International
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ മരണശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മരണം. ഇസ്രയേൽ സൈന്യം അദ്ദേഹത്തെ കൃത്യമായി പിന്തുടർന്ന് വധിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖമനയ്യുടെ മരണത്തിന് പിന്നാലെ ഇറാന്റെ ഭരണത്തിലും യുദ്ധതന്ത്രങ്ങളിലും നിർണായക തീരുമാനങ്ങൾ എടുത്തിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. അതിനാൽ തന്നെ ഇസ്രയേലിന്റെ വധപ്പട്ടികയിൽ ഒന്നാമതായിരുന്നു അദ്ദേഹം.
ടെഹ്റാനിലെ പർദിസ് എന്ന സ്ഥലത്ത് തന്റെ മകളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ലാരിജാനിയെ ഇസ്രയേൽ ഇന്റലിജൻസ് കണ്ടെത്തിയത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ അദ്ദേഹത്തിന്റെ നീക്കങ്ങൾ ഇസ്രയേൽ നിരീക്ഷിച്ചു വരികയായിരുന്നു. മകളുടെ വീടിന് സമീപം വെച്ച് നടന്ന വ്യോമാക്രമണത്തിൽ ലാരിജാനിയും അദ്ദേഹത്തിന്റെ മകൻ മോർത്തസയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആദ്യം വാർത്തകൾ നിഷേധിച്ചെങ്കിലും, പിന്നീട് ഇറാന്റെ സുപ്രീംനാഷണൽ സെക്യൂരിറ്റി കൗൺസിൽ ലാരിജാനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തെ 'രക്തസാക്ഷി' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
ലാരിജാനിക്ക് പുറമെ ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ബസിജ് സേനാ തലവൻ ഗുലാം റെസ സുലൈമാനി എന്നിവരെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനയ്യെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പിൻഗാമിയെ തെരഞ്ഞെടുത്തിട്ടില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ.
പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആയത്തൊള്ള ഡോ. അബ്ദുൾ മജീദ് ഹക്കീമിലാഹി പറഞ്ഞു. ഇറേനിയൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ഇദ്ദേഹം.
ഖമനയ്യുടെ പിൻഗാമിയായി മകൻ മുജ്തബയെ തെരഞ്ഞെടുത്തെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പരമോന്ന നേതാവ് സ്ഥാനത്തേക്ക് ഒട്ടേറെ സ്ഥാനാർഥികളുണ്ടെന്നും ആയത്തൊള്ള മുജ്തബ അവരിൽ ഒരാൾ മാത്രമാണെന്നും ഹക്കീമിലാഹി പറഞ്ഞു.
ആയത്തൊള്ള ഖമനയ്യുടെ മകൻ എന്ന നിലയിലല്ല മുജ്തബയെ പരിഗണിക്കുന്നതെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ശ്രീനഗർ: സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് ശ്രീനഗർ എംപി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ കേസ്. ജമ്മുകാഷ്മീർ പോലീസിന്റേതാണ് നടപടി.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനയ്യുടെ കൊലപാതകത്തിലുമുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എംപി ആഗ സയ്യിദ് വിമർശിച്ചിരുന്നു. കാഷ്മീരിലെ പ്രതിഷേധങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ആക്രമിക്കുന്നതിന്റെയും വീഡിയോകളാണ് ആഗ സയ്യിദ് പങ്കുവച്ചത്.
"ഭയം സൃഷ്ടിക്കുക, പൊതു ക്രമസമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക' എന്നീ ഉദ്ദേശത്തോടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം തെറ്റായതും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗർ എംപിക്കും മുൻ മേയർ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
"തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ഇത്തരം മനഃപൂർവമായ ശ്രമങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടത്തിലാക്കുക, പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന പ്രവൃത്തിയോ ഉദ്ദേശ്യമോ ഉണ്ടാക്കുക, രാജ്യത്തിനെതിരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ എഫ്ഐആർ തന്നെ നിശബ്ദനാക്കില്ലെന്ന് ആഗ സയ്യിദ് പറഞ്ഞു. ശ്രീനഗറിലെ ജനങ്ങൾ അവരുടെ എംപിയെ തിരഞ്ഞെടുത്തത് സർക്കാർ അംഗീകരിച്ച അനുശോചനം അറിയിക്കാനല്ല. സത്യം പറയാനാണ്. ആ ജനവിധി എഫ്ഐആറോടെ അവസാനിക്കുന്നില്ല.-ആഗ സയ്യിദ് എക്സിൽ കുറിച്ചു.
