Kerala
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്ക് ഇൻഷുറന്‍സ് മാതൃകയില്‍ നൂതനമായ റിസ്ക് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്‍ഡ് മാതൃകയില്‍ ഒരു പാരാമെട്രിക് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.
ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയത്.
Business
പഴയ കാർ വാങ്ങുന്നത് നല്ല തീരുമാനമാണെന്നു പലരും കരുതുന്നു. കാരണം ഇതു ചെലവ് കുറവാണ്, കാത്തിരിപ്പ് കാലാവധി ഇല്ല, ഉടൻ ഓടിക്കാൻ കഴിയുന്ന വാഹനം ലഭിക്കുന്നു. എന്നാൽ, ആ സന്തോഷം കുറയുമ്പോൾ ഒരു പ്രധാന ഉത്തരവാദിത്വം പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഉപയോഗിച്ച കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്നത്.
വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയാൽ ഇൻഷ്വറൻസ് പോളിസിയും സ്വയം മാറ്റപ്പെടുമെന്നു പലർക്കും തെറ്റിദ്ധാരണയുണ്ട്. എന്നാൽ, യാഥാർഥ്യം അങ്ങനെ അല്ല. ഇൻഷ്വറൻസ് പോളിസി ഔദ്യോഗികമായി പുതിയ ഉടമയുടെ പേരിലേക്കു മാറ്റുന്നതുവരെ അതു പഴയ ഉടമയുമായി ബന്ധപ്പെട്ടുതന്നെ തുടരും. എല്ലാ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പഴയ ഉടമയ്ക്കാണ് ലഭിക്കുക.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്തു മാറ്റാതെ വിട്ടാൽ നിങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റാതിരുന്നാൽ
നിങ്ങൾ നേരിടേണ്ടി വരുന്ന 8 പ്രശ്നങ്ങൾ
കാർ ഇൻഷുറൻസിന്‍റെ പ്രധാന ലക്ഷ്യം വാഹനം കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക സഹായം നൽകുന്നതാണ്. നിങ്ങൾ ഒരു പഴയ കാർ വാങ്ങുമ്പോൾ കാർ ഇൻഷുറൻസ് മാറ്റം നടത്താതിരുന്നാൽ, മാനസികമായും സാമ്പത്തികമായും വലിയ സമ്മർദം നേരിടേണ്ടിവരും. അത്തരത്തിൽ ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും കവർറേജായി നൽകില്ല.
1. അപകടസമയത്ത് ക്ലെയിം നിഷേധം
നിങ്ങളുടെ കാർ അപകടത്തിൽപ്പെടുകയും ഇൻഷ്വറൻസ് ഇപ്പോഴും പഴയ ഉടമയുടെ പേരിലായിരിക്കുകയുമെങ്കിൽ, ക്ലെയിം ഉടൻ തന്നെ നിഷേധിക്കപ്പെടാം. ഇൻഷ്വറൻസ് കമ്പനികൾ പോളിസി ഉടമയുടെ പേര് വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമയുമായി പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെടുന്നു.
നിങ്ങൾ കാർ ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാത്ത പക്ഷം, ക്ലെയിം തീർപ്പാക്കുന്ന സമയത്ത് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ അറ്റകുറ്റപ്പണി ചെലവ്, നാശനഷ്ടം, ടോയിംഗ് ചാർജ് എന്നിവ എല്ലാം നിങ്ങളുടെ പോക്കറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിലും ഈ ചെലവ് ഒഴിവാക്കാൻ കഴിയില്ല.
2. മൂന്നാംപക്ഷ നാശനഷ്ടങ്ങൾക്കു പൂർണ ഉത്തരവാദിത്വം
നിങ്ങൾ വാങ്ങിയ കാർ മറ്റൊരാളുടെ സ്വത്തിനെ കേടുപാടുകൾ വരുത്തുകയോ ഒരാളെ പരിക്കേൽപ്പിക്കുകയോ ചെയ്താൽ, അതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും. ഇൻഷ്വറൻസ് പഴയ ഉടമയുടെ പേരിലായതിനാൽ ഇൻഷ്വറൻസ് കമ്പനി ഒരു കവർറേജും നൽകില്ല. എല്ലാ ചെലവും നിങ്ങൾതന്നെ അടയ്ക്കേണ്ടിവരും.
3. സാധുവായ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു നിയമപ്രശ്നങ്ങൾ
ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. പോളിസിയിൽ പഴയ ഉടമയുടെ പേരു മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പേര് നിയമപരമായ ഉടമയായി കണക്കാക്കില്ല.
