International
കിൻഷാസ: കിഴക്കൻ കോംഗോയിൽ എബോള ബാധിച്ചുള്ള മരണം 254 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,003 ആയി ഉയർന്നു. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത് വെല്ലുവിളിയായി തുടരുകയാണ്.
നിലവിൽ 365 പേർ ആശുപത്രികളിലോ ക്വാറന്റൈനിലോ ആണെന്നു കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കണ്ടെത്താനാവാത്ത കേസുകൾ നിരവധിയുണ്ടാകാമെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്. രോഗ വ്യാപനത്തിന്റെ മൂർധന്യാവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 35,000ത്തിലധികം ആളുകളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കിഴക്കൻ കോംഗോയിൽ വിമതരുടെ ആക്രമണം രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രോഗബാധ പൊട്ടിപ്പുറപ്പെട്ട ഇറ്റുരിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന്റെ ആക്രമണങ്ങൾ മൂലം ഗ്രാമങ്ങളിലേക്ക് ആരോഗ്യപ്രവർത്തകർക്കു കടക്കാനാവുന്നില്ല. ആക്രമണങ്ങൾ മൂലം ലആളുകൾ പലായനം ചെയ്യുന്നതും രോഗബാധ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഇതിന്റെ യഥാർഥ വ്യാപ്തി ആർക്കുമറിയില്ല. ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ആഴ്ച അസാധാരണ സാഹചര്യങ്ങളിൽ 10 പേർ മരിച്ചതായി ക്യാമ്പ് ഉദ്യോഗസ്ഥർ പറയുന്നു.
International
ദുബായി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയുടെ സാഹചര്യം കണക്കിലെടുത്ത് പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ യാത്രാ മാർഗനിർദേശങ്ങൾ യുഎഇ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിൽ യുഎഇയിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമാണ്. മുൻകരുതലിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
എബോളയുടെ ബുന്ദിബുഗ്യോ എന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പുതിയ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ല.
ലോകാരോഗ്യ സംഘടന ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ ഇതൊരു വലിയ ഭീഷണിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ദേശീയ-അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി ചേർന്നുകൊണ്ട് യുഎഇ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും രാജ്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
National
റായ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് ആഫ്രിക്കൻ പൗരന്മാരെ ഛത്തീസ്ഗഡിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയാണ് മുൻകരുതൽ നടപടികളുമായി ഭാഗമായി 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
രോഗം റിപ്പോർട്ട് ചെയ്താൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുർഗിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് മൂവരെയും പ്രവേശിപ്പിച്ചത്. ഇതുവരെ എബോള വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
International
ബുനിയ: കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിൽ എബോള വൈറസ് പടരുന്നു. അതീവ മാരകവും അപൂർവവുമായ ഇനത്തിൽപ്പെട്ട വൈറസാണു മേഖലയിൽ പടരുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോഡ് അഥോനം ഗെബ്രിയേയസ് ശനിയാഴ്ച കോംഗോയിലെ ബുനിയയിലെത്തി.
എബോള വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ബുനിയയിലെ ചികിത്സാകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കും. പ്രദേശിക ഭരണകൂടം, ആരോഗ്യപ്രവർത്തകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രങ്ങത്തിൽത്തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണു നിലവിലുള്ള ഏറ്റവും വലിയ പോംവഴിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നിലവിൽ കോംഗോയിൽ പടർന്നുപിടിക്കുന്ന ബുന്ദബുഗ്യോ എന്ന അപൂർവഇനം എബോളയ്ക്ക് നിലവിൽ അംഗീകൃത വാക്സനിനോ ചികിത്സയോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 906 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 223 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ നൽകിയ അടിയന്തര മെഡിക്കൽ സഹായങ്ങൾ വ്യാഴാഴ്ച ഇറ്റൂരിൽ എത്തിയിരുന്നു. ഇതിനു പുറമേ അമേരിക്ക 80 ദശലക്ഷം ഡോളറിന്റെ അധിക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
International
ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 906 പേർക്ക് എബോള ബാധിച്ചുവെന്ന് കരുതുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മരണം സംഭവിച്ച 223 കേസുകളും ഇതിൾ ഉൾപ്പെടുന്നു. അയൽരാജ്യമായ ഉഗാണ്ടയിൽ ഏഴു പേർക്കാണു രോഗം പിടിപെട്ടത്. ഇതിൽ ഒരാൾ മരണപ്പെട്ടു.
