ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിൽ വിലവർധനയുടെയും പശ്ചാത്തലത്തിൽ യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നു.
ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു 93 എന്ന പരിധി മറികടന്നു. ബുധനാഴ്ച 92.63 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഇതുവരെയുള്ള എക്കാലത്തെയും താഴ്ന്ന നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിതരണത്തിൽ തടസങ്ങൾ സൃഷ്ടിച്ചതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സന്പദ്വ്യവസ്ഥയുടെ ഔദ്യോഗിക കറൻസിക്ക് വേഗത്തിൽ ക്ഷതമേൽക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം ഓഹരി വിപണിയുടെ ഇടിവും സംഘർഷത്തെത്തുടർന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽനിന്നു നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ വിലയിടിവിനു കാരണമായി.
ഇന്ത്യൻ വിപണിയിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾ ഡോളറിലേക്കു മാറ്റുന്നതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനു വേഗം കൂട്ടിയത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും ഈ വർഷം ജനുവരി 22നുമിടയിൽ 6.7 ശതമാനമാണ് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ പകരം തീരുവയും ഈ ഇടിവിനു കാരണമായി.
പ്രധാന കറൻസികളിൽ യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് റെണ്മിന്പിയും ബ്രിസീലിയൻ റിയലുമൊക്കെ ഇക്കാലയളവിൽ ഡോളറിനെതിരേ മൂല്യവർധനവ് പ്രകടിപ്പിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന പ്രധാന കറൻസികളായ ജാപ്പനീസ് യെന്നിനും ഇന്തോനേഷ്യൻ റുപ്പയയ്ക്കും ഫിലിപ്പീൻസിന്റെ പെസോയ്ക്കും തുർക്കിഷ് ലിറയ്ക്കും ഡോളറിനെതിരേ മൂല്യ ഇടിവുണ്ടായി. 12.3 ശതമാനം മൂല്യ ഇടിവോടെ തുർക്കിഷ് ലിറ മാത്രമാണു ഇക്കാലയളവിൽ ഇന്ത്യക്കു പിന്നിലെന്ന് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഡോളറിനെതിരേ 2014 മേയ് 16ന് രൂപയുടെ മൂല്യം 58.78 ആയിരുന്നിടത്തുനിന്നാണ് 13 വർഷത്തിനുള്ളിൽ 93 കടന്നിരിക്കുന്നത്. ഇക്കാലയളവിൽ രൂപയുടെ മൂല്യം ഏകദേശം 58.217 ശതമാനമാണ് ഇടിഞ്ഞത്.
2014 മുതൽ 2025 വരെയുള്ള 12 കലണ്ടർ വർഷങ്ങളിൽ ഒരിക്കൽ മാത്രമാണു രൂപ ഡോളറിനെതിരേ മൂല്യവർധനവ് രേഖപ്പെടുത്തിയിള്ളത്. 2017ൽ 6.35 ശതമാനം നാണയ മൂല്യവർധനവുണ്ടായത് ഒഴിച്ചുനിർത്തിയാൽ ശേഷിക്കുന്ന 11 വർഷങ്ങളിലും ഡോളറിനെതിരായ രൂപയുടെ മൂല്യത്തിന് ഇടിവുണ്ടായി.
രൂപയ്ക്കെതിരേ യുഎസ് ഡോളർ ശക്തിപ്പെടുന്നത് കയറ്റുമതിയിലെ മത്സരം വർധിപ്പിച്ചേക്കുമെന്നും ഇതു സന്പദ്വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും കേന്ദ്രം പറയുന്നു.
എന്നാൽ കറൻസിയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വില വർധിക്കുന്നതിന് ഇടയാക്കുമെന്നും ഈ ചരക്കുകളെ ആശ്രയിക്കുന്ന വ്യവസായങ്ങൾ ചെലവിന്റെ സമ്മർദത്തിൽപ്പെട്ടേക്കാമെന്നും കേന്ദ്രം പറയുന്നു.
നിലവിലെ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരേ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾ ആഗോളവിപണിയെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്.
അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നത് വികസ്വര രാജ്യങ്ങളുടെ കറൻസികളെ തളർത്തുന്നു. ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിക്കുന്നത് രൂപയുടെ മേൽ കൂടുതൽ ഭാരമേൽപ്പിക്കുന്നുണ്ട്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർധിക്കാൻ ഇതു കാരണമാകും. സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ വിലയിലും ഇതിന്റെ പ്രതിഫലനം ഉടനുണ്ടാകും.
രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്കു നേട്ടമാകുമെങ്കിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ ഇത് ബാധിക്കും.
പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ പുതിയ നടപടികൾ സ്വീകരിക്കേണ്ടിവരും. ആഗോളതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദേശ വിനിമയ ശേഖരം ഉപയോഗിച്ച് രൂപയെ താങ്ങിനിർത്താനുള്ള ശ്രമങ്ങൾ റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
എങ്കിലും ആഗോള രാഷ്ട്രീയസാഹചര്യം അനുകൂലമാകാതെ വലിയ മുന്നേറ്റം പ്രതീക്ഷിക്കാനാകില്ല.
വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ കർശനമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമായി വരും. വരും ദിവസങ്ങളിലെ വ്യാപാരം ഇന്ത്യൻ രൂപയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. ആഗോള വിപണിയിലെ എണ്ണവിലയും ഡോളറിന്റെ കരുത്തും രൂപയുടെ ഭാവി നിശ്ചയിക്കും.
Tags : Rupee hits record low crosses 93 dollar