ഏവിയാൻ-ലെ ബയിൻസ്: കപ്പൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎസ്-ഇറാൻ സമാധാന കരാറിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങൾ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ജി-7 ഉച്ചകോടിക്കിടെയായിയിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച.
ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, സുരക്ഷ, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 16 മാസത്തിനുശേഷമാണ് ഇരു നേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. യുഎസ് സേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു മോദി- ട്രംപ് കൂടിക്കാഴ്ച.
പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ട്രംപിന്റെ ഇടപെടലിനെ മോദി പ്രകീർത്തിച്ചു.കപ്പൽയാത്രയ്ക്കു സ്വാതന്ത്യം വേണമെന്നത് ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നതാണ്. മാരിടൈം വ്യാപാര മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രവർത്തിക്കുന്നു. അവരുടെ സുരക്ഷാ പ്രധാനമാണ്.
ഇറാനുമായുള്ള സമാധാന കരാറിൽ കപ്പൽജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങളുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് - ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം മോദി പറഞ്ഞു.
കൂടിക്കാഴ്ചയെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ""മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും. മോദി വിശ്വസ്ത സുഹൃത്താണ്. ഞാൻ വൈറ്റ് ഹൗസിലുള്ളടിത്തോളം അമേരിക്ക ഇന്ത്യയുടെ സുഹൃത്തായിരിക്കും.
ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്. ഇന്ത്യക്കു നേരേ ആരെങ്കിലും ആക്രമണം നടത്തിയാൽ അമേരിക്ക പ്രതിരോധിക്കും.''- ട്രംപ് പറഞ്ഞു. താൻ ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Tags : Trump Modi safety ship crew