട്ടത്തിൽ മാർ ആൻഡ്രൂസ് താഴത്തിനോടും തൃശൂർ അതിരൂപതയോടുമൊപ്പം സീറോ മലബാർ സഭയുണ്ടെന്നും സഭ പിആർഒ പത്രക്കുറിപ്പിൽ വ്യക്തമാക്കി.