x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അച്ഛൻ! എന്‍റെ ഇരുപതാം വയസിലെ നഷ്ടം

ഡോ. നിയതി ആർ. കൃഷ്ണ
Published: June 20, 2026 03:45 PM IST | Updated: June 20, 2026 03:45 PM IST

അച്ഛന്മാർക്ക് ആശംസകൾ കുറിക്കുന്ന തിരക്കിലാണ് ലോകം. നാളെ, ജൂൺ ഇരുപത്തിയൊന്നിന് ‘ഫാദേഴ്‌സ് ഡേ’ ആഘോഷിക്കപ്പെടുന്നു. കാർഡുകളും സമ്മാനപ്പൊതികളുമായി മക്കൾ അച്ഛന്മാരെ വിഷ് ചെയ്യുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. മുതിർന്ന മക്കളുള്ള ചില അച്ഛന്മാർക്ക്, ഫാദേഴ്‌സ് ഡേ പ്രമാണിച്ചുള്ള അവരുടെ ആദ്യത്തെ ഗിഫ്റ്റ്, ചിലപ്പോൾ ഈ വർഷം കിട്ടിയെന്നു വരാം. അച്ഛനായതിനു ശേഷമുള്ള ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നവർക്കാകട്ടെ ഇത്തവണ വളരെയധികം സ്‌പെഷൽ ആയിരിക്കും. കുഞ്ഞുവിരലുകളിൽ ചേർത്തു വച്ചു നൽകാൻ ഒരു സമ്മാനം അവരുടെ പങ്കാളി ഒരുക്കുന്നുണ്ടാകാം. അതേറ്റു വാങ്ങുമ്പോൾ, അവരുമൊരു കുഞ്ഞായി സ്വയം മാറി സ്വന്തം അച്ഛനെ കൂടുതൽ തെളിച്ചത്തോടെ ഓർക്കുന്നുണ്ടാവാം.

ആശംസകൾ നിറയുമ്പോൾ

എന്തായാലും സോഷ്യൽ മീഡിയ പതിവ് പോലെ ‘അച്ഛൻ സ്‌പെഷൽ’ പോസ്റ്റുകളും ഫോട്ടോകളും ആശംസകളുംകൊണ്ട് നിറയും. വൈകാരികമായ ഗാനങ്ങളുടെ അകമ്പടിയോടെ അനവധി റീലുകൾ ഫീഡുകളിൽ കടന്നു വരും. എന്നാൽ, അടുത്തിടെ അച്ഛനെ നഷ്ടപ്പെട്ടവർക്ക് ഇതൊരു വേദനിപ്പിക്കുന്ന ദിവസമായി മാറാം; കുഞ്ഞിനെ നഷ്ടപ്പെട്ട അച്ഛന് ഒരു ദുസ്വപ്നവും! ഈ ഫാദേഴ്‌സ് ഡേയിൽ ഞാൻ ഓർക്കുവാനും ആദരവ് പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നത് ഈ ദിവസം ഒരു വിങ്ങലായി മാറുന്നവർക്കാണ്.

