Business
മുംബൈ: ശക്തമാകുന്ന ആഗോള സാന്പത്തിക സമ്മർദങ്ങളെതുടർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചു.
ഇറാൻ സംഘർഷം നീണ്ടുപോകുന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനയും യുഎസ് ട്രഷറി യീൽഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
2026ൽ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ തുടർച്ചയായ എട്ടാം സെഷനിലാണ് ഡോളറിനെതിരേ ഇടിവ് നേരിടുന്നത്.
ഇന്നലെ വ്യാപാരത്തിനിടെ 96.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ച രൂപ 96.52 എന്ന എക്കാലത്തെയും താഴ്ന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
ഈ മാസം രൂപയുടെ മൂല്യം 1.5 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ഏഴു ശതമാനത്തിലധികം മൂല്യത്തകർച്ചയാണ് നേരിട്ടിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും രൂപയെ ദുർബലപ്പെടുത്തുന്നതായി വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.38 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.60 എന്ന എക്കാലെത്തയും താഴ്ന്ന നിലയിലെത്തി. അവസാനം തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 32 പൈസ നഷ്ടത്തിൽ 96.52 വ്യാപാരം പൂർത്തിയാക്കി.
മുൻ സെഷനിൽ 96.20 എന്ന നിലയിലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.05 ശതമാനം ഉയർന്ന് 99.24 നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.92 ശതമാനം താഴ്ന്ന് ബാരലിന് 109.95 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനെതിരേയുള്ള പുതിയ ആക്രമണപദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകാൻ കാരണമായത്.
Business
മുംബൈ: ഡോളറിനെതിരേയുള്ള രൂപയുടെ താഴ്ച തുടരുന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തുത്. ഇന്നലെ 96 കടന്ന രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് നേരിട്ടിരിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപ ഇടിവ് നേരിട്ടുന്നത്.
ഡോളറിനെതിരേ 96.35ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രൂപയെ ബാധിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ പൊതുവായ അനുകൂലസാഹചര്യം മങ്ങുകയാണെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
തുടരുന്ന ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കം രൂപയുടെ മൂല്യം 100നു മുകളിലേക്ക് താഴ്ത്താനുള്ള സാധ്യത നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന സന്പദ്വ്യവസ്ഥകൾക്ക് ക്രൂഡ് ഓയിൽ വിലക്കയറ്റം വലിയ സമ്മർദമുണ്ടാക്കുന്നതായി വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.
എണ്ണ വില ഉയരുന്നത് രാജ്യത്തു നിന്നുള്ള ഡോളറിന്റെ ഒഴുക്ക് വർധിപ്പിക്കും. വിദേശ നിക്ഷേപകർ (എഫ്പിഐ) നിലവിൽതന്നെ വില്പനക്കാരാകുന്ന സാഹചര്യത്തിൽ എണ്ണ വില ഉയരുന്നത് ഡോളറിന്റെ ഒഴുക്ക് ശക്തമാക്കും.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.19 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.39ലെത്തി.
അവസാനം വെള്ളിയാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 54 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വെള്ളിയാഴ്ച ഡോളറിനെതിരേ 96 കടന്ന രൂപ അവസാനം എക്കാലത്തെയും താഴ്ന്ന നിലയായ 95.81ൽ ക്ലോസ് ചെയ്യുകയായിരുന്നു.
ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 99.14 നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൂചികയിൽ 0.14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.65 ശതമാനം ഉയർന്ന് ബാരലിന് 109.97 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: വെടിനിർത്തൽ കരാറുകൾ പ്രബല്യത്തിൽ വരാത്തതും ക്രൂഡ് ഓയിൽ വിലയിലെ വർധനയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. ഡോളറിനെതിരേ രൂപ ഇന്നലെ 35 പൈസ നഷ്ടത്തിൽ 95.63 എന്ന ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 95.57 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. താഴ്ച വീണ്ടും തുടർന്നതോടെ 95.74 എന്ന വ്യാപാരത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. അവസാനം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 79 പൈസ നഷ്ടത്തിൽ 95.28 എന്ന റിക്കാർഡ് നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ചുവപ്പണിഞ്ഞ് വിപണി
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ്. രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക് വീണതും ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചതും ഉൾപ്പെടെയുള്ള ഘടകങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം സെഷനിലാണ് വിപണി ചുവപ്പണിയുന്നത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1456 പോയിന്റ് താഴ്ന്ന് 74,559ലും നിഫ്റ്റി 436 പോയിന്റ് നഷ്ടത്തിൽ 23,379ലുമെത്തി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനം ഉയർന്ന് 19.26ലെത്തി. ഇന്നലെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടത്തോടെ 457 ലക്ഷം കോടി രൂപയിലെത്തി.
