District News
ഹരിപ്പാട്: നഗരമധ്യത്തിൽ ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിലുണ്ടായ തീപിടിത്തം പ്രദേശവാസികളെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ഹരിപ്പാട് നഗരസഭയിലെ 17-ാം വാർഡിൽ ചൈതന്യ കണ്ണാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയ്ക്കാണ് ഇന്നലെ വൈകുന്നേരം നാലിന് തീപിടിച്ചത്. പള്ളിപ്പാട് നടുവട്ടം സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കടയ്ക്ക് പുറത്ത് ചായ തയാറാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച തട്ടിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം ചായ തയാറാക്കുന്നതിനായി കടയിലെ ജീവനക്കാരൻ ഗ്യാസ് അടുപ്പ് കത്തിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് സിലിണ്ടറിന്റെ ട്യൂബിലുണ്ടായ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നുതന്നെ ട്യൂബിൽനിന്നു തീ ആളിപ്പടരുകയായിരുന്നു.
തീ പടരുന്നത് കണ്ടയുടൻ ജീവനക്കാരനും നാട്ടുകാരും ചേർന്ന് ഹരിപ്പാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കി. സിലിണ്ടറിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ അണയ്ക്കാൻ സാധിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായത്.
District News
ചേർത്തല: നഗരമധ്യത്തിൽ അഗ്നിബാധ, നാട്ടുകാർ പരിഭ്രാന്തരായി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഇരുമ്പുപാലത്തിന് പടിഞ്ഞാറു ഭാഗം ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് പിന്നിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ചേർത്തലയിൽനിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധയേമാക്കിയതിനാൽ സമീപ പ്രദേശങ്ങളിലേക്കു തീ പടരുന്നത് തടയാനായി. സമീപത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുണ്ട്.നാളുകളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത സ്ഥലത്താണ് തീ ഉയർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
District News
പയ്യന്നൂര്‍: വിവിധ കേസുകളില്‍പെട്ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കോറോം ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടിത്തം. കൂട്ടിയിട്ടിരുന്ന നാനൂറോളം വാഹനങ്ങള്‍ പൂര്‍ണമായും ഭാഗികമായും കത്തിനശിച്ചു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്നിന്നെത്തിച്ച ഫയര്‍ യൂണിറ്റുകളാണ് തീയണച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കോറോം നെല്യാട്ടെ ഡമ്പിംഗ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാ സേന ഓഫീസര്‍ സി.പി. രാജേഷ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം നല്കി ഫയര്‍ യൂണിറ്റുകള്‍ വിളിച്ചുവരുത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ പത്ത് അഗ്നിരക്ഷാസേന യൂണിറ്റുകൾ മൂന്നര മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം തീയണയ്ക്കാനായി ഉപയോഗിച്ചു. വൈകുന്നേരം ആറേമുക്കാലോടെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ സഹായിച്ചു. സ്ഥാനാര്‍ഥികളായ ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണനും സംഭവസ്ഥലത്തെത്തി.
ഇന്ധന ടാങ്കുകളില്‍ തീപിടിച്ചതോടെയുള്ള പൊട്ടിത്തെറികളും ടയറുകളിലേക്ക് തീപടര്‍ന്നതും തീയണയ്ക്കല്‍ ദുഷ്കരമാക്കി. സമീപത്തെ ഗ്യാസ് ഗോഡൗണിലേക്ക് തീപടരാതിരിക്കാനുള്ള മുന്‍ കരുതലെടുത്തശേഷമായിരുന്നു വാഹനങ്ങളിലും കാടുകളിലുമായി പടര്‍ന്ന തീയണയ്ക്കല്‍.
