ഹരിപ്പാട്: നഗരമധ്യത്തിൽ ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിലുണ്ടായ തീപിടിത്തം പ്രദേശവാസികളെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ഹരിപ്പാട് നഗരസഭയിലെ 17-ാം വാർഡിൽ ചൈതന്യ കണ്ണാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയ്ക്കാണ് ഇന്നലെ വൈകുന്നേരം നാലിന് തീപിടിച്ചത്. പള്ളിപ്പാട് നടുവട്ടം സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കടയ്ക്ക് പുറത്ത് ചായ തയാറാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച തട്ടിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം ചായ തയാറാക്കുന്നതിനായി കടയിലെ ജീവനക്കാരൻ ഗ്യാസ് അടുപ്പ് കത്തിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് സിലിണ്ടറിന്റെ ട്യൂബിലുണ്ടായ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നുതന്നെ ട്യൂബിൽനിന്നു തീ ആളിപ്പടരുകയായിരുന്നു.
തീ പടരുന്നത് കണ്ടയുടൻ ജീവനക്കാരനും നാട്ടുകാരും ചേർന്ന് ഹരിപ്പാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കി. സിലിണ്ടറിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ അണയ്ക്കാൻ സാധിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായത്.
Tags : nattu vishesham Fire breaks out at Haripattu