Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ചാന്നാങ്കരയിൽ പ്രവർത്തിക്കുന്ന ഐസ് ഫാക്ടറിയിലാണ് സംഭവം. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പമ്പ് ഓപ്പറേറ്ററായ ആസാം സ്വദേശിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിലാണ് അമോണിയ ചോർച്ചയുണ്ടായത്.
വാൽവ് തകരാറിലായതാണ് അമോണിയ ചോർച്ചയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റ് വാൽവ് അടച്ച് ചോർച്ച പരിഹരിച്ചു.
Kerala
കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോയ ബസ് കത്തി നശിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്ന ബസിന് ആണ് തീപിടിച്ചത്. 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് പുറപ്പെട്ടത്. ശിവപുരത്തെത്തിയപ്പോൾ ബസിന്റെ പുറകുവശത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ യാത്രക്കാരെയും വിളിച്ചുണർത്തി പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും മട്ടന്നൂർ, കൂത്തുപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് തീ കെടുത്തി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം പാറശാലയിൽ ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. പാറശാല സ്വദേശി രാജകുമാരിക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.
വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽപെടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെടുത്തത്. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.
Kerala
ചുങ്കത്തറ: മാതാവ് കിണറ്റിൽ തള്ളിയിട്ട കുട്ടിക്ക് രക്ഷകനായി അയൽവാസി. മാനസികവെല്ലുവിളി നേരിടുന്ന അമ്മ ഒൻപതുകാരിയായ മകളെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. ചുങ്കത്തറ കൈപ്പിനി പാർട്ടിക്കുന്നിൽ ആണ് സംഭവം.
കുടുംബവഴക്കിനെത്തുടർന്നാണ് അമ്മ കുട്ടിയെ കിണറ്റിലേക്ക് തള്ളിയിട്ടത്. ഭർത്താവുമായി കലഹിച്ച ഭാര്യ രാവിലെ മകളെ മീൻ കാണിച്ചുതരാമെന്നുപറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി. പിന്നാലെ കുട്ടിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവം കണ്ട അയൽവാസി ഉടൻ കിണറ്റിലേക്കിറങ്ങി കുട്ടിയെയും ചേർത്ത് പിടിച്ച് നിന്നു. മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന ഇവരെ പിന്നീട് നിലമ്പൂരിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് കരയ്ക്കെത്തിച്ചത്. കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ട് വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്റെ വീടാണ് അഗ്നിക്കിരയായത്. ഉച്ചയോടെ ആയിരുന്നു സംഭവം.
കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് സമീപത്തെ വസ്തുക്കളിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂരയും മുറികളും പൂർണമായും കത്തിനശിച്ചു. ഓടുമേഞ്ഞ മേൽക്കൂരയായതിനാൽ മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു.
വിളക്ക് കത്തിച്ചുവച്ച് വീട്ടുകാർ പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്. അതിനാൽ ആളപയാമുണ്ടായില്ല. വീടിന് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വെഞ്ഞാറമൂട് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
കാട്ടാക്കട: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ. പേപ്പാറ കല്ലുപാറ വനത്തിൽ അരുവിയാൻ കാണിയുടെ മകൻ മല്ലൻ (31)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ആണ് സംഭവം. പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് മല്ലൻ മീൻ പിടിക്കാൻ പോയത്.
സഹോദരൻ ആനന്ദനും മറ്റ് നാല് സുഹൃത്തുക്കൾക്കും ഒപ്പമാണ് മല്ലൻ മീൻ പിടിക്കാൻ പോയത്. ആറ്റിനക്കരെ പോകുന്നതിനിടയിൽ മല്ലൻ ചങ്ങാടത്തിൽ നിന്ന് ഇറങ്ങി ഒരു മുളയിൽ പിടിച്ച് നീന്തുകയായിരുന്നു.
സുഹൃത്തുക്കൾ ആറ്റിനക്കരെ എത്തിയപ്പോഴേക്കും മല്ലനെ കാണാതായിരുന്നു. ഇതേ തുടർന്ന് വിവരം അഗ്നിശമന സേനയെയും പോലീസിനെയും അറിയിച്ചു. തുടർന്ന് വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും മല്ലനെ കണ്ടെത്താനായില്ല. രാവിലെ നത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
വെഞ്ഞാറമൂട്: മരം മുറിയ്ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് റബർ മരത്തിൽ കുടുങ്ങി. വാമനപുരം ആനച്ചൽ കീരിച്ചേരി വീട്ടിൽ കണ്ണൻ ( 28 ) ആണ് 60 അടി ഉയരമുള്ള റബർ മരത്തിന് മുകളിൽ കുടുങ്ങിയത്.