റീജണല്‍ ഫയര്‍ ഓഫീസര്‍ പി. രഞ്ജിത്ത്, പയ്യന്നൂര്‍ അഗ്നിരക്ഷാസേന ഓഫീസര്‍ സി.പി. രാജേഷ്, കണ്ണൂര്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.പി. ധനേഷ്, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.വി. പ്രഭാകരന്, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ആദര്‍ശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കല്‍. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ലോറികളുമുള്‍പ്പെടെ മുന്നൂറോളം വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഇവയെല്ലാം പൂര്‍ണമായോ ഭാഗികമായോ കത്തി നശിച്ചു.
ഏകദേശം അഞ്ചുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു.പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ പരിസരവാസികളുടെ നിരന്തരമായ മുറവിളികളെത്തുടര്‍ന്നാണ് കോറോത്തേക്കു മാറ്റിയത്. എന്നാല്‍ ഇവയുടെ സുരക്ഷിതത്വത്തിനാവശ്യമായ മതിലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തീപിടിത്തം ജനങ്ങളുടെ പ്രതിഷേധം വര്ധിക്കാനാണിടയാക്കിയത്.
District News
കുമരകം: കുമരകം കപ്പട പാടശേഖരത്തിൽ വൻ തീപിടിത്തം. കൊയ്ത്ത് കഴിഞ്ഞ് അവശേഷിച്ച വൈക്കോലിനും അവശിഷ്ടങ്ങൾക്കുമാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വേനൽച്ചൂടിൽ ഉണങ്ങിക്കിടന്ന വൈക്കോലായതിനാൽ തീ അതിവേഗം പാടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.ശക്തമായ കാറ്റിൽ നിമിഷനേരത്തിൽ തീ ആളിപ്പടർന്നു. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
കോട്ടയത്തുനിന്നു ഫയർഫോഴ്സ് യൂണിറ്റുകളെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെയാണ് അപകടമുണ്ടായത്. അക്ഷയ ടവർ മൂന്നാം നിലയിലാണ് തീപിടിത്തം.
മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
District News
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിലെ ബാത്ത്റൂമിൽ തീപിടിത്തം. ഇവിടത്തെ എക്സോസ്റ്റ് ഫാനിൽനിന്നാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി, ഫയർ എക്സറ്റിൻഗ്യൂഷർ ഉപയോഗിച്ച് പുക നിയന്ത്രിച്ചു.
തുടർന്ന് ഫയർഫോഴ്സെത്തി തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. ആർക്കും അപായമില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ ഐസിയുവിൽനിന്നു മാറ്റിയ അഞ്ച് രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.
മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലായിരുന്നു തീപിടിത്തമുണ്ടായത്. സംഭവത്തിൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണത്തിന് നിര്‍ദേശം നൽകിയത്. അഞ്ച് ആഴ്ചക്കുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
ഐസിയുവിൽനിന്നു രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ചായിരിക്കണം റിപ്പോര്‍ട്ടെന്നും ഉത്തരവിലുണ്ട്.
ഡോക്ടർമാർ, മറ്റ് ജീവനക്കാർ, കൂട്ടിരിപ്പുകാർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. മരിച്ചവരുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെക്കുറിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. സർക്കാരിന്റെയും ഡിഎംഇയുടെയും പ്രതിനിധി മേയ് എട്ടിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തീപിടിച്ച സംഭവത്തിൽ ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി സൂപ്രണ്ട്. തീപിടിത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങളോടെയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ ദിവസവും അടുത്ത ദിവസവും ആശുപത്രിയിൽ സംഭവിച്ച മണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗികളെ മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒൻപത് ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala
ആലുവ: റോഡരികിൽ ശേഖരിച്ചുവച്ചിരുന്ന മാലിന്യക്കൂമ്പാരത്തിൽനിന്നു തീപടർന്ന് പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു.
പൈപ്പ്ലൈൻ റോഡിൽ തായിക്കാട്ടുകര ലൈബ്രറിക്കു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തായിക്കാട്ടുകര മാനിയേരിൽ റിസ്വാന്റെ പേരിലുള്ള കാറാണു കത്തിനശിച്ചത്. ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാർ ഭാഗികമായി കത്തിനശിച്ചു.
