മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സംസാരിക്കുന്നു.
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എ.സി. മൊയ്തീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണിത്. 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളിലും അതിവേഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനങ്ങൾ എടുക്കുന്നുണ്ട്.
എന്നാൽ പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ നൽകിയത്.
യാതൊരുവിധ തയാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു സ്ത്രീകളോട് എൽ ഡി എഫ് സർക്കാർ ഈ സ്നേഹം കാട്ടിയത്. വിശദമായി പഠിച്ച ശേഷം മാത്രം പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിവരിച്ചു. തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.