എംടി -എഴുത്തിന്റെ ആത്മാവ് നൃത്തശില്‍പ്പത്തില്‍ നിന്ന്
1983 ഏപ്രില്‍ രണ്ട്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളാണ് വേദി. എറണാകുളത്തെ ബാങ്കുജീവനക്കാരുടെ കലാസാംസ്കാരിക കൂട്ടായ്മയായ ബീമി(ബാങ്ക് എംപ്ലോയീസ് ആര്‍ട്സ് മൂവ്മെന്റ്, എറണാകുളം)ന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുകയാണ് അവിടെ.
ഉദ്ഘാടകനായ പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന് നായര്‍... തുടര്‍ന്നും ബീമിന് നല്ല പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. സദസ് മുഴുവന്‍ നിറഞ്ഞ കൈയടിയോടെയാണ് ആ ആശംസ സ്വീകരിച്ചത്.
അന്നു മുതല്‍ എല്ലാ മാസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന ബീം ഇന്ന് 500-ാമത് പ്രതിമാസ പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് കാലത്ത് ഏതാനും മാസങ്ങള്‍ മാത്രമാണ് ബീമിന്റെ പ്രതിമാസ പരിപാടികള്‍ മുടങ്ങിയത്.
കലാസംഘടനകള്‍ ഒന്നൊന്നായ് അകാലചരമമടയുന്ന ഇക്കാലത്താണ് 500-ാമത് പ്രതിമാസ പരിപാടിയുമായി ബീം എത്തിയിരിക്കുന്നത്. അറിയാം ആ വിശേഷങ്ങൾ
വ്യത്യസ്തമായ കലാപരിപാടികള്‍
ബീം അവതരിപ്പിക്കുന്ന പരിപാടികളുടെ വൈവിധ്യമാണ് ബീമിനെ ഇതര കലാസംഘടനകളില്നിന്നും വ്യത്യസ്തമാക്കുന്നത്. 2,000 വര്‍ഷം പഴക്കമുളള കൂടിയാട്ടം മുതല്‍ കണ്ടമ്പററി ഡാന്‍സ് വരെയുള്ള കലാപ്രകടനങ്ങള്‍ ബീമിന്റെ വേദികളില്‍ നിറഞ്ഞാടുന്നു.
എറണാകുളം കരയോഗവുമായി സഹകരിച്ച് ടിഡിഎം ഹാളിലെ മനോഹരമായ വേദിയിലാണ് എല്ലാ മാസവും പരിപാടികള്‍ അരങ്ങേറുന്നത്. പദ്മഭൂഷന്‍ നേടിയ മൂന്നു ലോകോത്തര നര്‍ത്തികമാരായ പത്മ സുബ്രഹ്മണ്യം, സുധാറാണി രഘുപതി, ചിത്ര വിശ്വേശ്വരന് എന്നിവര്‍ ഒരുമിച്ച് അവതരിപ്പിച്ച ഭരതനാട്യ മഹോത്സവം പോലെ അതുല്യമായ കലാവിരുന്നുകള്‍ക്ക് ബീം വേദിയായി.
കര്‍ണാടക - ഹിന്ദുസ്ഥാനി കച്ചേരികള്‍, വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍, കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, കഥകളിപദം തുടങ്ങിയ ക്ലാസിക്കില്‍ കലകളും തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, സംഘകളി, യക്ഷഗാനം, ബാവുള്‍ സംഗീതം, ചാവു ഡാന്‍സ് തുടങ്ങിയ അപൂര്‍വ പാരമ്പര്യ കലകളും നിരവധിയായ ഗാനമേളകള്‍, സൂഫി, ഗസല്‍, റാപ്പ്, ഫ്യൂഷന്‍ സംഗീത പരിപാടികള്‍, കേരളത്തിലെമ്പാടുമുള്ള അമച്ച്വര്‍ നാടകസം
ഘങ്ങളുടെ കലാമേന്മയുള്ള നാടകങ്ങള്‍, പ്രഫഷണല്‍ നാടകങ്ങള്‍, നാടന്‍പാട്ട്, കഥാപ്രസംഗം, പാവകളി, കണ്ടംപററി ഡാന്‍സ് തുടങ്ങിയ ജനകീയ കലകളും ബീമിന്റെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.