വെളളുമണ്ണടി കൈരളി നഗറിൽ തിങ്കളാഴ്ച രാവിലെ 10ഓടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി മരത്തിനു മുകളിൽ കയറി റോപ്പ് നെറ്റ് ലാഡറിന്റെ സഹായത്തോടെ കണ്ണനെ താഴെയിറക്കി.
തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് അഗ്നിശമന സേന നിലയത്തിലെ സീനിയർ റെസ്ക്യു ഓഫീസർ അജിത്ത് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുബീഷ്, വിപിൻ ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Kerala
കോഴിക്കോട്: കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയില് ഒരു കുടുംബത്തിലെ മൂന്നു പേര് മുങ്ങി മരിച്ചു.
അരീക്കുണ്ട് സ്വദേശികളായ അന്സാര്, ഭാര്യ സുഹദ മറിയം, സഹോദരന്റെ മകള് ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്.
തുണി അലക്കാന് പോയതായിരുന്നു ഇവര്. ഇതിനിടെ കുട്ടി കയത്തില്പെട്ടു. കുട്ടിയെ രക്ഷിക്കാന് ശ്രമിക്കവേ അന്സാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള് നാദാപുരം ഗവ ആശുപത്രിയില്.
Kerala
മങ്കൊമ്പ്: മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്ക് സമീപം നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ലാദന്റെയും തങ്കമണിയുടെയും മകൻ പി. ശ്യാംലാൽ (32) ആണ് മരിച്ചത്.
സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്ത് നിന്നു നെല്ല് ശേഖരിച്ച് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലുള്ള കടവിലേക്ക് വള്ളത്തിൽ എത്തിക്കുമ്പോഴാണ് അപകടം.
വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും വള്ളം കടവിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിലേക്ക് വീണ ശ്യാമിനായി സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെയാണ് അപകടമുണ്ടായത്. അക്ഷയ ടവർ മൂന്നാം നിലയിലാണ് തീപിടിത്തം.
മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തീപിടിച്ച സംഭവത്തിൽ ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി സൂപ്രണ്ട്. തീപിടിത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങളോടെയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ ദിവസവും അടുത്ത ദിവസവും ആശുപത്രിയിൽ സംഭവിച്ച മണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗികളെ മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒൻപത് ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുനലൂർ വാളക്കോട് എൻഎസ്വി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദർശ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ഐക്കരക്കോണം പാറക്കടവിലാണ് സഹപാഠികൾക്കൊപ്പം ആദർശ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ആദർശ് നീന്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് മുങ്ങൽവിദഗ്ധരും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും രക്ഷികനായില്ല. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാൻ എന്നിവരാണ് മരിച്ചത്.
ഇരുവരും മൂന്ന് വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.
മാവൂരിൽ നിന്നും അഗ്നിശമനസേന യൂണിറ്റെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല തീർഥാടക സംഘത്തിന്റെ വാഹനം ഇടിമിന്നലേറ്റ് തീപിടിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 6.20ഓടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നുള്ള തീർഥാടകരെത്തിയ വാഹനമാണ് തീപിടിച്ചത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റതിന് പിന്നാലെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് ഉടൻ തന്നെ പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിൽ തീപടരുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഇടപെട്ട് തീ പൂർണമായും കെടുത്തി.
അപകടത്തിൽ കാറിന് സാരമായ നാശനഷ്ടങ്ങളുണ്ടായി. ശബരിമലയിലേക്ക് തീർഥാടകരുമായി വന്ന ടാക്സി കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
Kerala
കാട്ടാക്കട: തിരുവനന്തപുരം നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിക്കായി തെരച്ചിൽ തുടരുന്നു. നേമം സ്വദേശിനി ശരണ്യ(32) ആണ് ഡാം റിസർവോയറിലേക്ക് എടുത്തുചാടിയത്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
റിസർവോയറിന് സമീപത്ത് ഫോണും പേഴ്സും ചെരിപ്പും കണ്ട സന്ദർശകരിൽ ഒരാളാണ് ഡാം ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടർന്നു.
നെയ്യാർ ഡാമിലെത്തിയ ശേഷം ശരണ്യ ഭർത്താവിനെ ഫോണിൽ വിളിച്ചു താൻ ഡാമിൽ ചാടാൻ പോകുകയാണെന്ന് അറിയിച്ചിരുന്നതായും വിവരമുണ്ട്. തമ്പാനൂർ ആർടിഒ ഓഫീസിൽ 11 മാസമായി ജോലി ചെയ്തു വരികയായിരുന്നു ശരണ്യ.