വിങ്ങലായി ഇവർക്ക്

അച്ഛനാകാനുള്ള കാത്തിരിപ്പ് നീണ്ടു പോകുന്നതിൽ നിരാശ പൂണ്ടവർക്ക്…
അച്ഛനാകുന്നതിനും മുൻപേ, താൻ മനസിലും തന്‍റെ പങ്കാളി ഉദരത്തിലും പേറിയ കുഞ്ഞിനെ നഷ്ടപ്പെട്ടു പോയവർക്ക്…
സ്വന്തം കുഞ്ഞിന്‍റെ ചേതനയറ്റ ശരീരം കൈയിലെടുക്കേണ്ടി വന്നവർക്ക്…
അകലെയായതിനാൽ കുഞ്ഞുങ്ങളുടെ ശൈശവവും ബാല്യകാലവും നഷ്ടപ്പെട്ടു പോയവർക്ക്…
കോടതി വരാന്തയിൽ വച്ച് തന്‍റെ കുഞ്ഞിനെ അവസാനമായി കണ്ടവർക്ക്…
സ്വന്തം കുഞ്ഞിനെ തന്‍റെ ജീവിതത്തിൽ നിന്നടർത്തിമാറ്റിയെടുത്ത് മറ്റുള്ളവർ കൊണ്ട് പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്നവർക്ക്…
മക്കൾ ഒരു ബാങ്ക് അക്കൗണ്ട് മാത്രമായി കണ്ടവർക്ക്…
ഒരു ജീവിതം മുഴുവൻ മക്കളെ ശുശ്രൂഷിക്കേണ്ടി വന്നവർക്ക്…
കാരണങ്ങളൊന്നുമില്ലാതെ മക്കളുടെ അകൽച്ചയും വെറുപ്പും അനുഭവിക്കേണ്ടി വന്നവർക്ക്…
മക്കൾക്ക് താനൊരു ബാധ്യതയാണെന്നു തിരിച്ചറിഞ്ഞവർക്ക്…
അച്ഛനല്ലെങ്കിലും, ചുറ്റുമുള്ള എല്ലാ കുഞ്ഞുങ്ങളേയും ഒരു അച്ഛന്‍റെ ഹൃദയം കൊണ്ട് കാണുന്നവർക്ക് …
ഒപ്പം അച്ഛനെ നഷ്ടപ്പെട്ടു പോയ, അല്ലെങ്കിൽ അച്ഛനുണ്ടായിട്ടും ആ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക്…
സ്നേഹം ഉള്ളിലുണ്ടായിട്ടും എന്തൊക്കെയോ കാരണങ്ങളാൽ അച്ഛനെ ഒന്നു കെട്ടിപ്പിടിക്കാൻ കഴിയാതെ പോയവർക്ക്…
ഈ ഫാദേഴ്‌സ് ഡേയിൽ നിങ്ങളെ ഞാൻ മനസ് കൊണ്ട് ചേർത്തു പിടിക്കുന്നു. നിങ്ങളുടെ മരവിച്ചു പോയ ഹൃദയത്തെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെ, ഞാൻ മനസിലാക്കുന്നു. ഒപ്പം, സ്നേഹം തന്ന മുറിവുകൾ ഉണങ്ങി സുഖപ്പെടുമെന്ന് ഓർമിപ്പിക്കുന്നു.

ആറക്ക സാലറി കാണാൻ

ഇരുപതു വയസിൽ അച്ഛനെ നഷ്ടപ്പെട്ടൊരു മകളാണ് ഞാൻ. ഒരുപാട് പുസ്തകങ്ങൾ വാങ്ങി നൽകുകയും യാത്ര കൊണ്ടു പോവുകയും സിനിമകൾ കാണിക്കുകയും പുതിയ രുചികൾ പരിചയപ്പെടുത്തി തരികയും ഇഷ്ടമുള്ളയിടത്ത് ഇഷ്ട വിഷയം പഠിക്കാൻ എല്ലാ സാഹചര്യങ്ങളുമൊരുക്കിത്തരികയും പിശുക്കില്ലാതെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്തിരുന്നൊരച്ഛനായിരുന്നു എന്‍റേത്. ഒരുപാട് കൂട്ടുകാർക്ക് അസൂയയായിരുന്നു ഇങ്ങനൊരച്ഛനെ കിട്ടിയതിൽ. ഇപ്പോൾ എന്‍റെ മകനും അവന്‍റെ അച്ഛനും തമ്മിലുള്ള സ്നേഹവും ബോണ്ടിംഗും കാണുമ്പോൾ ആ വികാരം എനിക്ക് മനസ്സിലാകുന്നുണ്ട്.

