National
റാഞ്ചി: വിവിധ മത്സരപരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചുള്ള സിഐഡി, എസ്ഐടി അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 22 റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പരീക്ഷകൾ റദ്ദാക്കിയ നടപടിക്കെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജികളിലാണ് വ്യാഴാഴ്ച കോടതിയുടെ സുപ്രധാന ഉത്തരവ്.
പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് 25 ദിവസം നീണ്ടുനിന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷമായിരുന്നു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. ഡ്രഗ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി കളക്ടർ, ഡെന്റൽ ഡോക്ടർ, അസിസ്റ്റന്റ് എൻജിനീയർ, സിവിൽ ജഡ്ജ്, അഡിഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പോളിടെക്നിക് ലക്ചറർ, സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് സർക്കാർ റദ്ദാക്കിയിരുന്നത്.
ജെപിഎസ്സി , ജെഎസ്എസ്സി പരീക്ഷാ സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 11-13 തീയതികളിലെ ജെപിഎസ്സി കംബൈൻഡ് സിവിൽ സർവീസസ്, ജെഎസ്എസ്സി-സിജിഎൽ ,ഫുഡ് സേഫ്റ്റി ഓഫീസർ എന്നീ പരീക്ഷകളിൽ വിജയിച്ച അവധേഷ് കുമാർ, ദീപ്മാല, സോനം കുമാരി, സൗരഭ് സിംഗ് തുടങ്ങിയവരാണ് പരീക്ഷ റദ്ദാകിയ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച നാല് ഹർജിക്കാർ.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ഏകപക്ഷീയമായി പരീക്ഷകളും നിയമനങ്ങളും റദ്ദാക്കിയതെന്നാണ് ഉദ്യോഗാർഥികളുടെ വാദം. ജോലിയിൽ പ്രവേശിച്ച നിരവധിയാളുകളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കുറ്റക്കാരായ ഉദ്യോഗാർത്ഥികൾക്കെതിരെ മാത്രം നടപടിയെടുക്കുന്നതിന് പകരം മുഴുവൻ ആളുകളെയും പുറത്താക്കുന്നത് നീതികേടാണെന്നാണ് ഇവരുടെ പക്ഷം.
നിയമാനുസൃതമായി പരീക്ഷയെഴുതി മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയാണ് ജോലി നേടിയതെന്നും, മുൻ ഹൈക്കോടതി ഉത്തരവുകൾ പാലിച്ചാണ് ജെഎസ്എസ്സി-സിജിഎൽ പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നും അതിനാൽ പരീക്ഷ റദ്ദാക്കിയ സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
National
റാഞ്ചി: നിയമന പരീക്ഷാ ക്രമക്കേടിനെതിരേ നടന്ന സമരങ്ങളുടെ ഫലമായി ജാർഖണ്ഡ് സർക്കാർ പ്രഖ്യാപിച്ച പരീക്ഷ റദ്ദാക്കലിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഇന്നലെ ജാർഖണ്ഡ് സെക്രട്ടേറിയറ്റിലെത്തി പ്രതിഷേധിച്ചു. റദ്ദാക്കൽ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നാണു സമരക്കാരുടെ ആവശ്യം.
22 നിയമന പരീക്ഷകൾ റദ്ദാക്കിയതിനൊപ്പം ജാർഖണ്ഡ് പിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, പുറംകരാർ ഏജൻസി എന്നിവ വഴി നടത്തിയ 23 പരീക്ഷകളിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു സർക്കാർ.
Kerala
ഡൽഹി: ജാർഖണ്ഡിലെ വിദ്യാർഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
പിന്നാലെ സമരം കടുപ്പിച്ച വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തി. ഹേമന്ത് സോറന്റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ സിജിഎൽ അടക്കം ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.
അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.
National
റാഞ്ചി: വിദ്യാർഥി സംഘടനകളുടെയും ഉദ്യോഗാർഥികളുടെയും ആഴ്ചകൾ നീണ്ട കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ സിജിഎൽ പരീക്ഷകൾ റദ്ദാക്കിയതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.
കൂടാതെ, 2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാത്തരം മത്സരപരീക്ഷകളിലെയും ക്രമക്കേടുകളെയും പിഴവുകളെയും കുറിച്ച് സിഐഡി സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു.
നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ആരോപിച്ച് രൂക്ഷമായ വിദ്യാർഥി പ്രക്ഷോഭമാണ് സംസ്ഥാനത്തുടനീളം നടന്നുവന്നിരുന്നത്. ഇതിന് മുന്നോടിയായി സിഐഡി സംഘം ജെഎസ്എസ്സി ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയും രൂപീകരിക്കും.
National
റാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കത്തയച്ചത്.
ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യ സർക്കാർ വിദ്യാർഥികളുടെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമാക്കിയത്. ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും കോലം കത്തിച്ചും പ്രതിഷേധം നടന്നു.
വിദ്യാർഥികളുമായി സർക്കാർ ആറ് തവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. അതേസമയം ചലച്ചിത്ര നടി കുനിക സദാനന്ദ് ഉൾപ്പെടെയുള്ളവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. നിലവിൽ ആറ് ഉദ്യോഗാർഥികൾ നിരാഹാര സമരം തുടരുകയാണ്.
National
റാഞ്ചി: ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യനില ഗുരുതരം. തൊഴിൽ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി മഹ്തോ നിരാഹാര സമരത്തിലായിരുന്നു.
ക്ഷീണിതനായ അവസ്ഥയിലും നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന്റെ ഭാഗമായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ ത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മഹ്തോയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മഹ്തോയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്.
പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതോടെ റാഞ്ചിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് തെരുവിലിറങ്ങിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഉദ്യോഗാർഥികളുടെ ശക്തമായ പ്രതിഷേധം.
രാവിലെ 10.30 ഓടെ പഴയ നിയമസഭാ മന്ദിരത്തിന് പുറത്തുനിന്നും ആരംഭിച്ച മാർച്ച് നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു. ദേശീയ പതാകകളും പ്ലക്കാർഡുകളും ഏന്തിയെത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി. നിയമസഭയിൽ നിന്ന് 200 മീറ്റർ അകലെ പ്രതിഷേധക്കാർ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളിലും സംഘർഷത്തിലും കലാശിച്ചു.