ഇതിഹാസ തുല്യരായ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും പുറമേ ഉജ്വല യുവപ്രതിഭകളെ കണ്ടെത്തി വേദിയില്‍ എത്തിക്കുന്നതിനും ബീമിനു കഴിഞ്ഞു. പ്രതിമാസ പരിപാടികള്‍ക്കുപുറമെ ചലച്ചിത്ര പ്രദര്‍ശനം, കലാകായിക മത്സരങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനം, കുടുംബസംഗമം, വിനോദയാത്രകള്‍ തുടങ്ങിയവയും ബീം കാലാകാലങ്ങളില്‍ സംഘടിപ്പിച്ചുവരുന്നു.
കൃത്യമായ ദിശാബോധത്തോടെയും സാമൂഹികപ്രതിബദ്ധതയോടെയും നല്ല നിലവാരമുളള കലാപരിപാടികള്‍ കണ്ടെത്തി ക്യൂറേറ്റ് ചെയ്ത് അവതരിപ്പിക്കാന്‍ ബീം ഭാരവാഹികള്‍ സദാ ജാഗരൂകരാണെന്ന് ബീം പ്രസിഡന്റ് കെ.എസ്. രവീന്ദ്രന് പറഞ്ഞു.
അംഗങ്ങളുടെ ആസ്വാദനനിലവാരം ഉയര്‍ത്താനും അതുവഴി മികച്ച സൗന്ദര്യബോധം വളര്‍ത്താനും ബീം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യശഃശരീരനായ ടി.എസ്.മുരളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബീമിൽ നിലവിൽ ആയിരത്തിലധികം അംഗങ്ങളുണ്ട്. ഇപ്പോൾ പൊതുജനങ്ങള്‍ക്കും ബീം മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ട് .
500-ാം പ്രതിമാസ പരിപാടി 17ന്
ഈ വരുന്ന 17ന് വൈകിട്ട് 6.30 നാണ് ബീമിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 500-ാം പ്രതിമാസ പരിപാടി എറണാകുളം ടിഡിഎം ഹാളില്‍ അരങ്ങേറുന്നത്.
എം.ടി.യുടെ കൃതികളെ ആസ്പദമാക്കി കോഴിക്കോട് പേരാമ്പ്ര സബര്‍മതി തിയേറ്റര്‍ വില്ലേജ് അവതരിപ്പിക്കുന്ന 'എം ടി എഴുത്തിന്റെ ആത്മാവ് ' എന്ന ദൃശ്യ ശില്പമാണ് 500-ാം പരിപാടിയായി അരങ്ങേറുന്നത്.
നാട്യവും നടനവും സംഗീതവും സമന്വയിപ്പിച്ച് എംടി യുടെ കഥാപ്രപഞ്ചത്തിലൂടെ ഒരു സര്‍ഗസഞ്ചാരം നടത്തുന്ന ഈ രംഗസൃഷ്ടി ഡിസൈന്‍ ചെയ്തത് മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പ്രേമന് മുച്ചുകുന്നാണ്. രചന നിര്‍വ്വഹിച്ചത് ആംസിസ് മുഹമ്മദ്. കേരള കലാമണ്ഡലത്തിലെ എട്ട് നര്‍ത്തകിമാരടക്കം 30 കലാകാര്‍ ഇതില്‍ പങ്കെടുക്കും.
ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓളവും തീരത്തിലെ ബാപ്പുട്ടിയും സൈനബയും മഞ്ഞിലെ വിമലയും പള്ളിവാളും കാല്‍ചിലമ്പിലെ വെളിച്ചപ്പാടും രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അക്കല്ദാമയില് പൂക്കള്‍ വിരിയുമ്പോളിലെ യൂദാസും എംടിയോടു സംവദിക്കുന്ന രീതിയിലാണ് ദൃശ്യശില്പത്തിന്റെ രചനയും രംഗഭാഷയും.
എം ടി ഒരു പ്രധാന കഥാപത്രമായി രംഗത്തുവരുന്നു.501-ാം പ്രതിമാസ പരിപാടിയായി 2026 ജനുവരി 1ന് നവനീത് ഉണ്ണിക്കൃഷ്ണന്റെ സംഗീതവിരുന്ന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അരങ്ങേറും.
Tags : Special News