വിപണിയുടെ തകർച്ച എല്ലാ മേഖലകളെയും ബാധിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ 2.50 ശതമാനം മുതൽ 3 ശതമാനം വരെ ഇടിഞ്ഞ് പ്രധാന സൂചികകളേക്കാൾ മോശം പ്രകടനം കാഴ്ചവച്ചു. മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലായി. ഇതിൽ നിഫ്റ്റി റിയൽറ്റിയാണ് (4.11%) ഏറ്റവും വലിയ ഇടിവ് നേരിട്ടത്. നിഫ്റ്റി ഐടി, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ മൂന്നു ശതമാനത്തിനു മുകളിൽ തകർന്നു. 2726 ഓഹരികൾ താഴ്ന്നപ്പോൾ 590 എണ്ണം ഉയർന്നു. 65 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
ക്രൂഡ് ഓയിൽ വില 105 കടന്നു
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ ട്രംപ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടനെങ്ങും അയവുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതോടെ ലോകത്തെ ഓയിൽ, ഗ്യാസ് വ്യാപാരത്തിന്റെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് അടുഞ്ഞു കിടക്കും. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3 ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 107 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 101 ഡോളറിലെത്തി.
Business
മുംബൈ: ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെത്തുടർന്ന് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 61 പൈസ വർധിച്ച് 94.57 എന്ന നിലയിലെത്തി.
ഗൾഫ് മേഖലയിലെ സംഘർഷങ്ങളിൽ അയവ് വന്നതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് രൂപയ്ക്കു കരുത്തായത്.
രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ നേരിട്ടല്ലാതെ നടത്തുന്ന ഇടപെടലുകളും വിപണിയിൽ മാറ്റമുണ്ടാക്കി. വിദേശനാണ്യ ശേഖരം നേരിട്ട് ഉപയോഗിക്കുന്നതിനു പകരം പൊതുമേഖലാ ബാങ്കുകൾ വഴി വിദേശനാണ്യ ബോണ്ടുകൾ ഇറക്കി ഡോളർ എത്തിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം മൂല്യം 95.44 എന്ന റിക്കാർഡ് താഴ്ചയിലേക്ക് പോയപ്പോൾതന്നെ ആർബിഐയുടെ സജീവ ഇടപെടലുകൾ തുടങ്ങിയിരുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ സേവനമേഖലയിലെ വളർച്ച ഏപ്രിൽ മാസത്തിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58.8-ൽ എത്തിയെന്ന റിപ്പോർട്ടും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നതായി.
ഡോളർ ഇൻഡക്സിലെ ഇടിവും രൂപയുടെ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്.
National
മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.20 എന്ന റെക്കോർഡ് തകർച്ചയിലെത്തി. ആർബിഐ ഇന്ത്യൻ വിപണിയിൽ ഇടപെടലുകൾ നടത്തിയിട്ടും രൂപയുടെ മൂല്യം പിടിച്ചുനിർത്താനായില്ല.ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ നാല് ശതമാനത്തിലധികം ഇടിവുണ്ടായി. ഇത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ്. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ വില വർധിച്ചതാണ് പ്രധാന കാരണം.
കൂടാതെ, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയെ തളർത്തി. രൂപയുടെ തകർച്ച തടയാൻ ബാങ്കുകളുടെ വിദേശനാണ്യ വിനിമയ പരിധി 100 മില്യൺ ഡോളറായി ആർബിഐ നിജപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശം ഏപ്രിൽ 10-നകം പാലിക്കണമെന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. രൂപയുടെ തകർച്ചയ്ക്കൊപ്പം ഓഹരി വിപണിയിലും വലിയ ഇടിവുണ്ടായി.
നിഫ്റ്റി 50 സൂചികയിൽ തിങ്കളാഴ്ച 2 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില നിയന്ത്രണവിധേയമാകാത്ത പക്ഷം രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിൽ വിലവർധനയുടെയും പശ്ചാത്തലത്തിൽ യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നു.
ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു 93 എന്ന പരിധി മറികടന്നു. ബുധനാഴ്ച 92.63 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഇതുവരെയുള്ള എക്കാലത്തെയും താഴ്ന്ന നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിതരണത്തിൽ തടസങ്ങൾ സൃഷ്ടിച്ചതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സന്പദ്വ്യവസ്ഥയുടെ ഔദ്യോഗിക കറൻസിക്ക് വേഗത്തിൽ ക്ഷതമേൽക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം ഓഹരി വിപണിയുടെ ഇടിവും സംഘർഷത്തെത്തുടർന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽനിന്നു നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ വിലയിടിവിനു കാരണമായി.
ഇന്ത്യൻ വിപണിയിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾ ഡോളറിലേക്കു മാറ്റുന്നതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനു വേഗം കൂട്ടിയത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും ഈ വർഷം ജനുവരി 22നുമിടയിൽ 6.7 ശതമാനമാണ് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ പകരം തീരുവയും ഈ ഇടിവിനു കാരണമായി.
പ്രധാന കറൻസികളിൽ യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് റെണ്മിന്പിയും ബ്രിസീലിയൻ റിയലുമൊക്കെ ഇക്കാലയളവിൽ ഡോളറിനെതിരേ മൂല്യവർധനവ് പ്രകടിപ്പിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന പ്രധാന കറൻസികളായ ജാപ്പനീസ് യെന്നിനും ഇന്തോനേഷ്യൻ റുപ്പയയ്ക്കും ഫിലിപ്പീൻസിന്റെ പെസോയ്ക്കും തുർക്കിഷ് ലിറയ്ക്കും ഡോളറിനെതിരേ മൂല്യ ഇടിവുണ്ടായി. 12.3 ശതമാനം മൂല്യ ഇടിവോടെ തുർക്കിഷ് ലിറ മാത്രമാണു ഇക്കാലയളവിൽ ഇന്ത്യക്കു പിന്നിലെന്ന് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ് ഡോളറിന്റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.
സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.
സെൻസെക്സ് 633 പോയിന്റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.
Kerala
പരവൂർ: രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5551 കോടിയുടെ കറൻസികൾ. റിസർവ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽനിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2000 രൂപയുടെ കറൻസികൾ പിൻവലിച്ചത്.
പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം റോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു.
റിസർവ് ബാങ്ക് കണക്ക് പ്രകാരം 2000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിനു ശേഷമുള്ള 11 മാസത്തിനിടെ തിരിച്ചെത്തിയത് 40 ലക്ഷം നോട്ടുകളാണെന്നും റിസർവ് ബാങ്കിന്റെ കണക്കിൽ സൂചിപ്പിക്കുന്നു. 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ 2023 ഒക്ടോബർ വരെ ബാങ്ക് ശാഖകൾ മുഖാന്തിരം അവസരം നൽകിയിരുന്നു.
അതിനു ശേഷം റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യു കേന്ദ്രങ്ങൾ വഴി പ്രസ്തുത നോട്ടുകൾ ഇപ്പോഴും മാറി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് ഇഷ്യു കേന്ദ്രം പ്രവർത്തിക്കുന്നത്. ഇഷ്യു കേന്ദ്രങ്ങളിൽ നേരിട്ട് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തപാൽ വഴി അയച്ച് നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന കറൻസികൾ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇഷ്യൂ ഓഫീസുകളിൽനിന്ന് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി നൽകുകയാണ് പതിവ്.
ഇതൊക്കെയാണെങ്കിലും 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വിപണിയിൽ ഈ കറൻസികൾ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയുമില്ല. ആർബിഐയുടെ ഇഷ്യു ഓഫീസുകളിൽ നേരിട് എത്തിയോ തപാൽ മുഖാന്തിരമോ അയച്ച് അവ മാറിയെടുക്കാൻ മാത്രമേ ഇപ്പോൾ അവസരമുള്ളൂ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് റിസർവ് ബാങ്ക് ഇപ്പോഴും ആവശ്യപ്പെടുന്നത്.
Business
മുംബൈ: ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാരക്കരാറിനെത്തുടർന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ ഉയർന്നു. ഇന്നലെ രൂപയുടെ മൂല്യം 122 പൈസ (1.33 ശതമാനം) ഉയർന്ന 90.27ലെത്തി. ഇതോടെ ഡോളറിനെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ മാറി.