തുടർന്ന് പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി സമരക്കാർ അറിയിച്ചു.
National
റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ തുടരുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നതോടെ വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇടപെട്ടു. സമരക്കാരുമായി ഫോണിൽ സംസാരിച്ച രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ അറിയിച്ചു.
റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലാണ് രണ്ടാഴ്ചയായി വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രതിഷേധിക്കുന്നത്. 14-ാം ജെപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ജെപിഎസ്സി-ജെഎസ്എസ്സി സംവിധാനങ്ങളിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് 11 അംഗ പ്രതിനിധി സംഘത്തെ വിദ്യാർഥികൾ നിയോഗിച്ചു. എട്ട് വിദ്യാർഥി പ്രതിനിധികൾ, ഒരു അഭിഭാഷകൻ, രണ്ട് സാങ്കേതിക വിദഗ്ധർ എന്നിവരാണ് സംഘത്തിലുള്ളത്. ചർച്ചകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
വിഷയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി വിദ്യാർഥി പ്രതിനിധികളുമായി ഫോണിൽ സംസാരിച്ചത്. പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർഥികൾ അദ്ദേഹത്തെ അറിയിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ പറഞ്ഞു.
അതേസമയം സമരത്തിന് പിന്തുണയുമായി ബിജെപി എംഎൽഎമാർ ജാർഖണ്ഡ് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 10ന് നിയമസഭ വളയൽ സമരം നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ പിഎസ്സി പരീക്ഷാ ക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ്.
ജാർഖണ്ഡാണെങ്കിലും പഞ്ചാബാണെങ്കിലും ഡൽഹിയാണെങ്കിലും തങ്ങൾ വിദ്യാർഥികൾക്കൊപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അവർക്കുവേണ്ടി തുടർന്നും പോരാടുമെന്നും ഖാർഗെ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
National
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭം 12-ാം ദിവസത്തിലേക്ക് കടന്നു.
പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ളം, ഭക്ഷണം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും അധികൃതർ നിഷേധിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിഷയത്തിൽ ഹേമന്ത് സോറൻ സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.
ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ എന്നിവയിൽ അന്വേഷണം നടത്തുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.
National
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്.
ഖുന്തി ജില്ലയില് നാല്, രാംഗാഡ് ജില്ലയില് രണ്ട്, ലോഹോര്ദാഗ, ദേവ്ഘര്, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില് ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്റാം മുണ്ട എന്ന 44 വയസുകാരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരിച്ചിരുന്നു.
National
റാഞ്ചി: ഇന്ത്യാ സഖ്യത്തിലെ വോട്ടുചോർച്ചയെത്തുടർന്ന് ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത പരാജയം. രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഭരണകക്ഷിയായ ജെഎംഎമ്മും രണ്ടാമത്തെ സീറ്റിൽ എൻഡിഎ പിന്തുണയുള്ള സ്വതന്ത്രനും വിജയിച്ചു.
ഇന്ത്യാ സഖ്യത്തിനുള്ളിൽനിന്ന് വോട്ടുകൾ ലഭിച്ചതോടെയാണ് എൻഡിഎ പിന്തുണയുള്ള പരിമൾ നത്വാനിക്ക് ജയിക്കാനായത്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റിൽ ജെഎംഎമ്മും രണ്ടാമത്തെ സീറ്റിൽ കോൺഗ്രസും മത്സരിച്ചു.
ഇന്ത്യാ സഖ്യത്തിന് 56 എംഎൽഎമാരുണ്ട്. രണ്ട് സീറ്റുകളിലും ജയിക്കാൻ ഈ അംഗ സഖ്യ മതിയായിരുന്നു. ഇതിനിടയിലാണ് ഇന്ത്യാ സഖ്യത്തിലെ വിള്ളൽ തിരിച്ചറിഞ്ഞ് ബിജെപി സ്വതന്ത്രനെ നിർത്തിയത്. എൻഡിഎയ്ക്ക് 24 എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ എൻഡിഎ പിന്തുണച്ച പരിമൾ നത്വാനിക്ക് 28 വോട്ടുകൾ ലഭിച്ചു. ജെഎംഎമ്മിന്റെ ബെദ്യനാഥ് റാമിന് 30 വോട്ടുകളും ലഭിച്ചു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി.
National
ന്യൂഡൽഹി: ക്രോസ് വോട്ടിംഗ് ഭീതിക്കിടെ ജാർഖണ്ഡിലെ രണ്ടു സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും ബിജെപി ഒരു സ്വതന്ത്ര സ്ഥാനാർഥിയെ പിന്താങ്ങുന്നതാണ് ക്രോസ് വോട്ടിംഗിന്റെ സംശയങ്ങളുയർത്തുന്നത്.
ക്രോസ് വോട്ടിംഗ് ഒഴിവാക്കാൻ എൻഡിഎയും ജെഎംഎം, കോണ്ഗ്രസ്, ആർജെഡി, സിപിഐ (എംഎൽ) എന്നീ കക്ഷികളടങ്ങുന്ന ഭരണമുന്നണിയും എംപിമാരെ കർശന നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുകയാണ്.
27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നതെങ്കിലും 24 സീറ്റുകളിലേക്ക് ഇതിനോടകം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 19 എണ്ണം എൻഡിഎ സ്വന്തമാക്കിയപ്പോൾ അഞ്ചെണ്ണം പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണിക്കും ലഭിച്ചു. ശേഷിക്കുന്ന മൂന്നു സീറ്റിൽ ഒന്ന് മിസോറമിലും രണ്ടെണ്ണം ജാർഖണ്ഡിലുമാണ്.
ജാർഖണ്ഡിലെ രണ്ടു സീറ്റിൽ ജെഎംഎമ്മിന്റെ ഒരു സ്ഥാനാർഥി, കോണ്ഗ്രസിന്റെ ഒരു സ്ഥാനാർഥി, ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എന്നിവരാണു മത്സരിക്കുന്നത്.
