Special News
ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാൻ കേന്ദ്ര സർക്കാർ അന്തിമ നോട്ടീസ് നൽകിയതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ല റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ 'ഇന്ദിര ഭവൻ' എന്ന പുതിയ ആസ്ഥാനം പണിതീർത്തിട്ടും പഴയ തട്ടകം വിടാൻ കോൺഗ്രസ് മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
കേവലം ഒരു കെട്ടിടം എന്നതിലുപരി കോൺഗ്രസിന്റെ അതിജീവനത്തിന്റെ അടയാളമാണ് 24 അക്ബർ റോഡ്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. 1978-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ദിരാഗാന്ധി പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഈ ഓഫീസിൽ ഇരുന്നാണ്. യുപിഎ സർക്കാരുകളുടെ രൂപീകരണവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം നടന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഈ വിലാസം ഉപേക്ഷിക്കുന്നത് വൈകാരികമായി പ്രവർത്തകർക്ക് പ്രയാസകരമാണ്.
ബിജെപി തങ്ങളുടെ പുതിയ ആസ്ഥാനമായ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക് മാറിയിട്ടും പഴയ ഓഫീസായ '11 അശോക റോഡ്' ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിക്ക് നൽകാത്ത കർശന നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം ബാധകമാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസിന്റെ വാദം.
ലൂട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവ് പാർലമെന്റിനും മറ്റ് ഭരണസിരാകേന്ദ്രങ്ങൾക്കും തൊട്ടടുത്താണ്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുടെ കൂടിക്കാഴ്ചകൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്. അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കോൺഗ്രസിന്റെ പുതിയ ആസ്ഥാനമായ 'ഇന്ദിര ഭവൻ' സ്ഥിതി ചെയ്യുന്നത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്താണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഈ 'അയൽപക്കം' ചില പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ ഓഫീസുകൾ തൊട്ടടുത്താകുമ്പോൾ നേതാക്കളുടെയും സന്ദർശകരുടെയും വരവും പോക്കും നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. തന്ത്രപരമായ നീക്കങ്ങൾ ചോരുമോ എന്ന ആശങ്ക ഇരു പാർട്ടികൾക്കുമുണ്ടാകാം.
പ്രതിഷേധങ്ങളും മാർച്ചുകളും നടക്കുമ്പോൾ ഇരു വിഭാഗം പ്രവർത്തകരും ഒരേ തെരുവിൽ മുഖാമുഖം വരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിന്റെ വലിയ സന്നാഹം ആവശ്യമായി വരും. കോൺഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത് ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിയമപോരാട്ടത്തിലൂടെ പഴയ തട്ടകത്തിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. രാഷ്ട്രീയ വൈരങ്ങൾക്കിടയിലും ഒരേ അയൽപക്കത്ത് പ്രവർത്തിക്കേണ്ടി വരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ രസകരമായ ഒരു പുതിയ അധ്യായമായി മാറും.
Special News
ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളി. പ്രാണരക്ഷാര്‍ഥം കേഴുന്ന ഇയാള്‍ക്കു മുകളില്‍, അറിയിപ്പ് കിട്ടിയത് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു.
നിമിഷങ്ങള്‍ക്കകം ചേതകിന്റെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ ഹെലി കോപ്ടര്‍ നിയന്ത്രിച്ച് നിര്‍ത്തി. വടത്തില്‍ (വിന്ച്ച്) തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഡൈവര്‍. ആ വടത്തില്‍ (വിന്ച്ച്) പിടിച്ച് മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് നാവികര്‍ അറബിക്കടലില്‍ എയര്‍ ക്രൂ ഡൈവിംഗ് നടത്തിയത്.
അറബിക്കടലില്‍ 5.35 നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നാവികസേനയുടെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്തു തെളിയിക്കുന്നതായിരുന്നു.
കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നാവികസേനയുടെ ഐഎന്‍എസ് സുനയനയില്‍ രാവിലെ ഒമ്പതരയോടെ നേവല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് പുറപ്പെടുമ്പോള്‍ ഇത്രയധികം വിസ്മയം നാവികസേന ഒരുക്കിവച്ചിട്ടുണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതു തന്നെയായിരുന്നു ഇന്ത്യന്‍ നേവിയുടെ എയര്‍ ക്രൂ ഡൈവിംഗ്. ഹെലികോപ്റ്ററില്‍ കടലില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണിത്.
ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്ററാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഹെലികോപ്റ്ററില്‍ നിന്ന് റോപ്പ് മാര്‍ഗം കടലിലേക്ക് ചാടിയിറങ്ങി രക്ഷിക്കുന്നതിന്റെ ഡെമോയാണ് നാവികര്‍ കാഴ്ചവച്ചത്.
മികച്ച നീന്തല്‍, ഡൈവിംഗ് പരിചയം, അസാമാന്യമായ ധൈര്യം, ശാരീരിക ശേഷി, വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്, പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഇവയെല്ലാം കടലില്‍ ജീവന് രക്ഷിക്കുന്ന ഓരോ നാവികനെയും വ്യത്യസ്തനാക്കുന്നു.
തിരമാലകളെ പിന്നിലാക്കി ഐഎന്‍എസ് സുനയനയുടെ ക്യാപ്ടന് സിദ്ധാര്‍ഥ് ചൗധരി സുഗമമായ യാത്രയൊരുക്കിയപ്പോള് നീലയും പച്ചയുമായി നിറം മാറുന്ന കടലില്‍ ചെറുവള്ളങ്ങളും ബോട്ടുകളും പലയിടങ്ങളിലായി മീന്‍പിടിക്കുന്നതു കാണാമായിരുന്നു.
ചെറുബോട്ടുകള്‍ കണ്ടതോടെ കപ്പലില്‍ നിന്ന് ശബ്ദസന്ദേശമെത്തി. ഉടന്‍ തന്നെ കപ്പലിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തോക്കുകള്‍ക്ക് അടുത്തേക്ക് നാവികരെത്തി. മറ്റ് അപകടങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കപ്പല്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.
മികവ് തെളിയിച്ച് നാവികരുടെ ജാക്ക് സ്റ്റേ
അത്യാവശ്യഘട്ടങ്ങളില്‍ ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ആളുകളെയോ ആയുധങ്ങളോ സാധനങ്ങളോ കൈമാറുന്ന രീതിയാണു ജാക്ക് സ്റ്റേ. ഐഎന്‍എസ് സുനയന മുന്നോട്ട് നീങ്ങുന്നതിനിടെ ഏറെ വൈകാതെ തന്നെ ഇടതുവശത്തായി ഐഎന്‍എസ് തീറുമെത്തി.
മലയാളിയായ ടിജോ ആയിരുന്നു ഐഎന്‍എസ് തീറിന്റെ ക്യാപ്ടന്. സമാന്തരമായി നീങ്ങുന്ന കപ്പലുകള്‍ക്കിടയിലെ ദൂരം 15 മീറ്റര്‍ മാത്രം. മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആദ്യം സാധനങ്ങളാണ് കൈമാറിയത്.
ഇതിനു മുന്നോടിയായി ഐഎന്‍എസ് തീറില്‍ നിന്ന് ഐഎന്‍എസ് സുനയനയിലേക്ക് വെടിയുതിര്‍ത്ത ശേഷം കയര്‍ എറിഞ്ഞു കൊടുത്തു. കയറുകള്‍ പരസ്പരം ബന്ധിപ്പിച്ച ശേഷം ഭാരക്കട്ടകള്‍ കൊണ്ട് ബലപരിശോധന നടത്തി തീറില്‍ നിന്ന് കയര്‍മാര്‍ഗം സുനയനയിലേക്ക് സാധനങ്ങള്‍ കൈമാറി.
Special News
വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ വൈക്കം ബോട്ട് ജെട്ടിയിലേക്ക് നീന്തിക്കയറിയപ്പോള്‍ എട്ടു വയസുകാരന് കെ.എസ്. സാവന്‍ കൃഷ്ണ നിറഞ്ഞ ആവേശത്തിലായിരുന്നു. പെരിയാറിനു കുറുകെ വിജയകരമായി നീന്തിക്കടന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന്‍ കൃഷ്ണ നീന്താനിറങ്ങിയത്.
വേമ്പനാട് കായലില്‍ ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് സാവന്‍ നീന്തിക്കയറിയത്.
മകന്റെ ഇഷ്ടം അറിഞ്ഞ്....
എറണാകുളം പച്ചാളം കരുവേലിപ്പറമ്പില്‍ കെ.ആര്. സജിത് കുമാര്‍-ശ്രുതി ദമ്പതികളുടെ മകനായ സാവന്‍ കൃഷ്ണയ്ക്ക് തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പുഴയും കടലുമൊക്കെ കാണുന്നത് ഇഷ്ടമായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം ബീച്ചില്‍ പോകുമ്പോള്‍ കൊച്ചു സാവന്‍ അച്ഛന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും. കാലിലേക്ക് തിര അടിച്ചു കയറുമ്പോഴെല്ലാം വളരെ സന്തോഷത്തോടെ ആ കുഞ്ഞ് കൈക്കൊട്ടിച്ചിരിക്കുമായിരുന്നു.
കഴിഞ്ഞ വര്‍ഷം സജിത്ത് തന്നെയാണ് മകനോട് നീന്തല്‍ പഠിക്കുന്ന കാര്യം സൂചിപ്പിച്ചത്. സമീപത്തുള്ള കുട്ടികള്‍ ആലുവയില്‍ നീന്തല്‍ പഠിക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് സജി വാളശേരിയുടെ ശിക്ഷണത്തില്‍ സാവന്‍ നീന്തല്‍ പഠിക്കാന്‍ ചേര്‍ന്നത്.
ആദ്യ ദിനങ്ങളിലൊക്കെ ചെറിയ പേടി കാണിച്ചെങ്കിലും പേടി മാറ്റാനായി സജിത്തും മകനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി. കുറഞ്ഞ സമയത്തിനകം തന്നെ സാവന്‍ നീന്തല്‍ പഠിച്ചു തുടങ്ങി.
എന്നും രാവിലെ അഞ്ചരയ്ക്ക് സജിത്ത് മകനെ ആലുവ മണപ്പുറം ദേശം കടവിലെത്തിക്കും. വ്യായാമത്തിനുശേഷം ആറു മുതല്‍ എട്ടര വരെ നീന്തല്‍ പരിശീലനം.
അതുകഴിഞ്ഞ് പച്ചാളത്തെ വീട്ടിലെത്തി സ്കൂളിലേക്ക് പോകും. പൊറ്റക്കുഴി തെരേസ സ്പിനെല്ലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സാവന്‍ കൃഷ്ണ.
വാളശേരി റിവര്‍ സ്വിമ്മിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ് 17ന് ആലുവ പെരിയാറിനു കുറുകെ 780 മീറ്റര്‍ സാവന്‍ കൃഷ്ണ വിജയകരമായി നീന്തിക്കടന്നിരുന്നു.
Special News
‘എന്റെ ജീവിതത്തില്‍ നിന്ന് ചിത്രരചന ഒരിക്കലും വിട്ടുപോയിട്ടില്ല; അതിന് അതിന്റെ സമയമെത്താനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍...' - ചായക്കൂട്ടുകള്‍ കൊണ്ട് കാന്‍വാസില്‍ മനോഹരമായ ചിത്രം വരയ്ക്കുന്നതിനിടെ ലോലിത നായര്‍ പറഞ്ഞു.
അതേ, വാക്കുകള്‍ അര്‍ഥവത്താക്കുന്നതാണ് അവര്‍ വരച്ച ഓരോ ചിത്രങ്ങളും. ജീവിത തിരക്കുകള്‍ അല്പമൊന്നു കുറയുമ്പോള്‍, ഉള്ളിലെ സര്‍ഗാത്മകത കൂടുതല്‍ വര്ണപ്പകിട്ടേറുമെന്നതിന്റെ ഉത്തമോദാഹരണമാണ് ചിത്രകാരി ലോലിത നായര്‍.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, 25 വര്‍ഷത്തെ സേവനത്തിനു ശേഷം സംസ്ഥാന കൃഷിവകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. വിശ്രമ ജീവിതം ചിത്രകലയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ഇവര്‍.
ചിത്രരചനയെ സ്നേഹിച്ച ബാല്യം
കുട്ടിക്കാലം മുതല്‍ ലോലിതയ്ക്ക് ചിത്രരചനയോട് താല്പര്യമായിരുന്നു. പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ഉടന്‍ അതില്‍ എന്തെങ്കിലുമൊക്കെ വരയ്ക്കും. സൂര്യനും വയലേലകളും പുഴയും പൂമ്പാറ്റയുമൊക്കെ ആ കുഞ്ഞുവരകളില്‍ നിറഞ്ഞു.
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ചിത്രരചനയെ താല്‍ക്കാലികമായി ഉപേക്ഷിച്ചു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥയായതോടെ ശാസ്ത്രം, ഭരണനിര്‍വഹണം, ഗ്രാമീണ വികസനം എന്നിവയിലായിരുന്നു അവരുടെ ഔദ്യോഗിക ജീവിതം കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രരചനയെ അവര്‍ കൈവിട്ടില്ല.
അതിന്റെ പൂര്ണാവിഷ്കാരത്തിനുള്ള സാവകാശത്തിനായി അവര്‍ ക്ഷമയോടെ കാത്തിരുന്നു. 2019 ജൂലൈയില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. അതിനുശേഷമാണ് അവര്‍ ദീര്‍ഘകാലമായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രരചനയിലേക്കു പൂര്‍ണമായി തിരിഞ്ഞത്.
Special News
പാട്ടുകൾ പൊതുവേ ഹൃദയങ്ങളിലാണ് ഇണങ്ങിച്ചേരുന്നത്. ഓർമകളും അനുഭൂതികളും വികാരങ്ങളും ഇഴനെയ്ത് അവ തിളങ്ങിക്കൊണ്ടിരിക്കും.
ഇതാ, നാലായിരത്തോളം ഹൃദയങ്ങളിൽ തിളങ്ങുന്നത് ഒരു ഗായികയുടെ പേരാണ്. അവർ പാടിയ പാട്ടുകൾ ആ ഹൃദയങ്ങളുടെ ഉടമകൾ ഒരുപക്ഷേ കേട്ടിരിക്കില്ല. അതിനേക്കാൾ മനോഹരമാണല്ലോ സ്നേഹമെന്ന ഗാനം!
ഇൻഡോറിൽനിന്നുള്ള പാലക് മുച്ഛൽ ആണ് ആ ഗായിക. ഹിന്ദിയിലെ സുന്ദരശബ്ദവും ഭാവമധുരിമയുമുള്ള അറിയപ്പെടുന്ന പാട്ടുകാരിയാണ്.
സാന്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങളിലെ 3,800ലേറെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടംനേടിയിരിക്കുന്നു.
പാലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് അവർ ഈ ദൗത്യം തുടരുന്നത്.
യാത്രയുടെ തുടക്കം
കുട്ടിക്കാലത്ത് നടത്തിയ ഒരു ട്രെയിൻയാത്രയാണ് പാലകിന്റെ മനസിനെ കരുണയുടെ പാതയിലേക്കു വഴിതിരിച്ചുവിട്ടത്. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാത്ത ഒട്ടേറെ കുട്ടികളെ ആ യാത്രയിൽ ഉടനീളം കണ്ടു.
അന്നുതന്നെ പാലക് ഒരു പ്രതിജ്ഞയെടുത്തു- "എന്നെങ്കിലുമൊരിക്കൽ ഞാൻ ഇവർക്ക് സഹായമെത്തിക്കും.' ആ പ്രതിജ്ഞതന്നെയാണ് വർഷങ്ങൾക്കിപ്പുറം ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ പ്രചോദനമായതും.
