ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി സംസ്ഥാന പോലീസിനു പുറമെ കേന്ദ്രസേനയില്‍നിന്ന് 300 ഓളം ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കും. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ 3000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തമിഴ്നാട് പോലീസും സുരക്ഷയ്ക്കെത്തുന്നുണ്ട്. 1852 സ്പെഷല്‍ പോലീസും 94 ഗ്രൂപ്പ് പട്രോളിംഗ് സംഘവും കര്‍മനിരതരാകും. ഓരോ സംഘത്തിലും ചിത്രീകരണം നടത്താന്‍ കാമറ ടീമും ഉണ്ടാകും. സ്റ്റേഷന്‍തലത്തില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിംഗ് സംഘങ്ങളും ക്യു ആര് ടി ടീമുമുണ്ട്. ആറ് ഇലക്ഷന് സബ് ഡിവിഷനുകളിലായി 1989 ബൂത്തുകളാണുള്ളത്.
എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ആറ് ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കുറുപ്പംപടി പോലീസ് സ്റ്റേഷനു കീഴില്‍ പൊങ്ങന്‍ചുവട്, കുട്ടന്പുഴ സ്റ്റേഷനു കീഴില്‍ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നിവയാണിത്. ഇവിടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വാര്‍ത്താവിനിമയ സംവിധാനങ്ങളും സജ്ജീകരിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗം ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി വി.കെ. രാജു അധ്യക്ഷത വഹിച്ചു.
Tags : nattu vishesham arrive in the district