ഒരു സീറ്റ് വിജയിച്ചെടുക്കാൻ 28 വോട്ട് വേണമെന്നിരിക്കെ ഭരണമുന്നണിക്ക് 56 എംഎൽഎമാരുണ്ട്. പ്രതിപക്ഷമായ എൻഡിഎയ്ക്കാകട്ടെ 24 എംഎൽഎമാരാണുള്ളത്. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയില്ലെങ്കിലും മറുപക്ഷത്തുനിന്ന് ബിജെപി തങ്ങളുടെ എംഎൽഎമാരെ റാഞ്ചുമോയെന്ന ഭീതി ഭരണമുന്നണിക്കുണ്ട്.
ട്വിസ്റ്റുകൾ പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ എല്ലാ എംഎൽഎമാരെയും എൻഡിഎ റാഞ്ചിയിലെ ഒരു ഹോട്ടലിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു.
ഭരണമുന്നണി എംഎൽഎമാരാകട്ടെ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വീട്ടിൽ ഒത്തുകൂടി പരിശീലനപരിപാടികളിൽ ഏർപ്പെടുകയും മോക്ക് പോളുകൾ നടത്തുകയും ചെയ്താണു ക്രോസ് വോട്ടിംഗ് ഭീതിയെ അതിജീവിക്കുന്നത്,.
National
റാഞ്ചി: ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ റാഞ്ചി, ഗർഹവ ജില്ലകളിൽ രണ്ട് പേർ വീതമാണ് മിന്നലേറ്റ് മരിച്ചത്. ചത്ര, ഗിരിധി, സെരായ്കേല-ഖർസവാൻ, ജംതാര എന്നീ ജില്ലകളിലാണ് ബാക്കി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. കനത്ത ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഎംഎമ്മും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. ഇരു പാർട്ടികളും ഓരോ സീറ്റിൽ മത്സരിക്കും. ഇന്നലെ ജെഎംഎം, കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രഭാതഭക്ഷണ ചർച്ചയിലാണു തീരുമാനം. രണ്ടു സീറ്റിലും മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു.
.മുൻ മന്ത്രി ബൈദ്യനാഥ് റാം ആണ് ജെഎംഎം സ്ഥാനാർഥി. ഇദ്ദേഹം ഇന്നു പത്രിക സമർപ്പിക്കും. മുതിർന്ന നേതാവ് പ്രണവ് ഝാ ആണ് കോൺഗ്രസ് സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള പ്രണവ് ഝാ എഐസിസി സെക്രട്ടറികൂടിയാണ്.
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, അജയ് ശർമ എന്നിവരെ ചർച്ചയ്ക്കായി കോൺഗ്രസ് നിയോഗിച്ചിരുന്നു. ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ നിര്യാണത്തെത്തുടർന്നാണ് ഒരു സീറ്റിൽ ഒഴിവുണ്ടായത്.
ബിജെപി അംഗം ദീപക് പ്രകാശിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രണ്ടാമത്തെ സീറ്റിൽ ഒഴിവുണ്ടായത്. ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 28 ഫസ്റ്റ് പ്രിഫറൻസ് വോട്ട് വേണം. ഇന്ത്യ മുന്നണിക്ക് 56 അംഗങ്ങളുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ വെടിവച്ചുകൊന്നു. സിംദേഗ ജില്ലയിലാണ് സംഭവം.
കൊലെബിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നവതോളി ഗ്രാമത്തിലാണ് സംഭവം. ജെബ പർവീൻ(22)ആണ് മരിച്ചത്. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഇയാൾ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് അറിയിച്ചു.
National
ചായിബാസ: ജാർഖണ്ഡിൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു. രമേഷ് ചാംപിയയെ ആണ് സിപിഐ (മാവോയിസ്റ്റ്) സംഘം തല്ലിക്കൊന്നത്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. രമേഷിന്റെ ഭാര്യ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തൊട്ടടുത്ത വനമേഖലയിലേക്ക് രമേഷിനെ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് ഗോയിൽകേര-മനോഹർപുർ മെയിൻ റോഡിൽ മൃതദേഹം ഉപേക്ഷിച്ചു.
മുന്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് രമേഷ് ചാംപിയ. ജയിൽമോചിതനായശേഷം മാവോയിസ്റ്റ്ബന്ധം ഉപേക്ഷിച്ച് നിർമാണ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
District News
ചെറുതോണി: മാനസികാരോഗ്യം വീണ്ടെടുത്ത ജാർഖണ്ഡ് സ്വദേശി ഈശ്വർ മുർമു (40) പടമുഖം സ്നേഹമന്ദിരത്തിൽനിന്നു നാട്ടിലേക്കു മടങ്ങി. 2024 ജൂലൈയിൽ അടിമാലിയിൽ അലഞ്ഞുതിരിയുന്ന നിലയിൽ പോലീസ് കണ്ടെത്തി സ്നേഹമന്ദിരത്തിൽ എത്തിച്ചതായിരുന്നു. സ്നേഹമന്ദിരത്തിലെ ശുശ്രൂഷയും പരിചരണവും ഈശ്വർ മുർമുവിനെ ആരോഗ്യവാനാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സ്നേഹമന്ദിരത്തിലെത്തിയ സഹോദരൻ ജീവൻ മുർമുവിനൊപ്പം ഈശ്വറിനെ ഡയറക്ടർ വി.സി. രാജുവിന്റെ നേതൃത്വത്തിൽ യാത്രയാക്കി.
National
റാഞ്ചി: ജാർഖണ്ഡിലെ എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പോലീസിന്റെ പിടിയിൽ.
റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് 159 ഉദ്യോഗാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രധാന ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. പരീക്ഷക്ക് മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
താമർ പോലീസ് സ്റ്റേഷൻ പരിധിയിലെ റാർഗാവിലെ ഒരു സ്ഥലത്ത് ഉദ്യോഗാർഥികൾ ഒത്തുകൂടിയിട്ടുണ്ടെന്നും പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.
തുടർന്ന് നടത്തിയ റെയ്ഡിൽ നാല് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകൾ യഥാർഥ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുള്ളതാണെന്ന് പോലീസ് പറഞ്ഞു.