Kerala
കോട്ടയം: ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈനു വധഭീഷണി. ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്. സന്ദേശം ഇങ്ങനെ: ഡോ.ആരിഫ് ഹുസൈൻ ഞങ്ങൾ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികൾ ശരിയ നിയമപ്രകാരം താങ്കൾക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തൊള്ള അലി ഖമനയ്യെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ഞങ്ങളുടെ സൈബർ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്നോയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള ഞങ്ങളുടെ പോരാളികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദർശിപ്പിക്കും... ഇതാണ് മെയിലിൽ വന്ന സന്ദേശം.
മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എൻഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈൻ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പകരക്കാരുടെ പട്ടികയിൽ ആദ്യ പേരുകാരനായി ഹസൻ ഖൊമേനി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ആയത്തൊള്ള റൂഹൂള്ള ഖൊമേനിയുടെ കൊച്ചുമകനാണ് ഹസൻ ഖൊമേനി.
ആയത്തൊള്ള ഖൊമേനിയുടെ 15 കൊച്ചുമക്കളിൽ ഏറ്റവും കൂടുതൽ പൊതുമധ്യത്തിൽ കാണപ്പെടുന്നയാളാണ്. മതനേതൃത്വത്തിലെ മിതവാദിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് ഖതാമി, ഹസൻ റുഹാനിയുൾപ്പെടെ പരിഷ്കരണവാദികളായ നേതാക്കളുമായി അടുത്ത ബന്ധവും ഇദ്ദേഹം സൂക്ഷിച്ചിരുന്നു.
എന്നാൽ, ഹസൻ ഖൊമേനി സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ ഹസൻ ഖൊമേനിയെയാണ് ഖമനയ്യുടെ രണ്ടാമത്തെ മകൻ മൊജ്തബിനെതിരേ ഉയർത്തിക്കാട്ടുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിനോട് കൂറു പുലർത്തുമ്പോൾ പോലും പരിഷ്കരണത്തിനായി ഹസൻ ഖൊമേനി എല്ലായ്പ്പോഴും വാദിച്ചിരുന്നു. അധികാരികൾക്കെതിരേ വിമർശം ഉന്നയിക്കാനും അദ്ദേഹം തയാറായിരുന്നു.
2021-ൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഷ്കരണവാദികളെ മത്സരിക്കുന്നതിൽനിന്നു വിലക്കിയതിനെത്തുടർന്ന് ഗാർഡിയൻ കൗൺസിലിനെ അദ്ദേഹം വിമർശിച്ചിരുന്നു. ഗാർഡിയൻ കൗൺസിലിന്റെ നിലപാടാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട യാഥാസ്ഥിതികനായ ഇബ്രാഹിം റാസിയുടെ വിജയത്തിനു കാരണമായത്.
എനിക്കുവേണ്ടി ഒരാളെ നിങ്ങൾ തെരഞ്ഞെടുത്ത ശേഷം അയാൾക്ക് വോട്ടു ചെയ്യാൻ പറയുന്നു- ഖൊമേനി അന്ന് പറഞ്ഞു. മഹ്സ അമീനി കബറിയുടെ മരണത്തിലും ഖൊമേനി വിമർശനം ഉന്നയിച്ചിരുന്നു.
International
ടെഹ്റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൻസൂറ ഖോജാസ്തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഖമനേയ്യും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്തെയുടേത്.
അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണ് അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞത്.
ട്രംപിന്റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അമേരിക്ക ഫസ്റ്റ് എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോൾ ഇസ്രായേൽ ഫസ്റ്റ് എന്നാക്കി മാറ്റിയിരിക്കുകയാണ്.
ഇസ്രായേലിന്റെ അധികാര മോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി വ്യക്തമാക്കി. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവുമായിരുന്നു ലാറിജാനി.
അതേസമയം ഇറാനുമായുള്ള സംഘർഷം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത് .
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം.
ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിനു സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർക്കാമെന്നും യുഎസ് വിലയിരുത്തുന്നു.
വർഷങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഇറാൻ പ്രതിപക്ഷത്തിനു പെട്ടെന്നൊരു ഭരണമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാന്റെ തെരുവുകളിൽ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാകുമെങ്കിലും ഭരണകൂടത്തെ താഴെയിറക്കാൻ ശേഷിയുള്ളതാകില്ല. ഖമനയ്യുടെ വിടവ് നികത്താൻ അവർക്കു പകരക്കാരുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
International
ടെൽഅവീവ്: ഭീകര ഭരണകൂടങ്ങൾക്കെതിരെ കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്നും ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുത്.