ഓരോ സംഗീതപരിപാടികളിൽനിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം ആശ്രയമില്ലാത്തവർക്കായി മാറ്റിവച്ചുതുടങ്ങി. ചാരിറ്റിക്കു മാത്രമായി ഷോകൾ നടത്തി. ഗുരുതര രോഗാവസ്ഥയിലുള്ള കുട്ടികൾക്കായാണ് കൂടുതലും സഹായമെത്തിക്കുന്നത്.
കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഗുജറാത്ത് ഭൂകന്പ ദുരിതബാധിതർക്കും സാന്പത്തിക പിന്തുണ നൽകി.
പ്രയാസമനുഭവിക്കുന്നവരെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് പാലകിന്റെ ഒരു പ്രത്യേകത.
പാലകിനെ അറിയാത്തവർക്ക്
പതിനഞ്ചുവർഷത്തോളമായി പാലക് ഹിന്ദി ചലച്ചിത്രസംഗീത രംഗത്തുണ്ട്. ഗായികയും ഗാനരചയിതാവുമാണ്. ഇൻഡോറിൽ 1992 മാർച്ച് 30നു ജനിച്ച പാലകിന്റെ മാതാപിതാക്കൾക്ക് പറയത്തക്ക സംഗീതപാരന്പര്യമൊന്നുമില്ല.
ഇളയസഹോദരൻ പലാഷ് മുച്ഛൽ സംഗീതകാരനും സംവിധായകനുമാണ്. പലാഷും ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
വൃക്കരോഗബാധിതരായ കുട്ടികൾക്കാണ് അദ്ദേഹം തന്റെ ഷോകളിൽനിന്നുള്ള വരുമാനത്തിന്റെ പങ്കു നൽകുന്നത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായി പലാഷിന്റെ വിവാഹം ഉടനെ നടക്കാനിരിക്കുന്നുവെന്ന വിശേഷവുമുണ്ട്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളാണ്.
ആൽബങ്ങളിലൂടെ സിനിമയിൽ
ഒന്‍പതാം വയസിൽ ചൈൽഡ് ഫോർ ചിൽഡ്രൻ എന്ന ആൽബത്തിലൂടെയാണ് പാലക് സംഗീതരംഗത്തെത്തിയത്. സിനിമയിൽ അവസരംതേടി 2006ൽ മുംബൈയിലെത്തി. ദമാദം എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.
ഏക് ഥാ ടൈഗർ, ആഷിഖി 2, എം.എസ്. ധോണി: ദ അണ്‍ടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയയായി. കോണ്‍ തുജ്ഹേ എന്ന പാട്ട് സൂപ്പർഹിറ്റായി.
ട്രെയിനിൽ ദരിദ്രരായ കുട്ടികളെ കണ്ടു മനസുപിടഞ്ഞുനിന്ന അതേ കാലത്താണ് ഇൻഡോറിലെ നിധി ബാൽ വിനയ് മന്ദിർ സ്കൂളിലെ അധ്യാപകർ ഹൃദ്രോഗിയായ ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകാൻ ഒരു ചാരിറ്റി ഷോ ചെയ്യാമോ എന്ന അഭ്യർഥനയുമായി സമീപിച്ചത്.
2000 മാർച്ചിൽ അങ്ങനെ ആദ്യത്തെ ഷോ നടത്തി. ഒരു വഴിയോരക്കച്ചവടക്കാരന്റെ വണ്ടിയാണ് സ്റ്റേജാക്കിയത്. അന്ന് അരലക്ഷത്തിലേറെ രൂപ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചു.
ഈ വിവരമറിഞ്ഞ് ബംഗളൂരുവിലെ വിഖ്യാത കാർഡിയോളജിസ്റ്റ് ദേവി പ്രസാദ് ഷെട്ടി ആ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുത്തു.
തുടർന്നിങ്ങോട്ട് രാജ്യത്തും വിദേങ്ങളിലുമായി പാലക് ഒട്ടേറെ ഷോകൾ ചെയ്തു. സഹായങ്ങളുമായി ഒട്ടേറെ പ്രമുഖരും അവർക്കൊപ്പം ചേർന്നു.
"ദിൽ സേ ദിൽ തക്' (ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്) എന്ന പേരിലാണ് ഷോകൾ നടത്തിയിരുന്നത്. പാട്ടിനും സന്നദ്ധപ്രവർത്തനങ്ങൾക്കുമായി ഒട്ടേറെ പുരസ്കാരങ്ങൾ പാലകിനെ തേടിയെത്തിയിട്ടുണ്ട്.
കംപോസർ മിഥുൻ ആണ് പാലകിന്റെ ജീവിതപങ്കാളി. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഒപ്പമുണ്ട്. പാട്ടുകളും സംഗീതപരിപാടികളും ഇല്ലെങ്കിലും, ഒരു വരുമാനവുമില്ലെങ്കിലും ഒരു കുട്ടിയുടെപോലും ശസ്ത്രക്രിയ മുടങ്ങില്ല എന്നാണ് മിഥുൻ നൽകുന്ന ഉറപ്പ്.
ഒരു ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവെന്ത്!
Special News
തെരുവുനായ്ക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടും വെളിയിലാണ് നാട്ടുകാര്‍ തെരുവുനായയ്ക്കായി ഒരു സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന പ്രിയപ്പെട്ട ആ നായ ചത്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ച് പറയുമ്പോള്‍ ഇന്നും കണ്ണു നിറയും, തൊണ്ടയിടറും...എല്‍ദോയുടെ വിശേഷങ്ങളിലേക്ക്
സനകന്റെ എൽദോ, നാട്ടുകാരുടേയും
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിലേക്ക് എത്തിയത്. ദേഹം മുഴുവന്‍ ചെളിയും ചൂടുവെള്ളം വീണ് പൊളളലേറ്റ പാടുമായി ഒരു കുഞ്ഞു നായക്കുട്ടി മരച്ചുവട്ടില്‍ കിടക്കുന്നത് ആദ്യം കണ്ടത് എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പത്ത് വീട്ടില്‍ കെ.വി. സനകനാണ്.
അടുത്തെത്തിയപ്പോള്‍ ദൈന്യതയോടെയുള്ള നോട്ടം കണ്ട് സനകന്‍ അതിനെയെടുത്ത് ശരീരം വൃത്തിയാക്കി മുറിവില്‍ മരുന്നുവച്ചു കൊടുത്തു. അടുത്തുള്ള ഹോട്ടലില്‍ നിന്ന് പാലും ബിസ്ക്കറ്റുമൊക്കെ വാങ്ങിനല്‍കി. ദിവസങ്ങള്‍ക്കകം തന്നെ അവന് ആരോഗ്യവാനായി . അവന് എല്‍ദോ എന്ന പേരിട്ടതും സനകന്‍ തന്നെയാണ്. ഓട്ടോ സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്കും പ്രദേശവാസികള്ക്കുമൊക്കെ ഏറെ വൈകാതെ എല്‍ദോ പ്രിയപ്പെട്ടവനായി മാറി.
സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റ് നായ്ക്കളില്‍ നിന്നെല്ലാം അകന്നായിരുന്നു നടപ്പ്. പ്രദേശത്തേക്ക് വേറെ നായ്ക്കള്‍ വന്നാല്‍ കുരച്ച് ഓടിക്കും. കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷാക്കാരുടെ ചങ്കായിരുന്നു എല്‍ദോ.
ആ ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റ് നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും. വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍ നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ടുതവണ വാഹനാപകടത്തില്‍ പരിക്കേറ്റപ്പോഴും സനകന്റെ നേതൃത്വത്തിൽ എല്‍ദോയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
‘എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്‍ മതി. അവന് ഓടിയെത്തും. പിന്നെ വാലാട്ടിക്കൊണ്ട് എന്റെ അടുത്തുതന്നെ നില്ക്കും. പൊറോട്ടയും മുട്ടക്കറി യുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല് കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.'- ഇതു പറയുമ്പോള്‍ സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.
Special News
1983 ഏപ്രില്‍ രണ്ട്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളാണ് വേദി. എറണാകുളത്തെ ബാങ്കുജീവനക്കാരുടെ കലാസാംസ്കാരിക കൂട്ടായ്മയായ ബീമി(ബാങ്ക് എംപ്ലോയീസ് ആര്‍ട്സ് മൂവ്മെന്റ്, എറണാകുളം)ന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുകയാണ് അവിടെ.
ഉദ്ഘാടകനായ പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന് നായര്‍... തുടര്‍ന്നും ബീമിന് നല്ല പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. സദസ് മുഴുവന്‍ നിറഞ്ഞ കൈയടിയോടെയാണ് ആ ആശംസ സ്വീകരിച്ചത്.
അന്നു മുതല്‍ എല്ലാ മാസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന ബീം ഇന്ന് 500-ാമത് പ്രതിമാസ പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് കാലത്ത് ഏതാനും മാസങ്ങള്‍ മാത്രമാണ് ബീമിന്റെ പ്രതിമാസ പരിപാടികള്‍ മുടങ്ങിയത്.
കലാസംഘടനകള്‍ ഒന്നൊന്നായ് അകാലചരമമടയുന്ന ഇക്കാലത്താണ് 500-ാമത് പ്രതിമാസ പരിപാടിയുമായി ബീം എത്തിയിരിക്കുന്നത്. അറിയാം ആ വിശേഷങ്ങൾ
വ്യത്യസ്തമായ കലാപരിപാടികള്‍
ബീം അവതരിപ്പിക്കുന്ന പരിപാടികളുടെ വൈവിധ്യമാണ് ബീമിനെ ഇതര കലാസംഘടനകളില്നിന്നും വ്യത്യസ്തമാക്കുന്നത്. 2,000 വര്‍ഷം പഴക്കമുളള കൂടിയാട്ടം മുതല്‍ കണ്ടമ്പററി ഡാന്‍സ് വരെയുള്ള കലാപ്രകടനങ്ങള്‍ ബീമിന്റെ വേദികളില്‍ നിറഞ്ഞാടുന്നു.
എറണാകുളം കരയോഗവുമായി സഹകരിച്ച് ടിഡിഎം ഹാളിലെ മനോഹരമായ വേദിയിലാണ് എല്ലാ മാസവും പരിപാടികള്‍ അരങ്ങേറുന്നത്. പദ്മഭൂഷന്‍ നേടിയ മൂന്നു ലോകോത്തര നര്‍ത്തികമാരായ പത്മ സുബ്രഹ്മണ്യം, സുധാറാണി രഘുപതി, ചിത്ര വിശ്വേശ്വരന് എന്നിവര്‍ ഒരുമിച്ച് അവതരിപ്പിച്ച ഭരതനാട്യ മഹോത്സവം പോലെ അതുല്യമായ കലാവിരുന്നുകള്‍ക്ക് ബീം വേദിയായി.
കര്‍ണാടക - ഹിന്ദുസ്ഥാനി കച്ചേരികള്‍, വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍, കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, കഥകളിപദം തുടങ്ങിയ ക്ലാസിക്കില്‍ കലകളും തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, സംഘകളി, യക്ഷഗാനം, ബാവുള്‍ സംഗീതം, ചാവു ഡാന്‍സ് തുടങ്ങിയ അപൂര്‍വ പാരമ്പര്യ കലകളും നിരവധിയായ ഗാനമേളകള്‍, സൂഫി, ഗസല്‍, റാപ്പ്, ഫ്യൂഷന്‍ സംഗീത പരിപാടികള്‍, കേരളത്തിലെമ്പാടുമുള്ള അമച്ച്വര്‍ നാടകസം
ഘങ്ങളുടെ കലാമേന്മയുള്ള നാടകങ്ങള്‍, പ്രഫഷണല്‍ നാടകങ്ങള്‍, നാടന്‍പാട്ട്, കഥാപ്രസംഗം, പാവകളി, കണ്ടംപററി ഡാന്‍സ് തുടങ്ങിയ ജനകീയ കലകളും ബീമിന്റെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
Special News
അടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഗോസ്റ്റ് റോൾ ചെയ്ത നടനും നടിക്കും അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ കടുത്ത മത്സരം ആയിരിക്കും ആ വിഭാഗത്തിൽ നടക്കുക. കാരണം മലയാളസിനിമയിൽ ഇത് യക്ഷി-പ്രേത-ഭൂത- മറുത-ചാത്തന്മാരുടെ കളി വിളിയാട്ടത്തിന്റെ കാലമാണ്.
ഭാർഗവീനിലയത്തിൽ തുടങ്ങുന്ന മലയാള സിനിമയുടെ ലക്ഷണമൊത്ത ഹൊറർ പാരമ്പര്യം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ തിയറ്റർ റിലീസ് ആയ പ്രണവ് മോഹൻലാലിന്റെ ഡീയെസ് ഈറേ വരെ എത്തിനിൽക്കുന്നു മലയാളത്തിന്റെ ഹൊറർ സിനിമ ചരിത്രം. എല്ലാകാലത്തും പ്രേക്ഷകർക്ക് ഇഷ്ടമുള്ളവയാണ് ഹൊറർ മൂഡിലുള്ള സിനിമകൾ.
മലയാളത്തിൽ കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തിയ ലോക ചാപ്റ്റർ വൺ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായി. പിന്നീട് സുമതി വളവ്, നൈറ്റ് റൈഡേഴ്സ്, ഡീയെസ് ഈറേ എന്നിവയെല്ലാം ഇതേ പാറ്റേണിൽ വന്നു.
ഹൊറർ സിനിമയാണെങ്കിലും അവയിൽ പരമാവധി വ്യത്യസ്തതകൾ കൊണ്ടുവരാൻ പുതിയ സംവിധായകർ ക്ഷമിക്കുന്നതുകൊണ്ടുതന്നെ പേടിപ്പെടുത്തുന്ന സിനിമകൾക്കെല്ലാം ഒരു ഫ്രഷ്നസ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.
1964 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥയിൽ നിന്ന് ഭാർഗവീനിലയം എന്ന ഹൊറർ സിനിമ പിറവിയെടുക്കുന്നത്. എ. വിൻസെന്റാണ് സിനിമ സംവിധാനം ചെയ്തത്. മനോഹരമായ ഒരു റൊമാന്റിക് ഹൊറർ ചിത്രമായിരുന്നു അത്.
ഒരുപക്ഷേ മലയാളത്തിൽ ആദ്യം വരുന്ന ഹൊറർ സിനിമ. അത് കണ്ട് അന്ന് പേടിച്ചു വിറച്ചിട്ടുണ്ടെന്ന് പഴയ തലമുറയിലുള്ളവർ ഓർക്കുന്നു. നിലവെളിച്ചം എന്ന കഥയൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ സിനിമ കണ്ടു വീട്ടിലെത്തിയിട്ടും പേടി മാറിയിരുന്നില്ല.
ചിത്രത്തിന്റെ പോസ്റ്റർ പോലും നോക്കാൻ പിന്നീട് പേടി തോന്നി. പിന്നീട് എത്രയോ രാത്രികളിൽ ഭാർഗവിനിലയം ഒരു പേടി സ്വപ്നമായി മനസിൽ കിടന്നിരുന്നു. ആ പേടി മാറാൻ ഒരുപാട് കാലമെടുത്തു - ഭാർഗവീനിലയം തിയറ്ററിൽ കണ്ട പഴയ തലമുറയിൽ പെട്ടവർ അന്നത്തെ തിയറ്റർ എക്സ്പീരിയൻസ് ഓർത്തെടുത്തു.
പിന്നീടങ്ങോട്ട് ധാരാളം ഹൊറർ മലയാള സിനിമകൾ പ്രേക്ഷകരെ പേടിപ്പിച്ചും ചിലപ്പോഴൊക്കെ ചിരിപ്പിച്ചും വന്നു പോയിക്കൊണ്ടിരുന്നു. ഹൊറർ എന്ന പേരിൽ ഇറക്കിയ പല സിനിമകളും പേടിയെന്ന് വികാരം മാത്രം സൃഷ്ടിക്കാതെ കടന്നു പോയിട്ടുണ്ട്.