120 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഖോർത്ത ഭാഷയിലെ ചോദ്യങ്ങളാണ് ചോർന്നതെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറും റാഞ്ചി ഡെപ്യൂട്ടി കമീഷണറും റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ടും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചോദ്യപേപ്പർ റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ അതുൽ വാട്സാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇയാൾ സമാനമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
ഉദ്യോഗാർഥികളുമായി 15ലക്ഷം രൂപയുടെ കരാറാണ് റാക്കറ്റിനുണ്ടായിരുന്നത്. ഓപ്പറേഷന്റെ ഭാഗമായി പ്രതികൾ ഉദ്യോഗാർഥികളിൽ നിന്ന് അഡ്മിറ്റ് കാർഡുകളും മറ്റ് രേഖകളും ശേഖരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത 159 ഉദ്യോഗാർഥികളെയും പരീക്ഷകളിൽ നിന്ന് വിലക്കുമെന്ന് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമിഷൻ ചെയർമാൻ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
National
റാഞ്ചി: ജാർഖണ്ഡിൽ രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. ജംഷഡ്പൂരിൽ ഒരു വിവാഹ വിരുന്നിനിടെയാണ് സംഭവം. ലളിത് സിംഗ്(41) എന്നയാളാണ് മരിച്ചത്.
മാലിയന്ത ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. രസഗുള തൊണ്ടയിൽ കുടുങ്ങിയ ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടു.
ഉടൻ തന്നെ എംജിഎം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
National
റാഞ്ചി: ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മധ്യപ്രദേശിൽ എത്തിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
സമാനരീതിയിൽ രാജ്യത്ത് കടുവകളില്ലാതായ ഒരു സംസ്ഥാനത്തെ കടുവാ സങ്കേതത്തിലേക്കു മറ്റൊരു സംസ്ഥാനത്ത് നിന്ന് കടുവകളെ എത്തിക്കുന്നതിനുള്ള ഉദ്യമത്തിലാണ്. ജാർഖണ്ഡിലെ പലാമു കടുവാ സങ്കേതമാണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്.
പേരിൽ കടുവാ സങ്കേതം; എണ്ണം പൂജ്യം!
1974-ൽ പ്രോജക്ട് ടൈഗറിനു കീഴിലാണ് ജാർഖണ്ഡിലെ ഛോട്ടാനഗ്പുരിൽ പലാമു കടുവാ സങ്കേതം സ്ഥാപിതമായത്. 1129.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇവിടം രാജ്യത്തെ ആദ്യകാല കടുവാ സങ്കേതങ്ങളിൽ ഒന്നാണ്. ഒരുകാലത്ത് എഴുപതോളം കടുവകളുണ്ടായിരുന്ന ഇവിടെ ഇന്ന് ഒരൊറ്റ കടുവ പോലുമില്ല.
1970-കളിൽ ഇവിടെ 22 കടുവകളുണ്ടായിരുന്നു. 1995-ൽ 71 കടുവകൾ വരെയുണ്ടായിരുന്നെന്ന് മുൻ ജാർഖണ്ഡ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് കുമാർ തന്റെ മേൻ ബാഗ് ഹൂണിൽ എന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.
1997-ൽ 44, 2002-ൽ 34, 2010-ൽ 10, 2014-ൽ മൂന്ന് എന്നിങ്ങനെയായിരുന്നു ഇവിടുത്തെ കടുവകളുടെ എണ്ണം. 2023-ലെ അഖിലേന്ത്യ കടുവാ സെൻസസിൽ ഒരു കടുവയുടെ സാന്നിധ്യം മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
മധ്യപ്രദേശിൽനിന്ന് കടുവകൾ
നിലവിൽ പലാമു കടുവാ സങ്കേതത്തിലേക്ക് മധ്യപ്രദേശിൽനിന്ന് മൂന്ന് കടുവകളെ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. കടുവകൾക്ക് പുറമേ 50 കാട്ടുപോത്ത്, 50 മാനുകൾ എന്നിവയെയും എത്തിക്കും. കടുവകൾക്ക് ഇരകളെ ലഭ്യമാക്കുന്നതിനാണ് കാട്ടുപോത്തുകളെയും മാനിനെയും എത്തിക്കുന്നത്. ഇതിനായി ദേശീയ കടുവ സംരക്ഷണ അതോററ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.
National
റാഞ്ചി: ജാർഖണ്ഡിലെ തിരക്കേറിയ തലസ്ഥാനനഗരിയായ റാഞ്ചിയെ അഞ്ചു മണിക്കൂർ മുൾമുനയിൽ നിർത്തി കാട്ടാനയുടെ വിളയാട്ടം.
റാഞ്ചി വിമാനത്താവളവും ബിർസ ചൗക്കും ചുറ്റി കണ്ട ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ പത്തോടെ കാടുകയറ്റി. സ്കൂളിലേക്ക് കുട്ടികൾ എത്തുന്ന സമയമായതിനാൽ റോഡുകളിൽ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു.
ഇന്നലെ വെളുപ്പിന് 2.30ന് റാഞ്ചി നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെ വനത്തിലായിരുന്ന കാട്ടാന അഞ്ചോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ടെക്നോളജി കാന്പസിനു സമീപത്തുകൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ജനുവരി ആദ്യവാരം മുതൽ 27 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു സർക്കാർ രേഖകൾ. ഹാലു വനത്തിലെ ധുർവ ഡാം പരിസരത്തുനിന്ന് ആനകൾ കൂട്ടമായി കാടിറങ്ങാറുണ്ട്.
National
ജംഷഡ്പൂർ: രണ്ടാഴ്ച മുന്പ് തട്ടിക്കൊണ്ടുപോയ ജംഷഡ്പൂർ വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവ് ഗാന്ധി (24) യെ കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിനും ബീഹാറിലെ ഗയയ്ക്കും ഇടയിലുള്ള പ്രദേശത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെയാണ് ജംഷഡ്പൂരിലെ വസതിയിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എസ്പി പിയൂഷ് പാണ്ഡെ പറഞ്ഞു.
ജനുവരി 13 ന് രാവിലെ 11:30 ന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കൈരവ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അധികം വൈകാതെ തന്നെ ഒരു വിദേശ നമ്പറിൽ നിന്ന് കൈരവിന്റെ വീട്ടിലേക്ക് 10 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാർഖണ്ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും തുടർച്ചയായ റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: ജാർഖണ്ഡിൽ തിങ്കളാഴ്ച തകർന്നു വീണ ബീച്ച്ക്രാഫ്റ്റ് സി90എ വിമാനത്തിന് ബ്ലാക്ക് ബോക്സ് ഇല്ലായിരുന്നുവെന്ന് ഡിജിസിഎ.
ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. എയർ ആംബുലൻസായി ഉപയോഗിച്ചിരുന്ന വിമാനത്തിന് 40 വർഷത്തോളം പഴക്കമുണ്ട്.
1987ലാണ് വിമാനം നിർമിച്ചത്. 2027 വരെ വിമാനം പറത്താൻ അനുമതിയുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണ്.
National
റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു.
എയർ ആംബുലൻസിലുണ്ടായിരുന്ന രോഗി സഞ്ജയ്കുമാർ, നഴ്സുമാരായ അർച്ചനാദേവി, ധുരു കുമാർ, പരിചരിച്ച ഡോക്ടർ വികാസ് കുമാർ, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻകുമാർ മിശ്ര, പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്റ്റൻ സാവ്രജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 7.34 ഓടെ ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബെൽ 9എൽ വിടി-എജെവി വിമാനമാണു അപകടത്തിൽപ്പെട്ടത്.
രാത്രി 7.11ന് റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസിന് 7.34 ഓടെ കൊൽക്കത്ത വിമാനത്താവളുമായുള്ള റഡാർ ബന്ധം നഷ്ടമായെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ്കുമാറിനെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു അപകടം.
National
ചായ്ബാസ(ജാർഖണ്ഡ്): വീടിനുള്ളിൽ കിടന്നുറങ്ങിയ യുവതിയെയും ഇവരുടെ ഒരു വയസുള്ള കുട്ടിയെയും ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി.
വെസ്റ്റ് സിംഘ്ഭും ജില്ലയിലെ കുമർദുംഗി ഗ്രാമത്തിലുണ്ടായ സംഭവത്തിനു പിന്നാലെ നാലുപേരെ പോലീസ് പിടികൂടി.
12 പേരാണ് വീട്ടിലേക്ക് ഇരച്ചെത്തിയതെന്ന് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഭർത്താവ് മൊഴി നൽകി.
National
ചായ്ബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി. മാവോയിസ്റ്റ് ഉന്നതതല നേതാവ് പതിറാം മാജി എന്ന അനൽ ദാ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് അനൽ ദാ. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ വനിതാ അംഗങ്ങളാണ്.
വ്യാഴാഴ്ച ആരംഭിച്ച "ഓപ്പറേഷൻ മേഘബുരു' എന്ന സംയുക്ത നീക്കത്തിലൂടെയാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്.
209 കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ അനൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം 17 ആയി.
മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിലെ പ്രമുഖനായിരുന്നു അനൽ ദാ. ജാർഖണ്ഡിൽ മാത്രം ഇയാൾക്കെതിരേ 149 കേസുകൾ നിലവിലുണ്ട്. വനമേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ബസ്തർ മേഖലയിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അർബൻ നക്സലിസം ശക്തി പ്രാപിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഛത്തീസ്ഗഡിൽ 47 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഒമ്പത് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുകയും ചെയ്തു. ഇതോടെ ഒഡീഷയിലെ നബരംഗ്പുർ ജില്ലയെ നക്സൽ വിരുദ്ധ ജില്ലയായി പ്രഖ്യാപിച്ചു.
കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്ന് ഇൻസാസ് റൈഫിളുകൾ, എസ്എൽആർ തോക്കുകൾ തുടങ്ങിയ ആയുധശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു.
National
റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 15 ആയി. കൊല്ലപ്പെട്ടവരിൽ സർക്കാർ തലയക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവായ അനൽ ദായും ഉൾപ്പെടുന്നു.
കിരിബുരു പോലീസ് സ്റ്റേഷൻ പരിധിയിലെ സാരന്ദ വനത്തിലെ കുംഡിയിൽ സിആർപിഎഫിന്റെ കോബ്ര യൂണിറ്റിലെ 1,500 ഓളം ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു.
"മാവോയിസ്റ്റ് ഉന്നത നേതാവ് പാടിറാം മാജി(അനൽ ദാ)യുടേതുൾപ്പടെ 15 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മേഖലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രാവിലെ ആറിന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്'-അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സരന്ദ വനത്തിൽ മാവോയിസ്റ്റ് വേട്ട ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. സരന്ദ വനത്തിൽ അനൽ ദയും സംഘവും ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഓപ്പറേഷൻസ്) മൈക്കൽ രാജ് .എസ് പിടിഐയോട് പറഞ്ഞു.
ഗിരിധി ജില്ലയിലെ പിർതാൻഡിൽ താമസിക്കുന്ന അനൽ ദാ 1987 മുതൽ മാവോയിസ്റ്റ് സംഘടനയിൽ സജീവമാണ്. വർഷങ്ങളായി പോലീസ് ഇയാളെ തിരഞ്ഞുവരികയായിരുന്നു.
ജാർഖണ്ഡിലെ മാവോയിസ്റ്റുകളുടെ അവസാന ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളാണ് കോൽഹാനും സാരണ്ടയും. ബുഡ പഹാഡ്, ഛത്ര, ലത്തേഹർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിൽ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ വിജയകരമായി അവസാനിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സിആർപിഎഫിന്റെ കോബ്ര കമാൻഡോ യൂണിറ്റിലെ 1,500 പേർ ഉൾപ്പെടുന്ന ഒന്നിലധികം ടീമുകൾ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്.
പശ്ചിമ സിംഗ്ഭും ജില്ലയിലെ കിരിബുരുവിലെ സാരന്ദ വനങ്ങളിൽ രാവിലെ 6:30 ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. എട്ടുപേർ കൊല്ലപ്പെട്ടെന്നും ഇവരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു.
സരന്ദ വനമേഖലയിൽ ചൊവ്വാഴ്ച മുതൽ ഓപ്പറേഷൻ ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയാണ് കിരിബുരു പ്രദേശത്ത് വെടിവയ്പ്പ് തുടങ്ങിയത്. മേഖലയിൽ പരിശോധന തുടരുകയാണ്.
National
ന്യൂഡൽഹി: ഒന്പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ് കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
National
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഫോടനം ഉണ്ടായ സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
National
റാഞ്ചി: നാലും അഞ്ചും വയസ് പ്രായമുള്ള രണ്ടു കുട്ടികളുടെ തിരോധാനത്തെത്തുർന്ന് ജാർഖണ്ഡിലെ ധ്രുവയിൽ പ്രതിഷേധം തുടരുന്നു. മേഖലയിൽ ഇന്നലെ 12 മണിക്കൂറോളം നീണ്ട ബന്ദ് ജനജീവിതം തടസപ്പെടുത്തി.
