മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാകുമാരി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് കോടതിയിൽ അനുകൂല നിലപാടെടുത്തു എന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാകുമാരി. സർക്കാർ അഭിഭാഷകയെന്ന നിലയിൽ താൻ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയിട്ടില്ലെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രതികാര നടപടിയല്ല. പ്ലീഡർ സ്ഥാനം ഒഴിയുന്നത് അനിവാര്യമായ ഒരു നടപടി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഗീനാകുമാരിയെ സ്ഥാനത്ത് നിന്നും മാറ്റിയത്.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി, കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ഇതാണ് ഗീനയുടെ മാറ്റത്തിന് കാരണമായതെന്നാണ് സൂചന. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് മാത്രമാണ് കോടതിയിൽ വാദിച്ചത്.
നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഇതിനേക്കാൾ സംഘർഷഭരിതമായ കേസുകളും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള കേസുകളും പക്ഷപാതിത്വമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗീനാകുമാരി പറഞ്ഞു.
Tags : ed attack case geena kumari facebook post