ലിസ, കരിമ്പൂച്ച, കലിക, ശ്രീകൃഷ്ണ പരുന്ത്, യക്ഷി, പച്ചവെളിച്ചം, സീൻ നമ്പർ സെവൻ, വീണ്ടും ലിസ, വിശ്വസിച്ചാലും ഇല്ലെങ്കിലും.... അങ്ങനെ ഹൊറർ സിനിമകൾ പലതരത്തിൽ എത്തി. 60കളിലും 70കളിലും 80കളിലും 90കളിലും 2000ത്തിലും ഹൊറർ സിനിമകൾ മലയാളത്തിൽ ഉണ്ടായി. അതായത് ഭാർഗവീനിലയം വന്ന 1964 മുതൽ മുടക്കമില്ലാതെ പേടിപ്പെടുത്തുന്ന സിനിമകൾ മലയാളത്തിന്റെ വെള്ളിത്തിരയിൽ വന്നു എന്നർത്ഥം.
1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ഹൊറർ ചിത്രം എന്ന ഗണത്തിൽ ചിലർ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണെന്ന് പറയുന്നവരും ഉണ്ട്. വരും തലമുറയ്ക്കുള്ള പാഠപുസ്തകം എന്നാണ് അന്ന് ഫാസിൽ ചിത്രത്തെ വിശേഷിപ്പിച്ചത്.
അത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഗംഗയും നാഗവല്ലിയും നകുലനും സണ്ണിയും ശ്രീദേവിയും ഒക്കെ ഓരോ തലമുറയ്ക്കും പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. റീ റിലീസ് ചെയ്തപ്പോഴും ചിത്രം സൂപ്പർഹിറ്റ് തന്നെ.
പക്ഷേ മണിച്ചിത്രത്താഴ് മുതൽ മലയാളസിനിമയിലെ ഹൊറർ ചിത്രങ്ങൾക്ക് വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാൻ സംവിധായകർ ശ്രമിച്ചു എന്നത് വലിയ കാര്യമാണ്. അതുവരെ പിന്തുടർന്നുപോന്ന പതിവ് രീതികൾ വിട്ട് എങ്ങനെ വ്യത്യസ്തമായി പേടിപ്പിക്കാം എന്ന് സംവിധായകരും എഴുത്തുകാരും ചിന്തിച്ചുതുടങ്ങി.
ബ്ലാക്ക് ആൻഡ് വൈറ്റിൽ യാതൊരു സാങ്കേതിക മികവും ഇല്ലാതിരുന്നിട്ടും ഭാർഗവിക്കുട്ടി പ്രേക്ഷകരെ പേടിപ്പിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ സാങ്കേതിക മികവിന്റെ എല്ലാ സൂത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് മലയാള സിനിമ പ്രേക്ഷകരെ ഭയത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡിടിഎസും ഡോൾബിയും ത്രീഡിയും എല്ലാം എത്തിയപ്പോൾ ഹൊറർ സിനിമകളുടെ പാറ്റേണും മാറി.
വെറുതെ പേടിപ്പെടുത്തുന്ന സിനിമകൾ എന്നതിനപ്പുറം ചിരിച്ചുകൊണ്ട് കാണാവുന്ന ഹൊറർ-കോമഡി സിനിമകൾ മലയാളത്തിൽ പരീക്ഷിക്കപ്പെട്ടു. പകൽ പൂരവും ഇൻ ഗോസ്റ്റ് ഹൗസ് ഇന്നുമൊക്കെ ചിരിയും ഭയവും ഇടകലർത്തിയ സിനിമകളായിരുന്നു. അടുത്തിടെ ഇറങ്ങിയ രോമാഞ്ചം ഈ ഗണത്തിൽ പെട്ടതായിരുന്നു.
മോഡേൺ പ്രേത കഥയാണ് ലോകയിൽ അവതരിപ്പിച്ചത്. കണ്ടു ശീലിച്ച പ്രേത കാഴ്ചകളെ അടിമുടി തച്ചുടച്ചുകൊണ്ട് ലോക ചാപ്റ്റർ വൺ പുതിയ കാലത്തിന്റെ ഹൊറർ സിനിമയായി. പ്രേതം ആണെങ്കിലും യക്ഷിയാണെങ്കിലും അതിനുമുണ്ട് ഒരു ഹൃദയവും മനസുമെന്ന് പുതിയ എഴുത്തുകാരും സംവിധായകരും കാണിച്ചു തന്നു.
ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയത്തിന്റെ ഓരങ്ങളിലൂടെ കൊണ്ടുപോവുകയും ചെയ്തു. ഹൊറർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കും. വയലൻസ് കുത്തി നിറയ്ക്കാതെയും കാതടിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെയും എങ്ങിനെ ഹൊറർ സിനിമ ചെയ്യാം എന്ന് പുതുതലമുറ കാണിച്ചു തരുന്നുണ്ട്.
അതുകൊണ്ടുതന്നെ മലയാളത്തിന്റെ ബിഗ് സ്ക്രീനിൽ ഇനിയും യക്ഷിയും പ്രേതവും ചാത്തനും മറുതയും ഭൂതവും പിശാചുക്കളും നിറയും. പുതിയകാലത്തെ മലയാള സിനിമയിൽ പ്രേതങ്ങൾ വെറും രക്തദാഹികൾ അല്ല, അവർ കാര്യകാരണങ്ങൾ ഇല്ലാതെ ആരെയും കൊല്ലുന്നില്ല... അവർക്കും പലതും പറയാനുണ്ട്, അവർക്ക് വേണ്ടിയും കാതോർക്കേണ്ടി വരും നമുക്ക്..
Special News
മലയാളികളുടെ മനസിലെ ഭൂതകാലത്തെ തൊട്ടുണര്‍ത്തി മണ്ണിന്റെ മണമുള്ള ഗാനങ്ങളുമായി അലോഷി ആദം. പഴയ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ഗസലുകളും വിപ്ലവഗാനങ്ങളും ചേര്‍ത്തുള്ള മലയാളത്തനിമയുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ അതില്‍ ലയിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്.
പ്രായഭേദമെന്യേ ആ ഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളി. അനുകരണങ്ങള്‍ക്കും ട്രെന്റുകള്‍ക്കും പിന്നാലെ പോകാതെ താന്‍ സ്വന്തമായി വെട്ടിത്തുറന്ന പാതയിലൂടെയാണ് അലോഷിയുടെ സംഗീതയാത്ര.
പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നൃത്താധ്യാപികയായ അമ്മ റോസ്ലിനാണ് സ്വരസ്ഥാനങ്ങളും ആരോഹണ അവരോഹണങ്ങളും ചൊല്ലിക്കൊടുത്ത് സംഗീതലോകത്തേക്ക് പിച്ചവച്ച് നടത്തിച്ചത്. അധ്യാപകനായ അച്ഛന് ലൂയിസിന് മകന് വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ ആയിരുന്നു താത്പര്യം.
എന്നാല്‍, മകന്റെ താത്പര്യം കാല്‍പ്പന്തുകളിയോടായിരുന്നു. നല്ലൊരു കളിക്കാരനാകണമെന്നായിരുന്നു ഉള്ളിലെ ആഗ്രഹവും. അതിനാല്‍ത്തന്നെ പരമാവധി സമയങ്ങള്‍ പന്തിന് പിന്നാലെയായിരുന്നു.
കാലൊടിഞ്ഞത്
സംഗീത വഴിതുറന്നു
ഒരിക്കല്‍ കളിയ്ക്കിടയില്‍ കാലൊടിഞ്ഞ് ആശുപത്രിയിലായി. കുറെ ദിവസം അനങ്ങാതെ കിടക്കേണ്ടിവന്നു. ഇതോടെയാണ് കാല്‍പ്പന്തുകളിയോടുള്ള പ്രണയം അവസാനിച്ചത്. പിന്നീട് ചാരംമൂടിക്കിടന്ന സംഗീതത്തെ ഊതിത്തെളിയിക്കുന്നതിനുള്ള ശ്രമമായിരുന്നു.
പാട്ടിനോട് താത്പര്യമുണ്ടായിരുന്നുവെങ്കിലും ആളുകള്‍ക്ക് മുന്നില്‍ പാടാന്‍ സങ്കോചവുമായിരുന്നു. പയ്യന്നൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് വീണ്ടും പാട്ടിനെ നെഞ്ചോട് ചേര്‍ക്കാന്‍ തുടങ്ങിയത്.
ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചശേഷം മൂന്ന് വര്‍ഷത്തോളം ദുബായില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് സംഗീത ലഹരി ജീവിതത്തിന്റെ കൂട്ടായി മാറിയത്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലൂടെ ആയിരുന്നു അലോഷി ആദം അറിയപ്പെടാന്‍ തുടങ്ങിയത്.
ആരെങ്കിലും ആവശ്യപ്പെട്ടാല്‍പോലും രണ്ടുവരി പാടാന്‍ മടിച്ചുനിന്നിരുന്ന ഇയാള്‍ പാട്ടുപാടി സദസിനെ കൈയിലെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗസലുകളും നാടകഗാനങ്ങളും സിനിമാ ഗാനങ്ങളുമായിരുന്നു ആദ്യകാലങ്ങളില്‍ സ്ഥിരമായി പാടിക്കൊണ്ടിരുന്നത്.
അടിപൊളിഗാനങ്ങളും ത്രസിപ്പിക്കുന്ന താളമേളങ്ങളും ചടുലമായ നൃത്തച്ചുവടുകളുമായി യുവാക്കളെ ആകര്‍ഷിക്കുന്ന ഗാനമേളകള്‍ ശ്രദ്ധേയമാകുമ്പോഴായിരുന്നു മലയാളികളുടെ മുന്നില്‍ മണ്ണിന്റെ മണമുള്ള ഗാനങ്ങളുമായി അലോഷി എത്തിയത്. പക്ഷേ അലോഷി പാടുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളത്തനിമയുള്ള ഗാനങ്ങള്‍ കേള്‍ക്കാനും ആസ്വദിക്കാനും ആളുകളുണ്ടായി.
പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഒരു വിപ്ലവ ഗാനം പാടണമെന്ന് സദസില്‍നിന്നുള്ള ആവശ്യമയര്ന്നപ്പോള് മനസില്‍ വന്നത് "നൂറു പൂക്കളെ' എന്ന ഗാനമായിരുന്നു. ഈ ഗാനം പാടുന്ന വീഡിയോ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോള്‍ വൈറലായി മാറുകയായിരുന്നു.
Special News
സമകാലിക കലാവബോധത്തിൽ, പാരിസ്ഥിതിക മുൻഗണനകൾ അടയാളപ്പെടുന്നതിന്റെ രേഖയായിരുന്നു കോഴിക്കോട് ലളിതകലാ അക്കാഡമി ഹാളിൽ നടന്ന "നോട്ടം' പെയിന്റിംഗ് എക്സിബിഷൻ. പ്രകൃതിയുടെ സൂഷ്മസംഗീതം വരകളിലേക്കും വർണങ്ങളിലേക്കും പകർത്തിയ ചിത്രമെഴുത്തുകൾ, മനുഷ്യന്റെ മഹായാനങ്ങളെ അനുഭവങ്ങളിലേക്കു തുറക്കുന്നതായിരുന്നു.
ആർട്ട് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ കേരള എന്ന സംഘടനയുടെ പ്രദർശനത്തിൽ മുപ്പത്തഞ്ചോളം കലാകാരന്മാരുടെ സൃഷ്ടികളെയാണ് അവതരിപ്പിച്ചത്. കാട്ടൂർ നാരായണപിള്ള, ബി.ഡി. ദത്തൻ തുടങ്ങിയ മുതിർന്ന ആർട്ടിസ്റ്റുകൾ മുതൽ ഷീജ പള്ളം, സുനിൽ ജോസ് വരെയുള്ള പുതുതലമുറക്കാരും ഉൾക്കൊള്ളുന്നതായിരുന്നു പ്രദർശനം.
പരിസ്ഥിതി സഹവാസ ക്യാന്പിൽ പിറന്ന ചിത്രങ്ങൾ
പരിസ്ഥിതി സഹവാസ ക്യാമ്പിൽ രണ്ടു ദിവസങ്ങളിലായി ചെയ്ത രചനകളാണ് പ്രദർശനത്തിനുള്ളത്. സ്വതന്ത്ര രചനകളും ഗാലറിയിൽ ഉണ്ടായിരുന്നു. അമൂർത്തത എന്ന ഘടകം സാഹിത്യത്തിൽ എന്നതുപോലെ ചിത്രകലയിലും അംഗീകരിക്കാനും ആസ്വദിക്കാനും പക്വത നേടിയ സമൂഹം തന്നെയാണ് കേരളം എന്നത് കണക്കിലെടുത്തുള്ള രചനകൾക്ക് പ്രദർശനത്തിൽ ഇടം നൽകി.
അതേസമയം, സാപേക്ഷവും പ്രതിബദ്ധവുമായ അമൂർത്തതയാണ് ചിത്രങ്ങളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. പാരിസ്ഥിതികവും പ്രകൃതിപരവുമായ അഭിവാഞ് ചയും മിക്ക ചിത്രങ്ങളിലെയും കലാപ്രസ്താവനയാവുന്നുണ്ട്.
ആഖ്യാനപരം എന്നതിലേറെ അപഗ്രഥനപരമായ ഒരു ഇടപെടലാണ് കലാകാരൻ നടത്തുന്നതെന്നത് ഇവിടെ വ്യക്തവുമാണ്.
Special News
കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്.
വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിന്റെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം.
ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു. വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി.
കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിന്റെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്.
അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും.
കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്.
വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
Special News
നിങ്ങള്‍ ഒഎല്‍എക്സില്‍ സാധനങ്ങള്‍ വില്ക്കാന് പരസ്യം നല്‍കിയിട്ടുണ്ടോ? എന്നാല്‍ ഒരുപക്ഷേ, അവര്‍ നിങ്ങളെയും വിളിച്ചേക്കാം, മെസേജ് അയച്ചേക്കാം. ശരിക്കും ആവശ്യക്കാര്‍ എന്ന രീതിയില്‍ സംസാരിച്ചേക്കാം.
നിങ്ങളുടെ വിശ്വാസം നേടിയെടുക്കാനായി അവരുടെ ഐഡി കാര്‍ഡും മറ്റും വാട്സ്ആപ്പില്‍ അയച്ചുതന്നേക്കാം. കൂടുതല്‍ വിശ്വാസം നേടിയെടുക്കാനായി അവര്‍ ആര്‍മിയിലെ ജോലിക്കാരാണെന്നു കാണിക്കുന്ന ഐഡി കാര്‍ഡും അയച്ചേക്കാം.
പിന്നെയായിരിക്കും ഇക്കൂട്ടര്‍ തട്ടിപ്പ് പുറത്തെടുക്കുന്നത്. മിലിട്ടറി യൂണിഫോം ധരിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്.
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പുസംഘം വീണ്ടും തലപ്പൊക്കി തുടങ്ങിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഗൃഹോപകരണങ്ങളുടെ പേരിലും തട്ടിപ്പ്
ഒഎല്‍എക്സില്‍ വാഹന, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കൊപ്പം ഗൃഹോപകരണങ്ങളുടെ പരസ്യവും നല്കി തട്ടിപ്പ് നടത്താറുണ്ട്. വീട്ടുപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാം എന്ന പേരിലാണ് തട്ടിപ്പ്.
ആളുകളെ വിശ്വസിപ്പിക്കാനായി മിലിറ്ററി കാന്റീന് വഴി വിലക്കുറവില്‍ ലഭിച്ചതാണെന്നും ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇവ കൂടെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നല്കുന്നതെന്നുമാണ് തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.
പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെ വാട്സ് ആപിലൂടെ അയച്ചു കൊടുക്കും.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ വില്പനയ്ക്കെന്ന പരസ്യത്തില്‍ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുന്നതും കൊറിയര്‍ ചാര്‍ജെന്ന പേരിലും അഡ്വാന്‍സ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി.