കഴിഞ്ഞ രണ്ടാംതീയതി വീടിനു സമീപമുള്ള പലചരക്കുകടയിലേക്കു പോയതാണു കുട്ടികൾ. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 40 പേരുടെ പ്രത്യേക അന്വേഷണസംഘം പത്തുദിവസമായി കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആശ്വാസവാർത്ത അകലെയാണ്. ഈ സാഹചര്യത്തിലാണ് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി കൈലാസ് യാദവിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
National
ചായിബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ. നാലു പേർക്കു പരിക്കേറ്റു. ചായിബാസ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദിത്യ നാരായൺ ആണ് ഇക്കാര്യ അറിയിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും ബംഗാളിലെ ബങ്കുര ജില്ലയിൽനിന്നുള്ള വിദഗ്ധരും കാട്ടാനയെ വനത്തിലേക്കു തുരത്താൻ ശ്രമം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി ഒരു കുടുംബത്തിലെ നാലു പേർ അടക്കം ആറു പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ഏഴു പേർ ഇതേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതിനെത്തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ചക്രധാർപുർ ഡിവിഷനിൽ ആറു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കാട്ടാനശല്യത്തിനു പരിഹാരം കാണുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡ വിമർശിച്ചു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണര്മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന് രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ മറികടന്നത്.
78 പന്തില് 124 റണ്സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്. സഞ്ജു സാംസണ് 95 പന്തില് 101 റണ്സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്ന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. സ്കോര് ജാര്ഖണ്ഡ് 50 ഓവറില് 311-7, കേരളം 42.3 ഓവറില് 313-2.
ജാർഖണ്ഡിന് വേണ്ടി വികാശ് സിംഗും ശുഭം കുമാർ സിംഗും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ജാര്ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 311 റണ്സെടുത്തത്. കുമാര് കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്സെടുത്ത് പുറത്തായപ്പോള് അനുകൂല് റോയ് 72 റണ്സെടുത്തു. 111-4 എന്ന സ്കോറില് പതറിയ ജാര്ഖണ്ഡിനെ കുമാര് കുഷാഗ്രയും അനുകൂല് റോയിയും ചേര്ന്ന് അഞ്ചാം വിക്കറ്റില് 176 റണ്സ് കൂട്ടിച്ചേര്ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന് ആപ്പിള് ടോം ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ടൂര്ണമെന്റില് ജാർഖണ്ഡിനെതിരെ കേരളത്തിന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 311 റണ്സെടുത്തു. കുമാര് കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്സെടുത്ത് പുറത്തായപ്പോള് അനുകൂല് റോയ് 72 റണ്സെടുത്തു. 111-4 എന്ന സ്കോറില് പതറിയ ജാര്ഖണ്ഡിനെ കുമാര് കുഷാഗ്രയും അനുകൂല് റോയിയും ചേര്ന്ന് അഞ്ചാം വിക്കറ്റില് 176 റണ്സ് കൂട്ടിച്ചേര്ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന് ആപ്പിള് ടോം ഒരു വിക്കറ്റും വീഴ്ത്തി.
National
റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില് തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്. ജാര്ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ കൈകള്ക്കും കാലുകള്ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്മാര് പറഞ്ഞു. സ്ത്രീയുടെ ഭര്ത്താവ് ശാരീരിക വൈകല്യമുള്ളയാളാണ്.
ഇവർ ഗ്രാമത്തില് ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള് തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള് കാണിക്കുകയും ഉപദ്രവിക്കാന് ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്ക്കമായി.
തുടർന്ന് പ്രതികളിലൊരാള് സമൂസ തയാറാക്കാന് ഉപയോഗിക്കുന്ന തിളച്ച എണ്ണ സ്ത്രീയുടെ മേല് ഒഴിക്കുകയായിരുന്നു. ഉടന് തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
National
കൊദേർമ: ജാർഖണ്ഡിൽ കഫ് സിറപ്പ് കഴിച്ച ഒന്നര വയസുകാരി മരിച്ചു. കൊദേർമ ജില്ലയിലെ ലോകായി ഭുയിയാനിൽ ശനിയാഴ്ച വൈകുന്നേരമാണു സംഭവം.
പ്രദേശത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽനിന്നാണ് കഫ് സിറപ്പ് വാങ്ങിയത്. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ചൈബാസ: ജാര്ഖണ്ഡിലെ ചൈബാസയില് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസില് യാത്ര ചെയ്ത് കുടുംബം. നോമുണ്ടി ബ്ലോക്കിലെ ബല്ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.
ചൈബാസയിലെ സദര് ആശുപത്രിയില് കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചിട്ടും അധികൃതര് ആംബുലന്സ് വിട്ടുനല്കാന് തയാറാകത്തതിനെ തുടർന്നാണ് കുടുംബം മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസിൽ യാത്ര തിരിച്ചത്.
ശ്വാസതടസത്തെ തുടര്ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന് വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞ കുടുംബാംഗങ്ങള് തങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്ന 100 രൂപയിൽ നിന്ന് 20 രൂപയ്ക്ക് പ്ലാസ്റ്റിക് സഞ്ചി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി ബസിൽ കയറി ഗ്രാമത്തിലേക്ക് തിരിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ജാര്ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
എന്നാൽ മൃതദേഹങ്ങള് കൊണ്ടുപോകാന് ആശുപത്രിയില് നിന്ന് ആംബുലന്സ് നല്കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഇതിനായി ജില്ലയില് ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര് കാത്തിരിക്കാന് ആവശ്യപ്പെട്ടെങ്കിലും കുടുംബം തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
Sports
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിരീടം ജാര്ഖണ്ഡിന്. കലാശപ്പോരിൽ ഹരിയാനയെ 69 റൺസിനാണ് തകർത്താണ് ജാര്ഖണ്ഡ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ജാര്ഖണ്ഡ് 263/3 ഹരിയാന 193 (18.3).
ജാർഖണ്ഡ് ഉയർത്തിയ 262 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 193 റൺസിന് ഓൾ ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി യഷ് വർധൻ ദലാൽ (53), സാമന്ത് ദേവേന്ദ്രർ (38) നിഷാന്ത് സിന്ധു (31) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.