എബോള അതിവേഗം പടർന്നുപിടിക്കുന്നുവെന്നാണു കോംഗോയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗം നേരത്തേ നിർണയിക്കാനായാൽ മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ പറഞ്ഞു.
കോംഗോയിൽ പടരുന്നയിനം എബോള രോഗത്തിനു വാക്സിൻ കണ്ടെത്താനായിട്ടില്ല.
National
ന്യൂഡൽഹി: രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള പരിശോധനയ്ക്കായി ഉഗാണ്ടയിൽ നിന്നു വന്ന 28കാരിയുടെ സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിൾ പരിശോധന നടത്തും. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജാഗ്രത മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ബംഗളൂരു: ഉഗാണ്ടയില്‍ നിന്ന് ബംഗളൂരുവിൽ എത്തിയ യുവതിയിൽ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് 28 വയസുള്ള യുവതി ബംഗളൂരുവിലെത്തിയത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ക്വാറന്റീൻ നീട്ടുകയായിരുന്നു. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പൂനയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
International
കിൻഷാസ: എബോള വ്യാപനം രൂക്ഷമായ കിഴക്കൻ കോംഗോയിൽ ആശുപത്രി ആക്രമിച്ച് രോഗികളുടെ ബന്ധുക്കൾ. ആയുധധാരികളായ യുവാക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി വെടിവയ്പ് നടത്തി.
എബോള ബാധിച്ചു മരിച്ച ബന്ധുക്കളായ രണ്ടു പേരുടെ മൃതദേഹം കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മോൻബ്ഗ്വാലു ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആശുപത്രികൾക്കു നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.
ശനിയാഴ്ച മൊങ്ബ്വാലുവിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച എബോള ടെന്റ് നാട്ടുകാർ ആക്രമിച്ചു തീയിട്ടിരുന്നു. എബോള സംശയിക്കുന്ന 18 പേർ ഇവിടെനിന്നു കടന്നുകളഞ്ഞിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
വ്യാഴാഴ്ച റ്വാംപാര പട്ടണത്തിലെ ചികിത്സാകേന്ദ്രവും തീയിട്ടു നശിപ്പിച്ചു. എബോള സംശയിച്ചു മരിച്ച പ്രദേശവാസിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതാണു പ്രകോപനത്തിനു കാരണം.
എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽനിന്നു രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സംശയാസ്പദ മരണങ്ങളുണ്ടായാലും സംസ്കാരം സർക്കാർ നിയന്ത്രണത്തിലാണ് നടത്തുന്നത്. ഇതാണ് പ്രതിഷേധത്തിനു കാരണം.
International
കംപാല: ഡിആർ കൊംഗോയിൽ പൊട്ടിപ്പുറപ്പെട്ട എബോള രോഗം അയൽരാജ്യമായ ഉഗാണ്ടയിലും വ്യാപിക്കാൻ തുടങ്ങിയെന്ന് സംശയം.
ഉഗാണ്ടയിൽ മൂന്നു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോട ഇവിടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി.
മുന്‍പു രോഗം സ്ഥിരീകരിച്ചയാളുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ, രോഗിയെ പരിചരിച്ച ഹെൽത്ത് വർക്കർ, കോംഗോയിൽനിന്നു വന്നയാൾ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇവരിൽനിന്നു കൂടുതൽ പേർക്ക് രോഗം പിടിപെട്ടിരിക്കാം എന്നനുമാനിക്കുന്നു. ഇവരുടെ സന്പർക്കപട്ടിക തയാറാക്കിവരുകയാണ്. ഡിആർ കോംഗോയിൽ എബോള ബാധിച്ചു മരിച്ചവരുടെ എണ്ണം 177 ആയി.