ഫോണിലൂടെ ഇടപാട് ഉറപ്പിച്ച ശേഷം പണം അയച്ചു കഴിഞ്ഞാല്‍ ആ ഫോണ്‍ ഓഫ് ചെയ്തു തട്ടിപ്പു സംഘം മുങ്ങും. വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണമെന്നാണു പോലീസ് പറയുന്നത്.
വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോം
മിലിട്ടറി യൂണിഫോമിലുള്ള ഫോട്ടോയും രേഖകളുമൊക്കെ കാണുമ്പോള്‍ ആര്‍ക്കും യാതൊരുവിധ സംശയവും തോന്നില്ല. വിശ്വാസം നേടിയെടുത്തു കഴിയുമ്പോള്‍ ഓണ്‍ലൈന്‍ പണം ഇടപാട് ആവശ്യപ്പെടും. യുപിഐ പേയ്മെന്റ് റിക്വസ്റ്റ് നിങ്ങള്‍ക്ക് അയച്ചുതരും.
നിങ്ങളുടെ എംപിന്‍ എന്റര്‍ ചെയ്യാന്‍ തട്ടിപ്പു സംഘം ആവശ്യപ്പെടും. അല്ലെങ്കില്‍ യുപിഐ പേയ്മെന്റ് ക്യൂആര്‍ കോഡ് അയച്ച് അത് സ്കാന്‍ ചെയ്ത് നിങ്ങളുടെ എംപിന്‍ എന്റര്‍ ചെയ്യാന്‍ പറയും. എംപിന്‍ എന്റര്‍ ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടമാകും. ഇത്തരം തട്ടിപ്പില്‍ വീഴല്ലേയെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്.
ജോലിക്കാരെ തേടിയും ഒഎല്‍എക്സ് പരസ്യം
ഒഎല്‍എക്സ് വഴി ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നും മറ്റും വ്യാജ പരസ്യം ചെയ്ത് ആള്‍മാറാട്ടം നടത്തി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ കേസ് രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ ടെലി കോളര്‍, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് അതിലേക്ക് ബയോഡാറ്റയും ഫോണ്‍ നമ്പറും അയച്ചുകൊടുക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളെ വോയ്സ് ചെയ്ഞ്ച് ആപ്പ് വഴി സ്ത്രീകളുടെ ശബ്ദത്തില്‍ ബന്ധപ്പെടുകയും അവരെ പ്രലോഭിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തുകയും മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് മറ്റുള്ളവരെയും ഇരയാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകള്‍ സംഘടിപ്പിച്ച് വാട്സാപില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്യുകയും ജോലിക്ക് വേണ്ടി സ്ത്രീകളില്നിന്നു തുക ആവശ്യപ്പെടുകയും പണം ഇല്ലാത്തവരോട് ഏജന്റ് എന്ന വ്യാജേന മറ്റൊരു പേരില്‍ നേരിട്ട് എത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയുമാണ് അന്ന് തട്ടിപ്പ് നടത്തിയത്.
വിരുതനെ കൈയോടെ പൊക്കിയത് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ആയിരുന്നു. കേസില്‍ തിരുവനന്തപുരം മുടവൂര്‍പ്പാറ മണലിവിളാകത്ത് വീട്ടില്‍ സനിത് (30) ആണ് അന്ന് അറസ്റ്റിലായത്.
ഇത്തരത്തില്‍ വ്യാജപരസ്യം കണ്ടു വിശ്വസിച്ച യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഏകദേശം 18 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായ പരാതി ലഭിച്ചതോടെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ വലയിലാക്കിയതും.
വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈല്‍ നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ അറസ്റ്റിലായത്.
പരാതിപ്പെടാന്‍ മടിക്കേണ്ട...
മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഒരിക്കലും എംപിന്‍ എന്റര്‍ ചെയ്യേണ്ടതില്ല. നിങ്ങളുടെ പണം മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ മാത്രം എംപിഎന്‍ എന്റർ ചെയ്താല്‍ മതി. വിശ്വാസയോഗ്യമല്ലാത്ത വ്യക്തിയുമായി ഒരിക്കലും ഒഎല്‍എക്സ് ഇടപാടുകള്‍ നടത്തരുത്.
ഇത്തരത്തിലുളള സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ സൈബര്‍ സെല്ലിനെ വിവരം അറിയിക്കണം. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം.
https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.
Special News
"ഒമ്പത് രാത്രികൾ" എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഒരു ഉത്സവമാണ്. നവരാത്രി സർവവ്യാപിയായ ശക്തിയായ ദേവിയെ, മഹാദേവിയും ദിവ്യമാതാവുമായ ദേവിയെ ആദരിക്കുന്നു.
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന വേള കൂടിയാണ് നവരാത്രി ദിനങ്ങള്‍. അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില്‍ അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദികുറിക്കുന്നദിനങ്ങള് പകര്‍ന്നു തരുന്നത് അനിതരസാധാരണമായ ഉല്‍സവ കാഴ്ചയാണ്.
കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു.
അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള്‍ അവയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ നിരത്തി വയ്ക്കുന്നു.
നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. ബൊമ്മക്കൊലുകളില്‍ ഏറ്റവും പ്രധാന്യം കല്‍പ്പിക്കുന്നത് മരപ്പാച്ചി ബൊമ്മകള്ക്കാണ്. ഈ മരപ്പാച്ചി ബൊമ്മകള്‍ നിര്‍മിച്ചിരിക്കുന്നത് രക്തചന്ദനത്തിലാണ്.
കളിമണ്‍ പ്രതിമകള്‍ നിരത്തി പ്രത്യേകം പട്ടുതുണികള്‍ വിരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. പൂജയെടുപ്പിന് പൂജിച്ച ബൊമ്മകള്‍ ഭക്തര്‍ക്ക് നല്‍കും. ഇത് വീടുകളില്‍ വെക്കുന്നത് ഐശ്വര്യം നിറക്കുമെന്നാണ് വിശ്വാസം.
ബാലികാ പൂജ
ബൊമ്മക്കൊലു കാണാന്‍ വരുന്ന ഭക്തര്‍ക്ക് നവധാന്യത്തില് തയാറാക്കിയ പ്രസാദം നല്കി സന്തോഷത്തോടെയാണ് ഓരോരുത്തരെയും മടക്കി അയയ്ക്കുന്നത്. നവരാത്രി ദിനത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന മറ്റെരു ആചാരം ബാലികാ പൂജയാണ്.
ബൊമ്മക്കൊലു ആരാധിക്കുന്ന സമയത്ത് തന്നെ ബാലികമാരെ ദേവീസങ്കല്‍പ്പത്തില്‍ ആരാധിക്കുന്നു. ഇവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളും ആഭരണങ്ങളും വച്ചാണ് ആരാധന നടത്തുന്നത്. ബാലികമാര്‍ മാത്രമല്ല കന്യകമാര്‍ക്കും സുമഗലിമാര്ക്കുമായും നവരാത്രി ദിനങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കിയ സ്ഥലങ്ങളില്‍ പൂജകള്‍ നടത്തി വരുന്നു.
ബൊമ്മക്കൊലു കാണാന്‍ വരുന്ന സുമംഗലിമാര്ക്കായി പ്രത്യേക പൂജയും കൂടാതെ താംമ്പൂല വിതരണവും നടത്തുന്നു. ഒന്‍പത് ദിവസത്തെ പൂജ അവസാനിക്കുന്ന പത്താം ദിവസം വൈകിട്ട് പാലും ശര്‍ക്കരയും ഭഗവാന് നേദിച്ച് വടക്കുനോക്കി ഒരു വിഗ്രഹത്തിനെ മലര്‍ത്തി കിടത്തുന്നതിലൂടെ ആ വര്‍ഷത്തെ നവരാത്രി പൂജക്കായി ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു എന്നുള്ള കണ്ണിന് കുളിര്‍മ നല്‍കിയിരുന്ന ഈ കാഴ്ചയ്ക്ക് തിരശീല വീഴുന്നു.
പതിനൊന്നാം ദിവസം എല്ലാം ഭദ്രമായി പടിയില്‍ നിന്നെടുത്ത് അടുത്ത വര്‍ഷത്തെ നവരാത്രി ദിനങ്ങളെ കാത്തിരിക്കുകയാണ് തളി ബ്രഹ്മണ സമൂഹമഠത്തിലുള്ളവര്.എല്ലാം മറന്നൊന്ന് കൂടാനും ആടാനം പാടാനും...
Special News
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവതി കരുതല്‍ തടങ്കലിലായി. തുടര്‍ച്ചയായി പിടികൂടിയ മയക്കുമരുന്ന് കേസുകളാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരമുള്ള നടപടിയുടെ ഭാഗമായുള്ള കരുതല്‍ തടങ്കലിന് ഇടയാക്കിയത്.
"ബുള്ളറ്റ് ലേഡി'യെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളി മുല്ലക്കോട് അണക്കെട്ടിന് സമീപം താമസിക്കുന്ന സി. നിഖിലയാണ് (31) കരുതല്‍ തടങ്കലിലായത്.
കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവെ എംഡിഎംഎയുമായി പിടിയിലായതാണ് നിഖിലയെ കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാകാനിടയാക്കിയത്.
കേരളത്തില്‍ ഇത്തരം കേസില്‍ ആദ്യമായി കരുതല്‍ തടങ്കലിലാകുന്ന യുവതിയാണ് നിഖില.
കഞ്ചാവും മെത്താഫിറ്റമിനും പിന്നെ നിഖിലയും
2023 ഡിസംബര്‍ ഒന്നിനാണ് വില്പനക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് കഴിഞ്ഞ ഫെബ്രുവരി 22ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായത്.
മുല്ലക്കൊടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. ഇങ്ങിനെ തുടര്‍ച്ചയായി രണ്ടു കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരം നിഖിലയെ കരുതല്‍ തടങ്കലില്‍ വയ്യ്ക്കുന്നതിന് കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തത്.
ഈ ശിപാര്‍ശ പ്രകാരം കഴിഞ്ഞമാസം 29ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗളൂരു വൃന്ദാവന്‍ നഗറില്‍ രഹസ്യമായി താമസിച്ചുവന്ന നിഖിലയെ പിടികൂടുകയായിരുന്നു.
കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും എക്സൈസ് സൈബര്‍ സെല്‍, സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നാര്‍ക്കോട്ടിക് വിംഗ് ബാംഗ്ലൂരു, ബാംഗ്ലൂരു മടിവാള പോലീസ് എന്നിവരും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്.
നിഖിലയോടൊപ്പം "ബിസിനസ്' പങ്കാളി മുഹമ്മദ് ഷാനിഫും പിടിയിലായി. ഇയാളെ ബാഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലെ കരുതല്‍ തടങ്കലിലാണിപ്പോള്‍ നിഖില.
എക്സൈസ് വകുപ്പിന്റെ ശിപാര്‍ശയില്‍ കണ്ണൂര്‍ ജില്ലയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യവ്യക്തികൂടിയാണ് നിഖില.
വഴിതെറ്റിച്ചത് മാഫിയാ ബന്ധങ്ങള്‍
എട്ടിക്കുളത്ത് താമസിച്ചിരുന്ന നിഖിലയുടെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുല്ലക്കൊടിയില്‍ താമസമാക്കിയത്. സെയില്‍സ് ഗേളായി ജോലി ചെയ്യവേ തന്റെ റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റില്‍ നടത്തിയ സാഹസിക യാത്രകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചതിലൂടെയാണ് ഇവള്‍ക്ക് "ബുള്ളറ്റ് ലേഡി'യെന്ന പേരുവീണത്.
സോഷ്യല്‍ മീഡിയകളില്‍ നിരവധി ആരാധകരുമുണ്ടായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തന്റെ ബുള്ളറ്റില്‍ കറങ്ങിയതോടെ നിഖിലക്ക് താരപരിവേഷവും ലഭിച്ചു.
കുട്ടിയെ ജീവിതപങ്കാളിയുടെ അടുത്താക്കിയായിരുന്നു ബാംഗളൂരുവിലും മറ്റുമായുള്ള കറക്കം. ഇതിനിടയിലാണ് നിഖിലയുടെ അഛന് രാജേന്ദ്രന്റെ ആത്മഹത്യയുണ്ടായത്. ഇതോടെ അമ്മയും മകളും മാത്രമായി.
മുല്ലക്കോട് പ്രദേശത്ത് നിഖിലക്ക് ആരുമായും അടുപ്പമില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ബംഗളൂരുവില്‍നിന്നും മുല്ലക്കൊടിയിലെ വീട്ടില്‍ വല്ലപ്പോഴുമായി വന്നുപോയിരുന്ന നിഖിലക്ക് ഏതോ കമ്പനിയില്‍ ജോലിയാണെന്ന് വീട്ടുകാരില്‍ നിന്നറിഞ്ഞ വിവരം മാത്രമാണ് അയല്വാസികള്ക്കുള്ളത്.
ഇതിനിടയിലാണ് വീട്ടില്‍നിന്നും കഞ്ചാവ് പിടികൂടിയത്. ഞെട്ടലോടെയാണ് അയല്‍വാസികളും സോഷ്യല്‍ മീഡിയയിലെ ആരാധകരും ഈ വിവരമറിഞ്ഞത്.
ഈ ഞെട്ടല്‍ മാറുംമുമ്പേയാണ് മുല്ലക്കൊടിയിലെ വീട്ടില്‍ നിന്ന് മെത്താഫിറ്റമിന്‍ എന്ന മാരക ലഹരിമരുന്നുമായി പയ്യന്നൂരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്നാണ് ഈ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതോടെ നിഖിലയുടെ ആരാധകര്‍ ഇവളെ കൈയൊഴിഞ്ഞു.
ഇതോടെ സാഹസികയാത്രയുടെ ആരവങ്ങളൊടുങ്ങി. പഠനകാലം മുതല്‍ വേറിട്ട വ്യക്തിത്വത്തിനുടമയായും പിന്നീട് സാഹസികവും നിര്‍ഭയവുമായ ജീവിത രീതികളിലൂടെ യുവതീ യുവാക്കള്‍ക്ക് ആവേശം പകര്‍ന്ന നിഖിലയുടെ മൂടുപടം അഴിഞ്ഞുവീണതോടെ ഇന്നവള്‍ വെറുക്കപ്പെട്ടവളായി മാറി.
വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുമായുണ്ടാക്കിയെടുത്ത ബന്ധമാണ് സാഹസിക യാത്രകളിലേക്കെത്തിച്ചത്. എന്നാല്‍, ബന്ധങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പതനം പടുകഴിയിലേക്കായിരിക്കുമെന്ന പാഠമാണ് നിഖിലയുടെ ജീവിതം സമൂഹത്തിന് നല്കുന്ന പാഠം.
മയക്കുമരുന്ന് ലോകത്ത് എത്തിപ്പെട്ടാല്‍ തിരിച്ച് വരാന്‍ അനുവദിക്കാത്ത വിധം കെട്ടിവരിയപ്പെടുമെന്നതിന്റെ തെളിവാണ് തിരുത്തല്‍ വരുത്താനുള്ള അവസരമുണ്ടായിട്ടും അതുപയോഗിക്കാനാവാതെ വീണ്ടും വാരിക്കുഴിയില്‍ വീണ അനുഭവത്തിന് പിന്നില്‍.
മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചായായി പിടിക്കപ്പെട്ടാല്‍ അത്തരക്കാതെ തളച്ചിടാന്‍ പിഐടി-എന്‍ഡിപിഎസ് വകുപ്പ് ഉപയോഗിക്കുമെന്നത് മയക്കുമരുന്നു മാഫിയക്ക് പേടിസ്വപ്നമായി മാറുമെന്ന കാര്യത്തിലും സംശയമില്ല.