വ്യാപാരക്കരാറിനെത്തുടർന്ന് രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയെന്നും ഏകദേശം 1.5 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയെന്നും വിദേശനാണയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 90.30ലാണ് ഡോളറിനെതിരേ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 90.05ലേക്ക് ഉയരുകയും 90.52ലേക്കു താഴുകയും ചെയ്തു. അവസാനം തിങ്കളാചത്തെ നിരക്കിനേക്കാൾ 122 പൈസ നേട്ടത്തോടെ 90.27ൽ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച രൂപ 44 പൈസ ഉയർന്ന 91.49ലെത്തി.
Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്താഴ്ചയിൽ രൂപ. ഇന്നലെ ഡോളറിനെതിരേ ഒന്പത് പൈസ ഇടിഞ്ഞ രൂപയുടെ മൂല്യം 90.41ൽ എത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻവലിക്കലുമാണ് രൂപയുടെ ഇടിവിനു കാരണമായത്.
സ്വർണം, വെള്ളി തുടങ്ങിയ അമൂല്യ ലോഹങ്ങളുടെ വില ഉയർന്നതിനെത്തുടർന്ന് ഇറക്കുമതിക്കാർക്കിടയിൽ ഡോളർ ആവശ്യകത ശക്തമായത് രൂപയ്ക്ക് സമ്മർദമായെന്നാണ് വിദേശ കറൻസി വ്യാപാരികൾ പറഞ്ഞത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.43 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് പിന്നീട് വ്യാപാരത്തിനിടെ തലേന്നത്തെ ക്ലോസിംഗിനെക്കാൾ 24 പൈസ നഷ്ടത്തോടെ 90.56 എന്ന റിക്കാർഡ് താഴ്ച നേരിട്ടു.
അവസാനം കഴിഞ്ഞ ദിനം വ്യാപാരം പൂർത്തിയാക്കിയതിനേക്കാൾ ഒന്പത് പൈസ നഷ്ടത്തിൽ 90.41ൽ വ്യാപാരം പൂർത്തിയാക്കി.ഡോളർ സൂചിക ആറു കറൻസികൾക്കെതിരേ ശക്തമായ നിലയിലാണ് വ്യാപാരം നടത്തുന്നത്.
തുടർച്ചയായ 11 ദിവസം വിദേശ സ്ഥാപന നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനക്കാരാണ്. ഇന്നലെ 1114.22 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ഇതുവരെ 19,605.51 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Business
മുംബൈ: ഇന്നലെ ഡോളർ 90 രൂപയിലെത്തി. ഇൻട്രാ ഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 90ലെത്തിയ രൂപ അതിൽനിന്ന് കരകയറി 42 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 89.95ലെത്തി വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപയ്ക്ക് ഇടിവുണ്ടാകുന്നത്. 2025 ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായിരിക്കുകയാണ് രൂപ.
കോർപറേറ്റുകൾ, ഇറക്കുമതിക്കാർ, വിദേശ നിക്ഷേപകർ എന്നിവരിൽ നിന്നുള്ള ശക്തമായ ഡോളർ ഡിമാൻഡാണ് രൂപയുടെ ഇടിവിന് കാരണം.
ഇന്ത്യൻ ഓഹരിവിപണികളിൽനിന്ന് വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക്, ഇന്ത്യ-യുഎസ് വ്യാപാരകരാരിൽ തുടരുന്ന അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ സ്വാധീനിക്കുന്നതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ 89.70ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് അതിന്റെ നില താഴേക്കായിരുന്നു. ഇൻട്രാ ഡേയിൽ 90.00 എന്ന റിക്കാർഡ് നിരക്കിലേക്കു പതിച്ചു. തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 47 പൈസ ഇടിവായിരുന്നു ഇത്. തിങ്കളാഴ്ച രൂപ 89.53ലാണ് ക്ലോസ് ചെയ്തത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 99.41ലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ ഒരു ബാരലിന് 0.25 ശതമാനം താഴ്ന്ന് 63.03 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: ആഭ്യന്തര, ആഗോള ഓഹരിവിപണികളിലുണ്ടായ ദൗർബല്യം മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായി ഡോളറിനെതിരേ രൂപ 89 എന്ന നില കടന്നു. മൂന്നു മാസത്തിനിടിയിലെ ഒരു ദിവസം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
ഇൻട്രാഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 93 പൈസ നഷ്ടത്തോടെ 89.61 എന്ന നിലയിൽ ഇടിഞ്ഞ രൂപ 87 പൈസ നഷ്ടത്തോടെ 89.43 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ഒക്ടോബർ 14ന് കുറിച്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81നെയാണ് മറികടന്നത്. ഈ വർഷം മേയ് എട്ടിലെ താഴ്ചയ്ക്കുശേഷം രൂപ ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ്.