750 പേർക്കു രോഗം പിടിപെട്ടു. എബോള വൈറസുകളിൽ ബണ്ടിബജ്യോ എന്നയിനമാണ് ഇപ്പോൾ രോഗമുണ്ടാക്കുന്നത്. ഇതിനെതിരായ വാക്സിനുകൾ വികസിപ്പിച്ചുവരുന്നേയുള്ളൂ.
NRI
ബെർലിൻ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാരകമായ എബോള വൈറസ് ബാധിച്ച ഒരു അമേരിക്കൻ ഡോക്ടറെ അതീവ സുരക്ഷാ മുൻകരുതലുകളോടെ ജർമൻ തലസ്ഥാനമായ ബെർലിനിലെ പ്രശസ്തമായ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഈ മാസം 20ന് പുലർച്ചെ മൂന്നോടെ പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലൻസിലാണ് രോഗിയെ ഇവിടെ എത്തിച്ചത്.
1. എന്തുകൊണ്ട് അമേരിക്കയ്ക്ക് പകരം ജർമനി?
രോഗബാധിതനായ ഡോക്ടറെ ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനേക്കാൾ വിമാന ദൂരം വളരെ കുറവാണ് യൂറോപ്പിലെ ജർമനിയിലേക്ക്.
എബോള ബാധിച്ച ഒരു രോഗിയുടെ ആരോഗ്യനില എപ്പോൾ വേണമെങ്കിലും വഷളാകാം എന്നതിനാലും വിമാനത്തിനുള്ളിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് പരിധിയുള്ളതിനാലും എത്രയും പെട്ടെന്ന് ലോകോത്തര നിലവാരമുള്ള ഒരു മെഡിക്കൽ സെന്ററിൽ എത്തിക്കുക എന്നത് നിർണായകമായിരുന്നു.
യുഎസ് അധികൃതരുടെ അഭ്യർഥന മാനിച്ചാണ് ജർമനി ഈ ദൗത്യം ഏറ്റെടുത്തത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങളെയും ജർമനിയിൽ എത്തിച്ചിട്ടുണ്ട്.
2. അത്യാധുനിക ഐസൊലേഷൻ യൂണിറ്റും സുരക്ഷാ ക്രമീകരണങ്ങളും
ജർമനിയിലെ പൊതുജനങ്ങൾക്കോ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങൾക്കോ യാതൊരുവിധ രോഗപ്പകർച്ചാ ഭീഷണിയും ഉണ്ടാകാത്ത രീതിയിലാണ് ഈ ചികിത്സാ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രത്യേക വായുസഞ്ചാര സംവിധാനം: രോഗിയെ പാർപ്പിച്ചിരിക്കുന്ന മുറികളിലേക്ക് വായു പ്രവേശിക്കുമെങ്കിലും അവിടുത്തെ വായു പുറത്തേക്ക് പോകില്ല. മുറിയിലെ വായു അത്യാധുനിക ഫിൽട്ടറുകൾ വഴി പൂർണമായി ശുദ്ധീകരിച്ച ശേഷം മാത്രമേ പുറത്തുവിടൂ.
മാലിന്യ സംസ്കരണം: ഐസൊലേഷൻ യൂണിറ്റിൽ നിന്നുള്ള മലിനജലം പ്രത്യേകം ശേഖരിച്ച് പൂർണ്ണമായി അണുവിമുക്തമാക്കിയ ശേഷമേ കളയൂ. ഡോക്ടർമാരും ജീവനക്കാരും ധരിക്കുന്ന സംരക്ഷണ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധാരണ ആശുപത്രി മാലിന്യങ്ങളിൽ നിന്നും മാറ്റി പ്രത്യേകമായി നശിപ്പിക്കും.
സ്വയംപര്യാപ്തത: രോഗനിർണയം മുതൽ തീവ്രപരിചരണം വരെയുള്ള എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഈ സുരക്ഷിത യൂണിറ്റിനുള്ളിൽ തന്നെ ലഭ്യമാണ്.
