കണ്ണൂർ: തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും 14, 15 തീയതികളിൽ ക്ലീനിംഗ് ഡ്രൈവ് നടത്തും. ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വാർഡ് അടിസ്ഥാനത്തിൽ ഉത്സവ സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാനപ്പെട്ട ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ ഡ്രൈവിന് നേതൃത്വം നൽകണം. പൊതുഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടന്നു വരുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്നായി യോഗം വിലയിരുത്തി.
ഇതിനെതിരെ ബോട്ടിൽ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
വന്യജീവി ആക്രമണം, എബിസി സെന്റർ, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. സോളാർ തൂക്കുവേലി പ്രവൃത്തി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം.
തെരുവുനായശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എബിസി സെന്ററുകൾ തുടങ്ങണം. തെരുവു നായ്ക്കളെ പിടികൂടാൻ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണമെന്നും ബിനോയ് കുര്യൻ നിർദേശിച്ചു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വോളന്റിയർമാരുടെ എണ്ണം കുറവായതിനാൽ കൂടുതൽ വോളന്റിയർമാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, തദ്ദേശസ്വയം ഭരണസ്ഥാപന മേധാവികൾ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Cleaning drive 4th and 15th district