ജാർഖണ്ഡിന് വേണ്ടി ബാൽ കൃഷ്ണയും സുശാന്ത് മിശ്രയും മൂന്ന് വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാര്ഖണ്ഡിനായി ഇഷാൻ കിഷൻ (101) സെഞ്ചുറി നേടി. കുമാര് കുഷാഗ്ര (38 പന്തില് 81 ), അനുകൂല് റോയിയും (20 പന്തില് 40*) റോബിന് മിന്സും(14 പന്തില് 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെ കളിയിലെ താരമായും അനുകുൽ റോയിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.
Sports
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജാര്ഖണ്ഡ് 20 ഓവറില് മൂന്നു വിക്കറ്റ് നഷ്ടത്തില് 262 റണ്സെടുത്തു. ക്യാപ്റ്റൻ ഇഷാന് കിഷന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (101) ജാര്ഖണ്ഡിനെ തുണച്ചത്.
49 പന്തില് നിന്ന് 101 റണ്സെടുത്ത താരത്തിന്റെ ബാറ്റിൽ നിന്ന് പത്തു സിക്സറുകളും ആറ് ഫോറുകളും പിറന്നു. കുമാര് കുഷാഗ്ര (38 പന്തില് 81 ), അനുകൂല് റോയിയും (20 പന്തില് 40*) റോബിന് മിന്സും(14 പന്തില് 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ജാര്ഖണ്ഡിന് ആദ്യ ഓവറിലെ നാലാം പന്തില് തന്നെ ഓപ്പണര് വിരാട് സിംഗിനെ (രണ്ട്) നഷ്ടമായി. അന്ഷുല് കാംബോജാണ് വിക്കറ്റെടുത്തത്. എന്നാല് രണ്ടാം വിക്കറ്റില് ഒത്തുചേര്ന്ന കുമാര് കുഷാഗ്രയും ഇഷാന് കിഷനും ചേര്ന്ന് തകര്ത്തടിച്ചതോടെ സ്കോർ ഉയർന്നു.
Sports
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടം ആർക്കെന്ന് ഇന്നറിയാം. മൂന്ന് ആഴ്ച നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ഇന്ന് എംസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന ഫൈനലിൽ കന്നി കിരീടത്തിനായി ഹരിയാനയും ജാർഖണ്ഡും മത്സരിക്കും.
ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷനിലും ഹരിയാന ക്യാപ്റ്റൻ അങ്കിത് കുമാറിലുമാണ് പ്രതീക്ഷ പുലർത്തുന്നത്. ഇരുവരും ടൂർണമെന്റിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ലീഗ് ഘട്ടത്തിലും ജാർഖണ്ഡ് ഒന്പത് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി. എന്നാൽ ചൊവ്വാഴ്ച ആന്ധ്രയോട് പരാജയപ്പെട്ടു.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഹരിയാന സൂപ്പർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈയോട് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരേ ആധിപത്യ പ്രകടനം കാഴ്ചവച്ചതോടെ അവർ നെറ്റ് റണ് റേറ്റ് മെച്ചപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
Sports
ഹസാരിബാഗ്: കൂച്ച് ബെഹാര് ട്രോഫി ക്രിക്കറ്റില് കേരളം ആറ് റണ്സിന് ജാര്ഖണ്ഡിനോട് തോല്വി വഴങ്ങി.
187 റണ്സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം 180 റണ്സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില് 127 റണ്സിന്റെ ലീഡ് നേടിയശേഷമാണ് കേരളത്തിന്റെ തോല്വി.
ഒരു വിക്കറ്റ് നഷ്ടത്തില് 11 റണ്സ് എന്ന നിലയില് ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് 25 റണ്സ് കൂടി കൂട്ടിച്ചേര്ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാനവ് കൃഷ്ണയാണ് (71) കേരള ഇന്നിംഗ്സിലെ ടോപ് സ്കോറര്. സ്കോര്: ജാര്ഖണ്ഡ് 206, 313. കേരളം 333, 180.
Sports
ഹസാരിബാഗ്: കൂച്ച് ബെഹാര് ട്രോഫി ക്രിക്കറ്റില് ജാര്ഖണ്ഡിന് എതിരേ കേരളത്തിന്റെ വിജയലക്ഷ്യം 187 റണ്സ്. മൂന്നാംദിനം അവസാനിക്കുമ്പോള് കേരളം രണ്ടാം ഇന്നിംഗ്സില് ഒരു വിക്കറ്റ് നഷ്ടത്തില് 11 റണ്സ് എടുത്തു. കേരളത്തിനുവേണ്ടി അമയ് മനോജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജാര്ഖണ്ഡിന്റെ അന്മോല് രാജ് (133) സെഞ്ചുറി നേടി. സ്കോര്: ജാര്ഖണ്ഡ് 206, 313. കേരളം 333, 11/1
Sports
ഹസാരിബാഗ് (ജാര്ഖണ്ഡ്): കൂച്ച് ബെഹാര് ട്രോഫിയില് ജാര്ഖണ്ഡിനെതിരേ കേരളത്തിന് 127 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
ജാര്ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 206ന് എതിരേ കേരളം ആദ്യ ഇന്നിംഗ്സില് 333 റണ്സ് നേടി. സെഞ്ചുറി നേടിയ മാധവ് കൃഷ്ണയുടെ (139) ഇന്നിംഗ്സാണ് കേരളത്തിനു ലീഡൊരുക്കിയത്. കെ.വി. അഭിനവ് 50 റണ്സ് നേടി.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ആതിഥേയര് രണ്ടാംദിനം അവസാനിക്കുമ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 55 റണ്സ് എടുത്തു.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ഇന്ത്യ സഖ്യം വിട്ട് എൻഡിഎയിലേക്കെന്ന് റിപ്പോർട്ട്. ജെഎംഎം- കോണ്ഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ ഭരണം നടത്തുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പനയും ഉന്നത ബിജെപി നേതാവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയാണ് അഭ്യൂഹങ്ങൾ ഉയർത്തുന്നത്. ഡൽഹിയിൽ നടന്നത് കേവലം ഔപചാരിക കൂടിക്കാഴ്ച അല്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗംഗ് വാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎമ്മിന് 34 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിനു വേണ്ടത് 41 പേരുടെ പിന്തുണയാണ്. കോണ്ഗ്രസ്-16 ആർജെഡി-4, സിപിഐ (എംഎൽ)(എൽ)-2 എന്നിങ്ങനെയാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികളുടെ അംഗബലം. 56 പേരുടെ പിന്തുണയാണ് നിലവിൽ ഹേമന്ത് സോറനുള്ളത്. ബിജെപിക്ക് 21 അംഗങ്ങളുണ്ട്. എൽജെപി-1, എജെ എസ് യു-1, ജെഡി-യു, മറ്റുള്ളവർ-1 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ അംഗബലം. ജെഎംഎം എൻഡിഎയിലെത്തിയാൽ 58 പേരുടെ പിന്തുണയുണ്ടാകും.