ട്രാഫിക് അധികൃതർ ഇതിനെ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതായി കാണും. ഇതിന്‍റെ ഫലമായി പിഴ ചുമത്തുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യാം.
4. അഡ് ഓണുകളും അധിക സുരക്ഷയും ലഭിക്കില്ല
സീറോ ഡിപ്രിഷിയേഷൻ കാർ ഇൻഷുറൻസ് കവർ, എൻജിൻ സംരക്ഷണം, റോഡ്സൈഡ് സഹായം, റിട്ടേൺ ടു ഇൻവോയ്സ് തുടങ്ങിയ അഡ് ഓൺ ആനുകൂല്യങ്ങൾ ലഭിക്കാൻ കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണം. ഉടമസ്ഥാവകാശ ഇൻഷ്വറൻസ് മാറ്റം നടത്തുമ്പോൾ മാത്രമാണ് ഇൻഷ്വറൻസ് കമ്പനി ഈ അധിക സൗകര്യങ്ങൾ അനുവദിക്കുക.
അപകടങ്ങൾ സംഭവിക്കുമ്പോഴും വലിയ തകരാറുകൾ ഉണ്ടാകുമ്പോഴും ഈ അഡ് ഓണുകൾ വളരെ സഹായകരമാണ്. അറ്റകുറ്റപ്പണി ചെലവും ഭാഗങ്ങൾ മാറ്റുന്നതിനുള്ള ചെലവും കുറയ്ക്കാൻ ഇവ സഹായിക്കും.
5. നോ ക്ലെയിം ബോണസ് ആനുകൂല്യം നഷ്ടപ്പെടുക
ക്ലെയിം ഇല്ലാതെ തുടർച്ചയായി വർഷങ്ങൾ പൂർത്തിയാക്കിയതിന് ലഭിക്കുന്ന ഒരു ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്. ഇത് ഇൻഷ്വറൻസ് പ്രീമിയം വലിയ തോതിൽ കുറയ്ക്കുന്നു. ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റം വൈകിക്കുകയോ അവഗണിക്കുകയോ ചെയ്താൽ, ഈ ആനുകൂല്യം തുടർന്നു ഉപയോഗിക്കുന്ന അവകാശം നിങ്ങൾക്കു നഷ്ടപ്പെടാം. അതിലും മോശമായി, പഴയ ഉടമ അത് തന്‍റെ പുതിയ കാറിനായി ഉപയോഗിച്ചേക്കാം. പിന്നീട് നിങ്ങൾക്കു കൂടുതൽ പ്രീമിയം അടയ്ക്കേണ്ടിവരും.
6. സാധാരണ ട്രാഫിക് പരിശോധനകളിൽ പിഴ
സാധാരണ റോഡ് പരിശോധനകളിൽ ട്രാഫിക് പോലീസ് ഇൻഷ്വറൻസ് രേഖകൾ സ്ഥിരമായി പരിശോധിക്കും. ഇൻഷ്വറൻസിൽ പഴയ ഉടമയുടെ പേര് കാണിച്ചാൽ അത് അസാധുവായ കവർറേജായി കണക്കാക്കും. ഇതിന്‍റെ ഫലമായി ഉടൻതന്നെ പിഴ ചുമത്താം. ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ വർധിക്കാനും ഡ്രൈവിംഗ് ലൈസൻസ് രേഖയെ ബാധിക്കാനും സാധ്യതയുണ്ട്.
7. നാശനഷ്ടങ്ങൾക്ക് ശേഷം ഉയർന്ന അറ്റകുറ്റപ്പണി ചെലവ്
ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും ഇന്നത്തെ വിലകൂടിയ സ്പെയർ പാർട്സും ആധുനിക വാഹന സാങ്കേതികവിദ്യകളും കാരണം വലിയ തുക ചെലവാകാം. ഇൻഷ്വറൻസ് മാറ്റം നടത്തിയില്ലെങ്കിൽ കാഷ്‌ലെസ് ക്ലെയിം അല്ലെങ്കിൽ റീഇംബഴ്‌സ്‌മെന്‍റ് ക്ലെയിം നൽകാനുള്ള അവകാശം നിങ്ങൾക്കു നഷ്ടപ്പെടും.
അങ്ങനെ വന്നാൽ സ്വന്തം സേവിംഗ്സിൽനിന്നു പണം നൽകുകയോ ലോൺ എടുക്കുകയോ അറ്റകുറ്റപ്പണി വൈകിക്കുകയോ ചെയ്യേണ്ടിവരും. ഇൻഷ്വറൻസ് മാറ്റം വൈകുന്നത് പലപ്പോഴും പോളിസിയുടെ ചെലവിനേക്കാൾ കൂടുതൽ നഷ്ടം ഉണ്ടാക്കാം.