3. അപകടസാധ്യതയും പ്രതിരോധ വസ്ത്രങ്ങളും
ലാസ, മാർബർഗ് വൈറസുകളെപ്പോലെ ഏറ്റവും ഉയർന്ന ജൈവ അപകടസാധ്യതയുള്ള റിസ്ക് ഗ്രൂപ്പ് നാല് വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, രോഗിയെ പരിചരിക്കുന്ന മെഡിക്കൽ ജീവനക്കാർ പുറത്തുനിന്നുള്ള വായു ആവശ്യമില്ലാത്ത, സ്വന്തമായി വായു വിതരണ സംവിധാനമുള്ള പ്രത്യേക സുരക്ഷാ വസ്ത്രങ്ങളാണ് ധരിക്കുന്നത്.
4. ജർമനിയുടെ മെഡിക്കൽ കരുത്ത്
ഗുരുതരമായ പകർച്ചവ്യാധികൾ ചികിത്സിക്കാൻ ജർമ്മനിയിൽ ആകെ ഏഴ് പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇവയെല്ലാം റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള STAKOB ശൃംഖലയുടെ ഭാഗമാണ്. ഇതിൽ ബെർലിനിലെ ചാരിറ്റേ ആശുപത്രിയിലെ യൂണിറ്റാണ് ഏറ്റവും വലുത്.
പകർച്ചവ്യാധി ചികിത്സയും തീവ്രപരിചരണവും ഒരുമിച്ച് നൽകാൻ കഴിയുന്ന ഏക കേന്ദ്രവും ഇതാണ്. സാധാരണ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാതെ 20 രോഗികളെ വരെ ഇവിടെ ഒരേസമയം ഐസൊലേറ്റ് ചെയ്യാം.
ഇവിടുത്തെ ജീവനക്കാർക്ക് മുൻപ് പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള പടർച്ചയുടെ സമയത്ത് പ്രവർത്തിച്ചുള്ള അന്താരാഷ്ട്ര പരിചയവുമുണ്ട്.
5. ചികിത്സയും വാക്സിന്റെ ലഭ്യതക്കുറവും
എബോളയിലെ "സയർ' വകഭേദത്തിന് കൃത്യമായ മരുന്നുകൾ ലഭ്യമാണെങ്കിലും മേയ് മാസത്തിലെ ഈ ഔട്ട്ബ്രേക്കിന് കാരണമായ "ബുന്ദിബുഗ്യോ' എന്ന വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക മരുന്നുകളോ ഇല്ല.
ലോകാരോഗ്യ സംഘടന ഇതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിനുകൾ വിലയിരുത്തുന്നുണ്ടെങ്കിലും അവ ലഭ്യമാകാൻ മാസങ്ങളെടുത്തേക്കും.
എങ്കിലും, ശരീരത്തിലെ ജലാംശം നിലനിർത്താനും മറ്റ് അവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുമുള്ള കൃത്യമായ തീവ്രപരിചരണത്തിലൂടെ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാനാകും.
ആഫ്രിക്കയിൽ 50 ശതമാനത്തിന് മുകളിലുള്ള മരണനിരക്ക്, യൂറോപ്പിലെ ഇത്തരം മികച്ച സൗകര്യങ്ങളിൽ ചികിത്സിക്കുമ്പോൾ 20 ശതമാനത്തിലേക്ക് താഴാറുണ്ട്.
6. ആഗോളതലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
എബോള പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ആശുപത്രിയിലെ ചികിത്സ മാത്രം പോരെന്നും രോഗബാധിത പ്രദേശങ്ങളിലെ പ്രാദേശിക സമൂഹങ്ങളിൽ ബോധവത്കരണം നടത്തുകയാണ് പ്രധാനമെന്നും വിദഗ്ധർ പറയുന്നു.
