ബംഗളൂരു: ഉഗാണ്ടയില്‍ നിന്ന് ബംഗളൂരുവിൽ എത്തിയ യുവതിയിൽ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് 28 വയസുള്ള യുവതി ബംഗളൂരുവിലെത്തിയത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ക്വാറന്റീൻ നീട്ടുകയായിരുന്നു. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പൂനയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Tags : Ebola Uganda quarantine