വീട്ടിലേക്കുള്ള വഴിക്ക് വീതി കുറവായതിനാൽ സ്ഥിരമായി ഇവിടെയാണു കാർ പാർക്ക് ചെയ്യുന്നത്. സമീപം ഹരിത കർമസേനയുടെ മിനി സിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്തെ മാലിന്യത്തിൽ തീപിടിച്ച് ആളിപ്പടർന്ന് കാറിലേക്കും പടരുകയായിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ സ്റ്റീല്‍ അലമാര നിര്‍മിക്കുന്ന സ്ഥാപനത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. ഒക്കല്‍ പഞ്ചായത്തിലെ വല്ലം മോസ്കിന് സമീപത്തുള്ള എസ്എം സ്റ്റീല്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
കംപ്രസര്‍, ട്യൂബ്, നോസില്‍, പെയിന്റ് എന്നിവ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. മേനാച്ചേരി വീട്ടില്‍ സാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഥാപനത്തിന് അടുത്തുള്ള പറമ്പില്‍ തീ ഇട്ടിരുന്നു. ഇവിടെ നിന്നാകും തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള മരത്തിലേക്കാണ് ആദ്യം തീ പടര്‍ന്നത്.
പിന്നീട് സ്ഥാപനത്തിലെ പെയിന്റ് പാത്രങ്ങളിലേക്ക് തീ പടര്‍ന്നു. സ്ഥാപനത്തിന്റെ ഒരു ഭാഗം കത്തി നശിച്ചു. പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ടി.കെ. ജയറാമിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തീ പൂര്‍ണമായും അണച്ചു.
District News
കരിന്തളം: മലയോരമേഖലയിൽ ഓരോ ദിവസവും തീപിടിത്തമൊഴിയുന്നില്ല. കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് ഏക്കറുകളോളം പ്രദേശത്താണ് ഇന്നലെ തീ പടർന്നത്. ഉണങ്ങിക്കിടന്ന പാറപ്പുല്ലുകളിലാണ് ഇവിടെയും തീ പടർന്നുപിടിച്ചത്. കഴിഞ്ഞ ദിവസം നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിസരത്തും ഇതേ രീതിയിൽ തീ പടർന്നിരുന്നു.
മഞ്ഞളംപാറ കക്കോൽ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ ആദ്യം തീ കണ്ടത്. ഉച്ചവെയിലിന്റെ ചൂടിൽ നിമിഷാർധനേരം കൊണ്ട് ഇത് ചുറ്റുപാടും പടർന്നുപിടിക്കുകയായിരുന്നു. പാറപ്പുല്ലുകൾ വളർന്നുകിടക്കുന്ന റവന്യൂ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും സ്ഥലങ്ങളിലുമെല്ലാം തീ വ്യാപിച്ചു. കരിന്തളം ഗവ. കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടർന്നു.
തുടർന്ന് കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്ന് ബസുകളാണ് കത്തി നശിച്ചത്.
സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് സ്കൂൾ അധികൃതർ. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്.
പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഈ സമയം സ്കൂളിൽ ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപിടിത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു.
പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തി. അപകട സമയം സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
District News
കാസർഗോഡ്: നായന്മാർമൂലയിലെ ശീതളപാനീയ നിർമാണകേന്ദ്രത്തിൽ തീപിടിത്തം. നായന്മാർമൂലയിലെ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഫാക്ടറി പരിസത്ത് ചകിരിയും വിറകും കൂട്ടിയിട്ടിരുന്ന ഭാഗത്തുനിന്ന് തീ പടർന്നത്. അഗ്നിശമനസേനുടെ സമയോചിതമായ ഇടപെടലിലൂടെ തീ ഫാക്ടറിയുടെ അകത്തേക്ക് പടരാതെ കാത്തു. കാസർഗോഡ് സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളും, ഉപ്പള, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ നിന്ന് ഓരോ യൂണിറ്റുകളുമാണ് സ്ഥലത്തെത്തിയത്.
രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.കാസർഗോഡ് അഗ്നിരക്ഷനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ എ. ജാഫർ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. സുകു എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം സേനാംഗങ്ങൾ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
National
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു.
ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനം നടക്കുന്പോൾ 20 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്.
District News
പേരൂർക്കട: തിരുവനന്തപുരം എകെജി സെന്ററിനു സമീപം കുന്നുകുഴി സരോജിനി വിലാസത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഇതിലൂടെ 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു. ക്രിസ്തുദാസ് എന്നയാളുടെ വീടിന്റെ രണ്ടു മുറികളിലാണ് തീപിടിത്തം ഉണ്ടായത്.
തിരുവനന്തപുരം നിലയത്തിൽനിന്നും രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തടി ഉൽപ്പന്നങ്ങൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി സാധനങ്ങളാണു കത്തി നശിച്ചത്. തിരുവനന്തപുരം നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ജോർജ് പോളിൻന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിതേഷ്, അനീഷ്, വിമൽ, മഹേഷ്കുമാർ, ശ്രീരാഗ്, ഫിറോഷ്ഖാൻ, ശ്രീരാജ്, ബിജു, ശ്യാമളകുമാർ, രഞ്ജിത് എന്നിവർ തീ കെടുത്തുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
District News
മണ്ണാർക്കാട്: ആര്യമ്പാവ് നായാടിപാറയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പറമ്പിൽ തീപിടിത്തം. പറമ്പിനോട് ചേർന്ന് മാലിന്യം കത്തിച്ചതാണ് തീപടരാൻ കാരണമായതെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
ചപ്പുചവറുകൾ അലക്ഷ്യ മായി കത്തിക്കരുതെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകി. മണ്ണാർക്കാട് ഫയർസ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, ഫയർആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുരേഷ് കുമാർ, സി. റിജേഷ്, ഇ.ആർ. ശരത് രാജു, ഒ. വിജിത്ത്, ഹോംഗാർഡ് അനിൽകുമാർ എന്നിവരാണ് തീ നിയന്ത്രണവിധേയമാക്കിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) വൻ തീപിടുത്തം.
ലബോറട്ടി കെട്ടിടത്തിന്റെ രണ്ടാംനിലയിലുണ്ടായ അത്യാഹിതത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഏതാനും കംപ്യൂട്ടറുകൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
District News
പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽവീണ്ടും തീപിടിത്തം. ഏക്കറുകണക്കിന് ജൈവ വൈവിധ്യങ്ങളും അപൂർവം സസ്യയിടങ്ങളും പുൽമേടുകളും അഗ്നിക്കിരയായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് മാടായി കോളജിന് മുൻവശത്തെ സ്ഥലത്ത് തീപിടിത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഇതിന് സമീപത്ത് വൻ അഗ്നിബാധ ഉണ്ടായിരുന്നു. ചൂട് കാറ്റിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തീ പടർന്നത് നാട്ടുകാരിലും പരിഭ്രാന്തി പടർത്തിയിരുന്നു. മാടായിപ്പാറയിൽ അടിക്കടി ഉണ്ടാവുന്ന തീപിടിത്തത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലാണെന്ന ആരോപണം ഉയരുന്നുണ്ട്.
പയ്യന്നൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും പഴയങ്ങാടി പോലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് ഉള്ളിൽ പത്തിൽ കൂടുതൽ തവണയാണ് തീപിടിത്തം ഉണ്ടായത്.