പിഐടി-എന്‍ഡിപിഎസ് വകുപ്പിന്റെ പ്രത്യേകത
രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും നിയമവിരുദ്ധമായ കൈമാറ്റം തടയുന്നതിനായി ഇന്ത്യാ ഗവൺമെന്റ് 1988ല്‍ നടപ്പിലാക്കിയ നിയമമാണ് പിഐടി-എന്‍ഡിപിഎസ് ആക്ട്.
തുടര്‍ച്ചയായുള്ള മയക്കുമരുന്നിടപാടുകളില് പെടുന്നവരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരാണെന്ന് ബോധ്യപ്പെടുന്നവരെയും ഈ വകുപ്പനുസരിച്ച് കരുതല്‍ തടങ്കലില്‍ വയ്ക്കാമെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി സാമൂഹ്യ വിരുദ്ധരായി മാറുന്നവരെ അമര്‍ച്ച ചെയ്യാനുപയോഗിക്കുന്ന കാപ്പക്ക് സമാനമായ വകുപ്പാണ് പിഐടി-എന്‍ഡിപിഎസ്.
ഈ വകുപ്പിന് മൂന്നര പതിറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും മയക്കുമരുന്ന് വ്യാപനം കൂടിയതോടെയാണ് മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനായി ഈ നിയമം നടപ്പാക്കാനായി തുടങ്ങിയത്.
2022 ഡിസംബറിലാണ് പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് സ്വദേശി ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കേരളത്തില്‍ ആദ്യമായി ഈ വകുപ്പനുസരിച്ച് കരുതല്‍ തടങ്കലിലായത്.
കരുതല്‍ തടങ്കലിന്റെ കാലാവധി ആറുമാസമാണ്. സാഹചര്യങ്ങള്‍ പരിഗണിച്ച് കാലാവധി ദീര്‍ഘിപ്പിക്കാമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്.
Special News
സംസ്ഥാനത്ത് മിസിംഗ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ അരയും തലയും മുറുക്കി പോലീസ്. മിസിംഗ് കേസുകള്‍ കൂടുതല്‍ ശക്തമായി അന്വേഷിക്കാനാണ് തീരുമാനം.
കാണാതായ രണ്ടാളുകളുടെ കേസുകള്‍ അടുത്തിടെ തെളിയിച്ചതിനു പിന്നാലെ വര്‍ഷങ്ങളായുള്ള തിരോധാന കേസുകള്‍ പോലീസ് പൊടിതട്ടിയെടുക്കുന്നു.കോഴിക്കോട്ടു നിന്നു കാണാതായ മാമിയുടെ കേസും ഊര്‍ജിതമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
മൂന്നുമാസത്തിനിടെ രണ്ടു തിരോധാന കേസുകള്‍ കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പോലീസിനു ആത്മ വിശ്വാസം നല്‍കുന്നുണ്ട്.
അന്വേഷണം ആറു വര്‍ഷം പിന്നോട്ട്
എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിജില്‍ വിജയന്റെ തിരോധനേകസാണ് പോലീസ് തെളിയിച്ച പ്രധാന കേസ്. ആറുവര്‍ഷം മുമ്പുള്ള മിസിംഗ് കേസില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്യാനും വിജിലിന്റേതാണെന്ന് കരുതുന്ന 53 അസ്ഥികളും ഷൂവും കണ്ടെടുക്കാനും പോലീസീനു കഴിഞ്ഞിരുന്നു.
വിജിലിന്റെ ബൈക്കും കിട്ടി. സുഹൃത്തുക്കളായ മൂന്നു പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അസ്ഥികള്‍ ഡിഎന്‍എ ടെസ്റ്റിനയച്ച് ഉറപ്പുവരുത്തുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്.
മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു കാണാതായ ഹേമചന്ദ്രനെ കൊന്നതാണെന്ന് തെളിയിക്കാനും പോലീസിനു കഴിഞ്ഞു.ഇത് വലിയ ആത്മവിശ്വാസമാണ് പോലീസിന് നല്‍കുന്നത്.
Special News
രാജൻ ഒരു അവസാനമല്ല ഓർമപ്പെടുത്തലാണ്, ഇവിടെ സിസ്റ്റം ഇങ്ങനെയൊക്കെയാണ് എന്ന്. ഓർമപ്പെടുത്തൽ. അധികാരവും അഹന്തയും ഒരു ഭാഗത്തു തിളച്ചു മറിയുമ്പോൾ സാധാരണക്കാരൻ നീതി തേടി കോടതി മുറികൾ കയറി ഇറങ്ങുന്ന അവസ്ഥ.
ചോദ്യം ചോദിക്കുന്നവനെ നിശബ്ദരാക്കുന്ന സിസ്റ്റം. പക്ഷേ ഈ സിസ്റ്റത്തിനെതിരേ പോരാടിയ ഒരച്ഛനുണ്ട്. ആ അച്ഛന് നഷ്ടപ്പെട്ട മകനുണ്ട്.. കാലമെത്ര കഴിഞ്ഞാലും കേരളത്തിന്റെ മനുഷ്യത്വം നഷ്ടപ്പെടാത്ത മനസുകളിൽ തീരാ നോവാണ് രാജനും അച്ഛൻ ഈച്ചര വാര്യരും.
കേരളം പോലീസ് കസ്റ്റഡി മർദനങ്ങളുടെ പുതിയ കഥകൾ കേട്ടുണരുമ്പോൾ കേരളത്തിന്, പ്രത്യേകിച്ച് തൃശൂരിന് മറക്കാനാകില്ല രാജൻ എന്ന ചെറുപ്പക്കാരനെയും നീതി തേടി വർഷങ്ങൾ കോടതി കയറിയിറങ്ങി വ്യവഹാരം നടത്തിയ രാജന്റെ അച്ഛൻ ഈച്ചര വാര്യരെയും.
ഓരോ അടിയന്തരാവസ്ഥ ദിനം വരുമ്പോഴും അടിയന്തരാവസ്ഥയുടെ ഭീകരതയുടെ പ്രതീകമായി രാജൻ കേസ് പലപ്പോഴും ഓർമിക്കപ്പെടാറുണ്ട്.
ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന പോലീസ് കസ്റ്റഡി മർദനങ്ങളുടെ ഭീകരത വീണ്ടും രാജൻ കേസും ഈച്ചര വാര്യരുടെ പോരാട്ടവും ഓർമിപ്പിക്കുകയാണ്.
കോഴിക്കോട് റീജിയണൽ എഞ്ചിനീറിംഗ് കോളജിലെ (ഇന്നത്തെ എൻഐറ്റി) വിദ്യാർഥിയായിരുന്ന പി. രാജൻ വാര്യരെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നതോടെയാണ് ഏറെ കോളിളക്കവും വേദനയും നൊമ്പരവും സൃഷ്ടിച്ച രാജൻ കേസ് ആരംഭിക്കുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ആദ്യമായി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നുവെന്നതും ചരിത്രം. നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വച്ച് രാജൻ ക്രൂരമായ പോലീസ് മർദനത്തിന് ഇരയായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മന്ത്രിസഭയൊഴിയേണ്ടി വന്നതും കേരള രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്ര സംഭവം.
ആരും അധികം കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകളിലും പറഞ്ഞു കേട്ടതിലും കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് കസ്റ്റഡി മർദനമാണ് രാജന് ഏൽക്കേണ്ടി വന്നത്.
എസ്ഐ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ പലയിടത്തും പറഞ്ഞിട്ടുണ്ട്.
പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ വെളിപ്പെടുത്തിയിരുന്നു.
പോലീസിന്റെ കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജന്റെ മൃതദേഹം എന്തു ചെയ്തു എന്നതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. രാജന്റെ മൃതദേഹം പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയെന്ന് പറയപ്പെടുന്നു.
രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിച്ചെന്നും ചിലർ പറയുന്നു.
രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്ത് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാകാം എന്ന വാദവും അടുത്തിടെ പുറത്തുവന്നിരുന്നു.
എന്തുതന്നെയായാലും മകന്റെ മരണകാരണവും മറ്റും അന്വേഷിച്ച പിതാവ് ഈച്ചര വാര്യർ നടത്തിയ നിയമ പോരാട്ടം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഇടംപിടിച്ചു.
എന്റെ മകനെ ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയതോന്നണം - എന്ന ഈച്ചര വാര്യരുടെ വാക്കുകൾ കേരളത്തിൽ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് പുളയുന്ന മക്കളുടെ അച്ഛൻമാർ ഓർക്കുന്നുണ്ട്.
കസ്റ്റഡി മർദ്ദനങ്ങളുടെ പുതിയ കഥകൾ ഓരോ ദിവസവും കേൾക്കുമ്പോൾ കേരളത്തിന്റേയും തൃശൂരിന്റേയും ഓർമകളിൽ രാജനും ഈച്ചര വാര്യരും മായാതെ ക്ലാവ് പിടിച്ചു നിൽക്കുകയാണ്.
Special News
കാട്ടാന, പുലി, കടുവ... പ്രകൃതി രമണീയമായ നാട്ടില്‍ പുറത്തിറങ്ങാന്‍ പേടി. വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടി നില്‍ക്കുകയാണ് വയനാട് കല്‍പ്പറ്റയിലെ പെരുന്തട്ട ഗ്രാമവാസികള്‍. കല്പറ്റ നഗരത്തില്‍നിന്നു വിളിപ്പാടകലെയുള്ള ഒരു പ്ലാന്റെഷന്‍ ഗ്രാമം ഇന്ന് ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്.
വനപാലകള്‍ പോലും അപൂര്‍വമെന്ന് വിലയിരുത്തിയ കടുവ-പുലി പോരാട്ടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. മനോഹരമായ സ്ഥലമൊക്കെയാണ്. വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുമുണ്ട്.
പക്ഷെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഗ്രാമം നിറഞ്ഞു നില്‍ക്കുന്നത് വന്യമൃഗശല്യത്താലാണ്. കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേര്‍ന്നു നില്ക്കുന്ന ഇടമാണ് പെരുന്തട്ട. ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും ദൃശ്യം തെളിഞ്ഞു കാണുന്ന പ്രദേശം.
ശാന്തമായ പരിസരമൊരുക്കി സഞ്ചാരിയെ ആശ്ചര്യപ്പെടുത്തും പെരുന്തട്ട. പക്ഷെ എന്തുചെയ്യാം ഈ നാടിന്റെ വിധി ഇങ്ങനെയായിപോയി.
വിട്ടുമാറാത്ത നടുക്കം
ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ നടുക്കത്തിലാണ് പെരുന്തട്ടക്കാർ. തിങ്കൾ രാത്രി പത്തോടെ പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്ററിന് സമീപം റോഡിലാണ് സംഭവം.
ആസമയം റോഡിന് സമീപമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പുലിയും കടുവയും ഏറ്റുമുട്ടുന്നത് നേരിൽ കാണുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ, താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബഹളം വച്ചതോടെ കടുവ റോഡിനു മുകൾഭാഗത്ത് തേയിലത്തോട്ടത്തിലേക്ക് മാറി. അൽപസമയം റോഡിൽ കിടന്ന ശേഷം പുലി റോഡിന് താഴെഭാഗത്തെ തേയിലത്തോട്ടത്തിലൂടെ ഓടി നീങ്ങിയെന്നും നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് വിടുന്നതുപോലും പേടിച്ചിട്ടാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഭീതിയും പേറി പെരുന്തട്ടക്കാർ
തുറന്നിട്ടൊരു മൃഗശാല പോലെയാണു പെരുന്തട്ട ഗ്രാമം. എങ്ങോട്ടു തിരിഞ്ഞാലും വന്യമൃഗങ്ങൾ മാത്രം. ഏതു നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാമെന്ന ആശങ്കയും പേറിയാണ് ജീവിതം. കഴിഞ്ഞയാഴ്ച കാട്ടാനകളായിരുന്നു ഉറക്കം കെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 20ന് പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ പ്രദേശത്തിറങ്ങിയ കടുവ ദിവസങ്ങളോളമാണ് മേഖലയിൽ ഭീതി പരത്തിയത്. അന്നു നാട്ടുകാർ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങിയിരുന്നു.
തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വര്‍ഷം തുടക്കത്തില്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ പുലി കൊന്നുതിന്നിരുന്നു. കോഫീ ബോര്‍ഡ് തോട്ടത്തിന് സമീപമാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.
പശുവിന്റെ ജഡവുമായി ദേശീയ പാത ഉള്‍പ്പെടെ ഉപരോധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രം.
Special News
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരും. ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. എന്നാല്‍ പീഡനം ഏറ്റുവാങ്ങാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇന്നുണ്ടായിട്ടും ആത്മഹത്യയിലേക്ക് നമ്മുടെ മക്കള്‍ ചാടി പുറപ്പെടുന്നുവെന്നതെന്തിനാണ്.
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരും. ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. എന്നാല്‍ പീഡനം ഏറ്റുവാങ്ങാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇന്നുണ്ടായിട്ടും ആത്മഹത്യയിലേക്ക് നമ്മുടെ മക്കള്‍ ചാടി പുറപ്പെടുന്നുവെന്നതെന്തിനാണ്.
മാനസികമായി ഇരയാക്കപ്പെടുന്ന ഭാര്യയെ തളര്‍ത്തി ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള കുരുക്കാണ് ഭര്ത്താക്കന്മാര് സൃഷ്ടിക്കുന്നത്. സ്വന്തം കുടുംബവും സമൂഹവും അല്ലെങ്കില്‍ സുഹൃത്തുക്കളോ കൂടെ നില്‍ക്കുമെന്ന ഉറച്ച ബോധ്യമാണ് ഇവര്‍ക്ക് വേണ്ടത്.
മകളെ വിവാഹം കഴിപ്പിച്ചുവിട്ടു കഴിഞ്ഞാല്‍ കടമ നിറവേറ്റി എന്ന ആശ്വാസത്തിലാണ് പലപ്പോഴും മാതാപിതാക്കള്‍. ചട്ടിയും കലവുമാണെങ്കില് തട്ടിയും മുട്ടിയിരിക്കുമെന്ന നിലപാട് മാറേണ്ടിയിരിക്കുന്നു.
രാജ്യത്തുടനീളം പ്രതിദിനം ഇരുപത്തിയൊന്ന് സ്ത്രീധന മരണങ്ങള് എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ ശിക്ഷാ നിരക്ക് 34.7 ശതമാനം മാത്രമാണ്. പീഡനവും പീഡനം സഹിക്കാന്‍ കഴിയാതെ മരണവും ഉണ്ടാവുമ്പോഴാണ് ഇവ പുറത്തെത്തുന്നത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തൂങ്ങിമരിച്ചു, വിഷം കഴിച്ചു അല്ലെങ്കില്‍ തീകൊളുത്തി എന്നിങ്ങനെ തീരുന്നു.
ഉന്നത സ്വാധീനത്തിലുള്ള ഒത്തുതീര്‍പ്പുകളാണ് പലപ്പോഴും സ്ത്രീധന പീഡനകേസുകളിലെ തുടര്‍ നടപടികള്‍ മരവിപ്പിക്കുന്നത്. ഇതു കുറ്റ കൃത്യത്തില്‍ ഭാഗഭാക്കായവര്ക്കു നിയമത്തിനു പുറത്തു കടക്കാനുള്ള വഴിയും സ്ത്രീധന സമ്പദ്രായത്തിന് തന്നെ പരോക്ഷ പിന്തുണയോടെ നിലനില്‍ക്കാനുള്ള സാഹചര്യവും ഒരുക്കുന്നു.
