National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരനെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ആദിൽ അൻസാരി (26) യെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു.
കുട്ടിയുമായി ഇയാളുടെ നാട്ടിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പോലീസ് പിടികൂടിയത്. പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് വീട്ടുകാർക്ക് കൈമാറി.
National
ജംഷഡ്പൂർ: രണ്ടാഴ്ച മുന്‍പ് തട്ടിക്കൊണ്ടുപോയ ജംഷഡ്പൂർ വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവ് ഗാന്ധി (24) യെ കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിനും ബീഹാറിലെ ഗയയ്ക്കും ഇടയിലുള്ള പ്രദേശത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെയാണ് ജംഷഡ്പൂരിലെ വസതിയിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എസ്പി പിയൂഷ് പാണ്ഡെ പറഞ്ഞു.
ജനുവരി 13 ന് രാവിലെ 11:30 ന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കൈരവ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അധികം വൈകാതെ തന്നെ ഒരു വിദേശ നമ്പറിൽ നിന്ന് കൈരവിന്റെ വീട്ടിലേക്ക് 10 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാർഖണ്ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും തുടർച്ചയായ റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
NRI
കലിഫോർണിയ: ട്രേസിയിലെ ഗുരുദ്വാരയിൽ സിഖ് വംശജനെ കാണാതായി. അവ്താർ സിംഗിനെ (57) ആണ് കാണാതായത്. സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.
അവ്താർ സിംഗിനെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുരുദ്വാരയുടെ പരിസരത്ത് വച്ച് കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ അവ്താർ സിംഗിനെ കാറിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗുരുദ്വാരയിലെ സേവാദാർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം താമസിക്കുന്നതും ഇവിടെ തന്നെയാണ്. ഏകദേശം 5.7 അടി ഉയരവും 90 കിലോ തൂക്കവുമുള്ള ഇദ്ദേഹം, കാണാതാകുമ്പോൾ ഇളം നിറത്തിലുള്ള പരമ്പരാഗത സിഖ് വസ്ത്രമാണ് ധരിച്ചിരുന്നത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ അവ്താർ സിംഗും കുടുംബവും വർഷങ്ങളായി കലിഫോർണിയയിലാണ് താമസം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Kerala
വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിര്‍ത്തുന്നതിന്റെയും അല്പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു ഏഴു കിലോമീറ്റർ അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
National
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി ആറിന് കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.
വകിൽ(23), ഹൻസ്രാജ്(28) എന്നിവരാണ് പിടിയിലായത്. സ്കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ വാഹനത്തിൽ കയറ്റിയത്.
പ്രതികളെ പരിചയമുണ്ടായിരുന്നതിനാൽ കുട്ടി വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ പ്രതികൾ കുട്ടിയെ ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബിക്കാനീർ പ്രദേശത്തുകൂടി ഏകദേശം 90 മിനിറ്റോളം ഇവർ വാഹനം ഓടിച്ചു.
സംശയം തോന്നിയ പ്രദേശവാസികൾ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പരിഭ്രാന്തരായ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
കുടുംബാംഗങ്ങളുടെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഉടൻ തന്നെ നപസർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിഒ ഗംഗാഷഹർ ഹിമാൻഷു ശർമയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. ബസിൽ രക്ഷപ്പെട്ട വകീലിനെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പിടികൂടി. ഹൻസ്രാജിനെ ബിക്കാനീർ ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ഫോറൻസിക് തെളിവായി പിടിച്ചെടുത്തു.
National
ബംഗുളൂരു: കർണാടകയിലെ സർക്കാർ സ്കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ പിടികൂടിയ പോലീസ്, കുട്ടികളെ രക്ഷിച്ച് മാതാപിതാക്കൾക്ക് കൈമാറി.
കർണാടകയിലെ ധാർവാഡിലാണ് സംഭവം. സർക്കാർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളുമായി ബൈക്കിൽ പോകുന്നത് കണ്ടു.
അന്വേഷണത്തിനിടെ ഉത്തര കന്നഡയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളുമായി പോയ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ കണ്ടെത്താനായത്.
