രാഹുൽ ഗാന്ധി
റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ തുടരുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നതോടെ വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇടപെട്ടു. സമരക്കാരുമായി ഫോണിൽ സംസാരിച്ച രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ അറിയിച്ചു.
റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലാണ് രണ്ടാഴ്ചയായി വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രതിഷേധിക്കുന്നത്. 14-ാം ജെപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ജെപിഎസ്സി-ജെഎസ്എസ്സി സംവിധാനങ്ങളിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് 11 അംഗ പ്രതിനിധി സംഘത്തെ വിദ്യാർഥികൾ നിയോഗിച്ചു. എട്ട് വിദ്യാർഥി പ്രതിനിധികൾ, ഒരു അഭിഭാഷകൻ, രണ്ട് സാങ്കേതിക വിദഗ്ധർ എന്നിവരാണ് സംഘത്തിലുള്ളത്. ചർച്ചകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
വിഷയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി വിദ്യാർഥി പ്രതിനിധികളുമായി ഫോണിൽ സംസാരിച്ചത്. പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർഥികൾ അദ്ദേഹത്തെ അറിയിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ പറഞ്ഞു.
അതേസമയം സമരത്തിന് പിന്തുണയുമായി ബിജെപി എംഎൽഎമാർ ജാർഖണ്ഡ് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 10ന് നിയമസഭ വളയൽ സമരം നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.
Tags : Jharkhand Student Protest Rahul Gandhi JPSC JSSC Jharkhand Government Recruitment Exam