മുംബൈ: ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെത്തുടർന്ന് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 61 പൈസ വർധിച്ച് 94.57 എന്ന നിലയിലെത്തി.
ഗൾഫ് മേഖലയിലെ സംഘർഷങ്ങളിൽ അയവ് വന്നതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് രൂപയ്ക്കു കരുത്തായത്.
രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ നേരിട്ടല്ലാതെ നടത്തുന്ന ഇടപെടലുകളും വിപണിയിൽ മാറ്റമുണ്ടാക്കി. വിദേശനാണ്യ ശേഖരം നേരിട്ട് ഉപയോഗിക്കുന്നതിനു പകരം പൊതുമേഖലാ ബാങ്കുകൾ വഴി വിദേശനാണ്യ ബോണ്ടുകൾ ഇറക്കി ഡോളർ എത്തിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം മൂല്യം 95.44 എന്ന റിക്കാർഡ് താഴ്ചയിലേക്ക് പോയപ്പോൾതന്നെ ആർബിഐയുടെ സജീവ ഇടപെടലുകൾ തുടങ്ങിയിരുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ സേവനമേഖലയിലെ വളർച്ച ഏപ്രിൽ മാസത്തിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58.8-ൽ എത്തിയെന്ന റിപ്പോർട്ടും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നതായി.
ഡോളർ ഇൻഡക്സിലെ ഇടിവും രൂപയുടെ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്.