ഇതിനിടെ, കോണ്ഗ്രസിൽ പിളർപ്പുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എട്ടു കോണ്ഗ്രസ് എംഎൽഎമാർ ഹേമന്ത് സോറനൊപ്പം പോകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കണമെങ്കിൽ 11 കോണ്ഗ്രസ് എംഎൽഎമാർ പാർട്ടി വിടണം.
National
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നു. ഡൽഹിയിലെത്തിയ ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് മുന്നണി മാറ്റത്തിന് കാരണമെന്നാണ് സൂചന.
മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില.
ഡൽഹിയിലുള്ള ഹേമന്ത് സോറനും ഭാര്യ ഭാര്യ കൽപന സോറനും ബുധനാഴ്ച റാഞ്ചിയിൽ തിരിച്ചെത്തി നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 16 കോൺഗ്രസ് എംഎൽഎമാരിൽ എട്ടു പേർ തങ്ങളുമായി ബന്ധം പുലർത്തുന്നവരാണെന്ന് ജെഎംഎം നേതാക്കൾ പറഞ്ഞു.
National
ചായിബാസ: ജാർഖണ്ഡിലുണ്ടായ സ്ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. രണ്ടു യുവതികൾക്കു പരിക്കേറ്റു.
വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സരാന്ദ വനമേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫൂലൻ ധൻവാർ (18) ആണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ഫൂലൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ ചൈ ബാസയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. വനമേഖലയിലേക്ക് പോയ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സായുധപോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ മാവോയിസ്റ്റുകൾ സമയം തേടിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കീഴടങ്ങാൻ മൂന്ന് മാസത്തെ സാവകാശം തേടി നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുകയായിരുന്നു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് പ്രത്യേക മേഖലാ കമ്മിറ്റിയുടേ പേരിലാണ് കത്ത് പുറത്തുവന്നത്. മാവോയിസ്റ്റ് വേട്ട താത്കാലികമായി നിർത്തിവയ്ക്കണം. കീഴടങ്ങാൻ 2026 ഫെബ്രുവരി 15 വരെ സമയം വേണം എന്നിവയാണ് കത്തിലെ ആവശ്യങ്ങൾ.
National
റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വയോധികയെ ആന ചവിട്ടിക്കൊന്നു. ജമുന പ്രധാൻ (78) ആണ് മരിച്ചത്.
ബോൾബ വനമേഖലയിലെ കൊഡുർമുണ്ട ഭുഖാൻ ടോളി സ്വദേശിയാണ് ജമുന പ്രധാൻ. ആനക്കൂട്ടത്തിൽ നിന്ന് വഴിതെറ്റി വന്ന ഒരു ആന ജമുനയെ ചവിട്ടിക്കൊന്നതായി സിംദേഗ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ശശാങ്ക് ശേഖർ സിംഗ് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം പുല്ല് വെട്ടാൻ ജമുന പ്രധാൻ വനത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി മൃതദേഹം സിംദേഗയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജമുന പ്രധാന്റെ കുടുംബത്തിന് നാലുലക്ഷം രൂപ കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
National
റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം.
മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്.
പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു.
വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
National
ചായിബാസ: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പത്തു വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ദിഘ ഗ്രാമക്കാരിയായ സിരിയ ഹെറെൻസ് ആണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് സിംഗ്ഭും ജില്ലയിലായിരുന്നു സംഭവം. ഇലകൾ ശേഖരിക്കാൻ തിലാപോസി വനത്തിൽ പോയ പെൺകുട്ടി മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ചവിട്ടുകയായിരുന്നു. പെൺകുട്ടിയുടെ കാലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു.
National
റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ.
സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആയത്.
ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ വിദഗ്ധ അന്വേഷണത്തിനായി സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായാണ് രക്തം നൽകിയത്.
എന്നാൽ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
എച്ച്ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതിനാലാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നും ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോ. സുശാന്തോ മാജി പറഞ്ഞു.
കുട്ടികൾക്ക് രക്തം നൽകിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ജാര്ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള് ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് "നിധി' ഇന്ന് ജാര്ഖണ്ഡിലേക്ക് മടങ്ങി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില്നിന്ന് ഇന്നു രാവിലെ ധന്ബാദ് എക്സ്പ്രസില് നിധിയുമായി ജാര്ഖണ്ഡിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് ജാര്ഖണ്ഡ് ശിശുക്ഷേമ സമിതിക്കു കുഞ്ഞിനെ കൈമാറും. ഇനി ജാര്ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക.
അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ സംരക്ഷിക്കാന് മാതാപിതാക്കള്ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്പ്പിക്കുന്നത്. ജാര്ഖണ്ഡ് ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആറ് മാസത്തോളം കേരള വനിതശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്ന്നത്. കോട്ടയത്തെ ഫിഷ് ഫാമില് ജോലി ചെയ്തിരുന്ന ജാര്ഖണ്ഡ് സ്വദേശികളായ ദമ്പതികള് നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29ന് എറണാകുളം ജനറല് ആശുപത്രിയില് കുഞ്ഞിന് ജന്മം നല്കുകയുമായിരുന്നു.
പൂര്ണ വളര്ച്ച എത്താത്തതിനാല് കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താന് കഴിയാതെ വന്നതോടെ പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള് ജാര്ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്ന്ന് സര്ക്കാര് കുഞ്ഞിനെ ഏറ്റെടുക്കുകയും "നിധി' എന്ന് പേരിടുകയുമായിരുന്നു.