കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൊല്ലം ജില്ലയിൽ പൂർത്തിയായി. 11 നിയമസഭാ മണ്ഡലങ്ങളിലായി 20,87,992 വോട്ടർ മാരാണ് ജില്ലയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 998167 പേർ പുരുഷന്മാരും 10,89,804 പേർ സ്ത്രീകളും 21 പേർ ട്രാൻസ്ജെൻഡർമാരുമാണ്.
കന്നി വോട്ടർമാരായി 27,265 പേരും 18,917 പേർ ഭിന്നശേഷി വോട്ടർമാരും 85 വയസിനു മുകളിൽ പ്രായമുള്ള 16029 വോട്ടർമാരുമാണുള്ളത്. ഒന്പതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിനുമായി നാലു പൊതുനിരീക്ഷകരെയും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ പരിശോധന, തുടർ നടപടികൾ എന്നിവയ്ക്കായി മൂന്നു ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കാലത്തെ ക്രമസമാധാന പാലനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി പോലീസ് നിരീക്ഷകനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. എസ്.ഹോണമ്പ് , ദീപക് ആനന്ദ്, കുൽദീപ് ചൗധരി, കെ.എ ദയാനന്ദ എന്നിവരാണ് പൊതു നിരീക്ഷകർ.
അനുരാധ സോളങ്കി, ജോത്സ്യനാ ദേവി, ഭടാനെ സച്ചിൻ ഗുലാബ്റാവ് എന്നിവരാണ് ചെലവ് നീരീക്ഷകർ. പ്രിയബ്രത റോയ് ആണ് പോലീസ് നിരീക്ഷകൻ.
ജില്ലയിൽ നിയോജകമണ്ഡലങ്ങളിലെ 1094 ലൊക്കേഷനുകളിലായി ആകെ 2256 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്.440 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമപ്രദേശങ്ങളിലും 1816 പോളിംഗ് സ്റ്റേഷനുകൾ നഗരപ്രദേശങ്ങളിലുമാണ്.
ജില്ലയിൽ ആകെ 55 മാതൃകാ പോളിംഗ് സ്റ്റേഷനുകളും 13 പിങ്ക് പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം നിയോജക മണ്ഡലത്തിലെ ഇൻഫന്റ് ജീസസ് സ്കൂൾ അന്തർദേശീയ നിലവാരങ്ങളുളള മോഡൽ പോളിംഗ് സ്റ്റേഷൻ ആയി ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 189 ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളും 373 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളുമുണ്ട്.ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 59 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പോളിംഗ് ഉദ്യോഗസ്ഥർ
ജില്ലയിൽ ആകെ 2712 പ്രിസൈഡിംഗ് ഓഫീസർമാർ, 2712 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 5424 പോളിംഗ് ഓഫീസർമാർ എന്നിങ്ങനെ ആകെ 10848 പേരെയാണ് പോളിംഗ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.
വിതരണ- സ്വീകരണ കേന്ദ്രങ്ങൾ
വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതൽ ജില്ലയിലെ ഒമ്പത് വിതരണ- സ്വീകരണ കേന്ദ്രങ്ങളിലായി നടക്കും.
സ്ക്വാഡുകൾ
ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. അനധികൃത പണം, ലഹരി, മറ്റു നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനായി പോലീസ്, എക്സൈസ്, മോട്ടോർ വാഹനം, ഇൻകം ടാക്സ്, ജി എസ് ടി തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ പ്രവർത്തിക്കുന്നു.
പ്രധാന റോഡുകൾ, ജില്ലയുടെയും സംസ്ഥാനത്തിന്റെയും അതിർത്തികൾ എന്നിവിടങ്ങളിൽ താത്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായി 33 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 33 ഫ്ലയിംഗ് സ്ക്വാഡുകൾ, പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമായി 12 ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകൾ എന്നിവ പ്രവർത്തിക്കും.
മാതൃക പെരുമാറ്റചട്ട പരിപാലനം
രാഷ്്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും മറ്റു തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകൾ ജില്ലയിൽ ഇതു വരെ നീക്കം ചെയ്തത് 37,445 പ്രചരണ സാമഗ്രികളാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച 104 പോസ്റ്ററുകൾ, 35 ഇതര വസ്തുക്കൾ ഉൾപ്പെടെ പ്രചാരണസാമഗ്രികളും പൊതുസ്ഥലങ്ങളിലുള്ള 22 ചുവരെഴുത്തുകളും 28331 പോസ്റ്ററുകളും 1241 ബാനറുകളും 7841 മറ്റ് പ്രചാരണവസ്തുക്കളും ഉൾപ്പെടെയാണ് നീക്കം ചെയ്തത്.
പെരുമാറ്റച്ചട്ടലംഘനങ്ങൾ തടയുന്നതിനുള്ള ‘സി-വിജിൽ' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച ലഭിച്ച 19,152 പരാതികളിൽ 19033 എണ്ണവും തീർപ്പാക്കി. തെളിവുകളുടെ അഭാവത്തിൽ 107 എണ്ണം തള്ളി. അഞ്ച് സംശയാസ്പദ പെയ്ഡ് ന്യൂസുകളും പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച രണ്ടു പരാതികളും ലഭിച്ചു. ഒന്നിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്ന് കണ്ടെത്തുകയും രണ്ടാം പരാതി തുടർനടപടികൾക്കായി ഫ്ലയിംഗ് സ്ക്വാഡിന് കൈമാറാനും തീരുമാനിച്ചു.
കന്നി വോട്ടർക്ക് ഹൽവ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ വൈകുന്നേരം അഞ്ചിനു കൊല്ലം ചിന്നക്കട ക്ലോക്ക് ടവറു മുതൽ കൊല്ലം ബീച്ച് വരെ തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര നടത്തും. ആദ്യമായി വോട്ടുരേഖപ്പെടുത്താൻ ബൂത്തുകളിൽ എത്തുന്ന യുവതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മധുരസമ്മാനമായി ഹൽവ നൽകും. തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിലായിരിക്കും നടപ്പിലാക്കുക. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മധുരം കൈമാറുക.
Tags : nattu vishesham 20 87 992 voters district