ഞാൻ മികച്ച രീതിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയതും ജോലി ലഭിച്ചതും ഉൾപ്പെടെയുള്ള എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളൊന്നും കാണാൻ അച്ഛനുണ്ടായില്ല. ഒരിക്കൽ ‘ഷാർജാ ഷേക്ക്’ കുടിക്കണമെന്ന് പറഞ്ഞപ്പോൾ അടുത്തുള്ള ബേക്കറിയിൽ കൊണ്ടു പോയി ഒപ്പമിരുന്നിട്ട് ഒന്നും കഴിക്കാതെ ബിൽ കൊടുക്കാൻ പേഴ്സെടുത്തപ്പോഴാണ് ആകെ ഒരു ഷാർജാ ഷേക്കിന്‍റെ പണം മാത്രമേ അച്ഛന്‍റെ കൈയിലുണ്ടായിരുന്നുള്ളൂ എന്നറിയുന്നത്. അന്ന് ഞാൻ ‘ആറക്ക ശമ്പളമുള്ള ജോലി’ വാങ്ങും എന്നു പറഞ്ഞപ്പോൾ കളിയാക്കി. പക്ഷെ, എന്‍റെ ആറക്ക സാലറി ക്രെഡിറ്റായപ്പോൾ അതു കാണാനോ എനിക്ക് കാണിച്ചു കൊടുക്കാനോ അച്ഛനുണ്ടായില്ല. ജീവിതത്തിലെ ദുഷ്കരമായ ഓരോ കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും അച്ഛന്‍റെ അഭാവം ഞാൻ നന്നായി അറിഞ്ഞു. അച്ഛൻ അക്ഷരംകൊണ്ട് ജീവിച്ച ആളാണ്. ഇപ്പോൾ ഞാനും സഹോദരനും അക്ഷരംകൊണ്ട് ജീവിക്കുമ്പോൾ അച്ഛനും ഞങ്ങളിലൂടെ ജീവിക്കുന്നുണ്ട്.

മുന്നോട്ടുപോവാതെ പറ്റില്ല

പറഞ്ഞു വരുന്നത്, വേദനകളും നഷ്ടങ്ങളും അനുഭവിച്ചിട്ടില്ലാത്ത മനുഷ്യ ജീവിതമില്ല. പക്ഷെ, വി മൂവ് ഓൺ! അങ്ങനെയേ മുന്നോട്ട് പോകാൻ സാധിക്കൂ. ഈ ലോകത്ത് ഏറ്റവും ശക്തിയും മൂർച്ചയും സ്നേഹത്തിനാണെന്ന് അടിവരയിട്ടു പറയുന്നു. ‘സ്നേഹം കൊണ്ട് ലോകം കീഴടക്കാനാകുമോ?’ എന്നാണ് ചോദ്യമെങ്കിൽ പറയട്ടെ, സ്നേഹം കീഴടക്കാനുള്ള ഒന്നല്ല. സ്വയം സമർപ്പിച്ച് മുന്നേറാനുള്ളൊരു പ്രത്യാശയാണത്; ദൈവസങ്കല്പം പോലെ. അതിനു നമ്മളെ മാറ്റിമറിക്കാനാണ് സാധിക്കുക.
പ്രിയപ്പെട്ടവരുടെ നഷ്ടത്തിലും അഭാവത്തിലും ആ വേദനയെ ഊർജമായി മുന്നോട്ടു ജീവിക്കാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. ഇരുപത് വയസിലെ നഷ്ടത്തെക്കാൾ ഇരുപതു വർഷങ്ങൾ ലഭിച്ച സ്നേഹത്തിലാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. ലഭിച്ചതും ലഭിക്കാനിരിക്കുന്നതുമായ, കൊടുത്തതും കൊടുക്കാനുള്ളതുമായ സ്നേഹത്തിൽ ഫോക്കസ് ചെയ്യുമ്പോൾ ജീവിതത്തിനു ഭംഗി കൂടും. വേദനകൾ വളർച്ചകളാകും.
കുറേ വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റുണ്ട്. എന്‍റെ അനുഭവങ്ങളോട് വളരെയധികം ചേർന്നു നിൽക്കുന്നത്. അതിങ്ങനെയാണ്: “ഒരിക്കൽ നഷ്ടപ്പെട്ടത് പലകാലങ്ങളിൽ പലരൂപങ്ങളിൽ നിങ്ങളിലേക്ക് തിരികെ വരും. സ്നേഹവും അങ്ങനെ ഒന്നാണ്.”
സ്നേഹിച്ചു കൊണ്ടേയിരിക്കുക. അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും!

Tags : Dr. Niyathi R Krishna delulu dairy fathers day

Recent News

Corehub Up