എബോള ബാധിച്ചു മരിച്ച വ്യക്തികളുടെ മൃതദേഹങ്ങളിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ളതിനാൽ സംസ്കാര ചടങ്ങുകളിൽ വലിയ ജാഗ്രത വേണം.
കൂടാതെ, ഇങ്ങനെയുള്ള അത്യാധുനിക ഐസൊലേഷൻ യൂണിറ്റുകൾ വികസിത രാജ്യങ്ങളിൽ (ഗ്ലോബൽ നോർത്ത്) മാത്രമല്ല, രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ള വികസ്വര രാജ്യങ്ങളിലും (ഗ്ലോബൽ സൗത്ത്) നിർമിക്കേണ്ടത് അനിവാര്യമാണെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴിൽ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സമീപകാലത്തു യാത്ര ചെയ്തവരിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
എബോള സംശയിക്കുന്ന കേസുകളിൽ രോഗനിരീക്ഷണവും സാന്പിൾ ശേഖരണവും റഫറൽ സംവിധാനവും ഉൾപ്പെടെ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമവും (എസ്ഒപി) കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗബാധിതരെ പ്രത്യേകം മാറ്റുന്നതിനുള്ള സംവിധാനങ്ങളും രോഗബാധ പകരുന്നത് തടയാൻ ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക ആംബുലൻസുകളും തയാറാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശമുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽനിന്നു എത്തുന്നവരെയും അതുവഴി സഞ്ചരിക്കുന്നവരെയും വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും (സിജിഎച്ച്എസ്) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
Kerala
കൊച്ചി: ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കടുത്ത ജാഗ്രതാ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള ഹെൽത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയത്.
നിലവിൽ ഇന്ത്യയിൽ ഒരിടത്തും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവളങ്ങളിലെ പരിശോധനകൾ മുൻകരുതലിന്റെ ഭാഗം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. എബോള ബാധിത പ്രദേശങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പനി, കടുത്ത ക്ഷീണം, തലവേദന, പേശി വേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, അല്ലെങ്കിൽ അകാരണമായ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി എയർപോർട്ട് ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. രോഗബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായവരും വിവരം അറിയിക്കണം.
എബോള വൈറസിന്റെ ഇൻകുബേഷൻ പിരീഡ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ, ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി 21 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് ചികിത്സ തേടണം. കേരളത്തിലെത്തുന്ന ഇത്തരം യാത്രക്കാരെ 21 ദിവസത്തെ കർശന ആരോഗ്യ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കായി ഇൻ-ഫ്ലൈറ്റ് അനൗൺസ്മെന്റുകൾ നടത്താനും സെൽഫ് ഡിക്ലറേഷൻ ഫോമുകൾ പൂരിപ്പിച്ചു വാങ്ങാനും എയർലൈനുകൾക്ക് നിർദേശം നൽകി. നെടുമ്പാശ്ശേരിക്ക് പുറമേ സംസ്ഥാനത്തെ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണ കൗണ്ടറുകളും ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.
International
കിൻഷാസ: ആഫ്രിക്കയിലെ ഡോമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന എബോള രോഗബാധയ്ക്കു വാക്സിൻ ലഭ്യമാക്കാൻ ഒന്‍പതു മാസം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന.
എബോള വൈറസുകളിൽ ബണ്ടിബജ്യോ എന്നയിനമാണ് കോംഗോയിൽ കണ്ടെത്തിയത്. രണ്ടു വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി പറഞ്ഞു.
എബോള ബാധിച്ച് 139 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നു. അറുനൂറോളം പേർക്ക് രോഗം പിടിപെട്ടതായി അനുമാനിക്കുന്നു.
Kerala
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ സമിതി (Rapid Response Team) യോഗം ചേർന്നു.
ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം.
യാത്രക്കാർക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കിൽ എയർപോർട്ടിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം.
എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവർക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും രണ്ട് തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: എബോള ഭീതിയെ തുടർന്ന് ഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നീട്ടിയത്.
ആഫ്രിക്കൻ യൂണിയൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ ഉൾപ്പെടെ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
ഉച്ചകോടിയുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.