8. അസാധുവായ ഇൻഷ്വറൻസ് കാരണം ആർസി മാറ്റത്തിൽ വൈകൽ
ആർസി മാറ്റത്തിനായി സാധുവായ ഇൻഷ്വറൻസ് പോളിസി നിർബന്ധമാണ്. പോളിസി കാലഹരണപ്പെട്ടതായിരുന്നാൽ അല്ലെങ്കിൽ ഇപ്പോഴും വിൽപ്പനക്കാരന്‍റെ പേരിലായിരുന്നാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതുവരെ ആർടിഒ നിങ്ങളുടെ അപേക്ഷ തടഞ്ഞുവയ്ക്കാം. ഈ വൈകൽ കാരണം ഉടമസ്ഥാവകാശ മാറ്റം നിയമപരമായി പൂർത്തിയാക്കാനും കാർ വീണ്ടും വിറ്റഴിക്കാനും ലോൺ ക്ലിയറൻസ് അല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാനും കഴിയാതെ വരാം.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്ത് മാറ്റുന്നത് ഇനി ഒരു ചെറിയ കാര്യമല്ല. ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷയും നിയമാവകാശങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും സംരക്ഷിക്കുന്നു. ഈ പ്രക്രിയ അവഗണിച്ചാൽ ചെലവും മാനസിക സമ്മർദവും മാത്രമേ കൂടുകയുള്ളൂ. പുതിയ വാഹന ഉടമയായതിനാൽ ആർസി മാറ്റുന്നതിനു തുല്യമായ പ്രാധാന്യത്തോടെ ഇൻഷ്വറൻസ് വിവരങ്ങൾ പുതുക്കണം. കുറച്ച് സമയം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ചെലവഴിക്കൂ. അങ്ങനെ ഓരോ കിലോമീറ്ററും മനസിന്‍റെ സമാധാനത്തോടെ യാത്ര ചെയ്യാം.
(അഡ്വറ്റോറിയൽ മാറ്റർ)
കൂടുതൽ വിവരങ്ങൾക്ക്:
Business
കൊച്ചി: ടേം ലൈഫ് ഇന്‍ഷ്വറന്‍സ് കുടുംബത്തിന്റെ സാമ്പത്തികഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഉത്തമ മാര്‍ഗമാണെന്ന് ഇന്‍ഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
പോളിസി ഉടമ മരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനും ഭാവി സുരക്ഷിതമാക്കാനും ടേം ലൈഫ് ഇന്‍ഷ്വറന്‍സ് സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.
District News
മലപ്പുറം: ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവയ്ക്കാനാകില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കന്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നതാണ്.
2024 സെപതംബർ 18ന് പരാതിക്കാരന്റെ മകന് ശ്വാസതടസം അനുഭവപ്പെട്ടതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർന്ന് 2024 സെപ്റ്റംബർ 19ന് ഡിസ്ചാർജായി. ചികിത്സയിലേക്ക് മുൻകൂറായി 11,000 രൂപ ഇൻഷ്വറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ് ബിൽ 66,500 രൂപയ്ക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷ്വറൻസ് തുക അനുവദിച്ചത്.
കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് കന്പനി അറിയിച്ചു. ഇതോടെ ബന്ധുക്കളിൽനിന്ന് പണം കടം വാങ്ങി ബില്ല് പൂർണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടുപോകാൻ ഹരജിക്കാരനും മകനും കഴിഞ്ഞത്.
പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷ്വറൻസ് കന്പനി അനുവദിച്ചു. തുടർന്നാണ് ഹർജിക്കാരൻ മുഴുവൻ ചികിത്സാച്ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നതിൽ ആശുപത്രിയുടെയും ഇൻഷ്വറൻസ് കന്പനിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനിൽ പരാതിപ്പെട്ടത്.
ആശുപത്രി രേഖകളിൽ അഡ്മിഷന്റെയും ഡിസ്ചാർജിന്റെയും തിയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ വിധിച്ചു. രോഗിയെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷൻ വിധിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാർജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇൻഷ്വറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിട വന്നതിൽ ഇൻഷ്വറൻസ് കന്പനിയുടെയും ആശുപത്രിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് മുഴുവൻ ചികിത്സാച്ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും കമ്മീഷൻ അനുവദിച്ചത്.
നാൽപത്തഞ്ച് ദിവസത്തിനകം വിധി നടപ്പാക്കാത്തപക്ഷം വിധി സംഖ്യക്ക് ഒന്‍പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്.