District News
കളമശേരി: കളമശേരി എച്ച്എംടി കോളനിയിലെ സോഫാ കമ്പനിയിൽ തീപിടുത്തം. ഇന്നലെ രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. അപകടം മനസിലാക്കി കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. വർഷങ്ങളായി കോളനിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയുടെതാണ് കത്തിനശിച്ച സോഫാ നിർമാണ യൂണിറ്റ്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശമാകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരിക്കുകയാണ്. ഏലൂർ, തൃക്കാര എന്നിവിടങ്ങളിൽനിന്നും രണ്ട് യൂണിറ്റ്, ഗാന്ധിനഗർ, ഗെയിൽ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഓരോ യൂണിറ്റുകളും ശ്രമപ്പെട്ടാണ് തീയണച്ചത്.
District News
പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളടെ കലവറയായ മാടായിപ്പാറയിൽ വൻ തീപിടിത്തം. മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ഗവ. ഐടിഐയ്ക്ക് സമീപം ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഏക്കറുകണക്കിന് പുൽമേടുകളും ജൈവവൈവിധ്യങ്ങളും അഗ്നിക്കിരയായി. പയ്യന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും വിദ്യാർഥികളുംചേർന്ന് തീയണച്ചത്.
അഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടൽ കാരണമാണ് മരക്കമ്പിനി, ക്വാർട്ടേഴ്സ് എന്നിവയിലേക്ക് തീപടരുന്നത് ഒഴിവാക്കാനായത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തം ജനങ്ങളിൽ ആശങ്ക ഉയർത്തുകയാണ്. മാടായിപ്പാറയോട് ചേർന്ന് അഗ്നിരക്ഷാസേന സ്ഥാപിക്കും എന്ന അധികൃതരുടെ വാക്ക് ഇതുവരെ നടപ്പായില്ല.
മാടായിപ്പാറയിൽ തീയണയ്ക്കാൻ പയ്യന്നൂരിൽ നിന്നും കിലോമീറ്റർ താണ്ടിയാണ് അഗ്നിരക്ഷാ സേന എത്തുന്നത്. പയ്യന്നൂരിൽ നിന്നെത്തിയ ഫയർ സ്റ്റേഷൻ ഓഫിസർ പി.പി. രാജൻ, ഫയർ ആൻഡ് റസ്ക്യു ഓഫിസർ പി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൻ സ്റ്റേഷനിൽ ഓഫിസർമാരായ പി.പി. ധനേഷ്, എം.എസ്. അഖിൽ, കെ.പി. അവിൻ, എം. ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മണിക്കൂറുകളുടെ പ്രവർത്തനഫലമായാണ് തീ അണക്കാനായത്.
District News
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാർഡ് പന്തിരിക്കര ഒറ്റക്കണ്ടം ഒളവകുന്നേൽ റബർ തോട്ടത്തിന് മുകൾഭാഗത്തായി അഗ്നിബാധ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ആറ് ഏക്കയോളം വരുന്ന സ്ഥലത്തിന്റെ പകുതിയോളം കത്തി നശിച്ചു.
പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
പെട്ടെന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചത് കാരണം തൊട്ടടുത്തുള്ള വീടുകളിലേക്ക് പടരാതെ സുരക്ഷിതമാക്കാൻ കഴിഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, സോജു, വിജേഷ്, അരുൺ പ്രസാദ്, രഗിനേഷ്, അശ്വിൻ, വിനീത്, രജീഷ് ഹോം ഗാർഡുമാരായ അനീഷ് കുമാർ, വിജേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, വാർഡ് മെമ്പർ സന്തോഷ് കോശി എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
ഫോർട്ടുകൊച്ചി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തിൽ ഫൈബർ വള്ളങ്ങളും സമീപത്തെ പെട്ടിക്കടയും കത്തിനശിച്ചു. ഹാർബറിന്റെ ഉള്ളിലെ തെക്ക് ഭാഗത്തായി വീണുകിടന്നിരുന്ന കരിയിലയ്ക്കാണ് ആദ്യം തീപിടിച്ചത്.