ഡോളറിനെതിരേ ഈ വർഷം ഇതുവരെ 4.6 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യൻ വിപണിയിലെ ഏറ്റവു ദുർബലമായ കറൻസികളിൽ ഒന്നായി മാറി.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതും ഇന്ത്യ-യുഎസ് വ്യാപാരകരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവും രൂപയ്ക്കു തിരിച്ചടിയായി. ഇത് വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുകയും വിദേശ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റുകയും ചെയ്തു.
ഈ വർഷം ഇതുവരെ എഫ്ഐഐകൾ ഒന്നര ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചത്. രണ്ടു ദിവസം നിക്ഷേപകരായിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതും രൂപയെ ബാധിച്ചു. 1766.55 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ എഫ്ഐഐകൾ വിറ്റഴിച്ചത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരിവിപണിയിലും നഷ്ടദിനം
രണ്ട് ദിവസം നേട്ടത്തിലായിരുന്ന വിപണി ഇന്നലെ നഷ്ടത്തിലേക്ക് വീണു. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആഗോള വിപണിയിലെ തളർച്ചയാണ് വിപണിയെ തകർച്ചയിലേക്ക് വീഴ്ത്തിയത്.
ആഗോളവിപണികളിലെ ദുർബലമായ സൂചനകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്നാണ് തുറന്നത്. വിൽപ്പന ഉയരുകയും ചെയ്തു. എന്നിരുന്നാലും, സെഷന്റെ മധ്യത്തിൽ വാങ്ങൽ നടന്നെങ്കിലും, വിപണിയുടെ ഇടിവിനെ തടയാനായില്ല.
സെൻസെക്സ് 400.76 പോയിന്റ് (0.47%) ഇടിഞ്ഞ് 85,231.92ലും നിഫ്റ്റി 124 പോയിന്റ് (0.47%) നഷ്ടത്തിലും 26,068.15 ലും വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ ബിഎസ്ഇ സെൻസെക്സ് 0.8 ശതമാനവും നിഫ്റ്റി 0.6 ശതമാനവും ഉയർന്നു.ബിഎസ്ഇ മിഡ്കാപും സ്മോൾകാപും 1.30 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ആഗോള സാഹചര്യങ്ങൾ കാരണം ഐടി, മെറ്റൽ പോലുള്ള പ്രധാന സെക്ടറുകളിലെ ഓഹരികൾക്ക് ഇന്നലെ കനത്ത വിൽപ്പന സമ്മർദം നേരിടേണ്ടിവന്നു. നിഫ്റ്റി മെറ്റൽ 2.34 ശതമാനം ഇടിവാണ് നേരിട്ടത്. മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴിയെല്ലാം താഴേക്കു പതിച്ചു. പൊതുമേഖലാ ബാങ്ക് സൂചിക 1.43 ശതമാനവും നിഫ്റ്റി ബാങ്ക് 0.81 ശതമാനവും ഐടി 0.43 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.66 ശതമാനവും റിയൽറ്റി 1.86 ശതമാനവും കണ്സ്യുമർ ഡൂറബിൾസ് 0.75 ശതമാനവും താഴ്ന്നു.
ഓഹരിവിപണിയിലെ ഇടിവിനു വഴിവച്ചത് യുഎസ് വിപണിയിലെ ശക്തമായ വിൽപ്പനയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ യുഎസ് ഓഹരികൾ, പ്രത്യേകിച്ച് നാസ്ദാക്ക് സൂചികയിലെ എഐ അനുബന്ധ ഓഹരികളിലെ മൂല്യനിർണയ ആശങ്കകൾ കാരണം വൻ നഷ്ടം നേരിട്ടു. ഇതിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളെയും ഇന്ത്യയെയും ബാധിച്ചു.