പോയവര്‍ പോയില്ലെ. ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പു നല്‍കാം എന്ന സമാധാനപ്പെടുത്തല്‍ തന്ത്രത്തില്‍ നിയമം മറയ്ക്കപ്പെടുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ ആവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക ഘടകങ്ങളുടെ സങ്കീര്‍ണമായ ഇടപെടലും കാരണമായി നിലകൊള്ളുന്നു.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ലഭ്യമായ കണക്ക് പ്രകാരം 7,000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ കഷ്ടിച്ച് 4,500 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. പരാതികളില്‍ 67 ശതമാനത്തിലും ആറുമാസം വരെ വൈകിപ്പിച്ചാണ് പ്രഥമിക അന്വേഷണം എങ്കിലും നടന്നിട്ടുള്ളത്.
6,500 കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ നൂറ് എണ്ണത്തില്‍ മാത്രമാണ് ശിക്ഷ വിധിക്കപ്പെടുന്നത്. ചിലതു നീട്ടി വയ്ക്കപ്പെടുകയും ബാക്കി ഒത്തു തീര്പ്പിലോ ഭീഷണിയിലോ മടുപ്പിലോ വീണ് തീരുകയും അതുവഴി ഇരകള്‍ തകരുകയും ചെയ്യുന്നു.
2022 ല്‍ തെളിവുകളുടെ അഭാവം മൂലം 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചതായി എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നു. 4,148 കൊലപാതക കേസുകള്‍ റിജിസ്റ്റര്‍ ചെയ്യപ്പെട്ടവയായി ഉണ്ടായപ്പോഴാണ് ഇത്.
2017- 2022 വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന 6,100 കൊലപാതക കേസുകളില്‍ സ്ത്രീധനം ആയിരുന്നു കാരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ 80 ശതമാനവും ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയും ഇതില്‍ മുന്നിട്ട് നില്ക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളില്‍ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തില്‍ നിന്നും (ഡൊമസ്റ്റിക് വയലന്‍സ്) അതില്‍ തന്നെ ജീവിത പങ്കാളികളായ പുരുഷന്മാരില് നിന്നുമാണ്. 2022 ല്‍ രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട് 13,479 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 6,450 മരണങ്ങള് ഉണ്ടായി.
ഇവയില്‍ 2,218 മരണങ്ങള് ഉത്തര്‍പ്രദേശിലാണ്. ബീഹാറും (1,057) മധ്യപ്രദേശും (518) പീഡനങ്ങളിലൂടെ ജീവനെടുത്തതില്‍ തൊട്ടുപിന്നിലുണ്ട്.ഇതേ കാലയളവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 442 സ്ത്രീധന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ കര്‍ണാടക 167 കേസുകളുമായി മുന്നിലാണ്. തെലങ്കാന 137, തമിഴ്നാട് 29, കേരളം 11 എന്നിങ്ങനെയാണ് കണക്കുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,776 സ്ത്രീധന പീഡന കേസുകള്‍ ഉണ്ടായി. ഇവയില്‍ 2,224 കേസുകളുമായി കര്‍ണാടകയാണ് മുന്നില്‍, ആന്ധ്രാപ്രദേശ് (298), തമിഴ്നാട് (220), കേരളം (28), തെലങ്കാന (6) എന്നിവയാണ് പിന്നാലെ. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചു.
ഈ കണക്കുകള്‍ എല്ലാം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റജിസ്റ്റര്‍ പ്രകാരമുള്ളതാണ്. കുറ്റകൃത്യങ്ങളുടെ യഥാര്‍ഥ വിവരമല്ല, മറിച്ച് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇത്.
സാമൂഹിക സംവിധാനങ്ങളും നിയമസഹായ സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്ന സാഹചര്യത്തില്‍ മാത്രമാണ് കേസുകള്‍ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ എത്തുന്നത്. അല്ലാതിടങ്ങളിലെ കണക്കുകളും നിലയും താരതമ്യം ചെയ്തെടുക്കുമ്പോള്‍ ഭീതിതമാവും.
എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലും ഈ പീഡനങ്ങള്‍ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുകള്‍ പ്രകാരം മൂന്നില്‍ ഒരു സ്ത്രീ (30 ശതമാനം) പങ്കാളിയില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
സ്ത്രീ കൊലപാതകങ്ങളില്‍ 38 ശതമാനവും, സ്ത്രീകളുടെ ആത്മഹത്യകളില്‍ മൂന്നിലൊന്നിന് പിന്നിലും പങ്കാളിയുടെ പീഡനമാണെന്ന് കണക്കുകള്‍ പറയുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കണക്ക് ചില രാജ്യങ്ങളില്‍ 50 ശതമാനത്തിലും കൂടുതലാണ്.
ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ ആരോഗ്യവും മോശമാകും. ശാരീരിക വളര്‍ച്ച കുറവ്, പോഷകാഹാര കുറവ്, ശിശു മരണ നിരക്ക് തുടങ്ങിയവ ഇത്തരം സഹാചര്യത്തില്‍ വളരുന്ന കുട്ടികളില്‍ കൂടുതലാണ്.
അതോടൊപ്പം കുട്ടിയുടെ മാനസിക വളര്‍ച്ചയെയും ബാധിക്കാം. അവരുടെ സാമൂഹിക ബോധത്തെ തന്നെ തെറ്റായ രീതിയില്‍ രൂപപ്പെടുത്തുന്നതിന് കാരണമാവാം. ആത്മഹത്യ തെറ്റാണ്.
ഭര്‍ത്താവ് സംശയരോഗിയും പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെയോ ബന്ധുക്കളെയോ അല്ലെങ്കില്‍ പോലീസിനെയോ വിളിക്കാന്‍ തയാറാകുക.
സ്വന്തംജീവിതം തകര്ത്തുകളഞ്ഞിട്ടു പീഡകനെ വിജയിക്കാന്‍ അനുവദിക്കാതെയിരിക്കുക എന്നതാണ് മക്കളെ നിങ്ങള്‍ ചെയ്യേണ്ടത്.
Special News
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു, എന്നെ അസഭ്യം പറഞ്ഞു,'' 2021 ജൂണില്‍ 22 കാരിയായ വിസ്മയ നായര്‍ തന്റെ സുഹൃത്തിന് അയച്ച ഈ സന്ദേശം കേരളത്തില്‍ ഞെട്ടലുണ്ടാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവളെ മരിച്ച നിലയില്‍ കണ്ടെത്തി. 2022 മെയ് 23 ന്, വിസ്മയയുടെ മരണത്തിന് ഒരു വര്‍ഷത്തിനുള്ളില്‍, ഭര്‍ത്താവ് കിരണ്‍ കുമാര്‍ അവളുടെ മരണത്തിന് ശിക്ഷിക്കപ്പെട്ടു. 2021ജൂണ്‍ മാസത്തിലാണ് ചടയമംഗലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ചത്.
ഗാര്‍ഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ആ മരണത്തിനുപിന്നാലെ പുറത്തറിഞ്ഞു തുടങ്ങിയത്. വിവാഹം കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ശാരീരിക-മാനസിക പീഡനം.
ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയയെ പറഞ്ഞു പറ്റിച്ച് വീണ്ടും കൂടെക്കൂട്ടി ശാസ്താംകോട്ട സ്വദേശി കിരണ്‍കുമാര്‍. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാര്‍ തന്റെ സര്‍ക്കാര്‍ ജോലിയില്‍ അഭിരമിച്ചിരുന്നു.
കൂടുതല്‍ തുക സ്ത്രീധനം കിട്ടാനുള്ള യോഗ്യതയായാണ് അയാള്‍ തനന്റെ ജോലിയെ കണ്ടത്. തുടരെത്തുടരെയുള്ള പീഡനത്തിനൊടുവില്‍ നഷ്ടമായത് ഒരു ഇരുപത്തിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ ജീവനാണ്.
സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ശേഷം ഭാര്യ വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതിന് എസ്. കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. ആയുര്‍വേദ മെഡിസിനില്‍ ബിരുദം നേടിയിരുന്ന വിസ്മയ വി. നായരെ 2021 ജൂണ്‍ 21 ന് കൊല്ലത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
22 വയസുള്ള വിസ്മയ കടയ്ക്കലിനടുത്തുള്ള നിലമേല്‍ സ്വദേശിനിയായിരുന്നു. സ്ത്രീധനമായി നല്കിയ കാറിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പലതവണ ക്രൂരമായി മര്‍ദിച്ചുവെന്നു പറഞ്ഞ് ബന്ധുവിനു സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ മരണം.
വിസ്മയയുടെ ഒരു ശബ്ദരേഖ പുറത്തുവന്നതും ഞെട്ടിക്കുന്നതാണ്. കിരണിന്റെ കൈകളില്‍നിന്നു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കരയുന്നതും പരാതിപ്പെടുന്നതുമായ വിസ്മയയുടെ ശബ്ദമാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.
""എന്നെ ഇവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചാല്‍, നിങ്ങള്‍ എന്നെ ഇനി കാണില്ല,'' ഓഡിയോയില്‍ പറയുന്നു. "" ഞാന്‍ എന്തെങ്കിലും ചെയ്യും, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. അച്ചാ (അച്ഛാ), എനിക്ക് തിരിച്ചുവരണം. എനിക്ക് പേടിയാണ്, എന്നെ തല്ലും,'' വിസ്മയ കണ്ണീരോടെ പറയുന്നത് കേള്‍ക്കാം.
2021-ല്‍, മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വിസ്മയ തനന്റെ ബന്ധുവിന് ചില വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു, അതില്‍ താന്‍ കടുത്ത ആക്രമണത്തിന് ഇരയായതായി പറഞ്ഞിരുന്നു. തന്നെ ആക്രമിച്ചതിന് ശേഷം ഭര്‍ത്താവ് തനന്റെ മുടി പിന്നിലേക്ക് വലിച്ച് മുഖത്ത് ചവിട്ടിയെന്ന് അവര്‍ എഴുതിയിരുന്നു.
ആക്രമണത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്ന് അവര്‍ സന്ദേശത്തില്‍ പറയുന്നു. ബന്ധുവിനൊപ്പം പങ്കിട്ട ഫോട്ടോകളില്‍ അവളുടെ മുഖത്തും തോളിലും കൈകളിലും പരിക്കുകള്‍ കാണിക്കുന്നു. വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക തെളിവുകളില്‍ ഒന്നായിരുന്നു ഇത്.
വിസ്മയയുടെ മരണശേഷം, കുടുംബം സ്ത്രീധനമായി 100 പവന്, ഒരു ഏക്കര്‍ ഭൂമി, ഒരു ടൊയോട്ട യാരിസ് കാര്‍ എന്നിവ നല്‍കിയിരുന്നതായും എന്നാല്‍ മറ്റൊരു മോഡലിലുള്ള കാര്‍ വേണമെന്നും കൂടുതല്‍ പണം വേണമെന്നും ആഗ്രഹിച്ചിരുന്നതായും വിസ്മയയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
കിരണ്‍ വിസ്മയയെ നേരത്തെയും ആക്രമിച്ചതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് മരണശേഷം പിതാവ് പറഞ്ഞിരുന്നു .
ഉത്രയേ മറക്കാന്‍ കഴിയുമോ
ഉത്രയും കൊല്ലം സ്വദേശിയാണ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയും ലഭിച്ചു.
17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ്, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്രയുടെ (25) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്.
ആറിന് സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.
ഇതിന് മുന്‍പ് മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഇറച്ചിയില്‍ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം
ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂര്‍ഖനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമര്‍ഥിച്ചു. മൂര്‍ഖന്റെ പത്തിയില്‍ ബലം പ്രയോഗിച്ച് കോഴിയിറച്ചിയില്‍ കടിപ്പിച്ചു.
സ്വാഭാവിക കടിയെങ്കില്‍1.5 1.8 സെന്റിമീറ്റര്‍ വരെയായിരിക്കും പല്ലുകള്‍ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ. വരെയാകും. ഉത്രയുടെ ശരീരത്തില്‍ പല്ലുകളുടെ പാടുകള്‍ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.
കൂടുതല്‍ സ്വത്താവശ്യപ്പെട്ടു, സംശയം സൂരജിലേക്കെത്തി
പാമ്പു കടിച്ചുള്ള സ്വാഭാവിക മരണമെന്ന് സൂരജ് പറഞ്ഞത് ആദ്യം വിശ്വസിച്ച ഉത്രയുടെ വീട്ടുകാരോട് സ്ത്രീധനമായി നല്കിയ കാര്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ സ്വത്തുക്കളും ചോദിച്ചതോടെ സംശയം ബലപ്പെട്ടു. മേയ് 21ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അഞ്ചല്‍ പോലീസിന് പരാതി നല്കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്.പി ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അന്നുതന്നെ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളില്‍ നിറയെ വൈരുദ്ധ്യമായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 25ന് അറസ്റ്റ് ചെയ്തു.
Special News
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്.
വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
അതില്‍ വിപഞ്ചിക ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിനെയും നോക്കുന്നതെല്ലാം താന്‍ മാത്രമാണെന്നും ഒരു പട്ടിക്കുഞ്ഞിനെ പോലെയാണ് മകള്‍ വീട്ടില്‍ കിടക്കുന്നത്.
ഭര്‍ത്താവായ നിതീഷ് അയാളുടെ കാര്യം മാത്രം നോക്കി നടക്കുക ആണെന്നും വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു. 'ഒരു വര്‍ഷത്തിനിടയ്ക്ക് കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ അയാള്‍ പുറത്ത് കൊണ്ടു പോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ മാത്രം. പലപ്പോഴും അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോയാലായി.
എന്നാല്‍ അയാള്‍ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്ത് സന്തോഷത്തോടെ കഴിയുകയാണ്. അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. ഇതൊക്കെ സഹിച്ചു ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്' ശബ്ദസന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.
പണത്തോട് ഇത്രക്ക് ആര്‍ത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തില്‍ ആണ്. അയാളുടെ സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവ് നിതീഷ് കഴിഞ്ഞ ദിവസം വിവാഹ മോചനനോട്ടീസ് അയച്ചിരുന്നു. ഈ സംഭവം വിപഞ്ചികയെ മാനസികമായി തളര്‍ത്തി. കുടുംബം ഏര്‍പ്പെടുത്തിയ കൊല്ലത്തുള്ള ഒരു അഭിഭാഷകനുമായി വിപഞ്ചിക സംസാരിച്ചിരുന്നു. എല്ലാത്തിനും പോംവഴി ഉണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അഭിഭാഷകന് വിപഞ്ചികയ്ക്ക് ഉറപ്പ് നല്കി. പക്ഷെ,ആ മറുപടിയില്‍ യുവതിക്ക് തൃപ്തികരമായിരുന്നില്ല.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബത്തെ വെട്ടിലാക്കുന്നത്.' പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല, ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും, ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, അമ്മായിയച്ഛന് മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു ഇങ്ങനെ നിരവധി ആരോപണങ്ങളാണ് മരണകുറിപ്പില്‍ ഉള്ളത്.
കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ
രണ്ടാഴ്ച മുമ്പു കേരളത്തിന്റെ നെഞ്ചിലെ തീരാവേദനയായിരുന്നു വിപഞ്ചിക. സ്വപ്നം കണ്ട ജീവിതം വഴിമാറിയപ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെയും കൂട്ടി ഈ ലോകം വിട്ടുപോയവള്‍...മരണത്തെ പുല്കുന്നതിനു മുമ്പ് താന്‍ അനുഭവിച്ചതെല്ലാം അവള് കുറിപ്പുകളില്‍ കോറിയിട്ടു.
ശബ്ദശകലങ്ങളായി ഈ ലോകത്തോട് വിളിച്ചുപറഞ്ഞു. ആ വേദനമായും മുമ്പാണ് പ്രവാസലോകത്തു നിന്നുതന്നെ സമാനമായ മറ്റൊരു വാര്‍ത്തയെത്തുന്നത്. ഷാര്‍ജയില്‍ ജീവനൊടുക്കിയത് കൊല്ലം കോയിവിള സ്വദേശി അതുല്യ. താന്‍ അനുഭവിച്ച നരകയാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞായിരുന്നു വെള്ളിയാഴ്ച അതുല്യയും വിടപറഞ്ഞത്.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.... മൂന്നു മരണങ്ങള് സൃഷ്ടിച്ച ആഘാതത്തിലാണ് മലയാളികള്‍.