സമീപത്ത് ഉപയോഗ്യ ശുന്യമായ നിരവധി ഫൈബർ വള്ളങ്ങളും സാധാരണ വള്ളങ്ങളും കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ഇതിൽ ഉപയോഗശൂന്യമായ രണ്ട് ഫൈബർ വള്ളങ്ങളും സമീപത്തെ പെട്ടിക്കടയും പൂർണമായി കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് തീപിടുത്തമുണ്ടായത്. എറണാകുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രാത്രി 10 ഓടുകൂടി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഉപയോഗ ശുന്യമായ വള്ളങ്ങൾ ഹാർബറിൽ നിന്നും മാറ്റണമെന്ന് മത്സ്യത്തൊഴിലാളികൾ പല തവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായി ഇവർ പറഞ്ഞു.തീ പിടിച്ചത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ ഒട്ടനവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
District News
അഞ്ചല്‍ : ഏരൂര്‍ ആലഞ്ചേരിയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വന്‍ തീപിടിത്തം. ആലഞ്ചേരി ജംഗ്ഷനു സമീപം ചണ്ണപ്പേട്ട പാതയോട് ചേര്‍ന്നുള്ള വസ്തുവിലാണ് ഇന്നലെ രാത്രി തീപിടിത്തം ഉണ്ടായത്.
വലിയ രീതിയില്‍ തീ ആളിപടര്‍ന്നതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് അറിയിച്ചതിന് പ്രകാരം പുനലൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നു തീ കെടുത്തി അപകടം ഒഴിവാക്കി.
തീപിടിത്തം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ കൃത്യമായി ഇടപ്പെട്ടതിനാല്‍ സമീപത്തെ വീടുകളിലേക്കും മറ്റ് പുരയിടങ്ങളിലേക്കും തീ പടര്‍ന്ന് പിടിക്കാതെ സംരക്ഷിക്കാനായി. ഇതിനാല്‍ ഒഴിവായത് വന്‍ അപകടമാണ്.
കാടുമൂടി കിടന്നതിനാല്‍ തന്നെ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.
അതേസമയം ചൂട് കൂടുന്ന സാഹചര്യത്തില്‍ തീപിടിക്കാനുള്ള സാഹചര്യവും ശക്തമായ കാറ്റ് വീശുന്നതിനാല്‍ വേഗത്തിൽ തീ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
District News
കാസർഗോഡ്: നഗരമധ്യത്തിൽ താലൂക്ക് ഓഫീസിനു സമീപം ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീപിടിച്ചു. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എം. സതീശന്റെ നേതൃത്വത്തിലെത്തിയ സംഘം തീ തൊട്ടടുത്ത കടകളിലേക്ക് വ്യാപിക്കാതെ തടയുകയും അണയ്ക്കുകയുമായിരുന്നു.
രണ്ടു കടകളും ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽരാജ്, വൈശാഖ്, പാർഥസാരഥി, രമേശ്, അനുശ്രീ, ഹോം ഗാർഡ് രാകേഷ്, ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കാസര്‍ഗോഡ്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോട്ട് സര്‍ക്യൂട്ടുണ്ടായി കിടപ്പുമുറി കത്തിനശിച്ചു. മധൂര്‍ ഉളിയത്തടുക്ക ഭഗവതി നഗറിലെ വൈദ്യര്വളപ്പില് ചിത്രകുമാരിയുടെ ഓടിട്ട വീട്ടിലാണ് അപകടം. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. തീപിടിത്തം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെടുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണയ്ക്കുകയുമായിരുന്നു.
വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര, മേശ, കട്ടില്, ബെഡ്, റൂമിന്റെ സീലിംഗ്, മറ്റു സാധന സാമഗ്രികള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ നഷ്ടം ഒഴിവായി. ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം.
തീപിടിത്തത്തില്‍ 50,000 രൂപയുടെ നഷ്ടം വന്നതായി കരുതുന്നു. സേനാംഗങ്ങളായ ഇ. പ്രസീദ്, ജെ.എ. അഭയ് സെന്‍, ജെ.ബി. ജിജോ, എ. രാജേന്ദ്രന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
District News
പുലാമന്തോൾ : പുലാമന്തോൾ യുപി ജുമാ മസ്ജിദിന് സമീപത്തെ മരമില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. ആളപായമില്ല.
ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിന് ഇന്നലെ പുലർച്ചെ 2.30 മണിയോടെയാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ, പട്ടാന്പി, മലപ്പുറം ഫയർ സ്റ്റേഷനുകളിൽ നിന്ന് നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പുലാമന്തോളിൽ നിന്ന് ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മരമില്ലിലിന് രണ്ട് ദിവസം അവധിയായിരുന്നതായും നാട്ടുകാർ പറഞ്ഞു. വിദേശ മരത്തടികളും യന്ത്രോപകരണങ്ങളും ഉൾപ്പടെ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു.
District News
കൊയിലാണ്ടി: കൊയിലാണ്ടി സബ് സ്റ്റേഷനു സമീപം കുറ്റിക്കാടിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി.ഉച്ചയ്ക്ക് രണ്ടോടെയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും വേസ്റ്റ് കേബിളിനും തീപിടിച്ചത്.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
Kerala
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയില്‍ എസി പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം. ഇവിടെ രോഗികൾ ഇല്ലെന്നും എസി പ്ലാന്റിന്റിലെ ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
താഴ്ത്തെ നിലകളിലേക്ക് തീപടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
വടകര: ഓര്‍ക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീപിടിത്തം. സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപിടിക്കുകയായിരുന്നു.
വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
പിന്നീട് വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്സ്ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്.
യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് തീ സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
International
ബ്രസീലിയ: ബ്രസീലിലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ തീപിടിത്തം. ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ആയിരക്കണക്കിനു പ്രതിനിധികളെ അടിയന്തരമായി ഒഴിപ്പിച്ചു മാറ്റേണ്ടിവന്നു.
ആമസോൺ വനത്തിനു സമീപം ബെലം നഗരത്തിൽ ഉച്ചകോടി വേദിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് പ്രതിനിധികൾ ചർച്ച ആരംഭിക്കവേ വേദിക്കടുത്തുള്ള എക്സിബിഷൻ പവലിയനിലുണ്ടായ തീപിടിത്തം മറ്റു മേഖലകളിലേക്കും പടരാൻ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രതിനിധികളെ പുറത്തിറക്കി.
പുക ശ്വസിച്ച് അവശനിലയിലായ 13 പേർക്കു ചികിത്സ നല്കി.ആറു മിനിട്ടിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ഇലക്ട്രിക് ഉപകരണത്തിൽനിന്നാണു തീപിടിത്തമുണ്ടായതെന്ന് അനുമാനിക്കുന്നു.
ഇതിനിടെ, ആഗോളതാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഊർജിത നടപടികൾ വേണമെന്ന ആവശ്യത്തിൽ ഉച്ചകോടിയിൽ ചർച്ച തുടരുകയാണ്. വിഷയത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി നീട്ടിയിരിക്കുകയാണ്. 200 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നു.
International
റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഷോര്‍ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
District News
കൊട്ടിയം: ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോ കോംപ്ലക്സിൽ വൻ തീപിടിത്തം. തീ അടുത്ത കെട്ടിടങ്ങളിലേക്ക് പടർന്നെങ്കിലും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. തീപിടിത്തത്തെ തുടർന്ന് മണിക്കൂറുകളോളം തിരുവനന്തപുരത്തേയ്ക്കുള്ള വാഹനഗതാഗതം തിരിച്ചു വിടേണ്ടി വന്നു.