ജോലി സമ്മർദത്തെ തുടർന്ന് ശരണ്യ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ സ്ഥലം മാറ്റം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാകാം ഡാമിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
Kerala
മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിന്റെ കൈയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. അരിപ്പൊടി നിർമാണ യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് അപകടം.
തുടർന്ന് മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളുടെ കൈ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജാഹിദുൽ ഇസ്ലാം നിലവിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്ന് ബസുകളാണ് കത്തി നശിച്ചത്.
സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് സ്കൂൾ അധികൃതർ. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്.
പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഈ സമയം സ്കൂളിൽ ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപിടിത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു.
പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തി. അപകട സമയം സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
Kerala
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഇയാളുടേതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. മാനന്തവാടി എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീകെടുത്തി സജീറിനെയും കുടുംബത്തെയും പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി.
Kerala
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ നില നില ഗുരുതരമാണെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Kerala
പാലക്കാട്: പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ടയര് കത്തിയതാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ഷൊര്ണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. 50ൽ അധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് ഇപ്പോഴും അഗ്നിശമന സേന തുടരുന്നുണ്ട്.
Kerala
മണിമല: കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസ് ആണ് അഗ്നിക്കിരയായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
പുലർച്ചെ നാല് മണിയോടെയാണ് മണിമലയ്ക്കടുത്ത് പഴയിടത്ത് വച്ച് ബസിന് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. തുടർന്ന് ബസിന്റെ പിൻവശത്ത് നിന്ന് തീപടരുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
Kerala
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.
എട്ട് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം.
Kerala
പാലാ: കോട്ടയം പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരത്തിന് ശേഷം സാധനങ്ങളുമായി തിരികെ പോകുന്പോഴായിരുന്നു അപകടം.
ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ലോറിയാണ് അപകടത്തിൽപെട്ടത്. കസേര ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
Kerala
തിരുവനന്തപുരം: ക്ഷേത്രക്കിണറ്റിൽ വീണ് കീഴ്ശാന്തിക്ക് ദാരുണാന്ത്യം. അട്ടക്കുളങ്ങര പുത്തൻതെരുവ് ഗ്രാമ സമുച്ചയം അഗ്നിശ്വര മഹാദേവക്ഷേത്രത്തിലാണ് സംഭവം. കീഴ്ശാന്തി നവനീത് (20) ആണ് മരിച്ചത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് നവനീത്.
ക്ഷേത്രത്തിലെ മേൽശാന്തിയായ പിതാവിനെ സഹായിക്കാൻ കീഴ്ശാന്തിയായി എത്തിയതാണ് നവനീത്. അഭിഷേകത്തിനായി കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അപകടം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിന് വിവരമറിയിച്ചു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് നവനീതിനെ പുറത്തെടുത്തു.
ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവനീത് അപസ്മാരം ബാധിച്ച് കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് നശിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്. റെയിഞ്ച് റോവർ കാർ ആണ് തീപിടിച്ച് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: ചാലിശേരി സെന്ററിൽ വൻ തീപിടിത്തം. ആറോളം കടകളിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി തുടങ്ങി ആറോളം കടകളിലാണ് തീ പടർന്നത്.
വ്യാപാരികൾ കട അടച്ച് മടങ്ങുന്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുകടകളിലേക്ക് പടർന്നു. തുടർന്ന് ആറോളം കടകളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു.
കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Kerala
പത്തനംതിട്ട: പന്പയ്ക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു. ദർശനത്തിനായി പോയ ശബരിമല തീർത്ഥാടകരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്.ഹൈദരാബാദ് സ്വദേശികളുടെ ടാക്സി കാറാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തീർഥാടകരെ ഉടൻ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
Kerala
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ്. ബുധനാഴ്ച രാവിലെയാണ് ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപം പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.വെൽഡിംഗിനെത്തിയ രണ്ട് പേർക്കാണ് പരിക്കേറ്റത്. ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഏറെകാലമായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപയോഗിക്കാതെ കിടന്ന ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.
ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Kerala
കൊല്ലം: തങ്കശേരി ആൽത്തറമൂട്ടിൽ വീടുകൾക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതായാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് വീടുകളിലേക്ക് തീ പടരുകയായിരുന്നു. വീടുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. ആളപായങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Kerala
കണ്ണൂർ: താവുകുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഛത്തീസ്ഗഢ് സ്വദേശിക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അപകടം സംഭവിച്ചത്. ലോറിയുടെ കാബിനിലും പിന്നിലുമായി എട്ട് പേരുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞതോടെ നന്ദുലാൽ ലോറിക്ക് അടിയിൽ പെടുകയായിരുന്നു.
കുഴൽക്കിണറിന്റെ പണി കഴിഞ്ഞ് വരികയായിരുന്ന തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാനായത്.