അടിച്ചമർത്തലിന്റെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ദശലക്ഷക്കണക്കിന് ഇറാൻ പൗരന്മാർക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാൻ ലഭിക്കുന്ന സുവർണാവസരമാണിത്.
ഈ അവസരം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ, കുർദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനയിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
Viral
ഇറാനിലെ പരമോന്നത ഭരണാധികാരി ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തുവന്നതോടെ, ഭരണകൂടവിരുദ്ധ പോരാട്ടങ്ങളുടെ ആഗോള മുഖമായി മാറിയ 'മോർട്ടിഷ്യ ആഡംസ്' എന്ന ഇറാനിയൻ യുവതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.
നേരത്തെ ഇറാനിലെ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന വീഡിയോയിലൂടെ ലോകശ്രദ്ധ നേടിയ ഈ യുവതി, നിലവിൽ കാനഡയിൽ നിന്നുമാണ് തന്റെ ആഹ്ലാദം പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഖമേനി കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ, ടൊറന്റോയിൽ നടന്ന ഇറാൻ വിരുദ്ധ റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
തന്റെ ശത്രുക്കളുടെ കല്ലറയ്ക്ക് മുകളിൽ നൃത്തം ചെയ്യുമെന്ന് താൻ മുൻപ് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണെന്ന് വീഡിയോയ്ക്കൊപ്പം അവർ കുറിച്ചു.
ഇറാനിലെ മതപരമായ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ജയിൽവാസവും ക്രൂരമായ പീഡനങ്ങളും നേരിടേണ്ടി വന്ന ഈ യുവതി, സുരക്ഷാ കാരണങ്ങളാലാണ് 'മോർട്ടിഷ്യ ആഡംസ്' എന്ന തൂലികാനാമം സ്വീകരിച്ചിരിക്കുന്നത്.
ഇറാനിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് തുർക്കി വഴി കാനഡയിലെത്തിയ ഇവർ അവിടെ വിദ്യാർഥി വിസയിൽ താമസിച്ചുവരികയാണ്.
ഖമേനിയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പ്രസ്താവനകളും അവർ ഉദ്ധരിച്ചിട്ടുണ്ട്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സംവാദങ്ങൾക്ക് വഴിതുറന്നു. ശനിയാഴ്ച ടെഹ്റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണത്തിലാണ് 86 വയസുകാരനായ ഈ നേതാവ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ സൈനിക നടപടിയെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ഖമേനിയുടെ കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇറാനിലെ സാമ്പത്തിക തകർച്ചയ്ക്കും സ്ത്രീവിരുദ്ധ നിയമങ്ങൾക്കുമെതിരെ പോരാടുന്നവർക്ക് ഈ വാർത്ത വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് അനുഭവപ്പെടുന്നത്.
അതേസമയം, മോർട്ടിഷ്യ ആഡംസിന്റെ പ്രതികരണങ്ങൾ ഇറാൻ അനുകൂലികളിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ മരണത്തിനു പിന്നാലെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ആയത്തൊള്ള അറാഫിക്ക് ഇടക്കാല ചുമതല നൽകിയെന്ന് ഇറാൻ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 111 പ്രാബല്യത്തിൽ കൊണ്ടുവന്നതായും റിപ്പോർട്ടുകളുണ്ട്. പരമോന്നത നേതാവിന്റെ ഒഴിവുണ്ടാകുമ്പോൾ താൽക്കാലികമായി മൂന്ന് അംഗ കൗൺസിൽ ഭരണ ചുമതലകൾ ഏറ്റെടുക്കണമെന്നാണ് ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 നിർദ്ദേശിക്കുന്നത്.
സ്ഥിരം നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ ഈ കൗൺസിൽ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും. ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ്, നീതിന്യായ വകുപ്പ് മേധാവി, ഗാർഡിയൻ കൗൺസിലിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു മതപണ്ഡിതൻ എന്നിവരാണ് ഈ കൗൺസിലിൽ ഉൾപ്പെടുന്നത്.
National
ടെഹ്റൻ: ഇറാനിൽ ഇസ്രയേൽ-അമേരിക്ക സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചില ഇസ്രേലി മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്.
എന്നാൽ, അയത്തൊള്ള ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു അരഗ്ചിയുടെ മറുപടി.