കൊല്ലം സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സുഹൃത്തിനും, മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹോദരിയ്ക്കും അയച്ചുനല്‍കിയിരുന്നു.
താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്നു ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസിലായിരുന്നു വിവാഹം. വഴക്കിനു ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞു പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിനു പ്രശ്നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ഇതിനിടെയാണ് അതുല്യയെ തൂങ്ങി മരിച്ചനിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഈ ദിവസം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് ഷാര്‍ജയിലേക്ക് അതുല്യയെ സതീഷ് കൊണ്ടുപോകുന്നത്.
എന്നാല്‍ വിദേശത്ത് എത്തിയതോടെ സതീഷിന്റെ സ്വഭാവം മാറിയെന്നാണ് അതുല്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. സമാനതകളില്ലാത്ത ഭര്‍തൃപീഡനമാണ് അതുല്യ അനുഭവിച്ചുകൊണ്ടിരുന്നത്. 24 മണിക്കൂറും വീട്ടില്‍ പൂട്ടിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂരമായ മര്‍ദനമാണ് അതുല്യ ഏറ്റുവാങ്ങിയിരുന്നത്.
മകളെ ഓര്‍ത്ത് താന്‍ ജീവിക്കുകയാണെന്നായിരുന്നു അതുല്യ ബന്ധുക്കളേട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് അതുല്യക്ക് ജോലി ലഭിക്കുന്നത്. എന്നാല്‍ അതുല്യയെ ജോലിക്ക് വിടാന്‍ സതീഷിന് താത്പര്യം ഇല്ലായിരുന്നു. ഒരു സൈക്കോയെ പോലെ സതീഷ് പെരുമാറുന്നുവെന്ന് ബന്ധുക്കളെ അതുല്യ അറിയിച്ചിരുന്നു.
താന്‍ മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു അതുല്യ. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവിനും, മാതാവിനൊപ്പം താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.
Special News
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ് ഈ വിവാഹജീവിതം നിലനിന്നുള്ളൂ.
തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം.സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്.
ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു.
ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.
നൊമ്പരമായി താരയും മക്കളും
നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി നിമിഷ നേരം കൊണ്ട് നിലവിളിയും പുകയുമായത് ഓര്‍ക്കാനാവാതെ നാട്ടുകാര്‍. വിദേശത്തുനിന്ന് മക്കള്‍ക്ക് കളിപ്പാട്ടങ്ങളും പുത്തന്‍ ഉടുപ്പുകളുമായി എത്തുന്ന പിതാവിനെ കാണാതെ കണ്മണികള് യാത്രയായി.
അവസാന നിമിഷവും അമ്മയും മക്കളും ഇണ പിരിയാതെ യാത്രയായി. 2025 ഏപ്രില്‍ 14നാണ് കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചത് . പുത്തന്‍കണ്ടത്തില്‍ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (ഏഴ്), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്.
മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണം. ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംക്ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യശ്രമം നടന്നത്.
ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണന് സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലവിളിയും പുകയുമുയര്ന്നതിനെത്തുടര്ന്നു നാട്ടുകാര്‍ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 12 നു താര ഭര്‍ത്താവിന്റെ കുടുംബവീടായ കാട്ടില്ക്കടവിനു സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരന് കരുനാഗപ്പള്ളി പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു.
വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭര്‍ത്താവ് സഹോദരനെ അറിയിച്ചിരുന്നു. സഹോദരന് ഇക്കാര്യം കരുനാഗപ്പള്ളി പോലീസിനെ അറിയിച്ചു.
പിന്നാലെ വനിതാസെല്ലില്‍ നിന്ന് പോലീസെത്തി താരയുമായി സംസാരിക്കുകയും ഭര്‍ത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നല്കിയാല് ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. ഇതിനുശേഷമാണ് താരയും മക്കളും ആത്മഹത്യ ചെയ്തത്.
താര ജി. കൃഷ്ണന്റെയും മക്കളായ അനാമികയുടെയും ആത്മികയുടെയും ദുരന്തത്തില്‍ വിങ്ങലോടെ കഴിയുകയാണ് നാട്. മൂത്ത കുട്ടി ഒന്നാം ക്ലാസുകാരി അനാമിക ഒന്നര വയസുള്ള ഇളയ കുട്ടിയെ തോളിലേറ്റിയാണു കളിപ്പിക്കുന്നത്.
മിക്കപ്പോഴും ചേച്ചിയുടെ കൈയില്‍ അനുജത്തി കാണും. സ്കൂളില്‍ നിന്നെത്തിയാല്‍ ഇവര്‍ രണ്ടുപേരും മതില്കെട്ടിനുള്ളില് ഒരുമിച്ചു കളിക്കുന്നത് അയല്‍വാസികള്‍ക്കു പതിവു കാഴ്ചയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.
ഒന്നര വര്‍ഷമായി ആദിനാട് കൊച്ചു മാംമൂട് ജംക്ഷന് സമീപമുള്ള വാടക വീട്ടില്‍ അമ്മയും മക്കളും താമസിക്കുന്നു. വളരെ ശാന്തമായിട്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികള്‍ റോഡിലൂടെ പോകുന്ന മിക്ക അയല്‍ക്കാരുമായും സൗഹൃദത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവ് ഗിരീഷ് ആനന്ദന് നാട്ടിലെത്തുന്ന വിവരം കുട്ടികള്‍ അയല്‍ക്കാരോട് പറയുമായിരുന്നു. വാടക വീട് ഒരു വര്‍ഷത്തേക്കു കൂടി വേണമെന്ന് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു.
ഗിരീഷ് വന്ന ശേഷം വീടിന്റെ വാടക കരാര്‍ പുതുക്കാനിരിക്കുകയായിരുന്നു. ഗിരീഷ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയോ, മറ്റൊരു വീട് നിര്‍മിച്ച് താമസിക്കാനോ ആയിരുന്നു മോഹം.
എല്ലാ മോഹങ്ങളും ബാക്കിയാക്കി അമ്മയുടെയും മക്കളുടെ മരണം ആദിനാട് വടക്ക് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ഫസീലയുടെ വയറ്റില്‍ ചവിട്ടി
തൃശൂരിലെ വെള്ളാങ്ങല്ലൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഫസീല എന്ന 23 വയസുള്ള ഗര്‍ഭിണി ആത്മഹത്യ ചെയ്തിട്ടു ദിവസങ്ങള്‍ മാത്രം. ഭര്‍ത്താവ് നൗഫലില്‍ (29), ഭാര്യാമാതാവ് റംല എന്നിവരില്‍ നിന്ന് ദീര്‍ഘകാലമായി ശാരീരികവും മാനസികവുമായ പീഡനം സഹിച്ചതിനെ തുടര്‍ന്ന് ജൂലൈ 29 ചൊവ്വാഴ്ചയാണ് സംഭവം.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, താന്‍ നേരിട്ട അതിക്രമങ്ങള്‍ വിവരിച്ച് ഫസീല അമ്മയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയാണെന്നു ഫസീല വെളിപ്പെടുത്തിയതായും നൗഫല്‍ തന്റെ വയറ്റില്‍ ചവിട്ടുകയും കൈകള്‍ ഒടിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നതായും സ്ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു.
അമ്മായിയമ്മയില്‍ നിന്ന് നിരന്തരമായി അധിക്ഷേപം ഉണ്ടായതായും അവര്‍ ആരോപിച്ചു. 'ഞാന്‍ മരിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ അവര്‍ എന്നെ കൊല്ലും. അവള് തന്റെ അവസാന സന്ദേശങ്ങളിലൊന്നില്‍ എഴുതി. ഒന്നര വര്‍ഷം മുമ്പാണ് ഫസീല നൗഫലിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് 10 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
Special News
ഒരു പെണ്‍കുട്ടി വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എത്രയേറെ സ്വപ്നങ്ങള്‍ കണ്ടിട്ടാണ്. എന്തെല്ലാം പ്രതീക്ഷകളാണ് അവരുടെ മനസിലുള്ളത്. ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്ന ഈ പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലുന്നതും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും കേരളത്തിലെ മക്കള്‍ തന്നെയാണ്.
സ്ത്രീധനപീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യയും കേരളത്തെ പിടിച്ചുകുലുക്കുകയാണ്. പെണ്‍കുട്ടികളെ വിവാഹംകഴിപ്പിച്ച് അയച്ചുകഴിഞ്ഞാല്‍ ഉത്തരവാദിത്വം കഴിഞ്ഞുവെന്നു വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ഓരോ സംഭവവും ഓര്‍മിപ്പിക്കുന്നു.
പണത്തിനോട് ആര്‍ത്തിമൂത്ത വിദ്യാസമ്പന്നരായ യുവാക്കള്‍പോലും ക്രൂരതയുടെ മുഖത്തോടെ ഭാര്യമാരെ സമീപിക്കുന്നതും ഭാര്യമാരെ കൊല്ലുന്നതും നിത്യസംഭവമായിരിക്കുന്നു. പണവും സ്ത്രീധനവും സമ്മാനങ്ങളും കുറഞ്ഞാല്‍ കൊല്ലാന്‍ പോലും മടിക്കാത്തവരായി വിദ്യാസമ്പന്നര്‍ പോലും മാറുന്നു.
കൊല്ലം ജില്ലയിലും മറ്റുജില്ലകളിലും അടുത്ത ദിവസങ്ങളില്‍ സംഭവിച്ച യുവതികളുടെ ആത്മഹത്യകള്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് മറുപടി നമ്മള് നല്‍കണം. ഇനിയും പണത്തിനുവേണ്ടി ജീവിതം നശിപ്പിക്കണമോ എന്ന് ചിന്തിക്കേണ്ട കാലമാണ്.
ആരോഗ്യമില്ലേടാ...പോയി ജോലി ചെയ്ത് ജീവിക്കെടാ...ഭാര്യയുടെ കെട്ടുതാലി പൊട്ടിക്കാതെ എന്നു പറയാന്‍ സമൂഹത്തിനും കഴിയണം.
മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു.
അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്റെ പേരില്‍ നടന്ന അരുംകൊല... ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്.
വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു.
2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം. ആറു വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവിലാണ് തുഷാരയുടെ മരണം. 2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടില്‍ ചന്തുലാലിന്റെയും വിവാഹം.
വിവാഹം കഴിഞ്ഞു മൂന്നാം മാസം മുതല്‍ തുഷാരയ്ക്കു ക്രൂരപീഡനമായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്തുനിന്നു സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
വീട്ടുകാരുമായുള്ള ബന്ധം പൂര്‍ണമായി നിരസിക്കപ്പെട്ടു. സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്.
അവരെ സ്നേഹിക്കാന്‍ പോലും അനുവദിക്കാതെ, ഭക്ഷണം നല്‍കാതെ, പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവൾ ആ വീട്ടില്‍ തളയ്ക്കപ്പെട്ടു. തുഷാരയുടെ വീട്ടുകാര്‍ക്കും കുട്ടികളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.
തുഷാരയുടെ മകളെ നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ അധ്യാപിക അമ്മയുടെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികള്‍ നല്കിയ മറുപടി. മാത്രമല്ല രണ്ടാം പ്രതിയായ ചന്തുലാലിന്റെ അമ്മയുടെ പേരാണ് അമ്മയുടെ പേരായി നഴ്സറിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നത്.
അഞ്ചര വര്‍ഷം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവില്‍ തുഷാര മരണത്തിന് കീഴടങ്ങി. 2019 മാര്‍ച്ച് 21-ന് രാത്രിയാണ് തുഷാരയുടെ മരണവിവരം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കണ്ടതു തുഷാരയുടെ ശോഷിച്ച മൃതദേഹമാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. 27-ാം വയസില്‍ അവളുടെ ഭാരം വെറും 21 കിലോഗ്രാമായിരുന്നു. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു.
രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാല്‍ പോലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
ശാസ്ത്രീയ തെളിവുകളും അയല്‍ക്കാരടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ പ്രതികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു. തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീതലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.
Special News
ധര്‍മസ്ഥലയില്‍ നടന്നതായി പറയുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇവിടവുമായി ബന്ധപ്പെട്ട് കാണാതായ പലരുടെയും കുടുംബാംഗങ്ങള്‍ വീണ്ടും പരാതികളുമായി എത്തുകയാണ്.
സിബിഐയില്‍ സ്റ്റെനോഗ്രാഫറായി വിരമിച്ച ബംഗളൂരു സ്വദേശിനിയായ സുജാത ഭട്ട് ആയിരുന്നു ഇവരില്‍ ആദ്യത്തെയാള്‍. ഇവരുടെ മകള്‍ മണിപ്പാലില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അനന്യ ഭട്ടിനെ 2003 ലാണ് ധര്മസ്ഥലയില്വച്ച് കാണാതായത്.
ധര്‍മസ്ഥലയും സമീപസ്ഥലങ്ങളും കാണാനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു അനന്യ. പല വഴിക്കായി കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ അനന്യയെ പെട്ടെന്ന് കാണാതായതായാണ് കൂട്ടുകാര്‍ പറഞ്ഞത്.
ഏറെ അന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍ പോലീസിലും പരാതി നല്‍കിയതാണ്. പക്ഷേ അവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ല. അന്ന് കൊല്‍ക്കത്തയില്‍ ജോലിചെയ്തിരുന്ന സുജാത മകളെ കാണാതായതായി വിവരം കിട്ടിയതോടെ ധര്‍മസ്ഥലയിലേക്ക് പറന്നെത്തിയതായിരുന്നു.
എന്നാല്‍, ഇവര്‍ സിബിഐയിലെ ഉദ്യോഗസ്ഥയായിരുന്നിട്ടുപോലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തണുപ്പന്‍ സമീപനമായിരുന്നു. മകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാകാമെന്ന നിഗമനമാണ് ബെല്‍ത്തങ്ങാടി പോലീസ് ഇവരോട് പറഞ്ഞത്.
മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു അനന്യയുടെയും കൂട്ടുകാരുടെയും ധര്‍മസ്ഥല യാത്ര. ഇത് പോലീസിന്റെ വാദത്തിന് ബലമായി.
ഹോസ്റ്റല്‍ അധികാരികളും പോലീസുമെല്ലാം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവായപ്പോള്‍ മകളെ കണ്ടെത്താന്‍ സഹായം തേടി ധര്‍മസ്ഥലയിലെ ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ മുന്നില്‍തന്നെ സുജാത എത്തിയിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് അദ്ദേഹവും കൈമലര്‍ത്തി. ഇതോടെ സുജാത മകളെ കാണാതായ വഴികള്‍ തേടി സ്വന്തം നിലയ്ക്ക് തന്നെ ധര്‍മസ്ഥലയില്‍ അന്വേഷണം നടത്തി.
സുജാത വിവരിച്ച അനന്യയുടെ രൂപലക്ഷണങ്ങളുള്ള പെണ്‍കുട്ടിയെ ധര്‍മസ്ഥല ട്രസ്റ്റുമായി അടുത്ത ബന്ധമുള്ള ചിലര്‍ക്കൊപ്പം കണ്ടിരുന്നതായി നാട്ടുകാരായ ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനിടയില്‍ ക്ഷേത്രത്തിനു സമീപം ഒരിടത്ത് ഇരിക്കുമ്പോള്‍ മകളെ കണ്ടെത്താനുള്ള സഹായം ചെയ്തുതരാമെന്നു പറഞ്ഞ് ഒരുസംഘം ആളുകള്‍ സുജാതയെ സമീപിച്ചു.
ക്ഷേത്രത്തിലെ വോളന്റിയര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെള്ള യൂണിഫോമാണ് അവര്‍ ധരിച്ചിരുന്നത്. അവര്‍ സുജാതയെ ഒരു മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് പെട്ടെന്ന് തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റതായും താന്‍ അബോധാവസ്ഥയിലായതായും സുജാത പറയുന്നു.
