ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിനെയാണ് ഭാര്യ സുമ ആൺ സുഹൃത്തിന്റെയും ആശുപത്രി ജീവനക്കാരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സുമയും അവരുടെ സുഹൃത്ത് ദോംബാറും ചേർന്ന് സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും ദോംബാറും വിഷം നൽകിയെന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി.
എന്നാൽ സന്ദീപിന്റെ മരണത്തിൽ സംശയം തോന്നിയ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
തുടർന്ന് സുമ, ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാൻ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags : kill husband steal insurance