കൊട്ടിയം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുക്കുള്ള റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന ഷാർപ്പ് സ്റ്റുഡിയോ കോംപ്ലെക്സിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കമ്പികളും ഷീറ്റും ഉപയോഗിച്ച് ഷെഡ് നിർമിച്ചിട്ടുണ്ട്. ഫ്ലക്സുകളും പ്രിന്റിംഗ് സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതും ബോർഡ് നിർമാണവും കട്ടിംഗും മറ്റും നടത്തുന്നതും ഈ ഭാഗത്താണ്. ഇവിടെയാണ് ആദ്യം പുക ഉയരുകയും ശക്തമായ അഗ്നിബാധ ഉണ്ടാവുകയും ചെയ്തത്. ഇന്നലെ പകൽ മൂന്നിനായിരുന്നു സംഭവം.
ഈ സമയം ഇരുപതോളം ജീവനക്കാർ സ്റ്റുഡിയോ കോംപ്ലക്സിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശക്തമായി പുക ഉയർന്നതോടെ ജീവനക്കാർ മുകൾ നിലകളിൽ നിന്നും രക്ഷപ്പെട്ട് താഴെയ്ക്ക് എത്തിയതിനാൽ മറ്റ് ദുരന്തങ്ങളുണ്ടായില്ല. തൊട്ടടുത്ത കെട്ടിടത്തിലെ വാട്ടർ ടാങ്ക് കത്തിയമർന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും ഏകദേശം 30 മീറ്റർ അകലെയായിരുന്നു ഈ വാട്ടർ ടാങ്ക്. സ്ഥലത്ത് ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയപാതയുടെ നിർമാണം നടക്കുന്നത് മൂലമുള്ള തടസങ്ങളും തീപിടിച്ച കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അടുത്ത കെട്ടിടങ്ങളിൽ നിന്നും സൗകര്യമില്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് തീയണച്ച് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ഇരുമ്പും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഷെഡ് പൂർണമായും കത്തിയമർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം തുക്കം വരുന്ന ഫ്ലക്സ്, പ്രിന്റിംഗിനുള്ള സാമഗ്രികൾ എന്നിവ കത്തിയമർന്നതായാണ് പ്രാഥമിക വിവരം. തൊട്ടടുത്ത കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നെങ്കിലും അത് നിയന്ത്രിക്കാനായി.. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കയാണ്.
ദേശീയപാതയിൽ കൊട്ടിയത്ത് സർവീസസ് റോഡിനടുത്തുള്ള ഡിജിറ്റൽ കളർ ലാബിൽ വൻ തീപിടിത്തം ഉണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. തീപിടുത്തത്തിൽ കൊട്ടിയവും പരിസരവും പുകകൊണ്ട് മൂടി.
ജീവനക്കാർ ഉച്ചഭക്ഷണത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കടയിൽ തീ പിടിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചത് അനുസരിച്ച്പരവൂർ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സും കൊട്ടിയം പോലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ്തീയണച്ചത്.
തീ പിടിച്ചതിന്റെ താഴത്തെ നിലവിൽ ഉണ്ടായിരുന്ന മെഷീനുകളും മറ്റും നശിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കൊട്ടിയം ജംഗ്ഷനിൽ തടിച്ചുകൂടിയത്. തീപിടിത്തത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
District News
കോയമ്പത്തൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ ഒപ്പനക്കാര റോഡിലും രാജാ റോഡിലും സ്ഥിതിചെയ്യുന്ന കടകളുടെ സുരക്ഷാസൗകര്യങ്ങൾ പരിശോധിക്കാൻ കോയമ്പത്തൂർ ജില്ലാ ഫയർഫോഴ്സിനോട് ജില്ലാ കളക്ടർ പവൻ കുമാർ ഉത്തരവിട്ടു.
ഒപ്പനക്കാര റോഡ് പ്രദേശത്തുള്ള മഹാശ്രീലക്ഷ്മി സിൽക്സിന്റെ ഗോഡൗണിൽ ഇന്നലെ പുലർച്ചെ 5. 30 ഓടെ തീപിടിത്തമുണ്ടായി. കോയമ്പത്തൂർ സൗത്ത്, നോർത്ത് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എഞ്ചിനുകൾ എത്തി രാവിലെ 6. 30 ഓടെയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു.
താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.