ന്യൂഡൽഹി: ക്രോസ് വോട്ടിംഗ് ഭീതിക്കിടെ ജാർഖണ്ഡിലെ രണ്ടു സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും ബിജെപി ഒരു സ്വതന്ത്ര സ്ഥാനാർഥിയെ പിന്താങ്ങുന്നതാണ് ക്രോസ് വോട്ടിംഗിന്റെ സംശയങ്ങളുയർത്തുന്നത്.
ക്രോസ് വോട്ടിംഗ് ഒഴിവാക്കാൻ എൻഡിഎയും ജെഎംഎം, കോണ്ഗ്രസ്, ആർജെഡി, സിപിഐ (എംഎൽ) എന്നീ കക്ഷികളടങ്ങുന്ന ഭരണമുന്നണിയും എംപിമാരെ കർശന നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുകയാണ്.
27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നതെങ്കിലും 24 സീറ്റുകളിലേക്ക് ഇതിനോടകം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 19 എണ്ണം എൻഡിഎ സ്വന്തമാക്കിയപ്പോൾ അഞ്ചെണ്ണം പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണിക്കും ലഭിച്ചു. ശേഷിക്കുന്ന മൂന്നു സീറ്റിൽ ഒന്ന് മിസോറമിലും രണ്ടെണ്ണം ജാർഖണ്ഡിലുമാണ്.
ജാർഖണ്ഡിലെ രണ്ടു സീറ്റിൽ ജെഎംഎമ്മിന്റെ ഒരു സ്ഥാനാർഥി, കോണ്ഗ്രസിന്റെ ഒരു സ്ഥാനാർഥി, ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എന്നിവരാണു മത്സരിക്കുന്നത്.
ഒരു സീറ്റ് വിജയിച്ചെടുക്കാൻ 28 വോട്ട് വേണമെന്നിരിക്കെ ഭരണമുന്നണിക്ക് 56 എംഎൽഎമാരുണ്ട്. പ്രതിപക്ഷമായ എൻഡിഎയ്ക്കാകട്ടെ 24 എംഎൽഎമാരാണുള്ളത്. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയില്ലെങ്കിലും മറുപക്ഷത്തുനിന്ന് ബിജെപി തങ്ങളുടെ എംഎൽഎമാരെ റാഞ്ചുമോയെന്ന ഭീതി ഭരണമുന്നണിക്കുണ്ട്.
ട്വിസ്റ്റുകൾ പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ എല്ലാ എംഎൽഎമാരെയും എൻഡിഎ റാഞ്ചിയിലെ ഒരു ഹോട്ടലിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു.
ഭരണമുന്നണി എംഎൽഎമാരാകട്ടെ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വീട്ടിൽ ഒത്തുകൂടി പരിശീലനപരിപാടികളിൽ ഏർപ്പെടുകയും മോക്ക് പോളുകൾ നടത്തുകയും ചെയ്താണു ക്രോസ് വോട്ടിംഗ് ഭീതിയെ അതിജീവിക്കുന്നത്,.
Tags : Rajya Sabha elections Jharkhand cross voting