Business
ന്യുഡൽഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികൾ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) രണ്ടു മാസം നീണ്ടുനിൽക്കുന്ന കാന്പയിൻ ആരംഭിച്ചു. കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം. 2026 ജനുവരി ഒന്നു മുതൽ മാർച്ച് വരെയാണ് കാലാവധി.
ലിങ്ക് ചെയ്യാത്ത എല്ലാ ഇൻഷ്വറൻസ് പ്ലാനുകൾക്കും ലേറ്റ് ഫീസിൽ ഇളവ് നല്കുന്നണ്ടെന്നും അർഹത പ്പെട്ടവർക്ക്, ലേറ്റ് ഫീസിന്‍റെ 30 ശതമാനം വരെയും പരമാവധി 5,000 രൂപ വരെയും ഇളവ് നല്കുന്നുണ്ടെന്നും എൽഐസി അറിയിച്ചു. മൈക്രോ ഇൻഷ്വറൻസ് പോളിസികൾക്ക് ലേറ്റ് ഫീസ് 100 ശതമാനം വരെയും ഇളവ് ലഭിക്കും.
പ്രീമിയം അടവിന്‍റെ കാലാവധി കഴിഞ്ഞിട്ടും അടച്ചു തീർക്കാൻ സാധിക്കാത്ത പോളിസികൾക്ക് പുതുക്കാനുള്ള അവസരവും പ്രചാര കാലയളവിൽ ലഭ്യമാകും. അതേസമയം, മെഡിക്കൽ ആരോഗ്യ പോളിസികൾക്ക് ഇളവുകൾ ലഭ്യമല്ല.
Business
കൊച്ചി: ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് പുതിയ ലോഗോ അനാഛാദനം ചെയ്തു. ബ്രാൻഡ് അംബാസഡർ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജൂഡ് ഗോമസ് പുതിയ ലോഗോ പുറത്തിറക്കി.
National
ന്യൂഡൽഹി: പൊതുനിരത്തുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ചുണ്ടാകുന്ന അപകടത്തിൽ അക്കാരണം ചൂണ്ടിക്കാട്ടി ഇരകൾക്കു നഷ്ടപരിഹാരം നിഷേധിക്കാൻ ഇൻഷ്വറൻസ് കന്പനികൾക്കു സാധിക്കില്ലെന്ന് സുപ്രീംകോടതി.
ഇത്തരം സാങ്കേതികതകൾ ചൂണ്ടിക്കാട്ടി അപകടത്തിൽപ്പെട്ടവർക്കു നഷ്ടപരിഹാരം നിഷേധിക്കുന്നത് നീതിബോധത്തിന് എതിരായിരിക്കുമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരത്തിൽ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ച് ഓടുന്ന വാഹനങ്ങൾ വരുത്തിവയ്ക്കുന്ന അപകടത്തിന് ഇൻഷ്വറൻസ് കന്പനി നഷ്ടപരിഹാരം നൽകണോ എന്ന കാര്യമാണു സുപ്രീംകോടതി പരിഗണിച്ചത്. അപകടത്തിൽപ്പെട്ടയാളുടെ അശ്രദ്ധ മൂലമല്ല അപകടം സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം സാഹചര്യത്തിൽ ഇരകൾക്ക് ഇൻഷ്വറൻസ് കന്പനി നഷ്ടപരിഹാരം നൽകണം. പിന്നീട് ആ തുക വാഹന ഉടമകളിൽനിന്നു തിരിച്ച് ഇൻഷ്വറൻസ് കന്പനികൾക്ക് അവകാശമുണ്ടെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പെർമിറ്റിൽ അനുവദിച്ച റൂട്ടിൽനിന്നും വഴിതെറ്റി സഞ്ചരിച്ച ഒരു ബസ് സൈക്കിൾ യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട സംഭവമാണു കേസിനാധാരം. 2014 ഒക്ടോബറിൽ കർണാടകയിൽ നടന്ന അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് 18.86 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ കുടുംബത്തിനു നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ നഷ്ടപരിഹാരം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.
പെർമിറ്റ് തെറ്റിച്ച് വാഹനമോടിച്ചു എന്ന കാരണത്താൽ പോളിസി വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് കന്പനിയും ഹൈക്കോടതിയിലെത്തി. എന്നാൽ, ട്രൈബ്യൂണൽ നിർദേശിച്ച നഷ്ടപരിഹാരം മരിച്ചയാളുടെ കുടുംബത്തിനു കൈമാറാനും ശേഷം കൈമാറിയ തുക ബസുടമയിൽനിന്നു കൈപ്പറ്റാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്.