എവിടെയോ അബോധാവസ്ഥയില്‍ കിടന്ന തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനെ ധിക്കരിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ ഇറങ്ങിത്തിരിച്ചതായതിനാല് ഇതുമായി ബന്ധപ്പെട്ടും അവരുടെ ഭാഗത്തുനിന്ന് ഇടപെടലൊന്നുമുണ്ടായില്ല.
അന്ന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും സുജാതയ്ക്കുണ്ട്. ഇതോടെ സിബിഐയിലെ ജോലിയില്‍നിന്ന് സ്വയം വിരമിച്ച് മകള്‍ക്കായുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ തുടരുകയായിരുന്നു.
പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതൊന്നും എങ്ങുമെത്തിയിരുന്നില്ല. അപ്പോഴാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങള്‍ പരിശോധിക്കുമ്പോള്‍ അനന്യയുടെ ശേഷിപ്പുകള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ഇപ്പോള്‍ സുജാതയുടെ ആവശ്യം.
ഇത്രയും കാലം മകള്‍ക്കായി കാത്തിരുന്ന വയോധികയായ തനിക്ക് ഇനി മകളുടെ അന്ത്യകര്മങ്ങളെങ്കിലും ചെയ്യാനുള്ള സാഹചര്യമൊരുക്കിത്തരണമെന്നു മാത്രമാണ് സുജാത പറയുന്നത്. കുറ്റക്കാരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമൊക്കെ ഇനി സര്‍ക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ചെയ്യട്ടെയെന്ന് കാലങ്ങളുടെ കാത്തിരിപ്പ് സൃഷ്ടിച്ച നിര്‍വികാരതയോടെ സുജാത പറയുന്നു.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആരോപണവിധേയരാകുന്ന ആളുകള്‍ സര്‍ക്കാരുകളിലും മറ്റു സംവിധാനങ്ങളിലും സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളിലും വളരെയേറെ സ്വാധീനവും ധനബലവും ഉള്ളവരായതിനാല്‍ കുറ്റകൃത്യങ്ങളില്‍ കുറച്ചെങ്കിലും പുറത്തുവന്നാലും അവരാരെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ ഇതേ നിര്‍വികാരതയാണ് ധര്മസ്ഥലയിലേയും കര്‍ണാടകയിലേയും സാധാരണക്കാരില്‍ ഭൂരിഭാഗവും പുലര്‍ത്തുന്നത്.
ചെറുതായെന്തെങ്കിലും സംഭവിച്ചാല്‍തന്നെ ആശ്വാസമെന്ന നിലപാടാണ് അധികം പേര്‍ക്കുമുള്ളത്. വെളിപ്പെടുത്തലുകള്‍ നടത്തിയ ആളിന്റെ സുരക്ഷയും അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങാനോ ക്രമേണ അട്ടിമറിക്കപ്പെടാനോ ഉള്ള സാധ്യതകളുമെല്ലാമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്ക്കുന്നു. ശുചീകരണ തൊഴിലാളിയുടെ സൂപ്പര്വൈസറെപ്പോലുള്ള ചെറുമൃഗങ്ങളെ മാത്രം കൂട്ടിലാക്കി കഴുകന്മാര് പിന്നെയും ഉയര്‍ന്നുതന്നെ പറക്കാനുള്ള സാധ്യതയുമുണ്ട്.
2012 ലെ സൗജന്യ കേസ് സൃഷ്ടിച്ച ആഘാതത്തിനു ശേഷം ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെ തിരോധാനങ്ങളും ദുരൂഹമരണങ്ങളും നടന്നിട്ടുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെല്ലാം അതിനുമുമ്പു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്.
സൗജന്യ കേസ് ധര്‍മസ്ഥലയുടെ സല്പേരിനും വിശ്വാസ്യതയ്ക്കും വലിയ തോതില്‍ മങ്ങലേല്‍പിച്ചതോടെ ഇവിടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഉന്നതതലത്തില്‍ തന്നെ ഇടപെടലുകള്‍ നടന്നിരിക്കാമെന്നാണ് സൂചന.
ഉന്നതതലത്തിലുള്ള പലര്‍ക്കും കാഴ്ചവയ്ക്കാന്‍ വേണ്ടിത്തന്നെയാണ് ക്രിമിനല്‍ സംഘങ്ങള്‍ കാലങ്ങളായി പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ധര്‍മസ്ഥലയില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരം. ഇവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ വിസമ്മതിച്ചിരുന്നവരാണ് കൊലചെയ്യപ്പെട്ടത്.
എത്ര മൂടിവച്ചാലും കാലങ്ങള്ക്കപ്പുറമെങ്കിലും സത്യം പുറത്തുവരുമെന്ന വിശ്വാസമാണ് ഇപ്പോള്‍ ശരിയായിത്തീര്‍ന്നത്. അതിന്റെ ശേഷിപ്പുകളോരോന്നായി പുറത്തെടുക്കപ്പെടുമ്പോള്‍ കാലം കണക്കുചോദിക്കുന്നത് ആരോടൊക്കെയാവാമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.
Special News
ധര്‍മസ്ഥലയിലെ ഒരു മുന്‍ ശുചീകരണത്തൊഴിലാളി രണ്ട് അഭിഭാഷകര്‍ മുഖേന ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ നാടിനെയാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ തുടക്കം.
സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.
ദളിത് വിഭാഗത്തില്‍പ്പെടുന്ന ഇയാള്‍ 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥല ക്ഷേത്രഭരണസമിതിക്ക് കീഴില്‍ ജോലി ചെയ്തിരുന്നതാണ്. തന്റെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നതെന്ന് ഇയാള്‍ പറയുന്നു.
കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്നും മൃതദേഹങ്ങള്‍ സംസ്കരിക്കാനായി എത്തിച്ചു നല്‍കിയത് ആരാണെന്നും തനിക്ക് വ്യക്തമായി അറിയാം. സാക്ഷിയെന്ന നിലയിലുള്ള സുരക്ഷിതത്വം ഉറപ്പുനല്‍കിയാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ തയാറാണ്.
പതിവായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വന്നപ്പോഴുണ്ടായ മനസാക്ഷിക്കുത്ത് മൂലമാണ് ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇതൊക്കെ തുറന്നുപറയാന്‍ നിന്നാല്‍ താനും കുടുംബവും കൊല്ലപ്പെടുമെന്ന നിലയായിരുന്നു.
2014ല്‍ ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിച്ചതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം നാടുവിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുകയായിരുന്നു. ഇങ്ങനെ കാലം കടന്നുപോകുകയേ ഉള്ളൂവെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്നുമുള്ള ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ തയാറായി തിരിച്ചെത്തിയതെന്നും പരാതിയില്‍ പറയുന്നു.
സ്കൂള്‍ യൂണിഫോമിലുള്ള നിരവധി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ലൈംഗികാതിക്രമത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട നിലയില്‍ തന്റെ മുന്നിലെത്തിയിട്ടുണ്ട്.
പലരുടെയും മുഖത്തെ നിഷ്കളങ്കതയും ഭയവും ഇപ്പോഴും തന്റെ മനസിനെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ സ്കൂള്‍ ബാഗും ഒപ്പമുണ്ടായിരുന്നു. ബാഗും കൂടെ വച്ചാണ് ആ മൃതദേഹം കുഴിച്ചുമൂടിയത്.
ഒരു യുവതിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ആ മൃതദേഹം സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടതു പ്രകാരം ദഹിപ്പിച്ചുകളയുകയായിരുന്നുവെന്നും ഇയാള്‍ എഴുതി സമര്‍പ്പിച്ച വെളിപ്പെടുത്തലില്‍ പറയുന്നു.
ഇയാള്‍ കുഴിച്ചിട്ടതാണെന്നു പറയുന്ന ഏതാനും മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇവ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരുക്കമാണെന്നും പരാതിയില്‍ പറയുന്നു.
ഇയാളെ പിന്നീട് ബെല്‍ത്തങ്ങാടിയിലെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അഭിഭാഷകര്‍ക്കുമൊപ്പം മുഖംമറച്ചുകൊണ്ടാണ് ഇയാളെ കോടതിയിലെത്തിച്ചതെങ്കിലും മൊഴി രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാന്‍ കോടതി അനുവദിച്ചില്ല.
വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങള്‍ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കണമെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിന് ദേശ്പാണ്ഡെയും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എങ്കിലും പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇയാള്‍ മജിസ്ട്രേറ്റിനു മുന്നിലും വിശദീകരിച്ചതായാണ് ആദ്യ സൂചന. മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലത്തുനിന്ന് ഇയാള്‍ പിന്നീട് കുഴിച്ചെടുത്ത ഏതാനും അസ്ഥികളും തെളിവായി കൈമാറി.
മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. സ്ഥലങ്ങളേതൊക്കെയാണെന്ന് മുന്‍കൂട്ടി വെളിപ്പെടുത്തിയാല്‍ ബന്ധപ്പെട്ടവര്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടങ്ങളില്‍ നിന്ന് മാറ്റാനിടയുണ്ടെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി.
അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങളുമായി പോലീസും അഭിഭാഷകരും മാധ്യമങ്ങളുമുള്‍പ്പെടെ വന്നാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഓരോ സ്ഥലങ്ങളും കാണിച്ചുനല്കാമെന്നാണ് ഇയാള്‍ പറയുന്നത്.
പല മൃതദേഹങ്ങളും സംസ്കരിച്ചത് താന്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ തന്റെ സൂപ്പര്വൈസര്ക്കുപോലും കൃത്യമായ സ്ഥലങ്ങള്‍ അറിയില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.ധര്മസ്ഥലയോടു ചേര്‍ന്ന് നേത്രാവതി നദിക്കരയില്‍ നീണ്ടുപരന്നുകിടക്കുന്ന വനപ്രദേശമുണ്ട്.
ഈ വനപ്രദേശത്തെ വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് ഏകദേശ സൂചന. ധര്‍മസ്ഥലയിലെ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ പദ്മലതയുടെയും സൗജന്യയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതും ഈ വനപ്രദേശത്തു നിന്നാണ്.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ കര്‍ണാടക സംസ്ഥാനത്തെയും തൊട്ടടുത്തു കിടക്കുന്ന കേരളത്തെയും ഞെട്ടിച്ചിട്ടും ധര്‍മസ്ഥലയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് ആ ഞെട്ടല്‍ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അവിടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന കാര്യം നേരത്തേ അറിയാവുന്നതാണെന്ന മട്ടിലാണ് നാട്ടുകാരിലേറെയും പ്രതികരിക്കുന്നത്. 2012ല്‍ നടന്ന സൗജന്യയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണമായത്.
Special News
രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല.
അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്.
അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്.
ഗ്രാമീണ വികസനം, കുടിവെള്ള വിതരണം, പാവപ്പെട്ടവര്‍ക്ക് ധനസഹായം, ബാങ്ക് വായ്പകള്‍, യക്ഷഗാനം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും ഗ്രാമീണ കരകൗശല വിദ്യകളുടെയും പ്രോത്സാഹനത്തിനായുള്ള പദ്ധതികള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങി ധര്‍മസ്ഥല ട്രസ്റ്റിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും കീര്‍ത്തികേട്ടതാണ്.
സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ലോ കോളജുകള്‍ വരെയുള്ള 25 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നു.
ധര്‍മസ്ഥലയിലെ അന്നദാന ഹാളില്‍ ഓരോ ദിവസവും പതിനായിരത്തോളം പേര്‍ക്കാണ് സൗജന്യ ഭക്ഷണം നല്‍കുന്നത്. ഇവിടെയും ജാതിയോ മതമോ സാമ്പത്തികനിലയോ ഒന്നും പ്രസക്തമല്ല. ആരോഗ്യ മേഖലയിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
വിദൂര ഗ്രാമാന്തരങ്ങളിലെ സാധാരണക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന ആശുപത്രി, ആയുര്‍വേദ ആശുപത്രി, കണ്ണാശുപത്രി, ടിബി സാനിറ്റോറിയം, ദന്താശുപത്രി എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.
ഇങ്ങനെ പറഞ്ഞുതീരാത്ത വിശേഷങ്ങളുള്ള ഒരു സ്ഥലവും സംവിധാനങ്ങളുമാണ് ഇപ്പോള്‍ ഒരു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് വിവാദങ്ങള്‍ക്കു നടുവിലായിരിക്കുന്നത്.
ധര്‍മസ്ഥല ട്രസ്റ്റിനെതിരായി ആരോപണങ്ങളുയരുന്നത് ആദ്യമായിട്ടല്ല. ട്രസ്റ്റിനു കീഴിലുള്ള ഉജിരെ എസ്ഡിഎം (ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര) കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പദ്മലതയുടെ മരണവുമായി ബന്ധപ്പെട്ട് 1986ലാണ് ധര്‍മസ്ഥല ട്രസ്റ്റിന്റെ അപ്രമാദിത്വത്തിനെതിരേ ആദ്യമായി ശക്തമായ ചോദ്യങ്ങളുയരുന്നത്.
കോളജില്‍ നിന്ന് കാണാതായ പദ്മലതയെ നേത്രാവതി നദിക്കരയിലെ വനപ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങി.
കേസ് എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. പദ്മലതയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിഎം കോളജിലെ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങിയെങ്കിലും പരീക്ഷയെഴുതാന്‍ പോലും അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മുന്നില്‍നിന്നത് ഡോ. വീരേന്ദ്ര ഹെഗ്ഡെ തന്നെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ ട്രസ്റ്റ് അധികൃതര്‍ കോടതി ഉത്തരവ് പോലും നേടിയെടുത്തു.
ഇതോടെ പദ്മലത കേസുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുപോലും വിലക്ക് വന്നു. അത് ലംഘിച്ചുകൊണ്ട് വാര്‍ത്തകള്‍ നല്കാന് ധൈര്യം കാണിച്ചത് അമൃത എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായിരുന്ന ശങ്കര്‍ ഭട്ട് മാത്രമായിരുന്നു.
അതിന്റെ പേരില്‍ അദ്ദേഹം പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിനു മുമ്പ് 1977ല്‍ വേദവല്ലി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും ധര്‍മസ്ഥലയിലെ സംവിധാനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. പദ്മലത കേസ് ഒതുക്കിത്തീര്ത്തതിനു ശേഷവും ഇടയ്ക്കിടെ പല പുതിയ ആരോപണങ്ങളും ഉയര്‍ന്നുവന്നു.
പക്ഷേ അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായും വലിയൊരു സ്ഥാപനത്തിനെതിരേ സ്വാഭാവികമായി ഉണ്ടാകുന്ന ശത്രുക്കളുടെ പ്രചാരണങ്ങളായും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍, 2012ല്‍ എസ്ഡിഎം കോളജിലെ പിയുസി (കേരളത്തിലെ പ്ലസ്ടു) വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം ധര്‍മസ്ഥലയെ മാത്രമല്ല, കര്‍ണാടക സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
ആ കേസിലെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കളത്തിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കുകയാണ്. കുറ്റമേറ്റ് അറസ്റ്റിലായ വ്യക്തിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിടുകയും ചെയ്തു. ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്.
ഇതിനു പിന്നാലെയാണ് 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണത്തൊഴിലാളി രംഗത്തെത്തിയത്.
ഇയാളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ധര്‍മസ്ഥലയും കര്‍ണാടക പോലീസും എരിതീക്കു നടുവിലായിരിക്കുകയാണ്. ദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാരുണ്ടെന്നും അവര്‍ എത്രയോ കാലങ്ങളായി ആര്‍ക്കും തൊടാനാകാത്ത ഉയരങ്ങളില്‍ വട്ടമിടുകയാണെന്നുമുള്ള അറിവ് സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്.