കരിം മേസ്ത്രി എന്നയാളാണ് കുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. യാത്രക്കിടെ നിയന്ത്രണം നഷ്ടമായ ഇയാളുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് കുട്ടികളെ വേഗത്തിൽ കണ്ടെത്താനായത്.
ഉലവി ചെന്നബസവേശ്വര ജാത്രയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് താൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയതെന്ന് കരീം മേസ്ത്രി പോലീസിനോട് പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി. പരിക്കേറ്റ കരീം മേസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി.
നാന്ദേഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവായ ജീവൻ ഘോഗ്രെ പാട്ടീലാനാണ് മർദനമേറ്റത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ സംഘം ജീവൻ ഘോഗ്രെയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ച് മർദിച്ച് അവശനാക്കിയ ശേഷം സംഘം റോഡിൽ ഇറക്കി വിടുകയായിരുന്നു. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി.
നന്ദേഡിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ പ്രതാപ് പാട്ടീൽ ചിഖ്ലിക്കർ, മുൻ എംഎൽഎ മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട ബീഡിലെ ഗ്രാമത്തലവൻ സന്തോഷ് ദേശ്മുഖിന്റെ അവസ്ഥയുണ്ടാകുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ജീവൻ ഘോഗ്രെ പറഞ്ഞു.
സംഭവത്തിൽ പ്രതാപ് പാട്ടീൽ ചിഖ്ലിക്കർ, മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
Kerala
കാസർഗോഡ്: യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം.
ആന്ധ്ര രജിസ്ട്രേഷൻ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും AP40EU1277 നമ്പർ വാഹനത്തിലാണ് സംഘമെത്തിയതെന്നും ദൃസാക്ഷികൾ പറയുന്നു.
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച തടവിലാക്കി പീഡിപ്പിച്ചു. സിതാപൂർ ജില്ലയിലാണ് സംഭവം. 16കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ ഒന്നിനാണ് കുട്ടിയെ കാണാതയത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ, സ്കൂളിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച ദുബാർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുട്ടിയെ രക്ഷപെടുത്തുകയായിരുന്നുവെന്ന് ദുബാർ എസ്എച്ച്ഒ അജയ് പാൽ പറഞ്ഞു.
സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ സർവ ഗ്രാമവാസിയായ രഞ്ജിത് പാൽ (22) എന്നയാളുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. രഞ്ജിത് തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെ ചൊവ്വാഴ്ച ദുബാർ പട്ടണത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് ശേഷം ജയിലിലേക്ക് അയച്ചുവെന്നും എസ്പി ഓംവീർ സിംഗ് പറഞ്ഞു.
National
ബംഗുളൂരു: കന്നഡ നടി ചൈത്ര .ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല .ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലുമണ്.
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ ഏഴിന്, ചൈത്ര ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോയിരുന്നതായി കുടുംബം പറഞ്ഞു.
ഈ യാത്രയ്ക്കിടെ ഹര്ഷവര്ധന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പാക്കിയെന്നാണ് ആരോപണം. ഹര്ഷവർധന് തന്റെ സഹപ്രവര്‍ത്തകനായ കൗശികിന് 20,000 രൂപ മുന്‍കൂറായി നല്കി മറ്റൊരാളുടെ സഹായത്തോടെ ചൈത്രയെ കാറില്‍ ബലമായി കൊണ്ടുപോയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ചൈത്രയുടെ സഹോദരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി.
കോട്ടാർ സ്വദേശി യോഗേഷ് കുമാർ (32) ആണ് പിടിയിലായത്. ഉത്സവ സ്ഥലങ്ങളിൽ കച്ചവടത്തിനെത്തുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോകാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.
രക്ഷിതാക്കളുടെ പരാതിയിൽ ജില്ലാ പോലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതോടെ പ്രതി കുട്ടിയുമായി ഓട്ടോയിൽ പോകുന്നത് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാഗർകോവിലിനടുത്തുള്ള ഇരച്ചക്കുളം വനമേഖലയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പിന്നീട്, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.
National
ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.
തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.