എന്നാൽ ആക്രമണത്തിൽ ഖമേനിയുടെ വസതി തകർന്നുവെന്ന് വ്യക്തമായി. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഒരു ഉപഗ്രഹ ചിത്രത്തിൽ, ഖമേനിയുടെ ടെഹ്റനിലെ വസതിക്ക് കേടുപാടുകൾ സംഭവിച്ചതായി കാണാം. അദ്ദേഹം സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്നാണ് സൂചന.
ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദേയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പുരും കൊല്ലപ്പെട്ടു.
അതേസമയം, ആക്രമണത്തിൽ ഇറാനിൽ 201പേർ കൊല്ലപ്പെട്ടുവെന്നും 747പേർക്ക് പരിക്കേറ്റുവെന്നും ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു.
International
ന്യൂഡൽഹി/ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്ന് മുംബെയിലെ ഇറാനിയൻ കോൺസുൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്.അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാൽ ഇറാനു പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങൾ അട്ടിമറിപ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശമുണ്ടാക്കി. ചെറുതും വലുതുമായ നഗരങ്ങളിൽ സംഘർഷമുണ്ടാക്കി. ഈ സംഘർഷം 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈന്യം നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് വിധേനയുള്ള ആക്രമണവും പൂർണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഖമേനി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാൻ സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയൊരു നേതൃത്വത്തം വരേണ്ട സമയമായിരിക്കുന്നുവെന്നും അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആഭ്യന്തര കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഖമനയി പറഞ്ഞു. ഇറാനുമേൽ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് ഗൂഢാലോചനയാണിതെന്നാണ് ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നത്.
International
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
International
ടെഹ്റാന്: ഇറാനിലെ സ്ത്രീകള് അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള് ലോകമെമ്പാടും വൈറലാകുകയാണ്! വൈറല് വീഡിയോകളില് ഇറാനിലെ യുവതികള് ഖമനിയിയുടെ ചിത്രങ്ങള് തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം. ഇത് സോഷ്യല് മീഡിയയില് ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര് ചെയ്യപ്പെട്ട് കഴിഞ്ഞു. ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര് അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്. സ്ത്രീകള് പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില് നിരോധിച്ചിരിക്കുന്നു. ഈ രണ്ട് 'നിരോധിത' പ്രവര്ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില് ആഘോഷിക്കപ്പെടുന്നത്.
ഹിജാബ് നിര്ബന്ധമാക്കല് പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു. അധികൃതര് ഇന്റര്നെറ്റ് ഷട്ട് ഡൗണ് ചെയ്തിട്ടും ഈ വീഡിയോകള് ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.
International
ടെഹ്റാന്: ആഭ്യന്തര പ്രക്ഷോഭത്തില് വിറങ്ങലിച്ചു നില്ക്കുന്ന ഇറാനില് പ്രതിഷേധക്കാര്ക്കും അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനുമെതിരെ ആഞ്ഞടിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി. ഇറാനിലെ തെരുവുകള് നശിപ്പിക്കുന്നത് മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണെന്ന് ഖമനി കുറ്റപ്പെടുത്തി. ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും തകര്ന്നടിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫറവോയെയും നിമ്രോദിനെയും പോലെ അഹങ്കാരത്തിന്റെ അത്യുന്നതിയില് നില്ക്കുന്ന എല്ലാ ഭരണാധികാരികളും തകര്ന്നിട്ടുണ്ട്. ട്രംപിനും ഇതേ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് ഖമനി പറഞ്ഞു. കഴിഞ്ഞ ജൂണില് ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്ക് നേരെയുണ്ടായ ആക്രമണത്തില് ആയിരത്തിലധികം ഇറാനികള് കൊല്ലപ്പെട്ടതിനെ പരാമര്ശിച്ച ഖമനി, ട്രംപിന്റെ കൈകളില് ഇറാനികളുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.
ഇറാനിലെ കാര്യങ്ങളില് ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങള് പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ ശക്തികളുടെ ഏജന്റുമാരായാണ് പ്രതിഷേധക്കാര് പ്രവര്ത്തിക്കുന്നത്. രാജ്യത്തെ പൊതുമുതല് നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സാമ്പത്തിക തകര്ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള് ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന് ഇന്റര്നെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമര്ത്തലുകള് നടത്തിയുമാണ് ഇറാന് ഭരണകൂടം പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധങ്ങളില് ഇതിനോടകം നിരവധി പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള് തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതും, പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല് അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പുമാണ് ഖമനിയെ പ്രകോപിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള് ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.